നഗരത്തിൽ നീ നട്ട വെറുപ്പിന്റെ,
നക്ഷത്രങ്ങൾ
അശാന്തിയുടെ രാത്രികളിൽ
മിന്നലുകളെ വിരിയിച്ചുതുടങ്ങി…
വേനൽ പിളർത്ത പകലുകൾ
മരണത്തിന്റെ ശവക്കച്ചമുറുക്കുന്നു….
ഇടറി തെറിച്ച വാക്കുകൾ
കലാപത്തിന്റെ കബന്ധങ്ങൾ
സ്വപ്നം കാണുന്നുണ്ടാകും,
നഗരം നാശത്തിന്റെ നിലാ
കയങ്ങളിൽ മുങ്ങി താഴുന്നു…..
കണ്ഡമിടറുന്ന അമ്മമാർ
കണ്ണൂകളിൽ വേദനയുടെ
കടൽക്കാക്കുന്നു…
തെരുവുകളിൽ മതം തീ നാളമായ് എരിയുന്നു…
പകയുടെ കറുത്ത ദിനങ്ങൾ
നിങ്ങളുടെ കിനാക്കളിൽ ഭ്രാന്തരാകുന്നു……
അറുത്തിട്ടതലകളുടെ നഗരം
കഴുകൻമാർ കൊത്തി പറക്കുന്നു…..
ഓടകളിൽ രക്തം ഒഴുക്കാതെ
നിങ്ങളെ കാത്ത് ജീർണ്ണിക്കുന്നു….
നീ കൊടും കാടു തേടുന്ന
നരഭോജിയാകുന്നു…
കണ്ണുകൾ ചൂഴ്നെടുക്കുന്ന
നേരില്ലാ പടനിലങ്ങളിൽ
അഷ്ടിക്ക് വകയില്ലാത്തവന്റെ
വയർ പിളർന്നവർ കണ്ടത്
വിശപ്പിന്റെ ഗന്ധം…. മാത്രം…
മുഖമില്ലാത്ത മനുഷ്യക്കോലങ്ങൾ,
ബലി കല്ലുകളിൽ,
രക്തം കൊണ്ട് എഴുതുന്ന പുതിയ അധ്യായങ്ങൾ,
പഠിച്ചെടുക്കുന്ന ബാല്യം
സ്വയം കഴുത്തിൽ
കുരുക്കുക്കെട്ടുന്നു…..
വിജ്ഞാനത്തിന്റെ വാതായനങ്ങളിൽ
കാലുഷ്യത്തിന്റെ ചൂടേറ്റ
പക്ഷികൾ ചത്തുവീഴുന്നു….
ഞാനീ രാത്രിയിൽ കനൽപെയ്ത നിന്നെയും
കാത്തിരിക്കുന്നു…..
സ്നേഹത്തിന്റെ നീരുവകൾ,
വീണ്ടും കിനിഞ്ഞിറങ്ങുന്ന
പ്രഭാതങ്ങളിൽ….
നാം ഒരു പാത്രത്തിൽ
ഉരുളകൾ പങ്കുവെയ്ക്കും…
പുതിയ ശലഭങ്ങൾക്ക്
നറുതേൻ കൊടുക്കും.