സുബി സുരേഷിന് കണ്ണീരോടെ വിട

sponsored advertisements

sponsored advertisements

sponsored advertisements

23 February 2023

സുബി സുരേഷിന് കണ്ണീരോടെ വിട

കൊച്ചി; നടിയും അവതാരകയുമായ സുബി സുരേഷിന് വിടചൊല്ലി കലാകേരളം. ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് നാലു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആയിരങ്ങളെ സാക്ഷിയാക്കിയാണ് പ്രിയതാരത്തെ യാത്രയാക്കിയത്. സുബിയെ അവസാനമായി കണ്ട് ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ- സീരിയൽ രം​ഗത്തെ പ്രമുഖർ ഉൾപ്പടെ നിരവധി പേർ എത്തി.

കരൾരോ​ഗത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബിയുടെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷം സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

കണ്ണീരോടെയാണ് പല സഹപ്രവര്‍ത്തകരും സുബിയ്ക്ക് വിടപറഞ്ഞത്. സുബിയുടെ മൃതദേഹം കണ്ട തസ്‌നി ഖാന്‍ പൊട്ടിക്കരയുകയായിരുന്നു. അജു വര്‍ഗീസ്, പിഷാരടി, പേളി മാണി, അന്‍സിബ, ബീന ആന്റണി തുടങ്ങിയ നിരവധി താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. ഡാൻസറായി കലാരം​ഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്നത്തിലൂടെയാണ്. പ്രീഡി​ഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാ​ഗമാകുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതസിദ്ധമായ ഡയലോ​ഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്റ്റൈലിന് വ്യത്യാസമുണ്ടായില്ല.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും സുബി ഏറെ ശ്രദ്ധനേടി. കുട്ടികളെ വെച്ചുള്ള കുട്ടിപ്പട്ടാളം എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.