കോളങ്ങാട്ടുകര കേരള ( സുധീർ കുമാർ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 June 2022

കോളങ്ങാട്ടുകര കേരള ( സുധീർ കുമാർ )

സുധീർ കുമാർ

നോഹരമായ തിരശ്ശീല.
വർണ്ണ നക്ഷത്രങ്ങൾ തുന്നിച്ചേർത്ത മേൽക്കൂര .
കുളിരു തൂവുന്ന ഏസി .
ചെരുപ്പഴിച്ചു മാത്രം ചവിട്ടാൻ തോന്നുന്ന ചുവന്ന പരവതാനി.
സുഖകരമായി ചാഞ്ഞിരിക്കാവുന്ന പതുപതുത്ത ഇരിപ്പിടങ്ങൾ ……
അങ്ങനെയങ്ങനെ അതിരറ്റ സമൃദ്ധിയുടെ നടുവിൽ തൃശൂർ രാഗം പിറന്നത്
1974 ഓഗസ്റ്റ് 24 നാണ്.
തൊട്ടടുത്ത വർഷം ഓഗസ്റ്റു പതിനഞ്ചിന്
ഇങ്ങ് കോളങ്ങാട്ടുകരയിൽ
നിലാവ് ചോരുന്ന ഓലമേൽക്കൂരയും
പുറത്തു ചാടുന്ന ശബ്ദവികൃതികളെ
തടഞ്ഞു നിർത്താൻ പണിപ്പെടുന്ന പനമ്പു ചുവരുകളും
പരുക്കൻ ബഞ്ചുകളും തടിക്കസേരകളും
മണലു വിരിച്ച നിലവുമായി,
ദരിദ്രനെങ്കിലും
മണ്ണിന്റെ മണവും ഗ്രാമീണ ഭംഗിയുമുള്ള കേരളാ ടാക്കീസും പിറന്നു.
ഹാളിൽ തൂണുകളില്ലാത്ത ഓല മേഞ്ഞ സിനിമാ ടാക്കീസ് അന്ന് അടുത്ത പ്രദേശങ്ങളിലൊന്നുമില്ലായിരുന്നു.
കേരളാ സൗണ്ട്സിന്റെ ഓഡിയോ സിസ്റ്റം പണ്ടേ അനന്യമായിരുന്നല്ലോ. കേരളാ തിയേറ്ററിൽ ശബ്ദം എന്നും ഏറ്റവും മികച്ചു തന്നെ നിന്നു. ഗ്രാമത്തിലെ രാഗം
തന്നെയായിരുന്നു കേരള !
ജയഭാരതി, പ്രേംനസീർ, രാമുകാര്യാട്ട്, അടൂർ ഭാസി, ശങ്കരാടി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖരൊന്നിച്ചു “നെല്ലു” വിതച്ച് രാഗത്തെ ഉണർത്തിയപ്പോൾ ,
കേരളയിൽ “കല്യാണപ്പന്ത”ലൊരുക്കാൻ സ്വപ്ന സുന്ദരി റാണിചന്ദ്രയെത്തി.
സിനിമാക്കൊട്ടകയ്ക്കു മുന്നിലെ ആൾക്കൂട്ടത്തിന്റെ അണമുറിച്ച്
റാണിചന്ദ്രയുടെ കൈ പിടിച്ചു മുത്തിയ തങ്കേച്ചിയോളം ആനന്ദിച്ചു കണ്ടിട്ടുള്ളത് ഷാപ്പിൽ നിന്നിറങ്ങി വരുന്ന കുറുമ്പമ്മൂമ്മയെ മാത്രമായിരുന്നു.
വിധുബാലയും വിൻസെന്റും സുധീറും
അഭിനയിച്ച കല്ല്യാണപ്പന്തലിലേക്ക്
ചൂലിശ്ശേരി, നാരായണത്ര , കോളങ്ങാട്ടുകര
വരടിയം ഗ്രാമങ്ങളിൽ നിന്ന് തെല്ലത്ഭുതത്തോടെ കുറേശ്ശയായി ജനങ്ങളെത്തി.
ഒരാഴ്ച കഴിഞ്ഞു. കല്യാണപ്പന്തലിനു മുകളിൽ
നിറമുള്ള വലിയ പോസ്റ്ററുകളിൽ
പൊന്നാപുരം കോട്ട ഉയർന്നു .

സുധീർ കുമാർ

രാവിലെ ഗോപാലേട്ടന്റെ പീടികേന്ന് ചായ കുടിക്കാൻ വന്ന പൊന്നപ്പനും വള്ളിയമ്മയും മാത്രമല്ല, കേരളായ്ക്കു മുന്നിലൂടെ പോയ എല്ലാവരും തന്നെ
നസീറിന്റെയും വിജയശ്രീയുടെയും അഴക് നോക്കിയങ്ങനെ നിന്നു പോയി ….!
“കോളങ്ങാട്ടുകര കേരളയുടെ നയനമനോഹരമായ വെള്ളിത്തിരയിൽ,
പ്രണയനായകൻ പ്രേംനസീറും താരസുന്ദരി വിജയശ്രീയും ഒന്നിച്ചഭിനയിച്ച പൊന്നാപുരം കോട്ട!” എന്ന് അനൗൺസ് ചെയ്ത ശബ്ദം
ആരുടേതാണെങ്കിലും
ഏറെ മനോഹരമായിരുന്നു.
വെള്ളിയാഴ്ച സന്ധ്യക്ക് “നിത്യ വിശുദ്ധയാം കന്യാമറിയ”വും “ശരണമയ്യപ്പാ സ്വാമീ”യുമെല്ലാം കാറ്റിലൊഴുകാൻ തുടങ്ങിയപ്പൊഴേ
ടിക്കറ്റു കൊടുക്കുന്ന കുഞ്ഞു മുറിയുടെ ചുറ്റിലും ആൾക്കൂട്ടമായി.
നസീറിനെയും ഉമ്മറിനെയും ആദ്യമായി കാണാൻ വരുന്നവരാണ് ഏറെയും.
ടിക്കറ്റു കൊടുക്കാനുള്ള മണി അടിച്ച്,
പൊക്കത്തിലുള്ള
ഓഫീസു മുറിയിൽ നിന്ന് വലിയ വയറിനു മുകളിൽ ലുങ്കി മടക്കിക്കുത്തി കയ്യിലൊരു തകരപ്പെട്ടിയുമായി അഭിമാനച്ചിരിയോടെ, മാനേജർ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നിറങ്ങി. താഴെ കൂടിനിന്നവരെല്ലാം പ്രേംനസീറിനോടെന്നപോലെ
ആരാധനാപൂർവ്വം അദ്ദേഹത്തെ നോക്കി നിന്നു.
“മ്മള് തൊട്ട്ട്ട് ഐത്താവണ്ടാ”ന്നും പറഞ്ഞ്
വള്ളിയമ്മ ഓഫീസിന്റെ പടിക്കെട്ടിന്നടുത്ത്
ഒതുങ്ങി നിന്നു.
മാനേജർ ആദ്യം സ്ത്രീകൾക്കുള്ള കൗണ്ടറിന്റെ വാതിൽപാളി തുറന്നു.
ചേട്ത്ത്യാരും പാറോമയുമടക്കം
പലരും ടിക്കറ്റുവാങ്ങി ഏതുവഴി അകത്തു കയറണമെന്ന് അന്തം വിട്ടു നടന്നപ്പോൾ മാനേജർ പുറത്തിറങ്ങി വഴി കാണിച്ചു. “സ്ത്രീകളൊക്കെ കെഴക്ക് വഴി കേറണം. ആദ്യം ഒന്നര രൂപയുടെ കസാലക്കാര് . പിന്നെ ഒരു രൂപാ ക്കാര്ടെ ചാരുബഞ്ച്. ഏറ്റം മുമ്പ് ല് അമ്പതു പൈസേടെ ബഞ്ചും ഇരുപത്തഞ്ച്ന്റെ തറയും . അവടെ ആള്ണ്ട്. ടിക്കറ്റ് കാണിച്ചാ മതീട്ടാ. ”
നെങ്ങള് സിൽമക്ക് വന്നതല്ലേ ?
പൊന്നപ്പനോടും വള്ളിയമ്മയോടുമായി മാനേജര് ചോദിച്ചു.
അതെയെന്ന് അവർ തൊഴുതു.
“ആണുങ്ങള് വേറെ പെണ്ണുങ്ങള് വേറെ.
ഒന്നിച്ചിരിക്കണെങ്ങെ ഒന്നര ഉറുപ്പികേടെ ടിക്കറ്റ് ട്ക്കണം. ”
അതു വേണ്ടെന്ന് പൊന്നപ്പൻ.
അങ്ങനെ പൊന്നപ്പനും വള്ളിയമ്മയും
രണ്ടിടത്തായി അകത്തു കയറി.
മണിയടിച്ചപ്പോൾ ഹാളിന്നകത്തെ കടന്നലുകളുടെ ഇരമ്പം പെട്ടെന്ന് നിന്നു.
വെളിച്ചങ്ങൾ ഒന്നൊന്നായ് അണഞ്ഞു.
കൈകൂപ്പിയ സുന്ദരി
വെളുത്ത തിരശ്ശീലയിൽ സ്വാഗതമെഴുതി.
പിന്നെ,
അകാലത്തിൽ മറഞ്ഞുപോയ പ്രിയപ്പെട്ടവന്റെ
പാവന സ്മരണ.
“ലോകം മുഴുവൻ നേടിയാലും
നിന്റെ ആത്മാവു നഷ്ടപ്പെട്ടാൽ എന്തു ഫല”മെന്ന
ഓർമ്മപ്പെടുത്തലുകൂടെ കഴിഞ്ഞ് ഒരു നിമിഷ നേരത്തെ ഇരുട്ടിനെ ആട്ടിപ്പായിച്ച്
ഭൂഗോളത്തിനു മുകളിൽ കയറി നിന്ന്
ഉദയായുടെ കോഴി കൂവി.
“പൊന്നാപുരം കോട്ട പുതിയ കോട്ട
വയനാടൻ കേളൂന്റെ പൊന്നൻ കോട്ട ….”
ഒഴുകിയിറങ്ങുന്ന മീശ തടവി, ആട്ടുകട്ടിലിൽ ചാഞ്ഞിരുന്ന് കേളു,
സർക്കസ്സുകാരികളെപ്പോലെ അത്പവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന പെണ്ണുങ്ങളെ നോക്കി ശ്യംഗാരച്ചിരി ചിരിച്ചു.
വാളും പരിചയുമേന്തി കവാടങ്ങളിൽ കാവൽ നിൽക്കുന്നവർ, നീട്ടിപ്പിടിച്ച കുന്തങ്ങളുമായി നിരനിരയായി
നീങ്ങുന്ന കാലാൾപ്പടകൾ, താലമേന്തിയ
തരുണീമണികൾ …..
നെല്ലിപ്പറമ്പിലെ നാടകക്കളികൾ മാത്രം കണ്ടു ശീലിച്ച ചേട്ത്ത്യാര് അത്ഭുതപ്പെട്ടു.
“എന്തോരം ആൾക്കാരാ കർത്താവേ ..
ഇയ്യ് ആളോൾടെ ഊണും കെടപ്പും ഒക്കെ എവിട്യാവുആവോ ?”
എവിടന്നൊക്കെയോ ചിരി പൊട്ടുന്നതിന്നിടെ
ആനപ്പുറത്തേറി ആദ്യം വയനാടൻ കേളുവും പിറകേ വിജയശ്രീയും കോട്ടവാതിലിനു പുറത്തു വന്ന് ആൾക്കൂട്ടത്തിനു മുന്നിൽ കൈ വീശി നിന്നു .
ഇരു വശവും നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്മാർ ചിന്നംവിളിച്ചു.
“പടം തൊടങ്ങ്മ്പഴയ്ക്കും മുള്ളാൻ മുട്ട്യാ?” എന്നും ചോദിച്ച് ജോർജ്ജേട്ടൻ സ്ത്രീകളുടെ ഭാഗത്തുള്ള തകരവാതിൽ ആർക്കോ തുറന്നു കൊടുത്തു.
ഇടവേള കഴിഞ്ഞ് ലൈറ്റുകൾ അണഞ്ഞ നേരം “ഹാളിൽ പുകവലിക്കരുത് ” എന്നെഴുതിയത് മിന്നാമിന്നികളിൽ നിന്നുയർന്ന മഞ്ഞിൻ ചുരുളുകൾക്കിടയിൽ
തെളിച്ചം നഷ്ടപ്പെട്ട് മങ്ങിക്കിടന്നു.
“മന്ത്രമോതിരം മായമോതിരം ഇന്ദ്രജാലക്കല്ലുമോതിരം ” നസീറിന്റെ പാട്ടിനു ചുവടുകൾ വച്ച വിജയശ്രീ
മണൽ പാകിയ നിലത്തിരുന്നവരെ സ്വപ്നാടത്തിലെന്നവണ്ണം സ്ക്രീനിന്റെ സമീപത്തോട്ട് നിരക്കിയടുപ്പിച്ചു.
വള്ളിയൂർകാവിലെ കന്നി വയനാടൻ പുഴയിൽ
ആറാടുമ്പോൾ എത്രയെത്ര നിശ്വാസങ്ങളാണ്
ഘനീഭവിച്ചു നിന്നത് !
അവസാനം, അങ്കത്തിൽ മുറിവേറ്റ്, നസീറിന്റെ മടിയിൽ കിടന്ന്
വിജയശ്രീ മരിക്കുമ്പോൾ
സിനിമാക്കൊട്ടകയാകെ തേങ്ങി.
പൊന്നാപുരം കോട്ടയിൽ നിന്ന് പടർന്ന തീനാളങ്ങൾ
ഹാളിലെ വിളക്കുകൾ തെളിയിച്ചു. പുറത്തേക്കുള്ള വാതിലുകളെല്ലാം തുറന്നു.
ഗെയിറ്റിനു പുറത്ത് ഒതുങ്ങി നിന്ന് ഒഴുകിയിറങ്ങുന്ന ആൾക്കൂട്ടത്തിന്നിടയിൽ പൊന്നപ്പൻ വീട്ടുകാരിയെ തിരഞ്ഞു.
ഇനിയാരും പുറത്തേക്ക് വരാനില്ലെന്ന് തോന്നിയപ്പോൾ വെപ്രാളത്തോടെ അയാൾ വീണ്ടും ഉള്ളിലേക്ക് കയറി. രണ്ടാമത്തെ ഷോയ്ക്കുള്ള ആളുകൾ ടിക്കറ്റെടുത്ത് ടാക്കീസിന്നകത്തു കടന്നു തുടങ്ങിയിരുന്നു.
“പൊന്നപ്പാ , ആണ്ങ്ങള് അപ്രത്തൂടെയാട്ടാ ”
ടിക്കറ്റ് കീറുന്നതിന്നിടെ ജോർജ്ജ് പറഞ്ഞു.
“അതല്ല മാപ്ലാരേ, മ്മടാള് സിൽമക്ക് കേറീട്ട്ണ്ടാർന്നു. പൊറത്തയ്ക്ക് കണ്ട്ല്ലേയ്
അവടെ കെടന്ന് ഒറങ്ങ്യാ ….?”
” എന്താ പറ്റിയേ ആവോ , സിൽമ തൊടങ്ങി കൊറച്ച് കഴിഞ്ഞപ്പളയ്ക്കും വള്ള്യേമ എറങ്ങി ഓടണ കണ്ടു. നീയ് വീട്ടില് പോയി നോക്കിക്കോ ആളവിടിണ്ടാവും. ”
പൊന്നപ്പൻ വീട്ടിലേക്കു ചെല്ലുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ
വെറ്റിലയിൽ ചുണ്ണാമ്പു തേക്കുകയായിരുന്നു, വള്ളിയമ്മ.
“എന്തൂട്ട് പണ്യാണ്ടോ കാണിച്ചേ ?
കാശ് കൊട്ത്ത്ട്ട് സിൽമ കാണാണ്ടെ പോര്‌രേ ?
ന്തേ തൂറാൻ മുട്ടീതാ…..?”
“അതായാലും ഞാൻ പിടിച്ച് ര്ന്നേനെ.
ഇതതല്ലാന്നേയ്. നെങ്ങള് കണ്ടയല്ലേ ?
എത്ര ആനോളാർന്നു. ഒർണ്ണം ഓട്യാ പോരേ…
യ്ക്ക് പേടിയായി ….”
ആനയുണ്ടെന്ന ഒറ്റക്കാരണത്താൽ പൂരങ്ങൾക്കു പോകാത്തയാളാണ് വള്ളിയമ്മ. ആകെ പോകുന്നത് മച്ചാട് മാമാങ്കത്തിനാണ്.
അവിടെ കെട്ടുകുതിരയല്ലേ ഉള്ളൂ ….
പൊന്നപ്പൻ വള്ളിയമ്മയുടെ കവിളിൽ തട്ടിക്കൊണ്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
“ന്തൂട്ട് പൊട്ട്യാണ്ട്റേ നീയ്യ് ?
അത് ശരിക്ക്ള്ള ആന്യാ ?
ഫോട്ടല്ലെ ? അതവ്ടത്തെ വെളുത്ത ശീലേക്കെട്ന്ന് ഓട്വള്ളോ, താഴത്തക്ക് എറങ്ങ്ല്യാ…..”
“അങ്ങന്യാ….?” എന്ന് ചോദിച്ചെങ്കിലും
അവർ പിന്നീട് ഏറെക്കാലം ടാക്കീസിൽ കയറിയില്ല.
പാവം പൊന്നപ്പൻ നസീറിമ്പ്രാക്കളെയും ഷീലമ്പ്രാട്ടിയെയും കാണാഞ്ഞ് വിഷമിച്ചിരിക്കുന്നത് സഹിക്ക വയ്യാതെയാണ് രണ്ടും കൽപിച്ച്
വള്ളിയമ്മ വീണ്ടും കേരളായിൽ കയറുന്നത്…!
അപ്പോഴേക്കും
തറ ടിക്കറ്റ് നിർത്തിയിരുന്നു. ഏറ്റവും മുന്നിൽ ബഞ്ച് മാത്രമായി.
കോളേജിലൊക്കെ ആയതോടെ മുന്നിൽ ബഞ്ചിലിരുന്ന് സിനിമ കാണുന്നത് വല്ലാത്ത കുറച്ചിലായി തോന്നിയിരുന്നു. കുടുംബത്തോടൊപ്പം വരുന്ന ചില സുന്ദരിക്കുട്ടികൾ ഫസ്റ്റ് ക്ലാസിലിരിക്കുമ്പോൾ പ്രത്യേകിച്ചും.
മൂന്നാം ക്ലാസിനുള്ള ഒരു രൂപ പോലും സംഘടിപ്പിക്കാൻ പെടുന്ന പാട് ആർക്കുമറിയില്ലല്ലോ.
സിനിമ തുടങ്ങാനുള്ള ബെല്ലടിച്ച്
ഹാളിലെ ലൈറ്റണച്ചാൽ മാത്രം അകത്തു കയറും.
ഇടവേളയിലെ വെളിച്ചം തെളിയും മുമ്പ് വാതിലിന്നടുത്തെത്തണം. ഇടവേളയ്ക്കും പടം തീരുന്നതിനും നിമിഷങ്ങൾക്കു മുന്നേ വാതിലിനു മുകളിലായി “വഴി” എന്ന് ചുവന്ന വെളിച്ചം തെളിയുന്നത് സൗകര്യമായി.
പുറത്തു ചാടിയാൽ പിന്നെ
“കപ്പലണ്ടി ബാല”ന്റെ പ്രലോഭനമാണ്. പോക്കറ്റിലെ അവസാന ചില്ലറത്തരികളും സമാഹരിച്ച് ഓരോരുത്തർക്ക് ഓരോ പൊതി ചുടു കപ്പലണ്ടി വാങ്ങിക്കും.
ലൈറ്റണഞ്ഞാൽ പാതി ചാരിയ വാതിലിന്നിടയിലൂടെ നുഴഞ്ഞുകയറും.
“കടം ചോദിക്കര്ത്ട്ടാ ”
എന്നു പറഞ്ഞ് വേണു ഓരോ മണി എണ്ണിയെണ്ണി കഴിക്കുമ്പഴേക്കും ചറപറാ തിന്ന്
നമ്മുടെ സ്‌റ്റോക്ക് തീർന്നു കാണും.
ഞങ്ങളാരേലും പിന്നെ കൈ നീട്ടുന്നത് കണ്ടാൽ ഓരോ മണി മാത്രം എണ്ണിത്തന്ന്
അവന്റെ കയ്യിലുള്ള ബാക്കി എല്ലാം കൂടെ
വായ്ക്കകത്താക്കും, ദുഷ്ടൻ !
അങ്ങനെ ഞങ്ങൾ വെറും തേഡ് ക്ലാസാണെന്ന് ക്ലാരയും മേരിയും മീനയു സന്ധ്യയുമൊക്കെ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.
തിരൂരിലും തൃശൂരിലും മുളംകുന്നത്തുകാവിലും മുണ്ടൂരിലുമായി ആഴ്ചയിൽ മൂന്നുനാലു സിനിമകൾ കാണുന്ന രാജേട്ടനും മൂന്നാം ക്ലാസിലെ ബഞ്ചിലിരുന്നു തന്നെയാണ് പടം കാണല്. സിനിമ ഏതെന്നത് അദ്ദേഹത്തിനൊരു വിഷയമല്ല, എല്ലാ വെള്ളിയാഴ്ചയും ആദ്യ ഷോയ്ക്ക് രാജേട്ടനുണ്ടായിരിക്കും, തീർച്ച.
ചിലപ്പൊ പടം പകുതിയൊക്കെ ആകാറാകുമ്പോഴാണ്
“അയ്യോടാ ബനേ ”
എന്നയാൾ തലയിൽ കൈ വയ്ക്കുക.
” ദ് ഞാൻ കണ്ട പടാർന്നു … ”
അക്കാലത്താണ് CBI ഡയറിക്കുറിപ്പു വന്നത്.
ഇരുട്ടത്ത് കയറിച്ചെന്നപ്പോൾ ഭാഗ്യത്തിന് സീറ്റുണ്ടായിരുന്നു.
“ഇയ്യ് പോലീസുകാരനെക്കൊണ്ടൊന്നും പറ്റില്ലാന്നേയ്, ഇനി സേതുരാമയ്യര് വരും,
മ്മടെ മമ്മൂട്ട്യേയ്. ”
മുന്നിലെ ബഞ്ചിലിരുന്ന് റണ്ണിംഗ് കമൻററി പോലെ കഥ പറയുന്നത് രാമേട്ടനാണ്.
ഒരകന്ന ബന്ധു . അയാളു കണ്ടാൽ അച്ഛൻ
അറിയുമെന്ന് തീർച്ച. പഠിക്കാൻ വേണുവിന്റെ വീട്ടിൽ പോവ്വാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ചാടിയത് തന്നെ …..!
“ജനാർദ്ദനനൊന്ന്വല്ല അയിനെ കൊന്നത്”
അയാള് പിന്നെയും തുടങ്ങിയപ്പോൾ ഞങ്ങടെ ക്ഷമകെട്ടു .
“ഡോ …*#@*&£…. മിണ്ടാതിരുന്നില്ലെങ്കി തന്റെ തല എറിഞ്ഞു പൊട്ടിക്കും ട്ടാ ”
തന്റേതല്ലാത്ത ഭീകര ശബ്ദത്തിൽ പറഞ്ഞത് രാജേഷാണ്. അതേറ്റു. പടം തീരുംവരെ പിന്നെ അയാളുടെ വാ തുറന്നതേയില്ല….
എത്രയെത്ര സിനിമകൾ …..!
അങ്ങാടിയും അങ്കക്കുറിയും യാത്രയും താളവട്ടവും നിറക്കൂട്ടും വൈശാലിയും തൂവാനത്തുമ്പികളും മുന്തിരിത്തോപ്പുകളും വടക്കൻ വീരഗാഥയും കൂടെവിടെയും
നാടോടിക്കാറ്റും ഗാന്ധിനഗറും ചിത്രവുമെല്ലാം ഒന്നിലധികം തവണ കേരളായിൽ കണ്ടത് ഇഷ്ടം കൊണ്ടു തന്നെ.
ആകാശദൂത് അഞ്ചു വട്ടം കണ്ടത്
പക്ഷെ, “അവരെ”ല്ലാം പല ദിവങ്ങളിലായി സിനിമ കാണാൻ വന്നതു കൊണ്ടാണ്. ക്രിക്കറ്റ് ബോള് വാങ്ങാൻ വച്ച കാശെടുത്താണ് ഫസ്റ്റ് ക്ലാസിലൊക്കെ കയറുന്നത്. ഏറ്റവും നല്ല ഷർട്ടൊക്കെയിട്ടിട്ടുണ്ടാകും, എല്ലാവരും. അവിടിരുന്ന് വെളിച്ചമണയും മുൻപ്
ഇടയ്ക്കിടെ പുറത്തേക്കിറങ്ങൽ , മുന്നിലെ ബഞ്ചിലിരിക്കുന്ന പാവങ്ങളോട് സഹതാപത്തോടെയുള്ള സംസാരം എന്നീ കലാപരിപാടികൾ നടത്തുന്നത് എന്തിനാണെന്ന് “അവർക്കും” അറിയുമായിരുന്നിരിക്കണം.
എത്രമാത്രം ഏകാഗ്രതയോടെ, ജാഗ്രതയോടെയുള്ള കാത്തുനിൽപ്പായിരുന്നെന്നോ അന്നൊക്കെ!
കറണ്ടു പോയപ്പോഴും റീലു പൊട്ടിയപ്പോഴും
ഓപ്പറേറ്റർ കേട്ടിട്ടുള്ള അത്രക്ക് തെറി ഈ ഭൂമിയിലാരും കേട്ടു കാണില്ല.
ഇടയ്ക്ക് എപ്പഴോ കേരളാ ടാക്കീസ്
കൃഷ്ണ തിയേറ്ററായി രൂപം മാറി.
അധുനിക ദൃശ്യശ്രവ്യ സാങ്കേതിക വിദ്യകൾ വന്നു. ഇരിപ്പിടങ്ങൾ മാർദ്ദവമുള്ളതായി . എന്നിട്ടും സദസ്സ് വല്ലപ്പോഴും മാത്രം നിറഞ്ഞു.
ഞങ്ങടെ “സിൽമാക്കൊട്ട”പയ്യെപ്പയ്യെ ഉറങ്ങിപ്പോയി.
കപ്പലണ്ടിബാലൻ സ്ഥിരം വാർക്കപ്പണിക്കാരനായി. ഓപ്പറേറ്റർ ഇലക്ട്രീഷ്യനായി.
മാനേജർ മരക്കമ്പനിയിലെ മാനേജരായി.
കേരളാ ടാക്കീസിനോടൊപ്പം പിറന്ന് ഏറെക്കാലം ഞങ്ങളുടെ രസമുകുളങ്ങളെ പുളകം കൊള്ളിച്ച കേരള കേഫ് സമാധി പൂണ്ട്
പിന്നീട് സ്റ്റേഷനറിക്കടയായി പുനർജ്ജനിച്ചു.
എന്നാലും ഞങ്ങൾക്ക്
പ്രിയപ്പെട്ട കേരളയെ അങ്ങനെ മറക്കാനാകില്ലല്ലോ …..
നോക്കൂ,
മുഖമാകെ മാറിപ്പോയിട്ടും
കോളങ്ങാട്ടുകര സെന്ററിന്റെ പേര് ഇപ്പഴും “കേരള” എന്നു തന്നെയാണ്…….!!!