സുനി ഷാജി
കൈതേപ്പാലം…
ഇടതൂർന്ന കൈതകൾ പാതയോരത്തിന് ഇരുവശങ്ങളിലും നിറഞ്ഞുനിൽക്കുന്നതിനാലാവണം ആ പാലത്തിന് അങ്ങനെയൊരു പേര് വീണത്.
മെയിൻ റോഡിൽ നിന്നും, ഒരു ഉൾനാടൻ ഗ്രാമത്തിലേയ്ക്ക് തിരിയുന്ന റോഡിനോട് ചേർന്നുള്ള കൈതേപ്പാലത്തിനടുത്തെങ്ങും മനുഷ്യവാസം ഇല്ല.
അതുകൊണ്ടുതന്നെ, പല സ്ഥലങ്ങളിൽ നിന്നും മാലിന്യങ്ങൾ കൊണ്ട് തള്ളുന്ന സ്ഥലം കൂടിയാണ് അവിടം.
വർഷങ്ങൾക്ക് മുൻപ് പാലം പണിയുടെ സമയത്ത് ഉപേക്ഷിക്കപ്പെട്ട ഒരു സിമന്റ് പൈപ്പ്,പാലത്തിന് കുറച്ചു മാറി കിടപ്പുമുണ്ട്.
കാടും, പടലും കയറി മുക്കാൽ ഭാഗത്തോളം മറഞ്ഞിരിക്കുന്ന സിമന്റ് പൈപ്പിനുള്ളിൽ ആണ് സീതപെണ്ണ് എന്ന തെരുവുനായ പ്രസവിച്ചു കിടക്കുന്നത്.
നല്ല തക്കുടു കുഞ്ഞുങ്ങൾ….
ഏഴ് എണ്ണം ഉണ്ട്.
ആ പ്രദേശത്തെ തെരുവുനായകളുടെ നേതാവായ ചിണ്ടന്റെ ഭാര്യയാണ്
സുന്ദരിയായ സീത പെണ്ണ്. പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടില്ല.
“ഈ വേസ്റ്റ് ഒക്കെ തിന്നു മടുത്തു …വായക്ക് രുചിയായിട്ട് ഒന്നുമില്ലേ അവിടെ…?”
ഏതോ ഹോട്ടലിൽ നിന്നും കൊണ്ടു തള്ളിയ എച്ചിൽ കൂനയിൽ നിന്നും കുറച്ചു എല്ലിൻ കഷണങ്ങൾ കടിച്ചു കൊണ്ടുവന്ന ചിണ്ടൻ ചോദ്യം കേട്ട് അമ്പരന്നു.
“എടീ… അവിടെ ഇപ്പോൾ ഒരുപാടുപേരുണ്ട്…
വരട്ടെ,എല്ലാവരും തീറ്റ കഴിഞ്ഞു പോയിക്കഴിയുമ്പോഴേക്കും നോക്കാം…
രാത്രി വരവുകാരുണ്ട്….”
നാടുറങ്ങുമ്പോൾ…
വേയ്സ്റ്റ് നട തള്ളാൻ എത്തുന്ന പകൽ മാന്യന്മാരെ ഉദ്ദേശിച്ചാണ് അവൻ അങ്ങനെ പറഞ്ഞത്.
നേരം പാതിരാത്രി കഴിഞ്ഞുകാണും.
എങ്ങും നിശബ്ദമാണ്. ഒരു വണ്ടി വരുന്ന ശബ്ദം കേട്ട് ചിണ്ടൻ അങ്ങോട്ട് ഓടി.
മറ്റുള്ള തെരുവുനായ്ക്കൾ ഒക്കെ എങ്ങോട്ടൊക്കെയോ പോയിരുന്നു.
കാറിൽ വന്നവർ ചുറ്റും നോക്കിയിട്ട് ഒരു കാർഡ് ബോർഡ് പെട്ടി വേസ്റ്റ് ഇടുന്നതുസ്ഥലത്ത് ശ്രദ്ധാപൂർവം കൊണ്ടു വയ്ക്കുന്നതും,വീണ്ടും ചുറ്റും നോക്കിട്ട് പെട്ടെന്ന് വണ്ടിയിൽ കയറി ഓടിച്ചു പോകുന്നതും കണ്ടു.
അടുത്ത് എത്തി നോക്കുമ്പോൾ അതിനുള്ളിൽ ഒരു മനുഷ്യകുഞ്ഞാണ്.
അവൻ ഞെട്ടിപ്പോയി…ജീവനുള്ള കുഞ്ഞ്…!
വേഗം തന്നെ അവൻ സീത പെണ്ണിനെ കൂട്ടി വന്നു…
അവളുമൊരു അമ്മയാണ്…
ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ചോര കുഞ്ഞിനെ കണ്ടപ്പോൾ അവളുടെ അമ്മ മനസ്സ് ഉണർന്നു.
“എടീ… നീ,പറ ഇതിനെ എന്ത് ചെയ്യണം…”
“കുഞ്ഞിനെ എത്രയും പെട്ടെന്ന് ഇവിടുന്നു മാറ്റണം…
ആ പൊന്നപ്പനും സംഘവും കണ്ടാൽ കൊന്നു തിന്നും…”
തെരുവ് നായകൾക്കിടയിലെ ചട്ടമ്പിയാണ് പൊന്നപ്പൻ.
മഹാ ക്രൂരൻ…!
“ഈശ്വരാ… പാവം കുഞ്ഞ്…
ഇതിനെ എങ്ങനെയെങ്കിലും രക്ഷിക്കണം…”
രണ്ടുപേരും കൂടെ മെല്ലെ കാർഡ്ബോർഡ് കടിച്ചു വലിച്ചു. കുഞ്ഞിന് ഇളക്കം തട്ടാതെ സൂക്ഷിച്ച് അവർ അത് തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക്
എത്തിച്ചപ്പോഴത്തേയ്ക്കും….
ദാ……മുന്നിൽ പൊന്നപ്പനും കൂട്ടരും…..!!!
കാർബോർഡിന് ഉള്ളിലേക്ക് നോക്കിയ അവർ കുരച്ചു….
“ഞങ്ങൾക്കും ഇതിന്റെ പങ്കു വേണം…. അതാണ് തെരുവിന്റെ നിയമം….”
പൊന്നപ്പൻ മുരണ്ടു….
“ഇല്ല ഇതിനെ കൊല്ലാൻ തരില്ല…”
“ഓഹോ പിന്നെ നിങ്ങൾ ഇതിനെ വളർത്താനാണോ പ്ലാൻ….?”
പൊന്നപ്പൻ പരിഹസിച്ചു…
“വേല മനസ്സിൽ വച്ചേര്… മുഴുവനും തിന്നാനുള്ള അടവ്…”
പൊന്നപ്പനും,സംഘവും നിർത്താതെ കുരച്ചു….
തെരുവിലെ മറ്റ് നായ്ക്കൾ മുഴുവനും ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവിടെ എത്തി.ബഹളം തുടങ്ങി.
ശബ്ദം കേട്ട് കുഞ്ഞുണർന്നു കരച്ചിലും തുടങ്ങി.
അസാധാരണമായ പട്ടികളുടെ കുരയും, കുഞ്ഞിന്റെ കരച്ചിലും കേട്ടാവണം ആ വഴിയേ പോയ രണ്ടുമൂന്നു വാഹനങ്ങൾ നിർത്തിയെങ്കിലും പട്ടികളുടെ ബാഹുല്യം കാരണം വണ്ടിയോടിച്ചു പോയി.
അതിലൊരു ഡ്രൈവർ പോകുന്ന വഴിക്ക് ബീറ്റ് പോലീസുകാരോട് കാര്യം പറയാൻ മറന്നില്ല.
വിവരമറിഞ്ഞെത്തിയ പോലീസുകാർ ഒരുപാട് നായ്ക്കളെ കണ്ട്,അപകടം മനസ്സിലാക്കി തിരികെ പോയി,
സർവ്വ സന്നാഹങ്ങളുമായി എത്തി.
തെരുവുനായ്ക്കളെ പിടിക്കുന്നതിനും,വെടിവയ്ക്കുന്നതിനും പ്രത്യേക പരിശീലനം സിദ്ധിച്ച സ്ക്വാഡും,കുറച്ച് നാട്ടുകാരും പോലീസുകാരും
ഉണ്ടായിരുന്നു സംഘത്തിൽ.
ആദ്യം തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് അവർ അടുക്കാൻ പേടിച്ചു
കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാവണം പോലീസുകാർ ലൈറ്റ് അടിച്ചു നോക്കി…
നോക്കുമ്പോൾ ചിണ്ടനാണ് ആ കാർഡ് ബോർഡ് പെട്ടിക്കടുത്തു കുരച്ചുകൊണ്ട് നിൽക്കുന്നത്….
“ആദ്യം ആ പട്ടിയെ വെടിവയ്ക്കൂ….. ”
പറഞ്ഞു തീർന്നതും ഉന്നം പിഴക്കാതെ ആ വെടിയുണ്ടയേറ്റ് ചിണ്ടൻ പിടഞ്ഞുവീണു.
അതുകണ്ടു മറ്റു മറ്റ് പട്ടികൾ എല്ലാം ഓടിമാറി….
തയ്യാറായിനിന്ന പോലീസുകാർ കുഞ്ഞിന്റെ അടുത്തേയ്ക്ക് ഓടി അടുത്തു.
പെട്ടന്ന്…
തന്റെ ഭർത്താവിന്റെ ചോരയിൽ കുളിച്ച ശരീരത്തിനടുത്ത് കരയുന്ന സീത പെണ്ണിനെയും …
പട്ടിക്കുഞ്ഞുങ്ങളെയും കണ്ടപ്പോൾ അവരൊന്നു ഭയന്നു.
“പെറ്റു കിടക്കുന്ന പട്ടിയാണ്… സൂക്ഷിക്കണം….”
“അതിനെയും കൂടെ വെടിവെച്ചു കൊല്ലൂ…”
തനിക്ക് നേരെ ചൂണ്ടിയ തോക്കിന് മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി സീത പെണ്ണ്… മനുഷ്യരുടെ ഭാഷ സംസാരിക്കാൻ അറിയില്ല…
തന്നെയും കൊല്ലാൻ ആണ് അവരുടെ ഉദ്ദേശമെന്ന് മനസ്സിലായപ്പോൾ…
“അരുതേ എന്റെ കുഞ്ഞുങ്ങളെ അനാഥരാക്കരുതേ….
എന്നെ കൊല്ലരുത്…..”
അവൾ തലയും,കൈയ്യും കൊണ്ട് ആംഗ്യങ്ങൾ കാണിച്ചു….
പക്ഷേ അത് തങ്ങളെ ആക്രമിക്കാനുള്ള പുറപ്പാടാണെന്ന് വിചാരിച്ചു അതിനെയും വെടി വച്ചുകൊന്നിട്ട്,
പോലീസെത്തി കുഞ്ഞിനെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.
ജനക്കൂട്ടവും പിരിഞ്ഞു.
നിമിഷങ്ങളുടെ വ്യത്യാസത്തിൽ അച്ഛനും,അമ്മയും നഷ്ടപ്പെട്ട
ഏഴ് കുഞ്ഞുങ്ങളുടെ കരച്ചിൽ മുഴങ്ങി അവിടെ…!!!
കനത്ത അന്ധകാരത്തിലെ നിശ്ശബ്ദതയിൽ
ഹൃദയം പിളർക്കുന്ന നിലവിളി
കേട്ട്….
ഭൂമിവിട്ടകന്ന ചിണ്ടന്റെയും സീതപെണ്ണിന്റെയും ആത്മാക്കൾ അന്തരീക്ഷത്തിൽ നിന്നും തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി കരയുകയായിരുന്നു….
“കണ്ടു മതിയായില്ല എന്റെ കുഞ്ഞുങ്ങളെ…..
പാലുകൊടുത്തു കൊതിതീർന്നില്ല….
എന്റെ പോന്നോമനകൾക്ക്…
അവൾ വിതുമ്പി…..
എല്ലാ ജീവജാലങ്ങളെയും പോലെ ദേഹം വിട്ടു പിരിഞ്ഞു പോകുന്ന ദേഹിയുടെ നൊമ്പരം…!!!
“ഇനി ഏതു ജന്മം കാണും ഞാൻ എന്റെ മക്കളെ………”
“സീത പെണ്ണെ സാരമില്ല…. ഇത് വിധിയാണ്….
നിന്നെപ്പോലെ ഒരു അമ്മമനസ്സ് ആ കുഞ്ഞിന്റെ അമ്മയ്ക്കും ഉണ്ടായിരുന്നെങ്കിൽ….. നമ്മൾക്ക് ജീവൻ ഹോമിക്കേണ്ടി വരില്ലായിരുന്നു….!!!
പ്രകൃതിയിലേക്ക് പിറവി കൊണ്ട പാടെ പെരുവഴിയിൽ മാലിന്യമായി വലിച്ചെറിയാനുളള മാനസികാവസ്ഥ കാട്ടുന്ന മനുഷ്യർക്ക് മുമ്പിൽ
മനസു കൊണ്ടെങ്കിലുംഒരു മാതൃകയാവാൻ നമുക്ക് പറ്റിയല്ലോ….”
അടക്കിപ്പിടിച്ച തേങ്ങലുകൾക്കൊടുവിൽ മഞ്ഞിന്റെ ഒരു തണുത്ത ആവരണം അവരെ പൊതിഞ്ഞു…
അത് അവരെ മുകളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.
