തനിയെ (മോളമ്മ മാത്യു അമ്പലപ്പറമ്പിൽ – കഥ (ഭാഗം 1) )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 February 2023

തനിയെ (മോളമ്മ മാത്യു അമ്പലപ്പറമ്പിൽ – കഥ (ഭാഗം 1) )

മോളമ്മ മാത്യു അമ്പലപ്പറമ്പിൽ

‘അകലെ അകലെ നീലാകാശം.. അല തല്ലും മേഘ തീർത്ഥം.. അരികിലെൻ്റെ ഹൃദയാകാശം.’. എഫ്എം റേഡിയോയിൽ പാട്ടുപെട്ടി എന്ന പരിപാടിയാണ്. വളരെ ക്കാലത്തിന് ശേഷമാണ് ഈ പാട്ട് കേൾക്കുന്നത്. ശനിയാഴ്ചകളിൽ ഉച്ചക്ക് ശേഷം ഡ്രൈവിംഗും യാത്രയും പതിവില്ല. അത് കൊണ്ട് തന്നെ പാട്ടുപെട്ടി കേൾക്കാറില്ല. ഇന്നിപ്പോൾ എൻ്റെ ജീവിതത്തിലെ പുതിയൊരദ്ധ്യായത്തിൻ്റെ തുടക്കമാണ്..

‘നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ…
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ..’

മിഴികൾ ഒരു വേള നിറഞ്ഞൊഴുകിയോ? ഓർമകളുടെ വേലിയേറ്റത്തിൽ കാഴ്ച്ച മങ്ങുന്നത് പോലെ..മറ്റൊന്നും ഓർമയില്ല.. കണ്ണു തുറക്കുമ്പോൾ ആശുപത്രി കിടക്കയിൽ ആണെന്ന് തോന്നുന്നു.. ശരീരം മുഴുവൻ ഭയങ്കര വേദന. ദേഹമാസകലം മെഷിനുകളുടെ കണക്ഷൻസ്. എന്തൊക്കെയോ ശബ്ദങ്ങൾ മാത്രം കേൾക്കാം. എനിക്കെന്താ പറ്റിയെ? ഒന്നും ഓർക്കുവാൻ കഴിയുന്നില്ല. ചുറ്റും നോക്കാൻ ഒരു ശ്രമം നടത്തി..കഴുത്ത് അനക്കാൻ പറ്റുന്നില്ല, എന്തോ വച്ച് കെട്ടിയിരിക്കുന്ന പോലെ..അനക്കം കൂടിയത് കൊണ്ടോ മറ്റോ മെഷീനൊ ന്നിൽ അലാറം മുഴങ്ങി. അത് കേട്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ ഒരു നേഴ്സ് വന്നു ചോദിച്ചു, വേദനയുണ്ടോ? ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. ഈ കാണുന്ന ബട്ടൻ അമർത്തിയാൽ മതി, വേദനക്കുള്ള മരുന്നാണ്..വേദനക്ക് ശമനം കിട്ടും. അവരുടെ നിർദ്ദേശമനുസരിച്ച് ബട്ടൻ മെല്ലെ അമർത്തി. രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞ് കാണും ഞാൻ നിദ്രയിലാണ്ടു.

മനസ്സ് ഓർമകളുടെ മണിച്ചെപ്പു തുറന്നു. പൈനാവിലെ തൻ്റെ കൊച്ചു വീട്.. അപ്പയും അമ്മയും അനിയത്തിയും അടങ്ങിയ ചെറിയ കർഷക കുടുംബം. മഴക്കെടുതിയും വേനൽ വറുതിയു മൊക്കെ ഇട കലർന്ന കാലം. “രാജാക്കന്മാരുടെ രാജാവെ, നിൻ്റെ രാജ്യം വരേണമേ”.. പള്ളിമണികളുടെ അകമ്പടിയിൽ അലയടിക്കുന്ന ഗന്ധർവ സംഗീതം കേട്ടുണരുന്ന പ്രഭാതങ്ങൾ. അമ്മ കറന്നു വക്കുന്ന അമ്മിണി പശുവിൻ്റെ പാലും കൊണ്ട് സൈക്കിളിൽ പ്രഭാകരേട്ടൻ്റെ കടയിലേക്ക്.. മനോരമ പത്രവും മാതൃഭൂമിയും പെട്ടെന്ന് ഒന്നു മറിച്ച് നോക്കും. ഹെഡ് ലൈൻസും സ്പോർട്സ് പേജുമാണ് ഈ നോട്ടത്തിൽ പെടുക.

“രാജിമോളെ , തൊമ്മിക്കുഞ്ഞിന് ചായ എടുത്തേ” പാലുമായി ചെല്ലുമ്പോൾ ചായ കുടിപ്പിക്കുക പ്രഭാകരേട്ടന് പതിവാണ്. ‘ടോം ‘എന്നാണ് എൻ്റെ യഥാർത്ഥ പേര് എങ്കിലും ‘തൊമ്മിക്കുഞ്ഞ് ‘എന്നാണ് ഏറെ അടുപ്പമുള്ളവർ വിളിക്കുക. എൻ്റെ അപ്പായും അമ്മയും പ്രഭാകരേട്ടനും ലീലേ ടത്തിയും പിന്നെ ലൂക്കച്ചനുമാണ് അങ്ങിനെ വിളിക്കാറ്. പ്രഭാകരേട്ടൻ്റെ മകളാണ് രാജി. എന്നെക്കാളും രണ്ട് വയസ്സ് കുറവാണ് രാജിക്ക്. മേരിഗിരി സ്കൂളിലെ വിദ്യാർഥികളാണ് ഞങ്ങളിരുവരും. ഞാൻ പത്തിലും അവൾ എട്ടിലും.”പ്രഭാകരേട്ട, ഇന്ന് ചായ കുടിക്കാൻ സമയമില്ല. നേരം ഏറെ വൈകി, കുർബാന തുടങ്ങാൻ നേരമായി, ലൂക്കച്ചൻ ഇന്ന് ചെവിക്ക് പിടിക്കും എന്ന് ഉറപ്പാണ്.” ഇതും പറഞ്ഞ് ഞാനിറങ്ങി. കുന്നിറങ്ങി, വേഗം പള്ളിയിലെത്തി. കപ്യാര് മത്തായി ചേട്ടൻ എല്ലാം ഒരുക്കി വച്ചത് കൊണ്ട് മറ്റൊന്നും ചെയ്യാനില്ല. ഉറക്കച്ചടവിൽ പള്ളിയിൽ എത്തിയ ഈ അൾത്താര ബാലൻ്റെ അക്ഷര സ്ഫുടതയില്ലാത്ത പ്രാർത്ഥനകൾ ലൂക്കച്ചന് തീരെ പിടിച്ചിട്ടില്ല എന്ന് കണ്ണാടിക്ക് മേളിലൂടെയുള്ള ക്രുദ്ധമായ നോട്ടത്തിൽ നിന്ന് എനിക്കു മനസ്സിലായി. അച്ചൻ്റെ കിഴുക്ക് മേടിക്കാതെ കുർബാന കഴിഞ്ഞതും സൈക്കിളുമായി ഒറ്റ പാച്ചിൽ, വീട്ടിൽ എത്തിയെ അത് നിന്നുള്ളു.

“തൊമ്മിക്കുഞ്ഞെ, അമ്മിണിയെ ഒന്നു കുളിപ്പിച്ചിട്ട് സ്കൂളിൽ പോണേടാ, എൻ്റെ കാലു മുഴുവൻ തൊലി പോയി നല്ല വേദന.. അവളെയും കൊണ്ട് ആ തോട്ടിലേക്കിറങ്ങിയാൽ മതി, ക്ടാവിനെ മാറ്റി കെട്ടണം കേട്ടോ, ഉച്ചക്ക് പ്രഭാകരന് പാല് കൊടുക്കാനുള്ളതാ” . അമ്മ പറഞ്ഞു.രാവിലെ പ്രഭാകരേട്ടൻ്റെ ചായക്കടക്കൊപ്പം ചുറ്റുവട്ടത്തുള്ള ഒട്ടു മിക്ക വീടുകളിലും അമ്മിണി പശുവിൻ്റെ പാൽ വിതരണമുണ്ട്. ഉച്ചക്ക് പ്രഭാകരേട്ടൻ്റെ കടയിൽ മാത്രമേ കൊടുക്കുകയുള്ളൂ. .പാവം പൈകിടാവ്, അത് കുടിച്ച് വളരേണ്ട പാലാണ് ഇന്നാട്ടിലെ ഒട്ടു മിക്ക വീട്ടുകാരുടെയും ചായയും കാപ്പിയുമൊക്കെയായി മാറുന്നത്. മനുഷ്യർ എത്ര സ്വാർത്ഥരാണല്ലേ..എന്ന് ഓർത്തു കൊണ്ട് ഞാൻ പൈകിടാവിനെ മാറ്റിക്കെട്ടി. പശു വിനെ കുളിപ്പിച്ച് തീറ്റക്കായി തെങ്ങിൻ തോപ്പിൽ കെട്ടി നിർത്തി.

അപ്പോഴേക്കും കൂട്ടുകാർ എല്ലാവരും കുളിക്കാനായി തോട്ടിലെത്തി. രാവിലെയും വൈകിട്ടും ഈ തോട്ടിൽ കുളി ഞങ്ങളുടെ പ്രിയ വിനോദമാണ്. മുങ്ങാം കുഴിയും, തോർത്തുകൊണ്ട് മീൻപിടുത്തവും, നീന്തൽ മത്സരവും മറ്റുമായി.. വീട്ടിൽ നിന്ന് ഒൻപത് മണി കഴിഞ്ഞു അമ്മ വിളിക്കും വരെ കളിയും കുളിയുമാണ്. വീട്ടിൽ എത്തി കഞ്ഞിയും കുടിച്ച് സ്കൂളിലേക്ക്..

ഒരു കിലോമീറ്റർ അകലമേ സ്കൂളിലേക്കുള്ളു, അത് കൊണ്ട് തന്നെ ഒട്ടു മിക്കവരും ഉച്ചഭക്ഷണം വീട്ടിൽ കഴിക്കാറാണ് പതിവ്. പെൺകുട്ടികൾ കൂട്ടുകാർ പോയോ എന്നറിയാൻ വഴിയിൽ പച്ചില ഇട്ടു പോകും.ആൺകുട്ടികൾ കിട്ടുന്ന കൂട്ടുകാരുടെ കൂടെയങ്ങ് പോകും. വഴിയിൽ ചാണകം ചവിട്ടിയാൽ ടീച്ചറുടെ അടി കൊള്ളില്ല, ആനയെ പുറകിൽ നിന്ന് കണ്ടാൽ ഫ്രീ പീരിയഡ്..എന്തെല്ലാം വിശ്വാസങ്ങൾ..മയിൽപീലി മാനം കാണിക്കാതെ പുസ്തകത്തിനുള്ളിൽ സൂക്ഷിക്കുന്ന പാട്..

അധ്യാപകർക്ക് വിദ്യാർഥികൾ എല്ലാവരും ഒരുപോലെ. വർഷങ്ങളായി എട്ടാം ക്ലാസിൽ പഠിക്കുന്ന പല മിടുക്കന്മാരും മിടുക്കികളും ടീച്ചർമാരുടെ കണ്ണിലുണ്ണി കൾ തന്നെ. കലാ കായിക മത്സരങ്ങളിൽ ഇവരാണ് സ്കൂളിൻ്റെ പേരിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ കിരീടമണിയുന്നത്. അത് കൊണ്ട് തന്നെ വിദ്യാർഥികൾ ക്കിടയിലും പഠിപ്പിസ്റ്റ്കളെക്കാൾ ജനസമ്മതർ അവർ തന്നെയാണ്. ഇൻ്റർവെൽ സമയങ്ങളിൽ ഇവരിൽ ചിലരുടെ പ്രണയ ചാപല്യങ്ങൾ ഒളിഞ്ഞ് നോക്കി ആസ്വദിക്കുന്നതും ഞങ്ങൾക്ക് തമാശയായിരുന്നു. എട്ടാം ക്ലാസിൽ പഠിച്ച് മടുത്ത രണ്ട് പേർ ഒരു സുപ്രഭാതത്തിൽ ഒളിച്ച് പോയി കല്യാണം കഴിച്ചതും ചരിത്രം. വർഷങ്ങളായി എട്ടിലായിരുന്നു രണ്ട് പേരും. എല്ലാറ്റിനും ഒരവസാനം വേണ്ടേ? സമരങ്ങൾ നയിക്കുമ്പോൾ ഈ വീര നായകർ വിളിച്ചു തന്നിരിന്ന മുദ്രാവാക്യം ഏറ്റു ചൊല്ലി ഞങ്ങളും..” ആയിര മായിരം റോസാപ്പൂക്കൾ ഒന്നിച്ചൊന്നായി വിടരുമ്പോൾ, ആമോദത്തിൽ ഞങ്ങൾ വിളിക്കും, ആവേശത്തിൽ ഞങ്ങൾ വിളിക്കും, ഇങ്ക്വിലാബ് സിന്ദാബാദ്..”

സന്തോഷകരമായ ആ ദിനങ്ങളിൽ ദൈവത്തിനു അസൂയ തോന്നിയിട്ടൊ എന്തോ പെരുമഴ നിർത്താതെ പെയ്തു തുടങ്ങിയത്. കർക്കിടക മാസം കഴിഞ്ഞ പൊന്നിൻ ചിങ്ങപ്പുലരിയിലാണ് തോരാതെ പെയ്യുന്ന മഴ തുടങ്ങിയത്. കർക്കിടക പഞ്ഞത്തിൻ്റെ നിറങ്ങൾ മായിക്കാൻ ചിങ്ങപ്പുലരി കാത്തിരുന്ന ഞങ്ങൾക്ക് കൊടും വറുതിയുടെ ദിനങ്ങൾ . അങ്ങനെ അത്താഴ പട്ടിണി കിടന്ന ഞാനും കുടുംബവും കൂടാതെ പ്രഭാകരേട്ടൻ്റെ കുടുംബവും ഉരുൾ പൊട്ടലിൽ ഒലിച്ച് പോയത് പത്രങ്ങളിൽ വാർത്തയായി. സ്നേഹ നിധികളായിരുന്ന എൻ്റെ മാതാപിതാക്കളുടെയും കുഞ്ഞനിയത്തിയുടെയും ജീവനറ്റ ശരീരങ്ങൾ മണ്ണിനടിയിൽ നിന്നു കിട്ടിയത് തന്നെ മൂന്നാം പക്കമാണെന്ന് ലൂക്കച്ചൻ പറഞ്ഞറിഞ്ഞു. രണ്ട് മാസത്തെ ആശുപത്രി വാസത്തിനു ശേഷം ലൂക്കച്ചൻ്റെ സഹായത്തോടെ തിരികെ എത്തിയ എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എൻ്റെ വീട്.. പ്രിയപ്പെട്ടവർ എല്ലാം ഓർമയിൽ മാത്രമായി..ജീവിതത്തിൽ ഞാൻ തനിച്ചായി… ദൈവത്തിൻ്റെ വികൃതികളുടെ വ്യാപ്തി നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്! അമ്മിണി പശുവും കിടാവും ഒന്നുമില്ല, തൊടിയൊക്കെ ശൂന്യമായി, എന്തിനേറെ വീട്ടിലെ കിണർ വരെ മണ്ണ് കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രഭാകരേട്ടൻ്റെ ചായക്കടയും വീടുമൊക്കെ പഴങ്കഥകളായി. ഏറ്റവും സങ്കടം തോന്നിയത് രാജിയെ കുറിച്ച് ഓർത്താണ്. കഥകൾ പറയുന്ന വിടർന്ന മിഴികളും, നീണ്ടു ചുരുണ്ട മുടിയും, നിഷ്കളങ്ക മുഖവും ചേർന്ന എണ്ണ കറുമ്പി. എന്തെങ്കിലും കുറുമ്പ് കാട്ടി എന്നെ ദേഷ്യം പിടിപ്പിക്കുന്നത് അവൾക്ക് ഭയങ്കര സന്തോഷമായിരുന്നു. ‘തൊമ്മിക്കുഞ്ചു ‘എന്ന് കളിയാക്കി അവൾ വിളിക്കുന്നപോലെ… പ്രഭാകരേട്ടൻ്റെയും ലീലേടത്തിയുടെയും ജീർണിച്ച ശരീരങ്ങൾ പുഴയരികിൽ നിന്നും കണ്ടു കിട്ടിയെങ്കിലും രാജിയേക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല എന്ന് ലൂക്കച്ചൻ പറഞ്ഞു.

മരിച്ചവർ ഭാഗ്യവാന്മാർ.. ജീവിച്ചിരിക്കുന്നവരുടെ കാര്യം വലിയ കഷ്ടം തന്നെ. വീടില്ല, ചെയ്ത കൃഷി യെല്ലാം നശിച്ചു, കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പാദ്യം ഒന്നുമില്ല, ആടുമാടുകൾ ഒക്കെയും ചത്തൊടുങ്ങി. സർക്കാരിൽ നിന്നും ലക്ഷങ്ങൾ ധനസഹായം വാഗ്ദാനം ചെയ്തെന്ന് പത്രങ്ങളും മറ്റ് മാധ്യമങ്ങളും ഉദ്ഘോഷിച്ചു. അതെന്ന് കിട്ടുമെന്ന് ആർക്കറിയാം. പാവം മലയോര കർഷകർ, ഇപ്പൊ വട്ടിപ്പലിശക്ക് കടവും വാങ്ങി ഫാറവും പൂരിപ്പിച്ച് പഞ്ചായത്ത് മുതൽ സെക്രട്ടേറിയേറ്റ് വരെ നടത്തം തന്നെ. പഞ്ചായത്തിൽ ചെല്ലുമ്പോൾ വില്ലേജിൽ കരം കെട്ടിയ രസീത് വേണമെന്ന് .വീടും കുടിയും തന്നെ ഒലിച്ച് പോയി, അപ്പോഴാ കരം കെട്ടിയ രസീത്.. വില്ലേജ് ഓഫീസിൽ ചെന്ന് കരം കെട്ടിയ രസീതിൻ്റെ കോപ്പി ചോദിച്ചാൽ ആധാരം, മുന്നാധാരം എന്ന് വേണ്ട സർവേ കല്ല് വരെ പറിച്ച് കൊണ്ട് വരാൻ പറയും. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും ഈ പേപ്പർ കഷണങ്ങൾ അതിജീവിക്കണമത്രെ. അല്ലെങ്കിൽ പിന്നെ എം എൽ എ യുടെ സാക്ഷ്യപത്രം വേണമെന്ന്. പലിശക്കെടുത്ത കാശുമായി തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോ ഈ പറഞ്ഞ സ്ഥലം തൻ്റെ നിയോജക മണ്ഡലത്തിൽ തന്നെ യാണോ എന്ന് അദ്ദേഹത്തിന് സംശയം. വീട് വീടാന്തരം കയറി വോട്ട് ചോദിക്കുമ്പോൾ സ്വന്തം മകനെപ്പോലെയാണ് എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയ അദ്ദേഹമാണ് .

നിരാശയും കണ്ണീരും നിറഞ്ഞ ദിനങ്ങളിൽ എൻ്റെ ദൈവം ലൂക്കച്ചൻ ആയിരുന്നു. ഒരു ദിവസം ഒരു കവർ എൻ്റെ നേരെ നീട്ടി അച്ചൻ പറഞ്ഞു. “മോനെ, തോമ്മിക്കുഞ്ഞെ, നീ ഞാൻ തരുന്ന ഈ കത്തുമായി കോട്ടയത്തുള്ള പണിക്കർ സാറിനെ കാണണം. അദ്ദേഹം വേണ്ടത് ചെയ്തു തരും”. വളരെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ സ്കൂളിലെ ഹെഡ് മാസ്റ്റർ ആയി വിരമിച്ചതാണ് പണിക്കർ സാർ. കുട്ടികളില്ലാത്ത അദ്ദേഹം കുറേ അനാഥ കുട്ടികളുടെ സംരക്ഷണം നടത്തുന്നു.

പൈനാവിനോട് വിട പറഞ്ഞു പോകും മുമ്പ് അപ്പയുടെയും അമ്മയുടെയും അനിയത്തിയുടെയും അരികിലെത്തി വിശേഷങ്ങൾ പങ്കുവച്ചു. എന്തിനാ എന്നെ തനിച്ചാക്കി പോയത് എന്ന് പരിഭവം പറഞ്ഞു. ലൂക്കച്ചനോട് യാത്ര പറഞ്ഞ് പത്തു മണിക്കുള്ള കോട്ടയം ഫാസ്റ്റിന് കയറി. വൈകുന്നേരമായപ്പോൾ പണിക്കർ സാറിൻ്റെ വീട്ടിലെത്തി. അച്ചൻ്റെ കത്ത് കൊടുത്ത് സ്വയം പരിചയപ്പെടുത്തി.

75 വയസ്സിലും നല്ല ഊർജസ്വലനാണ് പണിക്കർ സാർ. തന്നെയുള്ള ജീവിതം. മക്കളില്ല, ഭാര്യ രണ്ട് വർഷം മുമ്പ് അദ്ദേഹത്തെ തനിച്ചാക്കി യാത്രയായി. ഡെങ്കിപ്പനി ആയിരുന്നത്രെ, അറിഞ്ഞില്ല പോലും. എങ്കിലും അദ്ദേഹം സന്തോഷവാനാണ്. “എൻറെ ആയുസ്സിൻ്റെ മുക്കാൽ ഭാഗവും അവൾ എൻ്റെ കൂടെ ഉണ്ടായിരുന്നു. കുട്ടികൾ ഇല്ല എന്നതിൽ അവൾക്കൊരു പരാതിയും ഉണ്ടായിരുന്നില്ല. എനിക്കും.. അതിന് വേണ്ടി ഒരു ചികിത്സക്കും പോയിട്ടില്ല.. ആരുടെ കുറവു കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്ന് കിഴിഞ്ഞ് പരിശോധിക്കാനും താൽപ്പര്യപ്പെട്ടില്ല…അക്കാരണത്താൽ പരസ്പരം മനസ്സ് മുറിപ്പെടേണ്ട എന്ന് കരുതി. ദൈവാനുഗ്രഹം കൊണ്ട് ഒരു പാട് കുഞ്ഞുങ്ങളെ മനസ്സ് കൊണ്ട് ഞങ്ങൾക്ക് കിട്ടി. അവരിൽ ചിലരുടെ സംരക്ഷണം ഏറ്റെടുത്തു. ഞങ്ങളുടെ കല്യാണം കഴിയുമ്പോൾ, പതിനെട്ട് വയസ്സാണ് അവൾക്ക്, എനിക്കു ഇരുപത്തി രണ്ട്. ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നു എന്ന് പറയാം…” ഇത്രയും പറഞ്ഞ് അദ്ദേഹം ഭാര്യയുടെ അസ്ഥി തറയിലേക്ക് നടന്നു. വിളക്ക് കത്തിച്ചു ഒരു മണിക്കൂറോളം അവിടെ പരിസരം മറന്ന് നിന്നു. “രാവിലെ മുതലുള്ള വിശേഷങ്ങൾ ഞാൻ അവളോട് പറയും..തന്നെയും പരിചയപ്പെടുത്തി യിട്ടുണ്ട്. താൻ പോയി കുളിച്ചിട്ട് വായോ, അപ്പോഴേക്കും ഞാൻ അത്താഴമെടുക്കാം, നാളെ ഞാൻ തന്നെയും കൊണ്ട് ഒരിടം വരെ പോകുന്നുണ്ട് “..കുളിയും കഴിഞ്ഞ് എത്തിയപ്പോഴേക്കും നല്ല പുത്തരി കഞ്ഞിയും ചുട്ട പപ്പടവും കടുമാങ്ങയും റെഡി. രാവിലെ പുറപ്പെടും മുമ്പ് ലൂക്കച്ചൻ്റെ വക പ്രാതൽ പുട്ടും കടലയും കഴിച്ചതാണ്. പിന്നീട് ഒന്നും കഴിക്കാതത്തിനാൽ നല്ല വിശപ്പ്.ആർത്തിയോടെ കഞ്ഞി കുടിക്കുമ്പോൾ മുന്നിൽ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു. അരികിൽ നിന്ന് “ഇത്തിരി കഞ്ഞി കൂടി കുടിക്ക് മോനെ ” എന്ന് നെറുകയിൽ തലോടി പറയുന്നത്.

കഞ്ഞി കുടിച്ചു , പണിക്കർ സാറിൻ്റെ നിർദേശം അനുസരിച്ച് കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ പണിക്കർ സാർ തന്നെയും കൊണ്ട് ‘നിർമല കോളേജിൽ’ എത്തി. പത്താം ക്ലാസ് തുടർ പഠനത്തി നുള്ള നടപടികൾ ചെയ്തു. സ്ഥലത്തെ പ്രധാന പാരലൽ കോളേജാണ്. പണിക്കർ സാറിൻ്റെ പൂർവ്വ വിദ്യാർത്ഥിയുടേതാണ് ആ സ്ഥാപനം. പിന്നീട് എന്നെ കൊണ്ട് പോയത് ഒരു കടയിലേക്കായിരുന്നു; ഔത ചേട്ടൻ്റെ കടയിൽ. പലചരക്ക് മാത്രമല്ല പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, സ്റ്റേഷനറി അങ്ങിനെ എല്ലാം ലഭിക്കും. അവിടെ സാധനങ്ങൾ എടുത്ത് കൊടുക്കുകയും കണക്ക് എഴുത്തും മറ്റുമാണ് പണി, മാസം ഇരു നൂറ് രൂപ കൂലി.

സായാഹ്ന ക്ലാസ്സുകളും ജോലിയുമോക്കെയായി ദിവസങ്ങൾ കടന്നു പോയി. എസ് എസ് എൽ സി പരീക്ഷക്ക് ജില്ലയിൽ തന്നെ ഏറ്റം കൂടുതൽ മാർക്ക് പാരലൽ കോളേജ് വിദ്യാർത്ഥിക്ക് ലഭിച്ചത് വലിയ വാർത്തയായി. പിന്നീട് പഠിപ്പിക്കാൻ തയ്യാറായി ഒരു പാട് സുമനസ്സുകൾ തേടിയെത്തി.പണിക്കർ സാറിൻ്റെ അരികിൽ തന്നെ നിൽകാനായിരുന്നു എൻ്റെ തീരുമാനം. ലൂക്കച്ചനും അത് സന്തോഷമായിരുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞ് ഡോക്ടറോ എൻജിനീയറോ എന്ന ചിന്താക്കുഴപ്പത്തിൽ നിന്നവരൊക്കെ ഞാൻ തെർഡ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നതിനെ വട്ടാണ് എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി. പക്ഷേ എൻ്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. വായന യും എഴുത്തും മറ്റെന്തിനെക്കാളും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ചരിത്രവും കലയും സാഹിത്യവും തന്നെയായിരുന്നു ഇഷ്ട വിഷയങ്ങൾ. പൈനാവിലേ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും സ്ഥിരമായി പുസ്തകം എടുത്ത് വായിച്ചിരുന്ന വളരെ ചുരുക്കം ചില ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഞാനും. നിർഭാഗ്യവശാൽ ഞങ്ങളുടെ കുടുംബത്തിൻ്റെ വേരറുത്ത ആ മല വെള്ളപ്പാച്ചിലിൽ ആ വായനശാലയും ഉൾപ്പെട്ടിരുന്നു. എന്തായാലും, കണക്കും സയൻസും ഉപേക്ഷിച്ചു നിർമല കോളേജിൽ തന്നെ തേർഡ് ഗ്രൂപ്പ് എടുത്ത് പ്രീ ഡിഗ്രി പഠനവും ജോലിയും തുടർന്നു. നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് ഒരു പാരലൽ കോളേജ് വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്. ഒന്നാം റാങ്ക്കാരൻ്റെ കദന കഥകൾ കേട്ട് പിന്നെയും പല സുമനസ്സുകളും സഹായ ഹസ്തങ്ങളുമായി വന്നു. എല്ലാം സ്നേഹപൂർവം നിരസിച്ചത് അഹങ്കാരം കൊണ്ടായിരുന്നില്ല, എന്നെക്കാളും സഹായം വേണ്ടിയിരുന്ന ഒട്ടനവധി വിദ്യാർത്ഥികൾ ഞങ്ങളുടെ കോളേജിൽ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ്. എനിക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത സാമ്പത്തിക സഹായം മറ്റുള്ളവർ ചെയ്ത് കൊടുക്കമല്ലോ എന്ന് കരുതി.

തുടർപഠനത്തിന് കോട്ടയം സി എം എസ് കോളേജിൽ ആംഗലേയ സാഹിത്യം ഐശ്ചികമായി എടുത്തു. ജില്ല ലൈബ്രറിയിൽ സ്ഥിരാംഗത്തം എടുത്തി രിക്കുന്നതിനാൽ പുസ്തക വായനക്ക് തടസ്സം നേരിട്ടില്ല, കൂടാതെ കലാലയ വായന ശാലയും. കോളേജ് ജീവിതം മറക്കാനാവാത്ത സുന്ദര ദിനങ്ങളായി മാറി. ഒരോ ദിനത്തിനും ഓരോ കഥകൾ… കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ വിദ്യാർത്ഥി സമരങ്ങളും ആർട്സ് ക്ലബ്ബ് ദിനവും കോളേജ് ഡേയും എന്നിങ്ങനെ ഏഴ് നിറങ്ങൾ ചാലിച്ച ദിവസങ്ങൾ.. കോളേജ് മാഗസിൻ എഡി ട്ടോറിയൽ കമ്മിറ്റിയിലെ അംഗമായത് കൊണ്ട് തന്നെ എൻ്റെ രചനകൾ മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു; അതിലുപരി എൻ്റെ രചനാ വൈഭവം മെച്ചപ്പെടുകയും ചെയ്തു. കൂടാതെ ഒട്ടനവധി ആരാധകരും…രണ്ടാം വർഷത്തിൽ ഇംഗ്ളീഷ് ഡിപ്പാർട്ട്മെൻ്റ് ദിനത്തിൽ ചെയ്ത മാക്ബെത് നാടകം രചനയും സംവിധാനവും നിർവഹിച്ചത് മാത്രമല്ല മാക്ബെത് ആയി അഭിനയിക്കുകയും ചെയ്ത് കോളേജിൽ തന്നെ ഹീറോ ആയി. അങ്ങനെ സന്തോഷപൂർവ്വം നീങ്ങുന്ന ദിവസങ്ങളിൽ ഒന്നിലാണ് എൻ്റെ ജീവിതത്തിൽ മറ്റൊരു കരിനിഴൽ പതിക്കുന്നത്!
(തുടരും)

മോളമ്മ മാത്യു അമ്പലപ്പറമ്പിൽ