BREAKING NEWS

Chicago
CHICAGO, US
4°C

പ്രവാസം , ബിസിനസ് ,കല ,എഴുത്തു,സാമൂഹിക പ്രവർത്തനം, സണ്ണി മാളിയേക്കൽ (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

23 August 2022

പ്രവാസം , ബിസിനസ് ,കല ,എഴുത്തു,സാമൂഹിക പ്രവർത്തനം, സണ്ണി മാളിയേക്കൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“ഇന്നലെ ചരിത്രമാണ്, നാളെ നിഗൂഢമാണ്, ഇന്ന് ദൈവത്തിന്റെ ദാനമാണ്, അതുകൊണ്ടാണ് അതിനെ വർത്തമാനം എന്ന് വിളിക്കുന്നത്.”

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ടെത്തുക എന്നതാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ പ്രത്യാശയിൽ ജീവിക്കുകയും അതിനായി ആവോളം കഷ്ടപ്പെടുകയും ചെയ്യുക എന്നതാണ്.പ്രതീക്ഷ ഒരു ശക്തിയാണ് . നിങ്ങൾ ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയുകയും അത് നിങ്ങളുടെ ഉള്ളിൽ ഒരു പ്രകാശം പോലെ പിടിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് വിജയിക്കുവാൻ സാധിക്കും .അത്തരത്തിൽ വിജയത്തിന്റെ പടികൾ കയറിയ ഒരു വ്യക്തിത്വത്തെ പരിചയപ്പെടാം ..
സണ്ണി മാളിയേക്കൽ.
ജീവിതത്തിന്റെ വഴികളിൽ താൻ താണ്ടിയ കടമ്പകൾക്ക് വേദനയുടെ നിറമുണ്ട്. അതിലുപരി സന്തോഷത്തിന്റെ അനർഘ നിമിഷങ്ങളുമുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കൽ പൈലോയുടേയും, ലീലാമ്മ പൈലോയുടെയും മകനായി 1960 ൽ ജനനം. ആലുവ സെന്റ് മേരീസ് സ്കൂൾ, സെറ്റിൽമെന്റ് ഹൈസ്കൂൾ, യു.സി. കോളേജ് , ഫെയർലി ഡിക്സൺ യൂണിവേഴ്സിറ്റി,എസ്.എം. യു എന്നിവിടങ്ങളിലായിരുന്നു സ്കൂൾ കോളേജ് വിദ്യാഭ്യാസം.

കഥകേട്ട് വളർന്ന പയ്യൻ
ഏതൊരു വ്യക്തിയുടെയും ജീവിതത്തെ പരുവപ്പെടുത്തുന്നതിന് തുടക്കമിടുന്നത് ബാല്യ കൗമാര കാലമാണ്. സണ്ണിയുടെ ബാല്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കഥകൾ കേട്ട് വളർന്ന കാലം. കഥകളുടെ സുവർണ്ണകാലം, കഥകൾ മനസിൽ കയറിയ കാലം. അമ്മയുടെ അപ്പന്റെ അമ്മ , വല്ല്യവല്ല്യമ്മച്ചി നന്നായി കഥ പറയുമായിരുന്നു. അമ്മച്ചിയുടെ മടിയിൽ കിടന്ന് കേട്ട കഥകൾക്ക് കണക്കില്ല. ഒരു സിനിമ കാണുന്നതുപോലെ കഥാപാത്രങ്ങൾ മിന്നിമറയുന്ന കഥകൾ. തോട്ടയ്ക്കാട്ടുകരയ്ക്ക് അടുത്തു തന്നെയായിരുന്നു അമ്മ വീടും. വേനലവധിക്ക് അമ്മ വീട്ടിൽ ഒത്തുകൂടുന്ന കാലം ആഘോഷത്തിന്റേതായിരുന്നു എങ്കിലും വല്ല്യമ്മ കഥകളിലൂടെയുള്ള യാത്ര സണ്ണി മാളിയേക്കലിന് ഒരു പുതുലോകം തുറന്നിടുന്നതായിരുന്നു.

അച്ചാച്ചൻ പകർന്ന ബിസിനസ് പാഠം
കോട്ടയത്ത് ജനിച്ചവളർന്ന പിതാവ് പൈലോ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ബർമ്മാ ഷെൽ കമ്പനിയിൽ ജോലിക്ക് കയറി. ആ സമയത്തായിരുന്നു വിവാഹം. പിന്നീട് ജോലിയെക്കാൾ നല്ലത് ബിസിനസ് ആണെന്ന് തിരിച്ചറിഞ്ഞ് ഇരുമ്പു കട തുടങ്ങി. എറണാകുളത്ത് നിന്ന് ചരക്കുമായി വള്ളത്തിനായിരിക്കും വരിക . ചെറുപ്പകാലം മുതൽക്കേ അച്ചാച്ചനോടൊപ്പം നടത്തിയ എറണാകുളം യാത്രകൾ ജീവിതത്തിൽ കച്ചവടത്തിന്റെ ജീവിത പാതകൾ മനസിലാക്കുവാൻ ഉപകരിച്ചു. ആലുവയിൽ നിന്ന് അമേരിക്കയിലെത്തിയപ്പോഴും ഈ പാതകൾ ആണ് ജീവിതത്തിന്റെ ശരികളിലേക്ക് അദ്ദേഹത്തെ കൈപിടിച്ചത്.ഒരു സംരംഭകന്റെ വിജയം ജനങ്ങളുടെ സംതൃപ്തി കൂടിയാണന്ന് തിരിച്ചറിഞ്ഞ ജീവിത പാഠമായിരുന്നു അത്.

ബിസിനസ് തകർച്ചയും
പുതുവഴികളും
അപ്പന് ആലുവായിലെ ഇരുമ്പുകടയ്ക്കൊപ്പം എറണാകുളത്ത് പഴയ ഇരുമ്പു സാധനങ്ങൾ ലേലത്തിൽ പിടിച്ച് കോയമ്പത്തൂരിൽ വിൽക്കുന്ന ബിസിനസും തുടങ്ങിയിരുന്നു. കളമശ്ശേരി എച്ച്.ഐ. എൽ .ൽ നിന്നും പഴയ സാധനങ്ങൾ ശേഖരിച്ചിരുന്നു. അതെല്ലാം കമ്പനി വളപ്പിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു ശേഖരിച്ചിരിച്ചിരുന്നത്. ഒരു ദിവസം സാധനങ്ങൾ ലോറിയിലേക്ക് കയറിയപ്പോൾ വലിയ ഒരു ഗർഡർ കെമിക്കൽ പാന്റിലേക്ക് വീണ് പൊട്ടി കെമിക്കൽ പുറത്തേക്ക് ഒഴുകി. ഇരുമ്പു സാധനങ്ങൾ ഇട്ടിരുന്ന സ്ഥലത്തേക്ക് കെമിക്കൽ ഒഴുകി കെട്ടി നിന്നു. അപ്പനത് കാര്യമാക്കിയില്ല. ഇരുമ്പു സാധനങ്ങൾ വേഗത്തിൽ പൊടിയാൻ തുടങ്ങി. അങ്ങനെ അച്ചാച്ചൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം പൊളിയുകയായിരുന്നു. നഷ്ടം നികത്താൻ ആലുവായിലെ കട വിറ്റു. അപ്പോഴാണ് അമ്മച്ചിക്ക് അശനിപാതം പോലെ ബ്രെയ്ൻ ട്യൂമർ . കാൽ ചുവട്ടിലെ മണ്ണിലെ ഊർന്ന് പോകുന്ന പോലെയായി ജീവിതം. അപ്പോഴാണ് സുഹൃത്ത് ജോസി അവന്റെ വർക്ക് ഷോപ്പ് വാടകയ്ക്ക് നൽകിയത്. ആത്മാർത്ഥമായി പണിയെടുത്തു. പതിനേഴാം വയസിൽ ഏറ്റെടുത്ത ഒരു സംരംഭം. അപ്പോൾ കോലഞ്ചേരിയിൽ ജേഷ്ഠനും കൂട്ടുകാരും ഒരു പാരലൽ കോളേജ് തുടങ്ങി. അപ്പോഴാണ് ജേഷ്ഠന് അമേരിക്കയിൽ നിന്ന് ഒരു വിവാഹാലോചന വരുന്നത്. അമ്മയുടെ ഓപ്പറേഷൻ, രോഗക്കിടക്കയിലേക്കുള്ള മാറ്റവും ഒക്കെയായി ലളിതമായി ജേഷ്ഠന്റെ വിവാഹം. അതിനിടയിൽ സഹോദരിക്ക് നൈജീരിയായിൽ അദ്ധ്യാപികയായി ജോലിയും ശരിയായി. ഈ സന്തോഷങ്ങൾക്കിടയിലേക്കാണ് അമ്മയുടെ മരണം കടന്നുവരുന്നത്. 1980 ഒക്ടോബർ . 20 ഒരു കറുത്ത ദിനമായിരുന്നു മാളിയേക്കൽ കുടുംബത്തിന്

ജീവിതം തിരികെ പിടിക്കുമ്പോൾ
ജേഷ്ഠൻ അമേരിക്കയ്ക്കും, സഹോദരി നൈജീരിയായ്ക്കും പോയി. അച്ചാച്ചനും സണ്ണിയും ഒറ്റയ്ക്കായ വീട്. അമേരിക്കയിലെത്തിയ ജേഷ്ഠന്റെ കത്തിൽ അവിടെ ജോലി ലഭിക്കാനുള്ള പ്രയാസങ്ങളൊക്കെ എഴുതിയത് പ്രതീക്ഷ നൽകിയില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന മോഹം എറണാകുളം നോർത്തിൽ അളിയൻ നടത്തിയിരുന്ന ട്രാൻസ്പോർട്ടിംഗ് ഓഫീസിൽ എത്തിച്ചു. അവിടെ ജോലിക്കൊപ്പം സയൻസ് അക്കാദമിയിൽ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചു. വൈകിട്ടത്തെ സമയത്ത് സി.എ. സി യിൽ ഡ്രംസ് പഠനത്തിനും ചേർന്നു. ഗുരു ആന്റോ മാഷിന്റെ സഹായത്തോടെ ഐലന്റിലെ മഹാരാജ ഹോട്ടലിൽ ഡ്രംസ് വായിക്കാൻ അവസരം. വൈകിട്ട് നടക്കുന്ന കാബറെ ഡാൻസിനാണ് ഡ്രംസ് വായിക്കേണ്ടത്. ഒന്നും ചിന്തിക്കാതെ ജോലി തുടങ്ങി. അളിയൻ അറിയാതെ ചെയ്ത ജോലിയായിരുന്നു അത്. അളിയൻ അതു കണ്ടുപിടിച്ചതോടെ കർശനമായി വിലക്കി. ആ ജോലിയും പോയി.
അങ്ങനെയിരിക്കെ അച്ചാച്ചന് അമേരിക്കയിലേക്ക് പോകണമെന്ന ആഗ്രഹം. ജേഷ്ഠൻ പേപ്പർ വർക്കുകൾ റഡിയാക്കി. അച്ചാച്ചന് ഒരു ചെയ്ഞ്ച് വേണമായിരുന്നു. ഒറ്റപ്പെടലിൽ നിന്ന് അദ്ദേഹം അമേരിക്കയിലേക്ക് പോയതോടെ സണ്ണി തനിച്ചായി.

ഒളിമ്പിക്സ് റിപ്പോർട്ടറായി അമേരിക്കയ്ക്ക്
1984 ൽ എ.സി.ജോസ് സ്പോർട്സ് മന്ത്രിയായിരിക്കെ പി.റ്റി. ഉഷ ഉൾപ്പെട്ട ഒരു സംഘം ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നതായി ഒരു വാർത്ത പത്രത്തിൽ വന്നു.ആലുവയിലെ പള്ളി വഴക്കുമായി ബന്ധപ്പെട്ട ന്യൂസ് കോഡിനേറ്റ് ചെയ്യുന്ന ജോലി സണ്ണിയ്ക്ക് ഉണ്ടായിരുന്നു. എറണാകുളം പ്രസ്ക്ലബ്ബിൽ ന്യൂസ് റിലീസ് സംഘടിപ്പിക്കുന്നതും മറ്റും. ദേശാഭിമാനി മുതൽ മനോരമ വരെയുള്ള എല്ലാ പത്ര റിപ്പോർട്ടർമാരും ആയുള്ള പരിചയവും , ഒരു റിപ്പോർട്ടർക്ക് പോകാം എന്നാ അറിവും . ഗ്രൂപ്പിനെ കൊണ്ടുപോകുന്ന അഡ്മിറൽ ട്രാവൽസിന്റെ എം.ഡി തോമസ് വടക്കെകുറ്റിനെ കണ്ടു. 15000 രൂപ ചിലവ് . വിസയുടെ കാര്യം സ്വന്തമായി ചെയ്യണം.
മദ്രാസ് കോൺസലേറ്റിൽ ഒരു ചോദ്യമെ വിസ ഓഫീസർ ചോദിച്ചുള്ളു.
You are a sports critic ?
Yes
Ok..we have granded your Travel Approval. Have a safe trip.
കോൺസുലേറ്റിൽ നിന്നും പുറത്തിറങ്ങി നേരെ സെന്റ് തോമസ് മൗണ്ട് പള്ളിയിലേക്ക് പോയി. മനസ്സുരുകി പ്രാർത്ഥിച്ചു. 1984 ജൂലൈ മാസം 28 ന് അമേരിക്കയിലേക്ക് പറന്നു.
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തുണയായ ആത്മവിശ്വാസവും അവസരങ്ങൾ കാത്തുനിന്നതും എല്ലാം അമേരിക്കൻ മണ്ണിലേക്കുള്ള യാത്രയ്ക്ക് തുണയായി.

പ്രവാസം, വിജയം
അമേരിക്കയിലെത്തിയപ്പോൾ അച്ചാച്ചൻ പറഞ്ഞ ഒരു കാര്യം ഓർമ്മിക്കുന്നു സണ്ണി.
“ജോലിയെടുത്താൽ നന്നായി ജീവിക്കാവുന്ന നാടാണ് അമേരിക്ക ഇവിടുത്തെ നിയമങ്ങൾ പാലിക്കണം എന്ന് മാത്രം ”
ഒരു തൊഴിൽ പഠിക്കാൻ തീരുമാനിച്ചു. ബോയ്ലർ റിപ്പയറിംഗ് . ജേഷ്ഠന്റെ വീട്ടിൽ നിന്നും രണ്ട് മൈൽ അകലെയാണ് സ്ഥാപനം. ആദ്യമൊക്കെ പഠനം രസകരമായി തോന്നിയെങ്കിലും ഈ ജോലി സ്വന്തമായി ചെയ്യണമെങ്കിൽ H.V. AC ലൈസൻസ് വേണമെന്നും അത് കിട്ടാൻ ബുദ്ധിമുട്ടാണെന്നും പിടി കിട്ടി. അപ്പോഴാണ് ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ജോലി ചെയ്താൽ ഉടമസ്ഥർ തന്നെ ജോലി ചെയ്യുന്നവർക്ക് പെർമിറ്റ് ശരിയാക്കി കൊടുക്കുമെന്ന്. അങ്ങനെ ജേഷ്ഠന്റെ സുഹൃത്ത് വഴി ന്യൂയോർക്ക് വില്ലേജ് ഏരിയായിൽ വില്ലേജ് മഹാരാജ എന്ന ഇന്ത്യൻ റസ്റ്റോറന്റിൽ ജോലിക്ക് കയറി. പിന്നീട് ന്യൂജേഴ്സിയിലെ ഒരു റെസ്റ്റോറെന്റിലേക്ക് മാറി. ഇരട്ടി ശമ്പളവും ഒരു കാറും കിട്ടി. അതിരാവിലെ പത്രം ഇടുന്ന ഒരു ജോലി കൂടി കിട്ടി.
ആയിടയ്ക്ക് ബർഗൻ കമ്മ്യൂണിറ്റി കോളജിൽ ചേർന്ന് ബേസിക്ക് എഡ്യൂക്കേഷൻ പഠിക്കാൻ തീരുമാനിച്ചു. അമേരിക്കൻ ഇംഗ്ലീഷ് പഠിക്കാതെ മുന്നോട്ട് പോകാൻ പറ്റില്ല. ആഴ്ച്ചയിൽ മൂന്ന് ദിവസം പഠനം . അതിനിടയിൽ ജൂതൻമാർക്കു വേണ്ടി നടത്തുന്ന റസ്റ്റോറന്റിൽ പാർട്ട് ടൈം ജോലി. അവിടെ വച്ചാണ് ഹോട്ടലുടമയുടെ മകൾ റോണിത്ത് കോഹനുമായി പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേക്കു കടന്നുവെങ്കിലും വിവാഹം നടന്നില്ല. കോഹൻ സമുദായം തന്നെ വില്ലനായി.

FIRST WOK
ഫെയർലി ഡിക്സൺ യൂണിവേഴ്സിറ്റിയുടെ റൂതർ ഫോർഡ് കാമ്പസിൽ അഡ്മിഷൻ കിട്ടി. പഠനത്തോടൊപ്പം ജോലിയും വേണം. ഒരു ചൈനീസ് റെസ്റ്റോറന്റിൽ പാർട്ട് ടൈം മാനേജരായി. മുൻപരിചയം തുണയായി. അവിടെ തുടരവെ അദ്ദേഹത്തിന്റെ മറ്റൊരു ഹോട്ടൽ ഏറ്റെടുത്ത് നടത്താമോ എന്ന് ഒരു ഓഫർ കിട്ടി.
അങ്ങനെ ഒരു ഹോട്ടൽ ഉടമയായി. ഹൈസ്കൂളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെ ടെലിഫോൺ അറ്റന്റ് ചെയ്ത് ഓർഡർ എടുക്കാൻ നിർത്തി. കച്ചവടം പൊടിപൂരം. അന്ന് നടി പത്മിനി ചേച്ചിയൊക്കെ ഹോട്ടലിലെ സ്ഥിരം സന്ദർശകരായിരുന്നു.

അക്കാലത്ത് ഫിലഡൽഫിയായിലെ സുഹൃത്ത് കുര്യാച്ചൻ വഴി ഒരു വിവാഹാലോചന വന്നു. അങ്ങനെ 1986 ജൂൺ 21 ന് ആനിയെ ജീവിത സഖിയാക്കി. അതിനിടയിൽ ചില ടാക്സ് പ്രശ്നങ്ങൾ കൊണ്ട് റെസ്റ്റോറന്റ് വിറ്റു. വീണ്ടും റസ്റ്റോറന്റ് ഫീൽഡിലേക്ക് ബർഗർ കിംഗ്സിൽ ജോലിക്ക് കയറി. പെട്ടന്ന് തന്നെ സ്ഥാനക്കയറ്റം കിട്ടി. മൾട്ടി യൂണിറ്റ് മാനേജരായി.

താരാ ആർട്സ് വിജയേട്ടനൊപ്പം
കലാരംഗത്തേക്ക്
ഫസ്റ്റ് വാക്കിന് അടുത്തായിരുന്നു താരാ ആർട്സ് വിജയേട്ടന്റെ വിട്. അങ്ങനെ അദ്ദേഹവുമായി പരിചയമായി. ടെലി കമ്യൂണിക്കേഷൻ എഞ്ചിനീയറായിരുന്നു അദ്ദേഹം. അദ്ദേഹമായിരുന്നു സ്റ്റാർ ഷോകൾ അമേരിക്കയിൽ കൊണ്ടുവന്നിരുന്നത്. താല്പര്യമുള്ള വിഷയമായതിനാൽ അദ്ദേഹത്തിനൊപ്പം കൂടി. അക്കാലത്ത് ലോക പ്രശസ്ത സിത്താർ മാന്ത്രികൻ രവിശങ്കറിന്റെ പ്രോഗ്രാം അമേരിക്കയിൽ ഷോകൾ സംഘടിപ്പിച്ചു. പിന്നീട് ടി.കെ. ആർ കേബിളിൽ കൂടി വാർത്തകൾ, ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തി പ്രോഗ്രാം തുടങ്ങി. അതിനിടയിൽ 1994 നവംബർ 24 ന് അച്ചാച്ചന്റെ മരണം വല്ലാത്ത ഷോക്കായി. ഇന്നും ചെവിയിൽ മുഴങ്ങുന്ന ആ ശംബ്ദം സണ്ണിഎയ് വഴി നടത്തുന്നു.

സംവിധായകൻ ഭരതന്റെ നേതൃത്വത്തിൽ ഒരു സ്റ്റാർ ഷോ വിജയേട്ടൻ പ്ലാൻ ചെയ്യുന്നു. നാദിർഷ, ദിലീപ്, കെ.എസ്.പ്രസാദ് തുടങ്ങിയവരെ ആ സംഘത്തിൽ ഉൾപ്പെടുത്തിയത് സണ്ണി ആയിരുന്നു. പരിപാടികൾ കഴിഞ്ഞ് അമേരിക്കയിൽ എന്തെങ്കിലും ജോലിനോക്കാൻ തീരുമാനിച്ച ദിലീപിനും, നാദിർഷയ്ക്കും ജോലി റഡിയാക്കിയ ശേഷം ഒരു തീരുമാനത്തിലെത്താതെ നിന്ന ഇരുവരേയും നാട്ടിലേക്ക് തിരിച്ചയച്ചതും സണ്ണി മാളിയേക്കലായിരുന്നു.
തുടർന്ന് ആബേലച്ചന്റെയും കെ.എസ്. പ്രസാദിന്റെയും നേതൃത്വത്തിൽ അമേരിക്കയിലുടനീളം നടത്തിയ കലാഭവൻ ഷോ സ്റ്റേജ് ഷോകളുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ആബേലച്ചനുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് പറയുമ്പോൾ സണ്ണിമാളിയേക്കലിന് നൂറ് നാവ്.

വേൾഡ് ട്രേഡ് സെന്റെർ ആക്രണം.
2001 സെപ്റ്റംബർ 11 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം ലോകമന: സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ലിബർട്ടി സ്ട്രീറ്റിൽ നിലകൊള്ളുന്ന വേൾഡ് ട്രേയ്ഡ് സെന്ററിനടുത്താണ് സണ്ണി ജോലി ചെയ്യുന്ന ബർഗർ കിംഗ്സ് റസ്റ്റോറെന്റ് . മൂന്ന് നിലയിൽ പ്രവർത്തിച്ച ഈ ഹോട്ടൽ. ആക്രമണം നടന്ന ദിവസം ഹോട്ടലിലേക്ക് വരുന്ന വഴി റസ്റ്റോറന്റ് മാനേജറുടെ ഫോൺ വരുന്നു. വേൾഡ് ട്രേയ്ഡ് സെന്റിന് എന്തോ സംഭവിച്ചു. ജനങ്ങൾ പരക്കം പായുന്നു. ആ സമയത്ത് വേഗം അവിടെയെത്തി രക്ഷാപ്രവർത്തകർക്കൊപ്പം കൂടി. ജീവിതത്തിൽ അടി പതറി പോയ നിമിഷങ്ങളിലെല്ലാം തുണയായ ആത്മ ധൈര്യത്തോടെ ഓടി നടന്നു ഒരു ജനതയ്ക്കൊപ്പം.

ഏഷ്യാനെറ്റിന്റെ യു.എസ് പ്രവേശം
വേൾഡ് ട്രേയ്ഡ് സെന്റർ ആക്രമണം അമേരിക്കയ്ക്ക് വരാൻ നിൽക്കുന്നവർക്ക് നിരവധി തടസ്സങ്ങളായി. ബർഗർ കിംഗ്സിൽ ,ടെക്സാസിലെ ഓഫീസിലേക്ക് ജോലി മാറി. കുടുംബമായി ടെക്സാസിലേക്ക് മാറി. ഫ്രാഞ്ചൈസ്
ബിസിനസ് കൺസൾട്ട്യി ജോലി പരിചയമുള്ള സണ്ണി 2005 ൽ ബർഗർ കിംഗ്സിൽ നിന്നും മാറി, ആപ്പിൾ ബി ,ഫ്രാഞ്ചൈസിയുടെ ബിസിനസ് കൺസൾട്ട്യി വർക്ക് ചെയ്തു.ഇതോടൊപ്പംതന്നെ ഗാർലാന്റിൽ Curry in / Hurry എന്ന പേരിൽ ഒരു ഫാസ്റ്റ് ഫുഡ് കട തുടങ്ങി. പിന്നീട് ഇന്ത്യാ ഗാർഡൻ എന്ന ഇന്ത്യൻ റെസ്റ്റോറെന്റ് തുടങ്ങി. നാട്ടിൽ നിന്ന് കൊണ്ടു വന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജോലി നൽകി. ഇന്ത്യ ഗാർഡൻ അമേരിക്കയിലെ ഏറ്റവും വലിയ കേറ്ററിങ് കൾക്കും സാക്ഷ്യംവഹിച്ചു. ഹൂസ്റ്റൺ ജോർജ്ജ് ബ്രൗൺ കൺവെൻഷൻ സെൻറർ ,4000 അതിഥികൾ 4 ദിവസം, നാലു ലക്ഷം ഡോളർ ബഡ്ജറ്റ്. ഡാളസ് ,ഡിട്രോയിറ്റ് ന്യൂജേഴ്സി,കാലിഫോർണിയ അങ്ങിനെ നിരവധി പ്രോജക്റ്റുകൾ

ആയിടയ്ക്കാണ് ഏഷ്യാനെറ്റ് അമേരിക്കയിൽ സംപ്രേഷണം ആരംഭിക്കാനുള്ള നടപടികൾ തുടക്കുന്നത് , തുടർന്ന് യു.എസ്. വീക്കിലി റൗണ്ട് അപ്, ഔവർ ഗസ്റ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകളുമായി ഏഷ്യാനെറ്റ് വളർന്നു. ഒരു പ്രസ്ഥാനത്തിന്റെ അമേരിക്കൻ പ്രവേശത്തിനൊപ്പം നിൽക്കാനായത് ഭാഗ്യം.

എഴുത്ത്, എന്റെ പുസ്തകം.
അന്നും ഇന്നും എഴുത്ത് സണ്ണി മാളിയേക്കലിന് ഹരമാണ്. പ്രത്യേകിച്ച് ഓർമകളുടെ എഴുത്ത്. ഒരു സിനിമ ദൃശ്യം പോലെ അവയെ പകർത്താൻ അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയണം. തന്റെ ജീവിതത്തിന്റെ പരിഛേദമായി ” എന്റെ പുസ്തകം ” എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും ഒരു ആത്മകഥയും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
പ്രസിദ്ധീകരണത്തിന് തയ്യാറായ തൻറെ ആദ്യത്തെ നോവൽ ,രണ്ടാമത്തെ പുസ്തകം അതിനെക്കുറിച്ച് സണ്ണി വാചാലനായി. അമേരിക്കയിലെ അച്ചടി ഓൺലൈൻ മാദ്ധ്യമങ്ങളിൽ ഓർമ്മക്കുറിച്ചുകളും ഈടുറ്റ ലേഖനങ്ങളുമായി ഇപ്പോഴും അദ്ദേഹം സജീവം.

കുടുംബം.
ഇപ്പോൾ സണ്ണി മാളിയേക്കൽ അമേരിക്കൻ ഹെവി ഹോളേജ് എന്ന ലോജിസ്റ്റിക്സ് കമ്പനിയുടെ സി.ഇ.ഒ, പ്രൊക്ടർ നാഷനൽ റെസ്റ്ററന്റ് അസോസിഷൻ , ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ബോർഡ് അംഗം, എന്നീ നിലകളിൽ സജീവമാകുമ്പോഴും റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരു പുതിയ പ്രോജക്ടുമായി രംഗപ്രവേശം ചെയ്യുകയാണ് അദ്ദേഹം. ഈ ജീവിത വഴിത്താരയിൽ താങ്ങായും തണലായും ഭാര്യ ആനി സണ്ണി, മക്കൾ : സൂസൻ, സക്കറിയ, റ്റാമി. മരുക്കൾ: പ്രവീൺ അലക്സ് ,അലിസ, ജിറ്റോ.പേരക്കുട്ടികൾ: ഒലീവിയ , നോഹ ,ജൂലിയറ്റ്, റോമൻ, സൈറ
എന്നിവരുടെ പിന്തുണ അദ്ദേഹത്തിന് കരുത്താകുന്നു.

ഒരു വലിയ ജീവിത വഴിത്താര നമുക്ക് മുൻപിൽ സണ്ണി മാളിയേക്കൽ തുറന്നിടുമ്പോൾ അദ്ദേഹം പറയാതെ പറയുന്ന ഒന്നുണ്ട്. നിങ്ങൾ നിങ്ങളിലേക്ക് പോവുക. നിങ്ങളെ വളരാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സ്വന്തമാക്കുക. നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അതിന്റെ വേരുകൾ പടർന്നിട്ടുണ്ടോ എന്ന് നോക്കുക.

അമേരിക്കൻ ജീവിതത്തിൽ എന്തെങ്കിലും ദുഃഖം ഉണ്ടോ എന്നുള്ള ചോദ്യത്തിന് , നീണ്ട മൗനത്തിനുശേഷം അദ്ദേഹം ചോദിച്ചു , ” ഷിൻഡ്ലേഴ്സ് ലിസ്റ്റ് ” (Schindler’s List) ബുക്ക് വായിക്കുകയോ, സിനിമ കണ്ടിട്ടുണ്ടോ എന്ന് ? പറ്റുമെങ്കിൽ എല്ലാ പ്രവാസികളും അത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി മാളിയേക്കൽ മണ്ണിന്റെ ആഴങ്ങളിലേക്ക് വളരുന്ന വേരുകളുടെ കാവൽക്കാരനാണ്. ഭാവിതലുറയ്ക്ക് മാതൃകയായ വേരുകളുടെ ഉടമ.. ഈ യാത്ര തുടരുക… ലോകം നിങ്ങൾക്ക് പുറകെയുണ്ട്.