മറിമായം പരമ്പരയിലെ സുമേഷേട്ടനെ ആദ്യം കാണുന്ന എപ്പിസോഡിൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മിസ്റ്റർ സുമേഷിനെ സംസാരിക്കാൻ ക്ഷണിക്കുമ്പോൾ കടന്നുവരുന്ന, കാഴ്ചകൊണ്ടുമാത്രം പ്രായം തോന്നിക്കുന്ന ചുറുചുറുക്കുള്ള ആളെയാണ്. ആദ്യകാഴ്ചയിൽ പ്രേക്ഷകമനസ്സുകവരുന്ന സുമേഷേട്ടന്റെ യഥാർത്ഥപേർ അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. ഖാലിദ് എന്ന വിനീതനായ അഭിനേതാവ് സുമേഷേട്ടൻ എന്ന ഒറ്റ കഥാപാത്രത്തിന്റെ വിലാസത്തിലേക്ക് മാറിയത് അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരം തന്നെയാണ്.
നിർമ്മലമായ ഹാസ്യത്തിലൂടെ, സ്വാഭാവികമായ അഭിനയത്തിലൂടെ അദ്ദേഹം മറിമായത്തെ ഏറെ പ്രിയങ്കരമാക്കിയതിൽ വലിയൊരു പങ്കുവഹിച്ചു.
ഇനി സുമേഷേട്ടൻ ഇല്ല. ആ പല്ലുഞെരിച്ച ചിരിയില്ല. ചുറുചുറുക്കുള്ള സംസാരമില്ല. നിഷ്കളങ്കമായ തമാശകളില്ല. എന്നാലും ഖാലിദിനെ അറിയാത്ത നമ്മുടെയൊക്കെ ഉള്ളിൽ സുമേഷേട്ടനുണ്ടാകും, മറിമായത്തിൽ നികത്താനാവാത്ത ഒഴിവ് അവശേഷിപ്പിച്ച ആ അതുല്യകലാകാരന്റെ കാലാതിവർത്തിയായ കഥാപാത്രം.