അനിൽ പെണ്ണുക്കര
മരണം ചില നിമിഷങ്ങൾ കൊണ്ട് മനുഷ്യനെ കീഴ്പ്പെടുത്തുന്നത് പലപ്പോഴും കണ്ട് അമ്പരന്ന് പോയവരാണ് നമ്മൾ മനുഷ്യർ. അത്തരത്തിൽ ഒരു അമ്പരപ്പ് ഇപ്പോൾ സംഭവിച്ചിരിക്കുന്നു. കാലങ്ങളായി മലയാളികളുടെ പ്രിയപ്പെട്ടവളായി ജീവിച്ചുകൊണ്ട് സുബി സുരേഷ് യാത്രയായിരിക്കുന്നു. വീടിനും നാടിനും ഒരുപോലെ പ്രിയപ്പെട്ടവളായി മാറിയ സുബിയുടെ ജീവിതം ഒരു വലിയ ചരിത്രം തന്നെയാണ്. ആണുങ്ങൾ അടക്കിവാണ കോമഡി പാരടി രംഗത്തേക്ക് സുബി കടന്ന് ചെന്നതോടെ സംഭവിച്ചത് ധാരാളം മാറ്റങ്ങളാണ്. പെൺ ശബ്ദങ്ങളിലും കോമഡി സ്റ്റേജ് ഷോകൾ ഗംഭീരമാകുമെന്ന് സുബി സുരേഷ് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. കൊച്ചിൻ കലാഭവനിലെ ഓരോ മനുഷ്യരോടും അത്രത്തോളം ഭംഗിയിൽ ഇടപെടുകയും കലാഭവന്റെ മുന്നേറ്റത്തിൽ പങ്കാളിയാവുകയും ചെയ്തിരുന്നു സുബി സുരേഷ്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ച സുബി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത് വളരെ പെട്ടെന്നാണ്.
കുട്ടിപ്പട്ടാളം എന്ന സൂര്യ ടിവി സംപ്രേഷണം ചെയ്ത ഷോയിലൂടെയാണ് സുബി കൂടുതൽ ആളുകൾക്കിടയിലേക്ക് കടന്ന് ചെല്ലുന്നത്. കുട്ടികളും മുതിർന്നവരും അടക്കം എല്ലാവരും സുബിയെ അത്രത്തോളം സ്നേഹിച്ചിരുന്നു. ആ പരിപാടി കാണാൻ മാത്രമായി വീട്ടമ്മമാർ അവരുടെ സമയങ്ങൾ മാറ്റി വച്ചിരുന്നു. തന്റെ തന്നതായ ശൈലിയാണ് സുബിയെ മറ്റു മനുഷ്യരിൽ നിന്നും വ്യത്യസ്തയാക്കിയത്. പുരുഷമേൽക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ് എന്നാണ് കാലം തന്നെ അവരെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഓരോ പത്രവാർത്തയിലും അത് തന്നെയാണ് സുബിയെ കുറിച്ച് കൃത്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സുബിയ്ക്ക് ശേഷം സ്ത്രീകൾ കോമഡി രംഗത്തു സജീവമായത് തന്നെ അവരുടെ വഴികൾ മുൻപ് ഒരാൾ നടക്കാൻ പാകത്തിൽ തയ്യാറാക്കി വച്ചത് കൊണ്ടാണ്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിൻ കലാഭവനിൽ ചേർന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവർണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥൻ’, ‘കില്ലാഡി രാമൻ’, ‘ലക്കി ജോക്കേഴ്സ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോൾസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.
സുബിയുടെ വിയോഗം ചാനൽ രംഗത്തും സിനിമാ സീരിയൽ റംഗത്തും ധാരാളം നഷ്ടങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. അത്രത്തോളം എല്ലാവർക്കും സ്വീകാര്യയായ ഒരു പ്രതിഭയാണ് നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നത്.