ഉഷ സുധാകരൻ
അലമേലുമാമി മരിച്ചു .ആരാ അലമേലു മാമിയെന്നല്ലേ?തായമ്മയുടെ മകളാണ് അലമേലു മാമി.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ധാരാപുരത്തുള്ള അമ്മയുടെ അനിയൻ രവിമാമ വീട്ടിൽ വന്നത്.
രണ്ട് ദിവസം താമസിച്ച് തിരിച്ചുപോകാൻ നേരത്ത് രവിമാമ്മ അച്ഛനോട് “അളിയനെന്തിനാ ഇവിടിങ്ങനെ കഷ്ടപ്പെടുന്നത്, ഒരു മേൽഗതി വേണ്ടെ? ധാരാപുരത്തേക്ക് വന്നൂടെ, ഞാനൊരു വഴിയുണ്ടാക്കാം.”
അന്ന് അച്ഛൻ മമ്മദിന്റെ പലചരക്ക് കടയിൽ സാധനങ്ങൾ പൊതിഞ്ഞ് കൊടുക്കണ പണിയായിരുന്നു.
മമ്മദിന്റെ കടയിൽ നിന്നും കിട്ടണ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം വീർപ്പുമുട്ടിക്കഴിയുന്ന അമ്മയും
“രവി പറഞ്ഞത് പോലെ ധാരാപുരത്തൊന്ന് പോയി നോക്കിയാലോ?”
അമ്മയും കൂടി പറഞ്ഞ സ്ഥിതിക്ക് അച്ഛന്റെ പിന്നെയുള്ള ദിവസങ്ങൾ ധാരാപുരത്തേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായി.
അച്ഛന്റെ തറവാട്ടിൽ നിന്നും
ഭാഗത്തിൽ കിട്ടിയ സ്ഥലം വിറ്റുകിട്ടിയ പൈസയും കൊണ്ട് അച്ഛൻ ധാരാപുരത്തേക്ക് പോയി.
രവിമാമ്മയുടെ ഉത്സാഹത്തിൽ അച്ഛൻ ധാരാപുരത്ത് ഒരു പലചരക്ക് കട തുടങ്ങി. കടയോടടുത്ത് ഒരു ചെറിയ വീട് വാടകക്കെടുത്ത് ഞങ്ങളെയും അച്ഛൻ അങ്ങോട്ട് കൊണ്ട് പോയി .ആ വാടകവീടിന്റെ ഉടമസ്ഥ തായമ്മയായിരുന്നു.
വലിയ മുറ്റവും മുറികളുമുള്ള തറവാട്ടിൽ നിന്നും ശുദ്ധവായു കിട്ടാൻ കൂടി പ്രയാസമുള്ള കുടുസ്സ് മുറിയിലേക്കുള്ള പറിച്ചു നടൽ എനിക്കും അനിയത്തിക്കും ദുസ്സഹമായിരുന്നു.
ദീർഘമായി ഒരു ഏമ്പക്കമിട്ടാൽ അപ്പുറത്തേക്ക് കേൾക്കുന്ന ചെറിയ മുറികളുള്ള ആ വീട്ടിൽ എട്ട് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഞാനും അനിയത്തിയും വരാന്തയിലൂടെ
ഓടുകയോ, ഒച്ചവക്കുകയോ ചെയ്താലുടനെ വരും തായമ്മയുടെ താക്കീത്
“പെൺകുട്ടികളിങ്ങനെ ചാടാൻ പാടില്ല, ഒച്ചവക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല.”
തായമ്മയുടെ ഇരുമ്പാമ്പിളി പോലത്തെ വളഞ്ഞ മൂക്കും, പുലിയുടെ ദംഷട്രം പോലുള്ള പല്ലുമൊക്കെ കണ്ട് ഡാകിനി അമ്മൂമ്മയെന്നാ തായമ്മയെ അനിയത്തി വിളിച്ചിരുന്നത്.
വീടിനകത്ത് കയറിയിറങ്ങി
കുറ്റം പറയണതോണ്ട് അമ്മയും പരാതി പറയാൻ തുടങ്ങി തായമ്മയെ കുറിച്ച്.
വീട് കടയുടെ അടുത്തായതുകൊണ്ടും, തുച്ഛമായ വാടകയായതുകൊണ്ടും, കച്ചവടം ഒന്ന് പച്ചപിടിക്കുന്നത് വരെ ഇവിടെത്തന്നെ കഴിയാനേ പറ്റുള്ളൂന്ന് അച്ഛനും പറയും. പതുക്കെ പതുക്കെ ഞങ്ങളാ ചുറ്റുപാടുമായി ലോഹ്യത്തിലായി.
പരാതിയും കുറ്റം പറച്ചിലുമായി കഴിയുന്നതിനിടയിലൊരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നും ഒളിച്ചോടി കല്യാണം കഴിച്ചുപോയ തായമ്മയുടെ മകൾ
അലമേലു മാമി ഒറ്റക്ക് വീട്ടിൽ കയറി വന്നു. അലമേലു മാമി ജനിച്ച് ഒരു വയസ്സാവുന്നതിന് മുന്നേ അച്ഛൻ മരിച്ചൂത്രെ. അച്ഛന്റെ ഇല്ലാത്ത സങ്കടം അറിയിക്കാതെ വളർത്തിയ കുട്ടി ഒരു ദിവസം വീട്ടിൽ നിന്നും ഇറങ്ങിപോയതിന്റെ മുറിവ് മനസ്സിനെ തളർത്തിയത് കുറേശ്ശേ ശരിയായിക്കൊണ്ടിരിക്കുന്ന സമയത്താണ് അലമേലു മാമിയുടെ ഈ തിരിച്ചു വരവ്.
മോള് തിരിച്ചുവന്നത് സന്തോഷായാലും, പയ്യെ പയ്യെ ആ സന്തോഷം സങ്കടായി മാറി തായമ്മക്ക്.
തൂങ്ങിയും പിടിച്ചും ആരോടും മിണ്ടാട്ടമില്ലാതെ വാടിയ ചേമ്പില പോലെ തളർന്നിരിക്കുന്ന മകളെ
കണ്ട് കണ്ട് തായമ്മ രണ്ട് തെരുവിനപ്പുറത്തുള്ള അലമേലുമാമിയുടെ ചെക്കന്റെ വീട്ടിൽ പോയി കാര്യമന്വേഷിച്ചു.
എന്റെ മകനെ ഞങ്ങൾക്ക് തിരിച്ചു തന്നത് ദൈവമാണ്, ഇനിയിവിടേക്ക് ഈ പേര് പറഞ്ഞ് വരരുതെന്നും പറഞ്ഞ് തായമ്മയെ അവരോടിച്ചു.
തന്റെ മകളുടെ ഗതി ഓർത്ത് തായമ്മ വിഷമിച്ച് നടക്കാൻ തുടങ്ങിയപ്പോൾ, അലമേലു മാമിയാവട്ടെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. ആ തിരിച്ചു വരവ് ഏറെ സന്തോഷം തന്നു എനിക്കും അനിയത്തിക്കും അതു പോലെ വാടകക്കാർക്കെല്ലാവർക്കും. “വരാന്തയിലെ ലൈറ്റണക്കാത്തതെന്താ,
തുണികഴുകിയ വെള്ളം അവിടെക്കളഞ്ഞതെന്തിനാ?” എന്നൊക്കെ ചോദിച്ചുള്ള തായമ്മയുടെ മുഷ്കിനിത്തിരി അയവു വന്നു അലമേലുമാമിയുടെ തിരിച്ചുവരവിൽ.
മുടി പിന്നികെട്ടി മുല്ലപ്പൂചൂടിച്ചും, കൈയ്യിൽ മയിലാഞ്ചി ഇട്ടു തന്നും, സിനിമ കാണിക്കാൻ കൊണ്ട് പോയും ഞങ്ങളെ സ്നേഹിക്കുന്ന അലമേലുമാമിയെ
എനിക്കിഷ്ടായി.
പത്തിലെ കൊല്ലപരീക്ഷ നടക്കുന്ന സമയത്ത് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന ഞാനാരോ വീണ ഒച്ച കേട്ടോടി ചെല്ലുമ്പോൾ തായമ്മ വീടിനുള്ളിൽ വീണുകിടക്കണൂ. അലമേലു മാമിയും അമ്മയും കൂടി പനിപിടിച്ചു കിടക്കുകയായിരുന്ന അനിയത്തിയെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയിരുന്നത് കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാനുറക്കെ കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവരിൽ ആരൊക്കെയോ ചേർന്ന് തായമ്മയെ താങ്ങിപ്പിടിച്ച് ആശുപത്രിയിലെത്തിച്ചു.
ആ വീഴ്ചയിൽ നിന്നും തായമ്മക്ക് പിന്നെ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഒരു വശം തളർന്ന് മിണ്ടാൻ വയ്യാതായ തായമ്മയെ കുട്ടികളെപോലെ കുളിപ്പിച്ചും ശുശ്രൂഷിച്ചും അലമേലു മാമിയുടെ ലോകം തായമ്മയിലേക്ക് ചുരുങ്ങി. ആരുടെയും സഹായമില്ലാത്തത് കൊണ്ട് എന്റമ്മ കഷ്ടപ്പെടരുതെന്നിടക്കിടക്ക് അലമേലുമാമി പറയും. മുടി കെട്ടാനും സിനിമക്ക് കൊണ്ടു പോകാനും അലമേലു മാമിയെ കിട്ടാത്ത സങ്കടായിരുന്നു എനിക്ക്.
അങ്ങനെയിരിക്കെ ഒരു ദിവസം അലമേലു മാമിയുടെ ജയദേവണ്ണൻ വീട്ടുകാരെയും കൂട്ടി തായമ്മയെ കാണാൻ വന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ അച്ഛനോട് പറയുന്നുണ്ടായിരുന്നു
“തായമ്മയെ വല്ല വൃദ്ധസദനത്തിലുമാക്ക്, എന്നിട്ട് എന്റെ കൂടെ വാന്ന് ആ ചെക്കൻ ജയദേവൻ പറഞ്ഞൂത്രെ, പക്ഷെ അലമേലു ഒരുപൊടിക്ക് കൂട്ടാക്കിയില്ല. അങ്ങടുമിങ്ങടും എന്തൊക്കെയോ പറഞ്ഞ് മുഷിഞ്ഞാണ് അവർ ഇറങ്ങി പോയത്.”
“അതെയോ ” എന്ന് പറഞ്ഞ് അച്ഛനുറങ്ങി. അലമേലുമാമി തിരിച്ചു പോവോ ഇല്ലയോ എന്നാലോചിച്ചാലോചിച്ച് എനിക്കുറക്കം വന്നില്ല.
ജയദേവണ്ണൻ പിന്നെയുമിടക്കൊക്കെ വിളിക്കാൻ വന്നെങ്കിലും അലമേലു മാമി പോയില്ല. ജയദേവണ്ണൻ വന്നു പോയ ദിവസങ്ങളിലെല്ലാം അലമേലു മാമിയുടെ മുഖം മ്ലാനമാവുമായിരുന്നു.
അച്ഛന്റെ കടയിലെ കച്ചവടം ഉഷാറായതോടുകൂടി പുതിയ വീട് വാങ്ങി ഞങ്ങൾ തായമ്മയുടെ വീട്ടിൽ നിന്നും താമസം മാറി. എന്നാലും കോളേജിൽ നിന്നും വരുന്ന വഴി അലമേലുമാമിയുടെ വീട്ടിൽ കയറി വിശേഷങ്ങൾ തിരക്കലെന്റെ ദിനചര്യയായിരുന്നു.
ഒരു ദിവസം മാമിയുടെ വീട്ടിൽ ചെന്നപ്പോൾ ഒടിഞ്ഞു തൂങ്ങി മുക്കിലിരിക്കുന്ന അലമേലുമാമിയെ കണ്ട് ഞാനമ്പരന്നു, “എന്തു പറ്റി മാമി ?” എന്ന് അടുത്ത് ചെന്ന് ചോദിച്ചപ്പോൾ “ജയദേവണ്ണൻ വേറെ കല്യാണം കഴിച്ചു.” അത് പറയുമ്പോൾ മാമിയുടെ കണ്ണ് നിറഞ്ഞിരുന്നു. കട്ടിലിൽ കിടക്കുന്ന തായമ്മ അത് കേട്ട് ഒന്ന് നിരങ്ങിയത് പോലെ തോന്നിയെനിക്ക് .
ഞാൻ കല്യാണം കഴിച്ചു ഹൈദ്രാബാദിലേക്ക് വന്നതോടെ അലമേലുമാമിയുടെ വിശേഷങ്ങളറിയൽ അമ്മയിലൂടെയോ അനിയത്തിയിലൂടെയോ ആയി.
അനിയത്തിയുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ അച്ഛനുമമ്മയും ധാരാപുരത്ത് നിന്നും നാട്ടിലേക്ക് പോന്നു.
ജോലിയും കുടുംബവും പുതിയ ആളുകളും പുതിയ ലോകവും ജീവിതത്തിലേക്ക് കയറിയപ്പോൾ ഓർമ്മകളുടെ അടിത്തട്ടിലേക്ക് പലരും പോയെങ്കിലും,
അലമേലു മാമി മാത്രമിടയ്ക്കിടെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു
തായമ്മ മരിച്ച വിവരം അനിയത്തി പറഞാണ് അറിഞ്ഞത്. അഭിമോൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരുപ്പതി പോയി വരുന്ന സമയത്താണ് അലമേലു മാമിയെ അവസാനമായി കണ്ടത്.
അവിടെയെത്തിയ ഞാൻ
‘തായ് വീട് ‘എന്ന പുറത്തെ ബോർഡ് കണ്ട് സങ്കടം തോന്നി. കൂട്ടിനാരുമില്ലാതെ ഒറ്റക്കിരിക്കുന്ന അലമേലു മാമിയുടെ മുഖമോർത്ത് അകത്തേക്ക് ചെന്നു. എന്റെ കണ്ണുകളെ എനിക്ക് വിശ്വാസം വരാത്ത വിധത്തിൽ കുറെ വൃദ്ധരതാ അവിടെയുമിവിടെയും ഇരുന്നു വർത്തമാനം പറയുന്നു, ചിരിക്കുന്നു.
“എൻ അമ്മാക്ക് ഞാനിരുന്തത് പാക്കർത്ത്ക്ക്, ആണാൽ ഇവുങ്ങകൾക്കെല്ലാം ആരുമേയില്ല.
ഇനി എൻ വാഴ്വ്വ് ഇവുങ്കൾക്ക് വേണ്ടി താൻ ആവുട്ടും എന്ന് നിനച്ചു .”
അന്തം വിട്ടു കണ്ണ് മിഴിച്ചു നില്ക്കുന്ന എന്റടുത്ത് വന്ന് അലമേലു മാമി പറഞ്ഞു. വയസ്സായവരുടെ ആ കൂട്ടത്തിൽ ജയദേവണ്ണന്റെ അപ്പയെയും കണ്ടു.
അലമേലുമാമിയുടെ സ്നേഹമങ്ങനെ ഒഴുകിനടക്കുന്ന ആ വൃദ്ധസദനത്തിൽ നിന്നും പോരുന്ന സമയത്ത് മാമി എന്റടുത്ത് വന്ന് തലമുടിയിലങ്ങനെ വിരലോടിച്ചു കൊണ്ട് “മായമ്മാ ഉൻ അഴകാന മുടിയെല്ലാം പോയിടിച്ച് , മല്ലിപൂ വെക്കറുതില്ലിയാ ?”എന്ന് പറഞ്ഞു. അന്നാ മുഖത്തേക്ക് തന്നെ നോക്കിനിന്നപ്പോൾ വെള്ളമൂക്കുത്തിയിട്ട ചിരിക്കുന്ന ഈ മുഖം താൻ തിരുപ്പതിയിൽ തൊഴുത ദേവിയുടെ മുഖം പോലുണ്ടല്ലോന്ന് തോന്നി.
പിന്നീടങ്ങോട് അമ്പലങ്ങളിലെ ദേവിമാരുടെ മുഖം അലമേലുമാമിയുടെ മുഖമായിട്ടെത്രയോ പ്രാവശ്യം തനിക്ക് തോന്നിയിട്ടില്ലേ.?
ഇന്നിതാ കുറച്ച് നേരം മുന്നെ അനിയത്തി ഫോൺ വിളിച്ചു പറഞ്ഞിരിക്കുന്നൂ
അലമേലു മാമി ഹൃദയസ്തംഭനം വന്ന് മരിച്ചൂന്ന്.
അലമേലു മാമി ഈ ഭൂമുഖത്ത് നിന്നല്ലേ പോയിട്ടുള്ളൂ . മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചതു കൊണ്ട് ആളുകളുടെ മനസ്സിലെന്നും അലമേലുമാമി ജീവിക്കില്ലേ? അപ്പോൾ അലമേലു മാമി മരിച്ചിട്ടില്ല.
