യു.ഡി.എഫിന് ശക്തനായ ഒരു നായകൻ

sponsored advertisements

sponsored advertisements

sponsored advertisements


23 November 2022

യു.ഡി.എഫിന് ശക്തനായ ഒരു നായകൻ

ഉമ്മൻ ചാണ്ടി കൂടി കളം വിടുന്നതോടെ ജനസ്വാധീനമുള്ള ഒരു നേതാവും യു.ഡി.എഫ് നേതൃത്വത്തിലുണ്ടാകില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകട്ടെ എന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. ലീഗിനു മാത്രമല്ല, ആർ.എസ്.പി-കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലും തരൂരിനോടാണ് ആഭിമുഖ്യമുള്ളത്. അടുത്ത തവണ കൂടി കേരള ഭരണം ലഭിച്ചില്ലങ്കിൽ യു.ഡി.എഫ് ഘടക കക്ഷികളുടെ നിലനിൽപ്പു കൂടിയാണ് അവതാളത്തിലാകുക. ഇതു തിരിച്ചറിഞ്ഞാണ് ഘടകകക്ഷികൾ തരൂരിന് പിന്തുണ നൽകുന്നത്. തൽക്കാലം രഹസ്യ പിന്തുണയാണെങ്കിലും ആവശ്യമെന്നു കണ്ടാൽ പരസ്യ പിന്തുണയിലേക്ക് പോകാനാണ് തീരുമാനം.

ശശി തരൂരിന്റേത് വെറും ഒരു സൗഹൃദ സന്ദർശനം മാത്രം ആയിരുന്നു എങ്കിൽ ഒരിക്കലും മുസ്ലീം ലീഗ് നേതൃത്വം ഒന്നാകെ സ്വീകരിക്കാൻ പാണക്കാട്ടേക്ക് എത്തില്ലായിരുന്നു. യു.ഡി.എഫിനെ സംബന്ധിച്ച് തരൂർ അവരുടെ 18 എം.പിമാരിൽ ഒരാൾ മാത്രമാണ്. കോൺഗ്രസ്സിൽ പ്രത്യേക ഒരു പദവിയും തരൂരിനില്ല. എന്നിട്ടും അദ്ദേഹത്തെ സ്വീകരിക്കാൻ പാണക്കാട്ടെ തങ്ങൾമാർക്ക് പുറമെ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ വഹാബ് എം.പി, കെ.പി.എ.മജീദ്, പി.എം.എ സലാം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കുതിച്ചെത്തിയിരുന്നു. തരൂർ എത്രമാത്രം യു.ഡി.എഫിന് അനിവാര്യമാണെന്നത് ഇതിൽ നിന്നു തന്നെ വക്തമാണ്. തരൂർ വിമർശകനായിരുന്ന കെ മുരളീധരനും ഇപ്പോൾ തരൂർ പക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ട്. ഇതോടെ തരൂരിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്സ് എം.പിമാരുടെ എണ്ണം മൂന്നായി കഴിഞ്ഞു. എം.പിമാരായ ഹൈബി ഈഡനും എം.കെ രാഘവനും കോൺഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തന്നെ തരൂരിനോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിച്ച ജനപ്രതിനിധികളാണ്. എം.പിമാരിലും എംഎൽഎമാരിലും തരൂർ അനുകൂല വികാരം ശക്തിപ്പെട്ടു വരുന്നത് കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. യൂത്ത് കോൺഗ്രസ്സ് – കെ.എസ്.യു സംഘടനകളിലും തരൂരിനെ ചൊല്ലി ഭിന്നത പ്രകടമാണ്. കെ.എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ തരൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ്സിലെ ‘എ’ ഗ്രൂപ്പിനും തരൂരിനോട് കാര്യമായ എതിർപ്പില്ല എന്നതാണ് നിലവിലെ അവസ്ഥ. കെ.സി വേണുഗോപാലും വി.ഡി. സതീശനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനേക്കാൾ ഭേദം തരൂർ തന്നെയാണെന്നതാണ് ‘എ’ വിഭാഗത്തിന്റെ നിലപാട്.

തരൂരിന്റെ ‘ആഗമനം’ ഐ ഗ്രൂപ്പിലെ സമവാക്യങ്ങളയാണ് പൊളിച്ചെഴുതിയിരിക്കുന്നത്. എം.കെ രാഘവൻ ഒഴികെ തരൂരിനെ പിന്തുണയ്ക്കുന്നവരിൽ ഭൂരിപക്ഷവും ഐ ഗ്രൂപ്പ് നേതാക്കളാണ്. തരൂരിനോടുള്ള വിലക്കിന് പിന്നിൽ ഐ ഗ്രൂപ്പിലെ പ്രധാനികളാണെന്ന് ആരോപിച്ച കെ.മുരളീധരനും അറിയപ്പെടുന്ന ‘ഐ’ ഗ്രൂപ്പുകാരനാണ്. കെ.സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും കൂടി ലഭിക്കുന്നതോടെ തരൂർ കൂടുതൽ കരുത്താർജിക്കാനാണ് സാധ്യത.

അതേസമയം മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് ശശി തരൂർ സന്നാഹമത്സരത്തിന് ഇറങ്ങിയ പശ്ചാത്തലത്തിൽ കോൺഗ്രസ്സിലും പടയൊരുക്കം ശക്തമാണ്. മുഖ്യമന്ത്രി പദ മോഹികളായ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും എല്ലാം ഭിന്നത മറന്ന് ഒന്നിച്ചു കഴിഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാടിലും ഈ മൂവർ സംഘം കടുത്ത രോഷത്തിലാണ്. പ്രവർത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞാണ് കെ.സുധാകരൻ തരൂരിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തത് തന്നെ ഇതിന്റെ പ്രധാന തെളിവാണ്.

തരൂരിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം യു.ഡി.എഫിൽ കൂടി ശക്തമായതോടെ കോൺഗ്രസ്സ് ഹൈക്കമാന്റും നിലവിൽ വെട്ടിലായിട്ടുണ്ട്. ഹൈക്കമാന്റിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന കെ.സി വേണുഗോപാൽ ഒപ്പമുള്ളവരോട് ആശങ്കപ്പെടേണ്ട കാര്യമില്ലന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. അഥവാ തരൂരിനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാൽ പോലും അധികാരം ലഭിച്ചാൽ തരൂർ മുഖ്യമന്ത്രിയാകില്ലന്നതാണ് കെ.സിയുടെ ഉറപ്പ്. മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ആണെന്നിരിക്കെ തരൂർ ആ ഘട്ടത്തിൽ വീഴുമെന്നതാണ് തരൂർ വിരുദ്ധരുടെ കണക്കു കൂട്ടൽ. ഇക്കാര്യം കൂടി പരിഗണിച്ച സ്ഥാനാർത്ഥി നിർണ്ണയമാണ് നടത്തുക എന്ന ഉറപ്പും ഹൈക്കമാന്റിൽ നിന്നും തരൂർ വിരുദ്ധർക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ്സിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ ഇടതുപക്ഷവും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഒരിക്കലും ലഭിക്കാൻ സാധ്യത ഇല്ലാത്ത ഭരണം മുന്നിൽ കണ്ടാണ് യു.ഡി.എഫ് നേതാക്കളുടെ ഈ ‘പൊറാട്ടു നാടകമെന്നാണ്’ ഇടതു പാർട്ടികൾ പരിഹസിക്കുന്നത്.