സുനന്ദ മഹേഷ്
ഏട്ടന്റെ മുറി, ഏട്ടന്റെ പുസ്തകങ്ങൾ. അവൾ ആ പുസ്തകങ്ങളെയൊന്ന് തലോടി. ഈ കൂട്ടത്തിൽ ഏട്ടനെയും കാത്തിരിക്കുന്നവരുണ്ടാവാം, ഏട്ടന്റെകൂടെ സഞ്ചരിച്ചവരുണ്ടാവാം, പലയാവർത്തി വായിച്ചവരുണ്ടാവാം, നാളെ വായിക്കാമെന്നു കരുതി മാറ്റിവെച്ചവരുമുണ്ടാവാം.
അങ്ങനെയാണല്ലോ മനുഷ്യൻ ! ഒരുറപ്പുമില്ലാത്ത നാളേക്കായി എന്തൊക്കെയോ മാറ്റിവയ്ക്കുന്നു. ഏട്ടനുമതുപോലെ എന്തെല്ലാം മാറ്റിവച്ചിട്ടുണ്ടാവും. പൂർണ്ണമാകാതെ പോയൊരു കഥയിവിടെയെവിടെയെങ്കിലും ഉണ്ടാകാം. ഏട്ടന്റെ പേനയിലെ മഷി അക്ഷരങ്ങളായി ആ കഥ പൂർണമാക്കാൻ കൊതിക്കുന്നുണ്ടാവുമോ?
ഏട്ടന്റെ തൂലികയ്ക്കിപ്പോൾ എന്തായിരിക്കും കുറിക്കാൻ തോന്നുന്നുണ്ടാവുക.
“നന്ദ, നിനക്കറിയാമല്ലോ? ഇവിടെ പടിഞ്ഞാറെ ജനൽ തുറന്നാൽ നല്ല കാറ്റാണ്, വീഴ്മലയിൽ നിന്നും വീശുന്നക്കാറ്റ്. ആ മലയ്ക്ക് എങ്ങനെയാണീ പേര് വന്നതെന്നറിയാമോ നിനക്ക്?”
ഏട്ടൻ കഴിഞ്ഞ കത്തിലെഴുതിയ വരികൾ,
ഇനിയൊരു കത്തെഴുതാൻ എട്ടനില്ല. അമ്മയുടെ ഭാഷയിൽ നാളെ ഏട്ടന്റെയാത്മാവ് ഈ വീടുവിട്ട് പോകും, വേണ്ട ഇവിടെന്നിന്നോട്ടെയെന്ന് പറയണമെന്നുണ്ട്, പക്ഷെ അമ്മയുടെ വിശ്വാസങ്ങളെയെതിർത്ത് അമ്മയെ വീണ്ടും വിഷമിപ്പിക്കാൻ വയ്യ.
പത്തുവർഷം മുൻപ് അച്ഛൻ, ഇതായിപ്പോൾ ഏട്ടനും രക്‌ത സാക്ഷിയായി . അച്ഛൻ പട്ടാളക്കാരനായി രാജ്യത്തിനു വേണ്ടി ജീവൻക്കൊടുത്തപ്പോൾ, ഏട്ടൻ…
“മോളെ നന്ദ, ശിവനും അരുണും വന്നിട്ടുണ്ട് നിന്നെ അന്വേഷിക്കുന്നു.”
അമ്മയുടെ ശബ്ദമവളെ ചിന്തകളിൽ നിന്നുമുണർത്തി.
ശിവമാമയും അരുണും ദിവസവും ഒരുനേരമെങ്കിലും വിവരങ്ങൾ അന്വേഷിക്കും. അമ്മയുടെ അനിയാണെങ്കിലും, അച്ഛൻ മരിച്ചതിന് ശേഷം ഏതൊരു കാര്യവും അമ്മ മാമയോട് അഭിപ്രായം ചോദിച്ചിട്ടെ ചെയ്യൂ.
അവൾ മുറിയടച്ച് മുൻവശത്തേക്ക് ചെന്നു.
“ചായ എടുക്കട്ടെ, മാമേ ?”
“വേണ്ട മോളെ ഇപ്പോൾ കുടിച്ചതെയുള്ളൂ.”
ഞാൻ കവലയിൽനിൽക്കുമ്പോൾ അരുണിനെ കണ്ടു, അങ്ങനെ അവന്റെകൂടെ കാറിൽ ഇങ്ങോട്ട് വന്നൂ. ഞാൻ വന്നത്, നാളെ… ”
“നാളെയെന്താ മാമ്മേ?
നന്ദ തെല്ലൊരു പരിഭ്രമത്തോടെ ചോദിച്ചു.
” മോളെ ചിതലി ഭാഗത്തെവിടെയോ
ഇന്നൊരു അടിയുണ്ടായിട്ടുണ്ട്, ഒരാൾ മരിച്ചെന്നാണ് പറഞ്ഞു കേട്ടത്.”
“വീണ്ടുമോ ?
ഇതിനൊരു അവസാനമില്ലേ ?”
“ആരോട് പറയാൻ, പറഞ്ഞാലും ആരും കേൾക്കില്ല മോളെ.
ഇപ്പൊൾ അതല്ല പ്രശ്നം.”
നാളെ അധികവും ഹർത്താൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പാമ്പാടി പോകുന്ന കാര്യം പ്രശ്നമാകുമോ എന്നറിയില്ല. ”
“ഇനിയിപ്പോൾ എന്താ ശിവാ ചെയ്യാ , എന്റെ കുട്ടിയെ കൊലക്കുകൊടുത്തതും പോരാ, അവനിത്തിരി ആത്മശാന്തി നൽകാനും സമ്മതിക്കില്ലേ.”
തേങ്ങലോടെയമ്മയത് പറഞ്ഞപ്പോൾ നന്ദ അമ്മയെ ചേർത്തുപിടിച്ചു
“അമ്മ വിഷമിക്കേണ്ട, ഞാനെന്താ വേണ്ടതെന്നുവച്ചാൽ നോക്കിക്കൊള്ളാം
അരുൺ നീയെന്റെക്കൂടെ വാ, നമുക്ക് പോലീസ്സ്റ്റേഷൻ വരെയൊന്ന് പോയിവരാം, അവരെന്താ പറയുന്നതെന്ന് അറിയാമല്ലോ.”
“മോളെ ആരോടും വഴക്കിനൊന്നും പോകരുതേ.”
“അമ്മ പേടിക്കേണ്ട ഞാൻ വഴക്കിനൊന്നും പോകുകയല്ല സമാധാനമായിരിക്കൂ, മാമ ഇവിടെയുണ്ടാവില്ലേ? ഞങ്ങളിപ്പോൾ വരാം.”
പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ കവലയിൽ
ആനന്ദിന്റെ കട്ട് ഔട്ട് നന്ദ കണ്ടു. എത്ര പെട്ടന്നാണ് ഒരു മരണത്തെയവർ രക്തസാക്ഷിയാക്കിയത്. എന്നിട്ടൊരു കട്ട്‌ഔട്ടും.
രാഷ്ട്രീയക്കാരന് മരണം നൽകുന്ന ഉപഹാരം. കുറച്ച് നാളുകൾ ഫോട്ടോ പ്രദർശിപ്പിച്ച് അനുശോചന പ്രസംഗങ്ങൾ നടത്തും അതോടെ തീർന്നൂയെല്ലാം. നഷ്ടം കുടുംബത്തിനു മാത്രം.
“ചേച്ചീ, സ്റ്റേഷനെത്തി, ഞാൻ വണ്ടി സൈഡിൽ പാർക്ക് ചെയ്തിട്ടുവരാം.”
അരുൺ പറഞ്ഞപ്പോഴാണ് സ്റ്റേഷനെത്തിയതവൾ ശ്രദ്ധിച്ചത്.
“നീ അകത്തേക്ക് വരേണ്ട അരുൺ, ഞാൻ കാര്യങ്ങൾ സംസാരിച്ചോളാം, പോലീസ് സ്റ്റേഷൻ കയറിയതൊക്കെ നിന്റെ അമ്മയറിഞ്ഞാൽ നിന്നെ വഴക്ക് പറയും.”
“അത് സാരമില്ല. ചേച്ചിയൊറ്റക്ക് പോവേണ്ട, ആനന്ദേട്ടന് വേണ്ടി ഇത്രയയെങ്കിലും ചെയ്തില്ലെങ്കിൽ, ” അത് പറയുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയൽപക്കത്തെ ജാനി ചേച്ചിയുടെ മകനാണ് അരുൺ. അവന്റെ ഏട്ടൻ ദാസ് ഒരു രാഷ്ട്രീയ സംഘട്ടനത്തിലാണ് മരിച്ചത്. അതിനുശേഷമവർ അരുണിനെ വീട്ടിനകത്തു പൂട്ടിയിട്ട് വളർത്തിയെന്ന് പറയാം.ഏട്ടന് അരുണിനെ ഒരുപാടിഷ്ടമായിരുന്നു, അരുണിന് തിരിച്ചും.
എനിക്ക് പറഞ്ഞുതന്നിരുന്നപ്പോലെ ഏട്ടൻ അവനും കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പഠിത്തത്തിനായി ഞാൻ മറ്റൊരു നഗരത്തിലെത്തിയപ്പോൾ എനിക്ക് പകരക്കാരനായത് അരുണാണ്. ഏട്ടന്റെ പുസ്തക ശേഖരത്തിലെ മിക്ക പുസ്തകങ്ങളും അവൻ വായിച്ചതാണ്.
ചില
ചെറിയ രാഷ്ട്രീയ സിദ്ധാന്തങ്ങളിൽ ഉറച്ചുനിന്നിരുന്നുയെന്നല്ലാതെ രാഷ്ട്രീയ പ്രവർത്തകൻ ഒന്നുമായിരുന്നില്ല ഏട്ടൻ.
പെട്ടെന്നുണ്ടായ ഒരു കലാപത്തിൽപ്പെട്ട് ഒരു ജീവൻ നഷ്ടപ്പെട്ടപ്പോൾ അതിനെ രക്തസാക്ഷിയാക്കി മാറ്റിയ
ഒരുക്കൂട്ടം ആളുകൾ.
ഏട്ടന്റെ മരണത്തെതുടർന്ന് ചോദ്യമെടുപ്പിനും മറ്റുമായി പലതവണ പോലിസുകാർ വീട്ടിൽ വന്നതുകൊണ്ട് സ്റ്റേഷനിലെ പലരെയുവൾക്ക് പരിചയമായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യം പറഞ്ഞപ്പോൾ നേരെ സിഐയുടെ അടുത്തേക്ക് അവരെക്കൊണ്ടുപോയി.
“മാഡം കവലയിൽ സംഘട്ടനങ്ങൾ നടക്കാൻ
സാധ്യതയുള്ളതുകൊണ്ട്
ഞങ്ങളിത്രയും നേരം അവിടെയായിരുന്നു.
ഇപ്പോഴും ഒന്ന് രണ്ട് പോലീസുകാരെ അവിടെ ഡ്യൂട്ടിയിലിട്ടിട്ടാണ് ഞാനിങ്ങോട്ട് വന്നത്. നാളെ ഹർത്താലാണ് .അത് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.
പക്ഷേ മാഡം പേടിക്കേണ്ട
ഞങ്ങൾ നിങ്ങളുടെ വണ്ടിക്ക് പ്രൊട്ടക്ഷൻ നൽകാം. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുമായി ഞാൻ സംസാരിക്കാം, അവരും ഇക്കാര്യത്തിൽ ഇടപെടുമ്പോൾ കാര്യങ്ങൾ കൂടുതൽ സ്മൂത്തായി കൊണ്ടുപോകാൻ പറ്റും.”
“വളരെ നന്ദിയുണ്ട് സർ, ഈ പ്രശ്നം ഇത്രപ്പെട്ടന്ന് സോൾവ് ചെയ്തുതരുമെന്ന് കരുതിയില്ല, ഞങ്ങൾ നാളെ കാലത്ത് അഞ്ചു മണിക്ക് പുറപ്പെടും, അതിനു മുൻപ് നിങ്ങളുടെ ആൾക്കാർ വരുമല്ലോ അല്ലേ?”
“തീർച്ചയായും മാഡം, റൂൾസ് പ്രകാരമിത് ശരിയാണോ തെറ്റാണോയെന്നൊന്നും എനിക്കറിയില്ല. ഇവിടെ ഞാൻ
മുഖ്യത്വം നൽകുന്നത് മനസാക്ഷിക്കാണ്. രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ട ഒരു പട്ടാളക്കാരന്റെ മകൻ, ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്ന ഒരമ്മയുടെ മകൻ, ആ മകന് ആത്മശാന്തി നൽകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
അത് നടത്തി കൊടുക്കുകയെന്നുള്ളത് ഞങ്ങളുടെക്കൂടെ കടമയാണ്. മാഡം ധൈര്യമായി പൊയ്ക്കോളൂ.”
നന്മ നശിക്കാത്ത മനസ്സുകളെ കൈക്കൂപ്പിത്തൊഴുത് സ്റ്റേഷന്റെ പുറത്തേക്ക് കടന്നപ്പോൾ വണ്ടിക്കരികിൽ നിൽക്കുന്ന ആളെ കണ്ട് നന്ദയുടെ മനസ്സൊന്ന് പിടഞ്ഞു.
ദേവേട്ടൻ,ഏട്ടന്റെ ആത്മാർത്ഥ സുഹൃത്ത്. രാഷ്ട്രീയമൊഴിച്ച് മറ്റെയെല്ലാത്തിനുമവർ ഒറ്റക്കെട്ടായിരുന്നു. ഒരിക്കൽ പോലും ഏട്ടൻ ദേവേട്ടനെ ഉപദേശിക്കാനോ, തിരുത്താനോ ശ്രമിച്ചില്ല അവന്റെ ശരികളെനിക്ക് തെറ്റായി തോന്നുന്നുവെങ്കിൽ അതെന്റെ തെറ്റാണ്. അങ്ങനെയായിരുന്നു ഏട്ടൻ പറഞ്ഞിരുന്നത്.
അന്ന് ദേവേട്ടനോടൊപ്പം പുറത്തേക്ക് പോയതായിരുന്നു ഏട്ടൻ, പിന്നെ ജീവനോടെ വന്നില്ല.
മരണം നടന്ന ദിവസം ആൾക്കൂട്ടത്തിൽ കണ്ടപ്പോഴും മുഖംത്തരാതെ പോയി,
സങ്കടം തോന്നിയില്ല അറിയാമായിരുന്നു ആ മനസ്സിലെ വിഷമവും, കുറ്റബോധം.
“നന്ദ, ഇങ്ങനെയൊരു ആവശ്യത്തിന് നീയിവിടെവരെ വരേണ്ട കാര്യമുണ്ടായിരുന്നില്ല.
എന്നോട് പറഞ്ഞാൽ മതിയായിരുന്നു.”
“അമ്മയെ കാണാനെനിക്ക് ശക്തിയില്ല അതുകൊണ്ടാണ് ഇതുവരെ വീട്ടിലേക്ക് വരാഞ്ഞത്.
അവനെ
രക്തസാക്ഷിയാക്കിയതിൽ എനിക്ക് പങ്കില്ല, അവന് രാഷ്ട്രീയവുമായിയൊരു ബന്ധവുമില്ലെന്ന് ഞാൻ പലവട്ടം പറഞ്ഞു, കൂട്ടുകാരൻ മരിച്ചപ്പോഴുണ്ടായ വിഭ്രാന്തിയായി അതിനെ പുച്ഛിച്ചു തള്ളി ! ആരൊക്കെയോ അവന്റെ മരണം മുതലെടുത്തു.
അവനൊരിക്കലുമെന്നെ ഉപദേശിച്ചിട്ടില്ല പക്ഷെ അവന്റെ മരണം ഒരുപാട് കാര്യങ്ങളെന്നെ പഠിപ്പിച്ചു.
നാളെ ഞാനും വരുന്നുണ്ട് നിങ്ങളുടെകൂടെ. ഞാൻ വരുന്നത് നിങ്ങൾക്ക് സംരക്ഷണം തരാൻ മാത്രമല്ല, അവന് വേണ്ടി ബലിയിടാനും കൂടിയാണ്.
ഒന്ന് മാപ്പ് പറയണം അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാനും ഒരു കാരണക്കാരനായിപ്പോയില്ലേ…”
ജീവനെടുക്കാൻ ഒരു പ്രത്യയശാസ്ത്രത്തിലും പറഞ്ഞിട്ടില്ല. തിരിച്ചു നൽകാൻ കഴിയാത്ത വിലപ്പെട്ട ജീവനെടുക്കാൻ അല്ലെങ്കിൽ തന്നെ ആർക്കാണ് അധികാരം?!!! കെട്ടകാലമെന്നൊരു കാലമില്ല അതിനെ കെട്ടതാക്കുന്നത് നാം മനുഷ്യർ തന്നെയല്ലേ ??
മാറണം ഈ പ്രവണത, അല്ല മാറ്റണം അതിനായുള്ള തുടക്കമാകട്ടെ ദേവനിലെ ഈ മാറ്റവും ! മനുഷ്യത്വമെന്ന മതത്തിനുമപ്പുറം മറ്റെന്താണുള്ളത് ??
