കോടിയേരിക്ക് ഉച്ചക്കിറുക്ക്’; രൂക്ഷ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രിക്ക് സുധാകരന്റെ കത്ത്

sponsored advertisements

sponsored advertisements

sponsored advertisements

20 January 2022

കോടിയേരിക്ക് ഉച്ചക്കിറുക്ക്’; രൂക്ഷ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രിക്ക് സുധാകരന്റെ കത്ത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ”ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു” എന്ന തലക്കെട്ടില്‍ എഴുതിയ തുറന്ന കത്തിലാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും കത്തില്‍ പരിഹാസ പരാമര്‍ശങ്ങളുണ്ട്. കോടിയേരിക്ക് ഉച്ചക്കിറുക്കാണെന്നാണ് സുധാകരന്റെ പരിഹാസം. കത്ത് പൂര്‍ണരൂപം ഇങ്ങനെ: ”ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു”. കേബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഉത്തരവാദിത്വം നന്നായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാര്‍ക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്ര. കോവിഡിനെ പിടിച്ചു കെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയിട്ടും അങ്ങള്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു. ഐ.ബി. സതീഷും ടി.എന്‍. സീമയും ഉള്‍പ്പെടെ നേതാക്കളും കിടപ്പിലായി. തിരുവാതിക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞത് പോലെ, സാമ്രാജൃത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ശേഷം കേരളാ പോലീസിനും ‘സുഖമാണ്’ എന്നറിയുമല്ലോ. കാരണം ഇപ്പോള്‍ കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ നിങ്ങളുടെ ഗുണ്ടകള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തില്‍ ഗുണ്ടകള്‍ പോലും എത്ര മാന്യന്മാര്‍. അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്‌നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ കടുത്ത ജാഗ്രത വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ഇനിയിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നു കഴിഞ്ഞാല്‍ ഇന്ത്യയാകെ പടരുമല്ലോ? പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റെയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതി കാലത്ത് അങ്ങയാണല്ലോ ഞങ്ങളെ പോറ്റി വളര്‍ത്തിയ കാരണഭൂതന്‍. അതുകൊണ്ട് തന്നെ അമേരിക്കയില്‍ സുഖമായിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ.