NEWS DETAILS

20 November 2023

തലനീട്ടി തിരിനീട്ടി (കാഴ്ച - പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍)

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

സംഘാടകരുടെ തലവേദനയാണ് ഉദ്ഘാടന സമ്മേളനം. പത്രക്കാരും ചാനലുകാരും വരുന്ന പരിപാടിയാണെങ്കില്‍ സ്റ്റേജില്‍ വലിയ ഇടിയാണ്. രാഷ്ട്രീയ സമ്മേളന വേദികളാണെങ്കില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത നേതാക്കന്മാരെക്കൊണ്ട് സ്റ്റേജ്  നിബിഡമായിരിക്കും. കൊറോണ വരുന്നതിനു മുന്‍പുള്ള കഥയാണിത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ ഒക്കെ പങ്കെടുക്കുന്ന ചടങ്ങാണെങ്കില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കസേരകള്‍ക്ക് മാത്രമേ സാധ്യതയുള്ളു. ഓരോരുത്തരുടെയും പ്രസംഗത്തിനും സമയം നിശ്ചയിച്ചിരിക്കും. അതുകൊണ്ട്, അത്തരം ചടങ്ങുകളില്‍ വലിയ ആശങ്കകളില്ല.

സഭാ സാമൂദായിക രാഷ്ട്രീയ സമ്മേളനങ്ങളാണെങ്കില്‍ തിരക്കുതന്നെ. സ്വാഗത പ്രസംഗത്തിനാണ് പിടിവലി. സ്വാഗതപ്രസംഗകന്‍ ഒരന്തവും കുന്തവുമില്ലാതങ്ങ് പറയും. പിന്നെ ആര്‍ക്കും ഒന്നും പറയേണ്ടിവരില്ല. പ്രമുഖ നേതാവിനെയോ അല്ലെങ്കില്‍ പ്രമുഖ മെത്രാനെയോ അതിശയോക്തിയുടെ ഓളങ്ങളില്‍ ഉയര്‍ത്തി അങ്ങ് ആകാശത്തെത്തിക്കും. കേള്‍വിക്കാരുടെ അസഹിഷ്ണുതയൊന്നും അവര്‍ക്കു പ്രശ്നമേയല്ല. സ്വാഗതപ്രസംഗത്തിലൂടെ തന്‍റെ സ്ഥാനമുറപ്പിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. സ്വര്‍ണ്ണവും വെള്ളിയും വജ്രവുമൊക്കെ സ്വാഗതപ്രസംഗത്തില്‍ ധാരാളമായി പ്രയോഗിക്കപ്പെടും. ഭീഷ്മാചാര്യന്‍, ഗോത്രത്തലവന്‍, ആത്മീയാചാര്യന്‍, സിംഹഗര്‍ജ്ജനം, ആത്മീയ തേജസ് ഈ വാക്കുകളൊക്കെ ഹാളില്‍ പൊട്ടിത്തകരും. അതുകൊണ്ട് പലരും സ്വാഗതപ്രസംഗത്തിനുശേഷം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നോക്കി നടക്കുന്നവരുണ്ട്. നമ്മുടെ ഉദ്ഘാടനങ്ങള്‍ക്കെല്ലാം നിലവിളക്ക് അത്യാവശ്യമാണ്. നിലവിളക്കിന്‍റെ പിന്നില്‍ നിരന്നുനില്ക്കുന്ന അതിഥികളുടെ ജാഥ. ചിലര്‍ തങ്ങളുടെ സൗകര്യത്തിനുവേണ്ടി നിലവിളക്ക് അല്പമൊന്നു മാറ്റിവയ്ക്കും. അങ്ങനെ അവരുടെ സ്ഥാനം ഉറപ്പിക്കും. ചിലര്‍ തിരി കത്തിക്കാനുള്ള ലൈറ്റര്‍ തന്‍റെ പോക്കറ്റില്‍ സൂക്ഷിക്കും. കത്തിക്കാനുള്ള വിളക്ക് അന്വേഷിക്കുമ്പോള്‍ ലൈറ്ററുമായി ചെന്ന് തന്‍റെ സ്ഥാനം ഉറപ്പിക്കും. ചിലരാകട്ടെ തിരി കത്താന്‍ അല്പം താമസിച്ചാല്‍ തിരി എണ്ണയില്‍ മുക്കി അല്പം നീട്ടിവച്ച് തന്‍റെ സ്ഥാനം ഉറപ്പിക്കും. ചിലരാവട്ടെ കത്താന്‍ താമസിച്ചാല്‍ പോക്കറ്റില്‍ സൂക്ഷിച്ച കര്‍പ്പൂരത്തുണ്ടുകള്‍ തിരിയില്‍ കൊണ്ടുവച്ച് അനശ്വരനാകും. 90കളില്‍ തലനീട്ടി തിരിനീട്ടി നില്‍ക്കുന്ന ധാരാളം യുവനേതാക്കളെ പത്രങ്ങളുടെ പഴയ ലക്കങ്ങളില്‍ നോക്കിയാല്‍ കാണാം. ചിലരാവട്ടെ, നിലവിളക്കുതന്നെ തന്‍റെ വാഹനത്തില്‍ കൊണ്ടുപോകുന്നവരുണ്ട്. തേച്ച് മിനുക്കിയ നിലവിളക്ക് എണ്ണയിട്ട തിരികളോടുകൂടി സ്റ്റേജില്‍ ക്രമീകരിക്കുന്നതിന് ഒറ്റ നിബന്ധനയേ ഉള്ളൂ. ഞാനും ഫോട്ടോയില്‍ നില്‍ക്കും. തലനീട്ടി തിരിനീട്ടി വിളക്കുവച്ച് പ്രശസ്തി നേടിയവരൊക്കെ അപ്രസക്തരായി. ചിലരാവട്ടെ പത്രത്തില്‍ സ്വാധീനമുള്ള പ്രമുഖരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് അവരുടെ കൂടെനിന്ന് ചിത്രമെടുക്കും. ആ പ്രമുഖര്‍തന്നെ പത്രത്തില്‍ കൊടുത്തോളും എന്നാണ് അവരുടെ വിശ്വാസം. ഇപ്പോള്‍ ഫെയ്സ്ബുക്ക് കൈയ്യിലുള്ളതിനാല്‍ ആര്‍ക്കും ഏതു ഫോട്ടോയും പോസ്റ്റ് ചെയ്യാം. ചിലര്‍ എന്തു ചെയ്താലും ഫെയ്സ്ബുക്കിലുണ്ട്. എം.പി.മാരും എം.എല്‍.എ.മാരും അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഫെയ്സ്ബുക്കില്‍ പ്രകാശിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. അവരവര്‍ക്കിഷ്ടമുള്ള വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാമെന്നുള്ളത് ഫെയ്സ്ബുക്കിന്‍റെ ഗുണംതന്നെ. സത്യമേത്, നുണയേത് എന്നറിയാതെ പൊതുജനം കഷ്ടപ്പെടുന്നു എന്നു മാത്രം.

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍