മോളമ്മ മാത്യു അമ്പലപ്പറമ്പിൽ
അവസാന വർഷത്തിൻ്റെ പരീക്ഷ അവധിയാണ്. അപ്പോഴാണ് പണിക്കർ സാർ അവിചാരിതമായി പക്ഷാഘാതം വന്ന് അബോധാവസ്ഥയിലാകുന്നത്. ”സെറിബ്രൽ ഹെമറേജാണ് വലിയ പ്രതീക്ഷ വെക്കേണ്ടതില്ല”. സ്കാനിംഗ് ചെയ്തു ഡോക്ടർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ അദ്ദേഹത്തെ ശുശ്രൂഷിച്ച് ഞാൻ രാപകൽ കൂട്ടിരുന്നു.. എൻ്റെ നേട്ടങ്ങൾക്കെല്ലാം കാരണ ഭൂതനായ ഒരു വ്യക്തിയാണ് ബോധ രഹിതനായി തൻ്റെ മുന്നിൽ കിടക്കുന്നത് എന്നോർത്തപ്പോൾ മനസ്സിലൊരു വിങ്ങൽ…ഒരു സമാധാനത്തിനായി ലൂക്കച്ചനെ വിളിക്കാമെന്ന് കരുതി. വാർഡിൽ നിന്നു പുറത്തിറങ്ങി ഒരു ടെലിഫോൺ ബൂത്തിൽ നിന്നും പള്ളിയിലെ ഫോണിലേക്ക് വിളിച്ചു. ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ഒന്നു കൂടി വിളിച്ച് നോക്കി, ഇത്തവണ ആരോ ഫോൺ എടുത്തു. “ഹലോ ലൂക്കച്ച ഞാൻ തൊമ്മിക്കുഞ്ഞാണ്”…”മോനേ ടോമേ, അച്ചൻ പോയെടാ “…കപ്യാര് മത്തായി ചേട്ടൻ്റെ വിറയാർന്ന സ്വരം. “കാലത്ത് പള്ളി മണിയടിച്ചിട്ടും അച്ചനെ വെളിയിലേക്ക് കാണാത്ത കാരണം ഞാൻ പോയി വിളിച്ചു. മുറിയുടെ വാതിൽ പൂട്ടാറില്ലാത്തതിനാൽ അകത്ത് കയറി വിളിച്ചു , കുലുക്കി വിളിച്ചിട്ടും എണീക്കാതെ വന്നപ്പോൾ അലറി കൂവി ഞാൻ പുറത്തേക്കിറങ്ങി… അപ്പോഴേക്കും പള്ളിയിൽ കുർബാനക്ക് ആൾക്കാർ വന്നു തുടങ്ങിയിരുന്നു. പാലമറ്റത്തെ തമ്പി ജീപ്പുമായി വന്നിരുന്ന കാരണം ഉടനെ ചന്തേലെ മാത്യു സാറിൻ്റെ ആശുപത്രിയിൽ എത്തിച്ചു. ഹാർട്ടറ്റാക്ക് ആയിരിക്കും എന്ന് മാത്യു സാർ പറഞ്ഞു. നല്ല ഉറങ്ങി കിടക്കുന്ന പോലെ കൊന്തയും കയ്യിൽ പിടിച്ച് കൈ കൂപ്പി കിടക്കുന്നു.. മോനെ…നീ വരുവോട അച്ഛനെ ഒന്നു കൂടി കാണാൻ??” പതം പറയുന്നതിനിടയിൽ മത്തായി ചേട്ടൻ ചോദിച്ചു. “മ്മ്മ.. ” മറുപടി പറയാൻ വാക്കുകൾ പുറത്തേക്ക് വന്നില്ല. വിശ്വസിക്കാൻ കഴിയുന്നില്ല.. കയ്യിലെ റിസിവർ താഴെ വച്ച് ഞാൻ പുറത്തേക്കിറങ്ങി. യാന്ത്രികമെന്നോണം റോഡ് മുറിച്ച് കടന്ന് ആശുപത്രിയിലേക്ക് കയറി. പണിക്കർ സാറിൻ്റെ കാലിൻ ചുവട്ടിലിരുന്ന് മുഖം പൊത്തിക്കരഞ്ഞു. എനിക്ക് മാത്രമെന്തേ ഇങ്ങനെ? സ്നേഹിക്കുന്നവർ എല്ലാവരും ഒന്നൊന്നായി എന്നെ തനിച്ചാക്കി മടങ്ങുന്നു..
മനസ്സിലെ നീറ്റൽ അല്പമൊന്ന് കുറഞ്ഞപ്പോൾ എങ്ങനെയെങ്കിലും ലൂക്കച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ പുറപ്പെടണമെന്ന് തോന്നി. അടുത്ത കട്ടിലിൽ കിടക്കുന്ന രോഗിയുടെ ബന്ധുവിനോട് പണിക്കർ സാറിനെ കുറച്ച് സമയം ശ്രദ്ധിക്കാൻ പറഞ്ഞേല്പിച്ച് ഔത ചേട്ടൻ്റെ കടയിലെത്തി.” നീ വിഷമിക്കേണ്ട ടോമെ, പണിക്കർ സാറിൻ്റെ കാര്യങ്ങള് ഒന്നു രണ്ടു ദിവസത്തേക്ക് ഞാൻ നോക്കിക്കോളാം. നീ പോയിട്ട് വാ.” വിവരങ്ങൾ അറിഞ്ഞ ഔതചേട്ടൻ പറഞ്ഞു.” ഞാനിതാ കടയടച്ച് ഇറങ്ങുവ നീ വേഗം സ്റ്റാൻ്റിലേക്ക് ചെല്ല്, പന്ത്രണ്ടിനു ഇടുക്കി ഫാസ്റ്റ് ഉണ്ട്, സമയം കളയാതെ ചെന്നാട്ടെ. ”
ഔതചേട്ടൻ പറഞ്ഞ പോലെ ഫാസ്റ്റിന് കയറി, സൈഡ് സീറ്റിലിരുന്ന് മെല്ലെ മിഴികളടച്ചു. കൺമുന്നിൽ അപ്പായും അമ്മയും അല്ലിമോളും ലൂക്കച്ചനും പണിക്കർ സാറുമൊക്കെ മാറി മാറി വരുന്നു. തൻ്റെ ജീവിതം മാറ്റി മറിച്ച ആ നശിച്ച ദിവസം ഓർമ്മയിലെത്തി. തലേന്ന് കാലത്ത് മുതൽ തുടങ്ങിയ തോരാത്ത മഴ. രാവിലെ സാധാരണ പോലെ സ്കൂളിൽ എത്തിയതാണ്. മഴയുടെയും കാറ്റിൻ്റെയും തീവ്രത കാരണം വെള്ളം ഓടിനിടയിലൂടെ ചില ക്ലാസുകളിൽ ചോർന്നൊലിക്കുന്നു. സ്റ്റാഫ് റൂമിൻ്റെ ഒന്ന് രണ്ട് ഓട് ഏതോ മരക്കൊമ്പ് വീണു പൊട്ടി. എട്ടാം ക്ലാസ്സും ഏഴാം ക്ലാസ്സും അടച്ച് കെട്ടാത്ത ഷെഡിലാണ് നടക്കുന്നത്. ഉച്ചക്കഞ്ഞി വിതരണം നടക്കുന്നതും ഈ ഷെഡിലാണ് . തുറന്നു കിടക്കുന്ന ഷെഡ് ആയതു കൊണ്ടു തന്നെ മഴവെള്ളം പാതിയും ഷെഡിൽ വീണു കൊണ്ടിരുന്നു. ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞപ്പോൾ തന്നെ ഇപ്രകാരം ക്ലാസ്സ് തുടരാൻ സാധ്യമല്ല എന്ന് ഹെഡ് മാസ്റ്റർക്ക് മനസ്സിലായി. പ്യൂൺ രവി ചേട്ടൻ ക്ലാസ്സിലേക്ക് ഹെഡ് മാസ്റ്ററുടെ കത്തുമായി വന്നു. തുടർച്ചയായ മഴ കാരണം ക്ലാസ്സ് തുടരുന്നത് പ്രായോഗികമായി സാധ്യമല്ലാത്തതിനാൽ കുട്ടികൾ എല്ലാവരും ഭവനങ്ങളിലെക്ക് മടങ്ങി പ്പോകണം എന്ന നിർദേശമായിരുന്നു കത്തിൽ. ക്ലാസ്സ് നേരത്തെ കഴിഞ്ഞ ഉത്സാഹത്തിൽ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. ഇനി ഒരിക്കലും മേരിഗിരി സ്കൂളിൻ്റെ പടി കടക്കാൻ സാധിക്കില്ല എന്നറിയാതെ ഞാനും നടന്നു.
പുറത്തിറങ്ങിയപ്പോഴാണ് രാജിയെ കുറിച്ച് ഓർത്തത്. തിരിച്ച് കയറി നോക്കുമ്പോൾ അവൾ ഷെഡിലെ ബെഞ്ചിലിരുന്നു കരയുന്നു .”രാജി എന്ത് പറ്റി നിനക്ക്? എന്തിനാ കരയുന്നെ? ” തല കുമ്പിട്ട് കരയുന്ന അവളുടെ മുഖമുയർത്തി ഞാൻ ചോദിച്ചു. ” കൂട്ടുകാരുടെ കൂടെ ഇറങ്ങിയതാ, കാലു തെറ്റി വീണു. കാറ്റത്ത് കുട പറന്ന് പോയി. പുസ്തകമൊക്കെ വെള്ളത്തിൽ വീണു. അവരൊന്നും കാത്ത് നിന്നില്ല. തൊമ്മിക്കുഞ്ചൂം പോയീന്ന് ഞാൻ കരുതി.” “ഹ..ഹ.., അതിനാണോ നീ കരയുന്നത്. എണീറ്റ് വന്നേ, നമുക്ക് പോകാം. നിന്നെ കൂടാതെ ഞാൻ എന്നെങ്കിലും പോയിട്ടുണ്ടോ പെണ്ണേ? ” കവിളിലെ കണ്ണീർ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു “അയ്യോ എൻ്റെ കാല് ” ബെഞ്ചിൽ തിരികെ ഇരുന്നു കൊണ്ട് രാജി കരഞ്ഞു. “വേദനിക്കുന്നോ” “അല്ല നല്ല സുഖം”.. ദേഷ്യത്തോടെ അവൾ പറഞ്ഞത് കേട്ട് എനിക്കു ചിരി വന്നു. “നീ പതുക്കെ നടക്കാൻ നോക്ക്, എൻ്റെ കയ്യിൽ പിടിച്ചോ. രാവിലെ മുതലുള്ള മഴയാ, എത്രയും പെട്ടെന്ന് വീട്ടിലെത്താൻ നോക്കാം.” കുട നിവർത്തിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ എൻ്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ അവളെ ചേർത്ത് പിടിച്ചു നടന്നു. മഴയുടെ തീവ്രതയാൽ കുടകൊണ്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലായി. പോകും വഴിയൊക്കെ രാജി നിർത്താതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മഴയുടെ ശബ്ദത്തിൽ എനിക്കിന്നും വ്യക്തമായില്ല.
ഒരു വിധേന ഞങ്ങൾ പ്രഭാകരേട്ടൻ്റെ വീട്ടിലെത്തി. “മോനേ നീ കേറിയിരിക്ക്, മഴ തോരുമ്പോൾ പോവാം”. ” ഇല്ല ലീലേടത്തി, അമ്മയും അപ്പായും വിഷമിക്കും, ഞാൻ ചെല്ലട്ടെ .” ലീലേടത്തിയുടെ നിർദേശം മാനിക്കാതെ ഞാനിറങ്ങി. മുറ്റത്ത് നിന്ന് വെറുതേ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന രാജിയെ കണ്ടു. പുഞ്ചിരിച്ച് കൊണ്ട് ഞാൻ നടന്നു. അതൊരു അവസാന യാത്രാ മൊഴിയാണന്നറിയാതെ..രാജി, അവൾ ഇപ്പൊൾ എവിടെയാവും? മരിച്ചവർ എന്നന്നേക്കുമായി നമ്മളെ വിട്ടു നിത്യ സൗഭാഗ്യത്തിലേക്ക് യാത്രയായി എന്ന് വിശ്വസിക്കാം. പക്ഷേ, രാജി.. അവൾ ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ എവിടെയാവും? പ്രിയപ്പെട്ടവരെ കാണാതെ ഒരു വിവരവും അറിയാതെ അവൾ ഓരോ നിമിഷവും നീറുന്നുണ്ടായിരിക്കും. എന്നെ ഓർമയുണ്ടാവുമോ? ഓർമയുണ്ടാവും.. അപ്രകാരം ചിന്തിക്കാനേ കഴിയൂ. എന്തിനും ഏതിനും എൻ്റെ പിറകേ വന്നിരുന്ന കളിക്കൂട്ടുകാരി.. എവിടെങ്കിലും അവളെ അവിചാരിതമായി കണ്ട് മുട്ടിയാൽ.. തൊമ്മിക്കുഞ്ചൂന്ന് വിളിച്ചുകൊണ്ട് ഓടി വരുമായിരിക്കും…
“പൈനാവ്, പൈനാവ്..”കണ്ടക്ടറുടെ സ്വരം കേട്ട് ചിന്തയിൽ നിന്നുണർന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ പൈനാവ് ജംഗ്ഷൻ. തൻ്റെ എല്ലാമെല്ലാമായിരുന്ന പ്രിയ ഗ്രാമം. ബാഗുമെടുത്ത് പുറത്തിറങ്ങി. നാലഞ്ച് വർഷം കൊണ്ട് കവല ആകെ മാറിയിരിക്കുന്നു. പ്രഭാകരേ ട്ടൻ്റെ കടയിരുന്ന സ്ഥലം എത്തിയപ്പോൾ പതുക്കെ നിന്നു. ഇപ്പോഴവിടെ പുതിയ ഒരു പലചരക്ക് കടയാണ്. പരിചയമുള്ള മുഖങ്ങൾ ഒന്നും കാണുന്നില്ല.വെറുതേ ആ കടയിലേക്ക് കയറി, ഒരു കടല മിഠായി വാങ്ങി. പണ്ട്, പ്രഭാകരേട്ടൻ്റെ കടയിലെ ചില്ലലമാരയിൽ നിന്ന് പരിപ്പ് വടയും ബോണ്ടയും മറ്റും എടുത്തിരുന്നത് ഓർമയിൽ വന്നു. പള്ളിയിലേക്ക് പോകാം, കവലയിൽ നിന്ന് പത്ത് മിനിറ്റ് നടപ്പേയുള്ളൂ.
നടന്നു പള്ളിയിലെത്തി. ആളുകൾ ചുറ്റും കൂടി നിൽക്കുന്നു. ലൂക്കച്ചൻ്റെ ഭൗതിക ശരീരം പള്ളി മുറിയിൽ ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ പൊതുദർശനത്തിന് വച്ചിരിക്കുന്നു. പിറ്റേന്നാണ് ശവസംസ്കാരം. മെത്രാൻ്റെ കാർമികത്തത്തിലാണ് സാധാരണയായി അച്ചൻമാരുടെ സംസ്കാര ചടങ്ങുകൾ നടക്കുക. പക്ഷേ, ലൂക്കച്ചനും പിതാവും തമ്മിലുള്ള അസ്വാരസ്യങ്ങൾ നാട്ടിലെങ്ങും പാട്ടായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം വരുമോ എന്നറിയില്ല. എങ്കിലും രൂപത ചാപ്ലെയിനും മറ്റൊരുപാട് വൈദികരും സന്യസ്ഥരുമൊക്കെ എത്തിച്ചേർന്നിരുന്നു. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമായി വീടും കുടിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ജാതി മത ഭേദമന്യേ പള്ളിയും പള്ളിമുറികളും മറ്റും താമസിക്കാൻ തുറന്ന് കൊടുത്തത് പിതാവിനോട് അനുമതി മേടിക്കാതെയാണ് എന്നതാണ് ബിഷപ്പിൻ്റെ കണ്ണിലെ കരടാകാൻ ഒരു കാരണം. മറ്റൊന്ന്, അതിനും മുമ്പേ തന്നെ ഉണ്ടായിരുന്നതാണ്. പള്ളിവരെയേ അന്ന് വഴിയുണ്ടായിരുന്നുള്ളൂ.പള്ളിയുടെ പിറകിലേക്ക് ഗിരിവർഗ്ഗ കോളനിയാണ്. പള്ളിയുടെ പതിനഞ്ചേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നത് ഈ ജനങ്ങളാണ്. കൃഷിയുടെ ആദായമെല്ലാം അച്ചൻ അവർക്കു തന്നെ കൊടുക്കും. പള്ളിക്കെന്തിനാ തേങ്ങയും മാങ്ങയും, അത് സാധാരണക്കാരൻ്റെ ഒരു നേരത്തെ ഭക്ഷണമാവട്ടെ എന്നാണ് അച്ചൻ പറയുക. അങ്ങോട്ടേക്ക് വഴിവെട്ടാൻ പള്ളിയുടെ സ്ഥലം വിട്ടു കൊടുക്കാൻ പിതാവിന് സമ്മതമല്ലായിരുന്നു. എന്നാൽ ലൂക്കച്ചൻ ബിഷപ്പിൻ്റെ സമ്മതത്തിന് കാത്ത് നിന്നില്ല.ഒറ്റ രാത്രികൊണ്ട് പള്ളി സ്ഥലം വിട്ടുകൊടുത്ത് കോളനിയുടെ അവസാനം വരെ നീളുന്ന, എട്ട് മീറ്റർ വീതിയുള്ള വഴി അദ്ദേഹം വെട്ടിച്ചു. കൈലിമുണ്ട് മടക്കി കുത്തി, ഒരു തോർത്തും തലയിൽ കെട്ടി മൺവെട്ടി യുമായി അച്ഛൻ വഴിവെട്ടാൻ ആദ്യമിറങ്ങി എന്ന് അപ്പായും അമ്മയും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട്. ആ ചൊരുക്ക് മാറുന്നതിന് മുമ്പ് തന്നെ, ഒരു ഗോത്ര വർഗ്ഗക്കാരിയെ പള്ളിയുടെ സ്കൂളിൽ അധ്യാപികയായി നിയമിക്കുകയും ചെയ്തു. പോരേ പൂരം.. ദൈവം സ്നേഹമാണ്, എല്ലാ മനുഷ്യ വർഗ്ഗത്തിൻ്റെയും രക്ഷക്കാണ് മനുഷ്യപുത്രൻ ക്രൂശിലേറിയത് . കാലിത്തൊഴുത്തിൽ പിറന്ന യേശുദേവന് തലചായ്ക്കാൻ ഇടമില്ലാത്തവരുടെ വേദന മനസ്സിലാകും. അവർ തെരുവിൽ ഉറങ്ങാൻ ഇടയായൽ നമ്മൾ ക്രിസ്ത്യാനികൾ എന്നവകാശപ്പെടാൻ എന്ത് ന്യായം എന്നിങ്ങനെയുള്ള വാദങ്ങൾക്ക് മെത്രാന് മറുപടി ഉണ്ടായിരുന്നില്ല.
പിറ്റേന്നു കാലത്ത് പത്ത് മണിക്കാണ് അച്ചൻ്റെ സംസ്കാരം. സംസ്കാരത്തിന് ആയിര കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. വന്നവരിൽ ഭൂരിഭാഗവും തദ്ദേശീയരായ ഗോത്ര വർഗ്ഗക്കാർ തന്നെയായിരുന്നു. അവരുടെ അന്നദാതാവിൻ്റെ അകാല നിര്യാണത്തിൽ അവർ അലമുറയിട്ട് കരഞ്ഞു. അച്ചൻ്റെ ശവമഞ്ചം ചുമക്കാൻ കപ്യാരു മത്തായി ചേട്ടനൊപ്പം ഞാനും കൂടി.ഞാനിന്ന് ജീവിച്ചിരിക്കാൻ കാരണം തന്നെ ഈ പുണ്യാത്മാവാണ് . ” മോനേ,ഞാനിനി കപ്യാരു പണി നിർത്തുവാ, ലൂക്കച്ചനില്ലാ തെ എനിക്കു വയ്യ”.. ശവമഞ്ചം ചുമക്കു ന്നതിനിടെ മത്തായി ചേട്ടൻ കരഞ്ഞു കൊണ്ട് പറഞ്ഞു. പള്ളിയിലേക്ക് ശവമഞ്ചം കൊണ്ട് വരുമ്പോൾ മെത്രാൻ്റെ കറുത്ത അംബാസഡർ കാർ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടു. സംസ്കാര ചടങ്ങുകൾക്ക് അദ്ദേഹം മുഖ്യ കാർമികനായി. ചരമ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, ” നിങ്ങളുടെ എല്ലാം ഇടയൻ ആണെങ്കിലും എൻ്റെ വഴികൾ ലോകത്തിൻ്റെതായിരുന്നു. എൻ്റെ കണ്ണുകൾ തുറപ്പിച്ചത് ഈ ലൂക്കച്ചൻ ആയിരുന്നു.ദിവസം രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ച് , നഗ്ന പാദനായി നടന്ന്, ലളിത ജീവിതം നടത്തിയ സാത്വികൻ.. ഭൗതിക സമ്പത്തും അധികാരവും മറ്റും വ്യർത്ഥ ധാരണകളാണെന്നും സഭയും പുരോഹിതരും സാധാരണ ജനങ്ങളുടെ വക്താക്കളായിരിക്കണമെന്നും എന്നെ പഠിപ്പിച്ച എൻ്റെ ഗുരുനാഥൻ… അത് കൊണ്ട് തന്നെ, ലൂക്കച്ചൻ തുടങ്ങിവച്ച എല്ലാ നല്ല പദ്ധതികളും ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് ഞാൻ വാക്ക് തരുന്നു. പിതാവിൻ്റെ പ്രസംഗത്തിന് ശേഷം ലൂക്കച്ചൻ്റെ ഭൗതിക ശരീരം പള്ളി യകത്ത് ഒരുക്കിയിരുന്ന കല്ലറയിൽ സംസ്കരിച്ചു. സംസ്കാരത്തിനു ശേഷം മത്തായി ചേട്ടനോട് യാത്ര പറഞ്ഞു മടങ്ങി.
നേരേ പോയത് പണിക്കർ സാറിൻ്റെ അരികിലേക്കാണ്. അവിടെ എത്തിയപ്പോൾ പണിക്കർ സാറിൻ്റെ നില വളരെ ഗുരുതമാണെന്നും അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഔത ചേട്ടൻ പറഞ്ഞു. സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ഐ സി യു നഴ്സ് പണിക്കർ സാറിൻ്റെ കൂടെ ആരാണെന്ന് ചോദിച്ചു. ഞാനും ഔത ചേട്ടനും അവരെ സമീപിച്ചു. അദ്ദേഹവും എന്നന്നേക്കുമായി യാത്രയായി എന്ന വാർത്തയാണ് അവർക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത്. മക്കളില്ലാത്ത അദ്ദേഹത്തിന് പരികർമം ചെയ്യാൻ എനിക്ക് സാധിച്ചു. ഈറനുടുത്ത് വിരലിൽ ദർഭയണിഞ്ഞ് പണിക്കർ സാറിൻ്റെ ചിതക്ക് തീ കൊളുത്തുമ്പോൾ വിധിയുടെ വിളയാട്ടങ്ങൾക്ക് താളം ചവിട്ടുന്ന മനുഷ്യൻ എത്ര നിസ്സാരനാണ് എന്നായിരുന്നു എൻ്റെ ചിന്ത. സ്വന്തം മാതാപിതാക്കളുടെ സംസ്കാരത്തിൽ പങ്കെടുക്കാനും ഒരു പിടി മണ്ണ് അവസാനമായി ഇടാനുമുള്ള ഭാഗ്യം തനിക്ക് ഉണ്ടായില്ലെങ്കിലും തന്നെ മകനായി കണ്ട രണ്ട് സുമനസ്സുകൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി എന്ന സന്തോഷത്തിൽ ഞാൻ സായൂജ്യം നേടി.
പണിക്കർ സാറിൻ്റെയും ലൂക്കച്ചൻ്റെയും വേർപാടോടെ അക്ഷരാർത്ഥത്തിൽ ഞാൻ വീണ്ടും അനാഥനായി.. ജീവിതത്തിൽ തനിച്ചായെങ്കിലും തളർന്നിരിക്കാൻ ഞാൻ തയ്യാറായില്ല… പണിക്കർ സാറിൻ്റെ വീടിനോട് എന്നന്നേക്കുമായി വിട പറഞ്ഞു, ഒരു ചെറിയ വാടക മുറിയിലേക്ക് താമസം മാറ്റി. പരീക്ഷയുടെ ദിനങ്ങൾ അടുത്ത് വന്നു. മാനസികമായി തളർത്തിയ ദിനങ്ങൾക്ക് ശേഷമാണ് പരീക്ഷ എന്നിരിക്കിലും റിസൽട്ട് വന്നപ്പോൾ വീണ്ടും റാങ്ക് പട്ടികയിൽ എൻ്റെ പേരുണ്ടായിരുന്നു. ബിരുദാനന്തര ബിരുദത്തിന് കേരളം വിട്ടു പോകാൻ തന്നെ തീരുമാനിച്ചു. ദില്ലിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ആയിരുന്നു മനസ്സിൽ. ഇൻ്റർവ്യൂ നന്നായി പോയതിനാലും ബിരുദത്തിന് റാങ്ക് ഉണ്ടായിരുന്നത് കൊണ്ടും സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിച്ചു. ഹോസ്റ്റൽ താമസം സൗജന്യമായി ലഭിച്ചതും വലിയൊരു ആശ്വാസമായി. അങ്ങിനെ ദില്ലിയിലേക്ക് ഒരു കൂടുമാറ്റം.
ക്ലാസ്സ് കഴിഞ്ഞ് ഒന്നു രണ്ടു വീടുകളിൽ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കാൻ അവസരം ലഭിച്ചു. ചിലവിനുള്ള വക കണ്ട് പിടിക്കാൻ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല. ‘ഇംഗ്ലീഷ് സാഹിത്യത്തിൻ്റെ വളർച്ചയിൽ ഡാൻ്റെ അൽഗേരിയുടെ സ്വാധീനം’ എന്ന തൻ്റെ പ്രബന്ധം ധാരാളം പ്രശംസ പിടിച്ചു പറ്റി. അത് കൊണ്ട് തന്നെ, അവിടെ തുടർന്ന് പഠിച്ച് പി എച്ച് ഡിയും ചെയ്യാൻ മലയാളിയായ ഡീൻ നിർബന്ധിച്ചു. ഒപ്പം യൂണിവേഴ്സിറ്റിയിൽ താത്കാലിക അധ്യാപന ജോലിയും . ‘ഡാൻ്റെ, ജോൺ മിൽടൺ, വില്യം ബ്ലേക്ക് എന്നിവരെ കുറിച്ചുള്ള ഒരു താരതമ്യ പഠനമായിരുന്നു’ ഗവേഷണ വിഷയം.
നാല് വർഷങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. ഡോക്ടറേറ്റ് കിട്ടുന്ന ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെ എത്തിയ എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഡീൻ ജോൺ കുര്യൻ സാറിനും അദ്ദേഹത്തിൻ്റെ ഭാര്യക്കുമൊപ്പം രാജിയെ പോലെ തന്നെ തോന്നിക്കുന്ന ഒരു പെൺ കുട്ടി. തോന്നിക്കുന്നതല്ല, അവൾ തന്നെ…സുന്ദരിയായ ഒരു യുവതി യായിരിക്കുന്നു അവൾ…ആകാംക്ഷ മൂത്ത ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ തിരക്കാമെന്ന് കരുതി. “ആ, ടോം ഇതെൻ്റെ മകൾ വിദ്യ, എൻ്റെ ഭാര്യ എലിസബത്ത്” മകളെയും ഭാര്യയെയും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നെ കാണുമ്പോൾ ‘തൊമ്മിക്കുഞ്ചു’ എന്ന് കളിയായി വിളിച്ചുകൊണ്ട് അരികിൽ വരുമെന്ന എൻ്റെ പ്രതീക്ഷ തെറ്റി… ചിരിച്ച് കൊണ്ട് ഒരു ഹായ് മാത്രമായി ആ പരിചയം അവസാനിച്ചു. എങ്കിലും അവളുടെ കണ്ണുകൾ എൻ്റെ മനസ്സിൽ നിന്നും മായുന്നില്ല. ഡോക്ടറേറ്റ് ഡിഗ്രിയും സ്വർണ്ണ മെഡലുമൊന്നും എന്നെ സംതൃപ്തനാക്കിയില്ല. സാറിനോട് നേരിട്ട് ചോദിച്ചു നോക്കാം എന്ന് കരുതി രണ്ടും കൽപ്പിച്ച് അദ്ദേഹത്തിൻ്റെ അടുത്തെത്തി. “എന്താ ടോം തനിക്കൊരു സന്തോഷമില്ലാത്തത്? ഞാൻ കുറെ നേരമായി തന്നെ ശ്രദ്ധിക്കുന്നു”.” അത് സാർ, എനിക്ക്.. സാറിൻ്റെ മോൾ.. എൻ്റെ രാജി.. ഒന്നും പിടികിട്ടുന്നില്ല…” “വ്യക്തമായി പറയൂ ടോം”.. ഞാൻ എല്ലാം അദ്ദേഹത്തോട് പറഞ്ഞു.
ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി… പിന്നെ എൻ്റെ കൈ പിടിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി. ” അത് നിൻ്റെ രാജി തന്നെയാണ്… വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഒരു മോൾ ജനിച്ചത്. വളരെ സന്തോഷത്തോടെ കഴിഞ്ഞ ദിവസങ്ങൾ.. നാലഞ്ച് മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ മോൾക്ക് വളരെ മാരകമായ ഒരു അസുഖമാണെന്ന് ഡോക്ടർമാർ വിധി എഴുതിയത്. ജന്മനായുള്ള ‘സ്പൈനോ മസ്കുലർ അട്രോഫി ‘ എന്ന അസുഖത്തിന് പ്രത്യേകമായ ചികിത്സയൊന്നും ഇന്ത്യയിൽ അന്ന് ലഭ്യമല്ലെന്നും സുഖപ്പെടുവാൻ വളരെ സാധ്യത കുറവാണ് എന്നതുമൊക്കെ സത്യമാക്കിക്കൊണ്ട് ഒന്നര വർഷത്തിന് ശേഷം അവള് ഞങ്ങളെ വിട്ടു പിരിഞ്ഞു. അതോടെ, എലിസബത്ത് മാനസികമായി തളർന്നു. ചികിത്സയുമോക്കെയായി മെല്ലെ ആരോഗ്യം വീണ്ടെടുക്കുന്ന അവസരത്തിലാണ് ഞങ്ങൾ നാട്ടിലേക്ക് പോകുന്നത്. എൻ്റെ സഹോദരിയുടെ ആശുപത്രിയിൽ നാട്ടുകാർ എത്തിച്ചതായിരുന്നു എൻ്റെ മോളെ..അല്ല നിൻ്റെ രാജിയെ.. തലക്ക് മാരകമായ പരിക്കേറ്റ അവള് കുറച്ച് മാസങ്ങൾ ബോധരഹിതയായിരുന്നു. പിന്നീട് ബോധം തിരിച്ചു കിട്ടിയപ്പോൾ തൻ്റെ പേര് പോലും ഓർമിച്ചെടുക്കാൻ അവൾക്ക് ആകുമായിരുന്നില്ല. ഒന്നുമറിയാത്ത ഒരു പിഞ്ച് കുഞ്ഞിനെപ്പോലെ … എൻ്റെ സഹോദരിയാണ് എന്നെ വിളിച്ച് അവളുടെ കാര്യം പറഞ്ഞത്. അങ്ങിനെ ഞങ്ങൾ അവൾക്ക് അച്ഛനും അമ്മയുമായി. എൻ്റെ എലിസബത്തിൻ്റെ അസുഖങ്ങൾ മാറിയത് അവളുടെ വരവിനാലാണ്. എൻ്റെ മോളെ ഞാൻ ആർക്കും വിട്ട് തരില്ല.” “പപ്പ വന്നേ, നമുക്ക് പോകാം” “ബൈ ടോം” സാറിൻ്റെ കയ്യിൽ വലിച്ച് കൊണ്ട് അവൾ പറഞ്ഞു.
രാജിയുടെ ഓർമകളിൽ നിന്ന് ഓടിയൊ ളിക്കാൻ ദില്ലിയോട് വിട പറയണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു പത്ര പരസ്യം കണ്ടത്. അബുദാബി, യു എ ഇ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ പ്രൊഫസറുടെ ഒഴിവ്… ആപ്ലിക്കേഷൻ അയച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കത്ത്. നിങ്ങളുടെ യോഗ്യതകൾ തൃപ്തികരമാകയാൽ എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാമെന്ന്. പ്രിയപ്പെട്ട യൂണിവേഴ്സിറ്റിയോടും അധ്യാപകരോടും യാത്ര പറഞ്ഞു അബുദാബിയിലേക്കൊരു പറിച്ചു നടീൽ..
പിന്നീട് ഒരിക്കലും നാട്ടിലേക്ക് തിരികെ പോയില്ല… അധ്യാപനവും കുറച്ച് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും എഴുത്തുമൊ ക്കെയായി ജീവിതം.. മറ്റ് വിദേശ രാജ്യങ്ങൾ സന്ദർശിച്ചു..കിട്ടുന്നതിൻ്റെ പകുതിയിൽ കൂടുതൽ നാട്ടിലേക്ക് അയക്കും. ലൂക്കച്ചൻ തുടങ്ങിയ ട്രസ്റ്റിലേക്ക് . മലയോര കർഷകരുടെ സഹായത്തിനായി തുടങ്ങിയതായിരുന്നു ട്രസ്റ്റ്. അവരുടെ നന്മ പ്രവൃത്തികളിൽ ആദ്യം മഴയത്തും കാറ്റത്തും വീഴാത്ത വീടുകൾ നിർമിക്കുക എന്നതായിരുന്നു. പിന്നീട് മേരിഗിരി സ്കൂളിൻ്റെ പുനരുദ്ധാരണം. ഇന്നത് അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളിൽ ഒന്നാണ്. സ്കോളർഷിപ്പ്, വിദ്യാഭാസ വായ്പ, കാർഷിക വായ്പ, ചികിത്സ സഹായങ്ങൾ എന്നിങ്ങനെ നീളുന്നു ട്രസ്റ്റ് പ്രവർത്തനങ്ങൾ. ട്രസ്റ്റിൻ്റെ മുഖ്യ ഫണ്ട് ദാതാവ് അബൂദബിയിൽ നിന്നുള്ള ഒരു വിദേശ മലയാളി… ആ നല്ല മനുഷ്യന് പൈനാവുമായുള്ള ബന്ധം എന്തെന്ന് മാത്രം ട്രസ്റ്റി ഭാരവാഹികൾക്ക് അറിയില്ല…
വർഷങ്ങൾ കടന്നു പോയി…ഇന്ന് എൻ്റെ വിരമിക്കൽ ആയിരുന്നു. നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ… അസോസിയേറ്റ് പ്രൊഫസറായി ആരംഭം. പിന്നീട് ഹെഡ് ഓഫ് ഡിപാർട്മെൻ്റ്, ഫാകൽടി ഡീൻ, ഡയറക്റ്റർ ബോർഡ് അംഗത്വം പടിപടിയായുള്ള ഉയർച്ച… പഠിപ്പിച്ച ഒട്ടനവധി വിദ്യാർത്ഥികളും പല രാജ്യക്കാരായ അധ്യാപകരും മാത്രമല്ല അബുദാബിയിലെ സോഷ്യൽ സർവീസ് ഭാരവാഹികളും തൻ്റെ ഗുണഗണങ്ങൾ വിവരിച്ചു പ്രസംഗിച്ചു… “വിരമിക്കൽ പാർട്ടിക്ക് ശേഷം മടങ്ങുകയായിരുന്നില്ലേ ഞാൻ . പിന്നീട് എന്താ പറ്റിയേ”.. പാതി അടഞ്ഞ കണ്ണിനു മുമ്പിൽ അപ്പായും അമ്മയും. “വാ മോനേ, നമുക്ക് പോകാം, ഇനിയും നീ തനിച്ച് വേണ്ട”.. ആരോ എൻ്റെ നെഞ്ച് അമർത്തുന്നു.. നല്ല വേദന.. ഞാൻ ഒരു തൂവൽ പോലെ പറക്കുകയാണ്. “അപ്പാ, അമ്മേ..ഞാനും വരുന്നു… നിങ്ങളോടൊപ്പം..” പണ്ടെവിടെയോ വായിച്ച ഖലിൽ ജിബ്രാൻ്റെ വരികൾ ഓർക്കുന്നു ‘നിങ്ങൾ മരണത്തിന്റെ ആത്മാവിനെ കാണുകയാണെങ്കിൽ, ജീവന്റെ ശരീരത്തിലേക്ക് നിങ്ങളുടെ ഹൃദയം വിശാലമായി തുറക്കുക…കാരണം നദിയും കടലും ഒന്നായതുപോലെ ജീവിതവും മരണവും ഒന്നാണ്’!!
(അവസാനിച്ചു)
