BREAKING NEWS

Chicago
CHICAGO, US
4°C

സണ്ണി തോമസ് കാരിയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ജീവാത്മാവ് (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements


23 February 2022

സണ്ണി തോമസ് കാരിയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ജീവാത്മാവ് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര

“മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ സമയം കണ്ടെത്തുന്ന മനുഷ്യര്‍ ഭൂമിയില്‍ ചുരുക്കമായിരിക്കും”

വനവന്‍റെ പരിമിതികള്‍ക്കപ്പുറം മറ്റുള്ളവരിലേക്ക് കൂടി സ്നേഹത്തിന്‍റെയും കരുണയുടെയും വിത്തു പകരാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സാധിക്കണമെന്നില്ല. അങ്ങനെ സാധിക്കുന്നവര്‍ക്ക് ചുറ്റും ആയിരം സൂര്യചന്ദ്രന്മാര്‍ പിറക്കുമെന്നാണ്. അത്തരത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്ന അവരുടെ കണ്ണുനീരിനു കൂടി ഉത്തരം കാണുന്ന ഒരു മനുഷ്യനുണ്ട്, ഈ വഴിത്താരയില്‍ നമുക്ക് അദ്ദേഹത്തെ പരിചയപ്പെടാം.
സണ്ണി തോമസ് കാരിക്കല്‍. ഒരു പാലാക്കാരന്‍ എന്നതിനുമപ്പുറം സഹജീവി സ്നേഹമുള്ള കരുണയുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. സണ്ണി തോമസ് കാരിക്കലിനെ കുറിച്ച് പറയുമ്പോള്‍ പാലായിലെ ജനങ്ങള്‍ക്ക് നൂറ്റിയൊന്ന് നാവുകള്‍ ഉണ്ടാവും. അദ്ദേഹത്തിന്‍റെ നന്മകള്‍ ഭൂതകാലത്തില്‍ നട്ട വിത്തുകളെപ്പോലെ കിളിര്‍ത്തു വരും.
എല്ലാവരും തിരക്കുകളിലേക്ക് ഉള്‍വലിഞ്ഞപ്പോള്‍, തിരക്കുകള്‍ക്കിടയിലും തന്‍റെ നാടിനും തനിക്ക് പ്രിയപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട സണ്ണി കാരിക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ഏറ്റവും സൗമ്യനായ മനുഷ്യനാണ്. തന്നെക്കൊണ്ട് ആവുന്നതിനേക്കാള്‍ തന്‍റെ പരിമിതികള്‍ക്ക് അപ്പുറത്തുനിന്നു പോലും അദ്ദേഹം മനുഷ്യരെ സഹായിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഭൂമിയില്‍ എവിടെയെങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തേണ്ടതുണ്ട്.

ജീവിതത്തിന്‍റെ ജാലവിദ്യ പഠിക്കാന്‍ തുടങ്ങുമ്പോള്‍

നീണ്ടൂര്‍ കാരിക്കല്‍ പരേതനായ പി. സി. തോമസിന്‍റെയും ഏലിക്കുട്ടിയുടെയും മകനായി നീണ്ടൂര്‍ ആണ് സണ്ണി കാരിക്കല്‍ ജനിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള സന്തോഷ പൂര്‍ണ്ണമായ ജീവിതം ഒരു സമൂഹത്തില്‍ കുടുംബത്തിനുള്ള പ്രാധാന്യം സണ്ണികാരിക്കലിനെ പഠിപ്പിച്ചു. ഒരുപാട് കുടുംബങ്ങള്‍ ചേര്‍ന്നാണ് ഒരു വലിയ സമൂഹം ഉണ്ടാകുന്നതെന്ന കാഴ്ചപ്പാടും കുടുംബത്തില്‍ നിന്നു തന്നെയാണ് അദ്ദേഹം മനസ്സിലാക്കിയത്. 1967 ല്‍ പാലായിലേക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനായിട്ടാണ് സണ്ണി കാരിക്കലും കുടുംബവും താമസം മാറിയത്.


ചെറുപ്പം മുതല്‍ക്കേ മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരുന്ന ഒരു സ്വഭാവം സണ്ണിയ്ക്ക് ഉണ്ടായിരുന്നു. തനിക്ക് ചുറ്റുമുള്ളവരിലേക്ക് നോക്കാനും അവരുടെ പ്രശ്നങ്ങളെ ചോദിച്ചറിഞ്ഞ് മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ബാല്യം ഒരു മനുഷ്യന്‍റെ ജീവിതത്തെ നിര്‍ണയിക്കുമെന്നത് പോലെ തന്നെ ബാല്യം മുതല്‍ക്കേ കൂടെയുണ്ടായിരുന്ന സ്വഭാവവും സണ്ണിയെ പിന്തുടര്‍ന്നു. തന്‍റേതായ സ്വഭാവങ്ങള്‍ ഒന്നും തന്നെ സണ്ണി ഒരിക്കലും തിരുത്തിയില്ല. അല്ലെങ്കിലും നന്മകള്‍ എങ്ങനെ തിരുത്താനാണ്. അറിഞ്ഞും അറിയാതെയും തന്‍റെ എല്ലാ ജീവിത കാലഘട്ടങ്ങളിലും സണ്ണി കാരിക്കല്‍ ഒരുപാട് മനുഷ്യരെ സഹായിച്ചു കൊണ്ടേയിരുന്നു. സഹായം ചോദിക്കുന്ന മനുഷ്യരോട് മറുത്തു പറയാന്‍ അറിയാത്ത വിധം നിഷ്കളങ്കത സണ്ണി എന്ന സാമൂഹിക ജീവിയില്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം സെന്‍റ് മേരീസ് പാലായിലും, പ്രീഡിഗ്രിയും ഡിഗ്രിയും പാലാ സെന്‍റ് തോമസ് കോളേജിലും, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കോട്ടയം നൈനാന്‍സ് കോളേജിലും പൂര്‍ത്തിയാക്കി. പഠന കാലത്ത് കെ. എസ്. സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന വലിയ തിരിച്ചറിവ് ലഭിച്ചത് ജീവിതത്തിലെ മറ്റൊരു നേട്ടം കൂടിയാണ്.

പാലായിലെ ജീവിതം

നാടിനു വേണ്ടിയും, കഷ്ടപ്പെടുന്ന ഒരു വിഭാഗം ജനതയ്ക്ക് വേണ്ടിയും സണ്ണി തന്‍റെ സമ്പാദ്യങ്ങളെ ചിലവഴിച്ചു.തന്‍റെ ജീവിതത്തില്‍ അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യവും, ബോധവും ഉണ്ടായിരുന്നു. എന്ത് ചെയ്യണം ചെയ്യരുത് എന്ന് ജീവിതം അയാളെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നന്മകള്‍ക്കിടയില്‍ മാത്രം നന്മയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്.
1992 ല്‍ ആരംഭിച്ച കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ് കഴിഞ്ഞ മുപ്പത് വര്‍ഷമായി പാലാ ഗവണ്മെന്‍റ് ആശുപത്രിയിലെ എല്ലാ രോഗികള്‍ക്കും വൈകിട്ടത്തെ ഭക്ഷണം മുടങ്ങാതെ നല്‍കി വരുന്നു. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നിനുള്ള സഹായം, കുട്ടികള്‍ക്ക് പഠന സഹായം, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ മുടങ്ങാതെ ചെയ്തുവരുന്നു.ആരംഭ കാലത്ത് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന് സ്ഥലവും കെട്ടിടവും വാങ്ങുവാന്‍ സണ്ണി കാരിക്കല്‍ മുന്നിട്ടു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുതിയ കെട്ടിടത്തില്‍ കാരുണ്യ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. സണ്ണി കാരിക്കലിന്‍റെ അകമഴിഞ്ഞ സാമ്പത്തിക സഹകരണം പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളായി കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വൈസ് ചെയര്‍മാനായി സണ്ണി കാരിക്കല്‍ പ്രവര്‍ത്തിക്കുന്നു. 1996 -98 കാലയളവില്‍ പാലാ ജേസീസ് സെക്രട്ടറി, വൈ. എം. സി. എ. ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും സണ്ണി പ്രവര്‍ത്തിച്ചിരുന്നു.
ഒരിക്കല്‍ സണ്ണി കാരിക്കലിനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് പൊന്നാട അണിയിച്ചുകൊണ്ട് ജോസ് കെ. മാണി എം. പി. പറഞ്ഞ ഒരു വാചകമുണ്ട്. ‘തിരക്കിന്‍റേതായ ഈ ആധുനിക ലോകത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന അവനവനിലേക്ക് ഒതുങ്ങുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇടപെട്ട് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന സണ്ണി കാരിക്കലിനെ പോലെ ഉള്ളവരെയാണ് നമ്മുടെ സമൂഹം മാതൃകയാക്കേണ്ടത്. അവരുടെ നന്മയാണ് നമ്മള്‍ അനുകരിക്കേണ്ടത്, അവരെയാണ് നമ്മള്‍ ആദരിക്കേണ്ടത്’. ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ് സണ്ണി കാരിക്കല്‍ ആരാണെന്ന് .

ഇന്ന് സണ്ണി കാരിക്കലിനെ കുറിച്ച് ചോദിച്ചാല്‍ അറിയാത്ത മനുഷ്യര്‍ കുറവായിരിക്കും, അത്രത്തോളം പാലാക്കാരുടെ ഹൃദയത്തിലാണ് അദ്ദേഹത്തിനുള്ള സ്ഥാനം. പിതാവ് പി. സി. തോമസ് ഒരു പോലീസുകാരന്‍ ആയിരുന്നതുകൊണ്ടുതന്നെ നീതിയും ന്യായവും വ്യക്തമായി ചെറുപ്പത്തില്‍ തന്നെ സണ്ണി കാരിക്കല്‍ സ്വായത്തമാക്കി. 1967ല്‍ പാലായിലെത്തിയ കുടുംബം ബിസിനസ് ആരംഭിച്ചതോടെയാണ് സണ്ണിയുടെ ജീവിതം കുറേക്കൂടി വെളിച്ചം ഉള്ളതായി മാറുന്നത്. 1984ല്‍ പിതാവ് ചെയ്തുവന്നിരുന്ന ബിസിനസ് ഏറ്റെടുക്കുകയും, സഹോദരന്‍ ജോസിന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ തന്നെ ഭാരം സ്വയം വഹിക്കുകയും ചെയ്ത ആളാണ് സണ്ണി കാരിക്കല്‍. 1977 ല്‍ പാലായില്‍ മോഡേണ്‍ ബ്രഡ് ഏജന്‍സി ആദ്യമായി ആരംഭിച്ചത് സണ്ണിയുടെ പിതാവ് ആയിരുന്നു.

പാലായില്‍ നിന്ന് ഹ്യുസ്റ്റണിലേക്കുള്ള ദൂരം

1991ലാണ് സണ്ണി കാരിക്കല്‍ ചിക്കാഗോയിലേക്ക് കുടിയേറുന്നത്. തുടര്‍ന്ന് 1994 ല്‍ ഫ്ലോറിഡയില്‍ അദ്ദേഹം ഒരു ബിസിനസ് ആരംഭിച്ചു. ബിസിനസ് വളരുകയും അത് ജീവിതത്തെ കുറേക്കൂടി നന്നാക്കുകയും ചെയ്തു. അങ്ങനെയിരിക്കെ തന്‍റെ ഏകാന്തതകളെ മാറ്റാന്‍ തനിക്ക് കൂട്ടായി 1996ല്‍ കിടങ്ങൂര്‍ കണിയാലില്‍ ഫിലിപ്പിന്‍റെയും ഗ്രേസിയുടെയും മകള്‍ വിജിയെ അദ്ദേഹം വിവാഹം ചെയ്തു.
അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദൈവത്തിന്‍റെ സമ്മാനമായിരുന്നു വിജി. സണ്ണിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം വിജിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് സാമൂഹികമായി ഉയര്‍ന്നു വരണമെങ്കില്‍ കുടുംബത്തിന്‍റെ സഹായം അത്യന്താപേക്ഷിതമാണ്. ആ കാര്യങ്ങള്‍ വിജി അതിഭംഗിയായി നിറവേറ്റുന്നു .


രണ്ടായിരാമാണ്ടില്‍ ഹ്യുസ്റ്റണില്‍ എത്തിയ സണ്ണിയെയും കുടുംബത്തെയും കാത്തിരുന്നത് നാടിന് സമാനമായ സാമൂഹിക അവസ്ഥ തന്നെയായിരുന്നു. പൊതുപരിപാടികളും, സാമൂഹിക പ്രവര്‍ത്തനങ്ങളും നിരവധി ആയിരുന്നു ഹ്യുസ്റ്റണിലും. സണ്ണി ഒരു പുതുമുഖം ആയിരുന്നിട്ടും സമൂഹത്തോടുള്ള കൃത്യമായ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനെ ഹ്യുസ്റ്റണിലെ മലയാളികള്‍ കൃത്യമായി ഉപയോഗിച്ചു. കെ.സി.സി എന്‍. എ. നാഷണല്‍ കൗണ്‍സില്‍ അംഗമായി സണ്ണി നാലു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കെ. സി. സി. എന്‍. എ ഡാളസ്, അറ്റ്ലാന്‍റാ കണ്‍വെന്‍ഷനുകളില്‍ സബ് കമ്മിറ്റി ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചു. ഫോമയുടെ ആക്റ്റീവ് മെമ്പര്‍ കൂടിയാണ് അദ്ദേഹം. അങ്ങനെ പൊതുപ്രവര്‍ത്തന രംഗത്തെ ഏറ്റവും മാതൃകയായ മനുഷ്യനായി അദ്ദേഹം മാറി. ഹ്യൂസ്റ്റന്‍ മലയാളി അസോസ്സിയേഷന്‍ ബോര്‍ഡ് മെമ്പര്‍, സെന്‍റ്മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെക്രട്ടറി, ട്രസ്റ്റി, ഹ്യൂസ്റ്റണ്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റി ട്രഷറര്‍, സൗത്ത് ഇന്ത്യന്‍ യു. എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ്, 2008 ലെ ഹ്യൂസ്റ്റണ്‍ ഫോമാ കണ്‍വന്‍ഷന്‍റെ സബ്കമ്മറ്റി ചെയര്‍പേഴ്സണ്‍ തുടങ്ങിയ നിലകളില്‍ സണ്ണി കാരിക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ (അമേരിക്ക) നാഷണല്‍ ജനറല്‍ സെക്രട്ടറി ആണ് ഇദ്ദേഹം.

കലാകാരനും കലാസ്നേഹിയും

കേരളീയ കലകളോടും മറ്റും അതിയായ സ്നേഹം പുലര്‍ത്തുന്ന സണ്ണി കാരിക്കല്‍ ഹ്യുസ്റ്റണില്‍ വച്ച് നടക്കാറുള്ള സെലിബ്രിറ്റി ഷോകളുടെ പ്രധാന കോഡിനേറ്ററാണ്. ജീവകാരുണ്യത്തോടൊപ്പം തന്‍റെ കലാ വാസനയും മറ്റുള്ളവരുടെ കലാപരമായ കഴിവുകളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സണ്ണി കാരിക്കല്‍ സദാ ശ്രമിക്കാറുണ്ട്. ദിഗ്രേറ്റ് എസ്കേപ്പ് എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ സണ്ണിയും കൂട്ടാളികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇത് അമേരിക്കന്‍ മലയാളികളുടെ കഥ തന്നെയാണ്. ഇതില്‍ ബാബു ആന്‍റണിയും മകനും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഹ്യൂസ്റ്റണിലെ മണ്ണിലിരുന്ന് ബാബുരാജിന്‍റെയും, രവീന്ദ്രന്‍ മാഷിന്‍റെയും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സണ്ണി കാരിക്കല്‍ തന്‍റെ നാടിനെയും, ഓര്‍മ്മകളെയും ജീവിതത്തിലേക്ക് വീണ്ടും തിരികെ കൊണ്ടു വരാറുണ്ട്. കല അങ്ങനെയാണല്ലോ.

കുടുംബത്തിന്‍റെ കാവല്‍

സണ്ണി കാരിക്കലിനെ സാമൂഹിക രംഗത്തേക്ക് പിടിച്ചു ഉയര്‍ത്തുന്നതില്‍ കുടുംബം വഹിച്ച പങ്ക് ഏറെ വലുതാണ്. മറ്റുള്ള മനുഷ്യര്‍ക്ക് വേണ്ടി സമയം മാറ്റി വെക്കുമ്പോഴും, മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിത്തിരിക്കുമ്പോഴും സണ്ണിയെ കുടുംബം പിന്‍വിളിച്ചില്ല. അയാള്‍ക്ക് അയാളുടേതായ നിലപാടുകള്‍ ഉണ്ടായിരുന്നു. അതിനെ ഭാര്യ വിജിയും (മെഡിക്കല്‍ ടെക്നോളജിസ്റ്റ്, ഹ്യുസ്റ്റന്‍ മെത്തഡിസ്റ് ഹോസ്പിറ്റല്‍), മക്കള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ മകന്‍ ജോയും, ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ മകള്‍ ലിയയും, യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥിയായ ഏറണും ബഹുമാനിച്ചിരുന്നു.

സണ്ണിയുടെ ജീവിതത്തില്‍ സഹോദരങ്ങളായ മറിയാമ്മ & ജോസഫ് മാനുങ്കല്‍ കരിങ്കുന്നം (റിട്ടയേര്‍ഡ് അദ്ധ്യാപകര്‍), ഡോ. ആലീസ് & സൈമച്ചന്‍ നെയ്ച്ചേരില്‍ ഹ്യൂസ്റ്റണ്‍, മേജര്‍ സൈമണ്‍ & മിനി കാരിക്കല്‍ (ഹ്യുസ്റ്റണ്‍), മോളി & ജോര്‍ജി ഇലക്കാട്ട് (ഹ്യൂസ്റ്റണ്‍), ഷിബു & മിനി കാരിക്കല്‍ (അറ്റ്ലാന്‍റാ) എന്നിവരുടെ പ്രോത്സാഹനം ഏപ്പോഴും ഉണ്ടായിരുന്നു. അതുപോലെ വിജിയുടെ സഹോദരങ്ങളായ അജി & രാജീവ് വള്ളിത്തോട്ടത്തില്‍ (കാനഡ), അനീറ്റ & റെനീഷ് ഈന്തുംകാട്ടില്‍ (പിറവം) എന്നിവരും ഓരോ ഉയര്‍ച്ച താഴ്ച്ചയിലും ഈ കുടുംബത്തിനൊപ്പമുണ്ട്. സണ്ണി കാരിക്കല്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ആണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. ഈ ഭൂമിയില്‍ അയാള്‍ക്ക് മാത്രമായി ചെന്നെത്താന്‍ കഴിയുന്ന മനുഷ്യരും പ്രവര്‍ത്തികളും ഒരുപാടുണ്ട്. പ്രിയപ്പെട്ട വഴികളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സണ്ണി കാരിക്കല്‍ യാത്ര തുടരട്ടെ.