NEWS DETAILS

27 May 2023

സ്നേഹത്തിന്റെ സൗമ്യസാന്നിദ്ധ്യം; കമാണ്ടർ ജോർജ് കോരത്(വഴിത്താരകൾ)

അനിൽ പെണ്ണുക്കര 

"നിരാശ തോന്നാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം നന്മയുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. അങ്ങനെ നിങ്ങൾ ലോകത്തെ പ്രതീക്ഷയാൽ നിറയ്ക്കും, നിങ്ങൾ സ്വയം പ്രത്യാശ നിറയ്ക്കുകയും ചെയ്യും"

മറ്റുള്ളവരുടെ സേവനത്തിൽ നാം സ്വയം നഷ്ടപ്പെടുമ്പോൾ, നമ്മുടെ സ്വന്തം ജീവിതവും നമ്മുടെ സന്തോഷവും നാം കണ്ടെത്തുന്നു എന്ന് സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്. സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കുക എന്നത് നിസ്സാര കാര്യമല്ല.

എന്നാൽ സ്വന്തം ജീവിതത്തെ മനുഷ്യ നന്മയ്ക്കായും സഹജീവികളുടെ വിജയത്തിനായും മാറ്റിവച്ച ഒരു സാധാരണ മനുഷ്യൻ അസാധാരണ വ്യക്തിത്വമായി വളർന്ന കഥ യാണിത്.കമാണ്ടർ ജോർജ് കോരത്

മുൻ ഫൊക്കാന പ്രസിഡന്റ് .അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര...

ചിട്ടയായ ജീവിതം

ഏതൊരു വ്യക്തിക്കും ബാല്യത്തിൽ ലഭിക്കുന്ന ചിട്ടയായ ജീവിതം ജീവിതത്തിന്റെ എല്ലാ അവസ്ഥകളേയും മാറ്റിമറിക്കും എന്നത് സത്യമാണ് . കോലഞ്ചേരിക്കടുത്ത് പട്ടിമറ്റം പാല്യത്ത് കോരത് വർക്കിയുടേയും ഏലിയാമ്മ കോരതിന്റേയും മകനായിട്ടാണ് ജോർജ് കോരതിന്റെ ജനനം. കോരത് വർക്കി മിലിട്ടറി സർവ്വീസിൽ ആയതിനാൽ ചെറുപ്പം മുതൽ ചിട്ടയായ ജീവിതമായിരുന്നു ഈ കുടുംബത്തിന്റെ ആത്മ ബലം.ഒപ്പം ദൈവീകതയിൽ അടിയുറച്ച വിശ്വാസവും മാതാപിതാക്കൾ മക്കൾക്ക് നൽകി. 6 വയസു വരെ ജബൽപൂർ, സെക്കന്ററാബാദ്. മദ്രാസ് എന്നിവിടങ്ങളിലെ പിതാവിന്റെ ഔദ്യോഗിക ജീവിതത്തിന് ശേഷം നാട്ടിലേക്ക് വന്നു. ടീച്ചറായ അമ്മ ഏലിയാമ്മയ്ക്കൊപ്പം പഠനത്തിന്റെ മേഖലയിലേക്ക് സജീവമായി. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിൽ പഠനം. സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയിൽ സയൻസ് സബ്ജക്ട് എടുത്ത് പ്രീഡിഗ്രി പഠനം. ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിയിൽ ഡിഗ്രി. സ്കൂൾ കോളേജ് പഠനകാലത്ത് ബാഡ്മിന്റൺ പ്ലെയർ , എൻ.സി.സിയിൽ കേഡറ്റും ആയിരുന്നു. നാഷണൽ ഡിഫൻസ് മിനിസ്ട്രിയിൽ നിന്ന് ബി സർട്ടിഫിക്കറ്റും അക്കാലത്ത് സ്വന്തമാക്കി. ഡിഗ്രി കഴിഞ്ഞ് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പി.ജിക്ക് ചേർന്നു. പഠനം തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ജീവിതത്തെ മാറ്റിമറിക്കാൻ ഒരാൾ അദ്ദേഹത്തിന്റെ ഒപ്പമെത്തി .

വിവാഹവും ജീവിതത്തിലെ വഴിത്തിരിവും.

മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നവർ എക്കാലവും ഭാഗ്യമുള്ളവരാകും. ജോർജ് കോരതിനെ കാത്തിരുന്ന പങ്കാളിയെ ദൈവം അദ്ദേഹത്തിനായി ഒരുക്കിയതാണെന്ന് പറയും. വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കര വെളിയിൽ മത്തായിയുടേയും, അന്നമ്മയുടേയും മകൾ ദീനയുമായുള്ള വിവാഹം ഒരു നിയോഗമായിരുന്നു എന്ന് കാലം തെളിയിച്ചു. അമേരിക്കയിൽ നേഴ്സായ ദീനയോടൊപ്പം 1979 ൽ അയോവ സ്‌റ്റേറ്റിൽ വന്നിറങ്ങുമ്പോൾ ഈ മഹാനഗരവും, നാടും, ഇവിടുത്തെ മനുഷ്യരും ഒരു സാധാരണ മനുഷ്യനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. 1979 മാർച്ച് മാസത്തിൽ കോരത് ഒരു ചെറിയ ജോലിയിൽ കയറി. കമ്പ്യൂട്ടർ പ്രോഗ്രാമിൽ അസ്സോസിയേറ്റ് ഡിഗ്രിയെടുത്തു. ബാങ്കിലെ ജോലിക്ക് കമ്പ്യൂട്ടർ ഡിഗ്രി അത്യാവശ്യമായിരുന്നു. 1979 മുതൽ 1985 വരെ അയോവയിൽ തുടർന്നു. അതിനിടയിൽ അയോവ ഇന്ത്യൻ അമേരിക്കൻ അസ്സോസിയേഷനിൽ പ്രവർത്തനം തുടങ്ങി . ബോർഡ് മെമ്പർ ആയി സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഫ്ലോറിഡ നൽകിയ സൗഭാഗ്യം

1985 ൽ ഫ്ലോറിഡ സ്‌റ്റേറ്റിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോൾ പോസ്റ്റൽ സർവ്വീസിൽ ജോലിക്കാരനായിരുന്നു.പോസ്റ്റൽ മാനേജ്മെന്റ് ഡിഗ്രിയും പാസ്സായി.പോസ്റ്റൽ വകുപ്പിൽ ക്ലാർക്ക്, സൂപ്പർവൈസർ എന്നീ തസ്തികകളിൽ നിന്ന് ടെക്നിക്കൽ സൈഡിലേക്ക് മാറി. 30 വർഷം പോസ്റ്റൽ സർവ്വീസിൽ ജോലിക്കാരെ പരിശീലിപ്പിക്കുന്ന ജോലി. ഇവിടെ വലിയ സ്വീകാര്യതയാണ് ജോർജ് കോരതിന് ലഭിച്ചത്. സത്യസന്ധനായ ഒരു മേലുദ്യോഗസ്ഥന്റെ കരുതലിൽ വളർന്ന ഒരു കൂട്ടം തൊഴിലാളികളെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ലഭിച്ചു. 2007 ൽ ജോലിയിൽ നിന്ന് വിരമിച്ചു. ജീവിതത്തിന്റെ  ഔദ്യോഗിക കാലത്തിന് വിരാമമായപ്പോൾ കാത്തിരുന്നത് സമൂഹത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ക്ഷണമായിരുന്നു.

സാംസ്കാരിക , സാമൂഹ്യ പ്രവർത്തനങ്ങൾ

ചെറുപ്പം മുതൽക്കെ സാമൂഹ്യ പ്രവർത്തനത്തിന്റെ നന്മകൾ തിരിച്ചറിഞ്ഞത് പള്ളിയിൽ കൈക്കാരനും സണ്ടെ സ്കൂൾ അദ്ധ്യാപകനും, ഹെഡ്മാസ്റ്ററുമൊക്കെയായി.സത്യസന്ധനായ ഒരു ദൈവ വിശ്വാസിക്കുമാത്രമെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സാധിക്കു എന്ന തിരിച്ചറിവിൽ ജോർജ് കോരത് 1990 ൽ സെൻട്രൽ ഫ്ലോറിഡയിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം നൽകുന്നതിൽ ഒപ്പം നിന്നു. മലയാളി അസ്സാസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ . രണ്ടാം ടേമിൽ ഈ സംഘടനയുടെ പ്രസിഡന്റായി ജോർജ്  കോരത് തെരഞ്ഞെടുക്കപ്പെട്ടു. സൗമ്യമായ ചിരിയും, സൗമ്യഭാവവും അദ്ദേഹത്തെ സംഘടനയിൽ എല്ലാവർക്കും ജനസമ്മതനാക്കി.

ഫൊക്കാനയിലേക്ക്

ചിട്ടയായ സാമൂഹ്യ പ്രവർത്തനമാണ് ജോർജ് കോരതിനെ സംഘടനാ തലങ്ങളിൽ അടയാളപ്പെടുത്തുന്നത്. ആ അടയാളപ്പെടുത്തൽ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയിലേക്ക് എത്തിച്ചു. 1990 ൽ ഒർലാന്റോയിൽ ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ നടന്നതു മുതൽ  സജീവ പ്രവർത്തകനായി. 1996-98 ൽ ഡാളസ് കൺവൻഷനിൽ സതേൺ റീജിയണൽ വൈസ് പ്രസിഡന്റായി. 2004 ൽ ഫൊക്കാനയുടെ പ്രസിഡന്റായി .രണ്ടുവർഷം നടത്തിയ പ്രവർത്തനങ്ങൾ  എല്ലാം സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു .

സുനാമിയും ജീവിതത്തിന്റെ തിരിച്ചറിവുകളും

ഫൊക്കാനയുടെ പ്രസിഡന്റായി പ്രവർത്തിച്ച കാലം ഒരു പരിവർത്തന കാലം കൂടിയായിരുന്നു. നിരവധി കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചു. പക്ഷെ കേരളത്തിലുണ്ടായ  സുനാമിയിൽ സഹോദരങ്ങളായ മനുഷ്യരുടെ തേങ്ങലുകൾ കാണേണ്ടി വന്ന നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല. ആ സമയത്ത് ഫൊക്കാനയുടെ ഒരു ടീം തന്നെ കേരളത്തിലെത്തി.എറണാകുളം മുതൽ സുനാമി ബാധിത പ്രദേശങ്ങളിലൂടെ  സഞ്ചരിച്ചു. വേണ്ട സഹായങ്ങൾ എല്ലാം നൽകി. അഞ്ച് ലക്ഷം രൂപ സുനാമിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുവാൻ നൽകി. നിരവധി മെഡിക്കൽ സഹായവും നൽകി. ജീവിതത്തിൽ മനുഷ്യർ ചില സമയങ്ങളിൽ എത്ര നിസ്സഹായരാണെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.

സിനിമ അവാർഡ്

എക്കാലവും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന ഫൊക്കാന ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്നതിന് കേരളാ കൺവൻഷനോടനുബന്ധിച്ച് അവാർഡ് നൈറ്റ് സംഘടിപിച്ചു. സുകുമാരി, സുരേഷ് കൃഷ്ണ, പ്രിയരാമൻ, കൃഷ്ണ തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ രോഗ ബാധിതനായ ഒടുവിൽ ഉണ്ണികൃഷ്ണന് നൽകിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇന്നും മനസിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിനു വേണ്ടി സംവിധായകൻ സത്യൻ അന്തിക്കാട് ആയിരുന്നു അവാർഡ് സ്വീകരിച്ചത്.

2004-2006 കാലഘട്ടം  ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്ന വർഷം കൂടിയായിരുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ തിളക്കം. കാരണം ഏറ്റെടുത്ത ഏത് ജോലിയും കൃത്യമായി നിർവഹിക്കുവാനുള്ള ചെറുപ്രായം മുതൽക്കേ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ 2006 ൽ ഫൊക്കാനയിൽ ഉണ്ടായ പിളർപ്പ് അദ്ദേഹത്തെ വല്ലാതെ തളർത്തി. സംഘടനകൾ പിളരുന്നത് അംഗബലം കുറയ്ക്കും. രാഷ്ട്രീയ സംഘടനകൾ പിളരുന്ന പോലെയല്ല പ്രവാസ സംഘടനകൾ  പിളരുന്നത്. സംഘബലം കുറയുകയും അവ ചേരിതിരിവിന് കാരണമാവുകയും ചെയ്യുമെന്ന് അനുഭവം പഠിപ്പിച്ചു.എങ്കിലും ഫൊക്കാന തന്നെയാണ് അമേരിക്കൻ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഘടനയെന്ന് അദ്ദേഹം  അടിവരയിടുന്നു.

വളരെ മികച്ച ഒരു കൺവൻഷനായി ഒർലാന്റോ കൺവൻഷനെ മാറ്റിയ  ജോർജ് കോരത് ഫൊക്കാനയിൽ സജീവമായി നിന്നു. 2020 - 2022 കാലയളവിൽ സുഹൃത്തു കൂടിയായ ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫ്ലോറിഡ  കൺവൻഷൻ  മികച്ച നാഷണൽ കൺവൻഷൻ ആയിരുന്നു എന്ന് അദ്ദേഹം പറയുമ്പോൾ ഇരുത്തം വന്ന ഒരു സംഘടനാ നേതാവിനെ അദ്ദേഹത്തിന്റ മുഖത്ത് നമുക്ക് കാണാം.

ഫൊക്കാനയുടെ പിളർപ്പിന് ശേഷം പൊതുവെ  സംഘടനകൾ  വ്യക്തിതാല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും സാമൂഹ്യ പ്രവർത്തനം പണാധിഷ്ഠിതമായി മാറുകയും ചെയ്തതായി തോന്നിയിട്ടുണ്ട്. സംഘടനകൾക്ക് മുകളിൽ അല്ല വ്യക്തികൾ. സംഘടന ഉണ്ടെങ്കിലേ വ്യക്തികൾ ഉള്ളു. കമ്മ്യൂണിറ്റികൾ വളർന്നെങ്കിൽ മാത്രമെ വ്യക്തിക്കും വളർച്ചയുള്ളു എന്ന് അദ്ദേഹം വിലയിരുത്തുന്നു.

നാടക പ്രവർത്തകൻ

ചെറുപ്പം മുതൽക്കേ നാടകം ഉള്ളിൽ കൊണ്ടു നടന്ന ജോർജ് കോരത് താമ്പയിൽ ഒരു നാടക സംഘത്തിന് തുടക്കമിട്ടു. താമ്പ നാടക വേദി. നിരവധി നാടകങ്ങൾ നടത്തി. ഔദ്യോഗിക  തിരക്കുകൾക്കിടയിൽ മലയാളികൾക്ക് ഒത്തുകൂടാനും ഉപേക്ഷിക്കപ്പെട്ട കലാവാസനകളെ തിരികെപ്പിടിക്കാനുമുള്ള വേദിയാക്കി ഈ നാടക പ്രവർത്തനങ്ങളെ മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴും ഫ്ലോറിഡ നാടക പ്രവർത്തകരുടെ കേന്ദ്രമാണ് എന്നതിൽ അദ്ദേഹത്തിനും അഭിമാനിക്കാം.

ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ.കമാണ്ടർ  ജോർജ് കോരത്

ഒരു കുഞ്ഞ് ജനിക്കുന്നത് ദൈവത്തിന്റെ പുഞ്ചിരിയോടു കൂടിയാണ്. ആ പുഞ്ചിരി നിലനിർത്തുവാൻ മുന്നോട്ടുള്ള ജീവിതം ഉപകരിക്കുന്നതു പോലെ ജോർജ് കോരതിന്റെ ജീവിതം ഈശ്വരനിൽ സമർപ്പിതമായിരുന്നു . ചെറുപ്പം മുതൽക്കേ ആദ്ധ്യാത്മിക കാര്യങ്ങളിൽ സജീവമായിരുന്നു. പള്ളിയും പള്ളിയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം  അദ്ദേഹം സജീവമായി. 1996 ൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന് തുടക്കമിടുകയും അതിന്റെ ആദ്യ കൺവീനർ ആകുകയും ചെയ്തു  . 25 വർഷം പള്ളിയിൽ സഹായിയായും സൺഡേ സ്കൂൾ അദ്ധ്യാപകൻ, ഹെഡ് മാസ്റ്റർ എന്നീ നിലകളിലും സജീവം.അമേരിക്കൻ  ഭദ്രാസന സിൽവർ ജ്യൂബിലിയിൽ പ്രോഗ്രാം കോ- ഓർഡിനേറ്റർ, നാഷണൽ കോ-ഓർഡിനേറ്ററായും പ്രവർത്തനം . റവ  ഫാ.ജോർജ് ഏബ്രഹാമിന്റെ പൗരോഹിത്യ ജ്യൂബിലിയുടെ ചെയർമാനുമായിരുന്നു. അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തീത്തോസ് തിരുമേനിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ജോർജ് കോരതിനെ തന്റെ ആദ്ധ്യാത്മിക പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് പാത്രിയർക്കിസ് ബാവ സഖാ പ്രഥമൻ 2011 ൽ കമാണ്ടർ പദവി നൽകി ആദരിക്കുകയുണ്ടായി.അങ്ങനെ ജോർജ് കോരത് കമാണ്ടർ ജോർജ് കോരത് ആയി . ഈ വളർച്ചയ്ക്കും അംഗീകാരത്തിനും കാരണം ജനിച്ച നാൾ മുതൽ ഉണ്ടായ ഈശ്വര വിശ്വാസവും, സത്യസന്ധതയുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അമേരിക്കൻ രാഷ്ട്രീയ പ്രവർത്തനം

അമേരിക്കൻ മലയാളി യുവതലമുറ അമേരിക്കൻ രാഷ്ട്രീയ രംഗങളിൽ ഇപ്പോൾ സജീവമായതിൽ സന്തോഷിക്കുമ്പോഴും ഫൊക്കാന പോലെയുള്ള സംഘടനകൾ ഈ രംഗത്ത് കൂടുതൽ സംഭാവനകൾ നടത്തുവാൻ തയ്യാറാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.അതിനായി പ്രവർത്തന പദ്ധതികൾ ആരംഭിക്കണം. വിവിധ സ്‌റ്റേറ്റുകളിൽ മലയാളി പ്രതിഭകൾ വിവിധ പദവികളിൽ തിളങ്ങുന്ന വാർത്തകൾ ഇപ്പോൾ ഏറെ സന്തോഷം നൽകുന്നു. ഫ്ലോറിഡയിലെ ലോക്കൽ കൗണ്ടിയിലേക്ക് മത്സരിച്ച ടി.കെ മാത്യുവിന്റെ ഇലക്ഷൻ കാമ്പയിൻ ചെയർമാനായി പ്രവർത്തിച്ച ജോർജ് കോരത്   ലോക്കൽ ഗവൺമെന്റ് ഭരണകർത്താക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാറുണ്ട്.

ദീന-ജീവിത നന്മ,കുടുംബം

ജീവിതത്തിലെ എല്ലാ വിജയങ്ങളുടേയും തുടക്കം മാതാപിതാക്കളുടെ അനുഗ്രഹമെന്ന് പറയുന്ന ജോർജ് കോരത് തന്റെ ജീവിത വിജയത്തിന്റെ നെടുന്തൂൺ ഭാര്യ ദീന ആണെന്ന് പറയും. തന്റെ ഹൃദയവും ആത്മാവും ആണെന്ന് മാത്രമല്ല നിഴലായി , തണലായി തന്റെ  ഭാര്യയായതിൽ അഭിമാനിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു.

തനിക്ക് അങ്ങനെയാകാൻ സാധിക്കുന്നത് ദൈവം കോരതിനെ തനിക്കായി ഒരുക്കിയത് ദൈവത്തിന്റെ സമ്മാനമാണെന്നും ദീന അടിവരയിടുന്നു. ഇത്രത്തോളം കരുതലും, സ്നേഹവുമുള്ള ഒരാൾ , എന്റെ മക്കളുടെ പ്രിയപ്പെട്ട പപ്പ, ഗ്രാൻപ്പാ അങ്ങനെ വ്യത്യസ്ത തലമുറയിൽ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനമാകുന്നു എന്ന് ദീനാമ്മ  പറയുമ്പോൾ കണ്ഠം ഇടറിയോ.. കോരത് ദീനയെ ചേർത്തു പിടിച്ച നിമിഷം ജീവിതത്തിലെ സുവർണ്ണ നിമിഷമായി ഈശ്വരൻ അടയാളപ്പെടുത്തും. ഈ മുഹൂർത്തങ്ങൾക്ക് സാക്ഷിയാകുന്നത് മക്കൾ എമി (ഡോക്സ് ഓഫീസ് മാനേജർ ) ടീന (ടീച്ചർ ) മരുമകൻ കെന്നത്ത് സിംഗ് (ജെയ്സൺ -  സി.ഇ. ഒ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടി.സി. എം ബാങ്ക്).

കൊച്ചു മക്കൾ - നോവ (5 വയസ്), ഏവ (2 വയസ്) എന്നിവരും കൂടിയാകുമ്പോൾ ജോർജ് കോരതിന്റെ ജീവിതം ധന്യം.

"എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ അത് വീടാണ്. സ്നേഹിക്കാൻ ഒരാളുണ്ടായാൽ അത് കുടുംബമാണ്.രണ്ടും ഉള്ളത് ഒരു അനുഗ്രഹമാണ് " എന്ന് ജോർജ് കോരത് പറഞ്ഞ് ഈ സംഭാഷണത്തിന് വിരാമമിടുമ്പോൾ ഇത്ര കൂടി കുറിക്കട്ടെ..ജീവിത കാലം മുഴുവൻ നിങ്ങൾ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ..

പ്രാർത്ഥനകൾ....

കമാണ്ടർ ജോർജ് കോരത്