* പദ്ധതിയിൽ 36 ടൂറിസം കേന്ദ്രങ്ങൾ
കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ പദ്ധതിയിൽ ഇന്ത്യയിലാകെ 36 ടൂറിസം കേന്ദ്രങ്ങളെ പ്രഖ്യാപിച്ചതിൽ കുമരകവും ഉൾപ്പെട്ടതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു.
നേരത്തെ 19 ടൂറിസം കേന്ദ്രങ്ങളെ ഐകോണിക് ടൂറിസം ഡെസ്റ്റിനേഷനുകളായി പ്രഖ്യാപിച്ചപ്പോഴും കുമരകം ഉൾപ്പെട്ടിരുന്നു. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വദേശ് ദർശൻ പദ്ധതിക്കായി 1151 കോടി രൂപയും ഐകോണിക്ക് ടൂറിസം പദ്ധതിക്ക് 130 കോടിയുമാണ് മൊത്തം വകയിരുത്തിയിരിക്കുന്നത്. ആഗോള പ്രശസ്തമായ കുമരകത്തിന് ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ പദ്ധതികൾ സഹായിക്കും എന്ന് എംപി അറിയിച്ചു.
കേരളത്തിന്റെ പ്രത്യേകിച്ച് കുമരകത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും കായലോരവും പുഴകളും ചേർന്ന വലിയ ടൂറിസം സാധ്യതകൾ പൂർണ്ണമായും വിനിയോഗിക്കാൻ ഈ പദ്ധതി സഹായിക്കും. ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കുമരകം, അയ്മനം, ആർപ്പൂക്കര, തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്രമായ ടൂറിസം വികസനത്തിന് ഇതിലൂടെ വഴി തെളിയും.
കുമരകത്തിന്റെ ടൂറിസം വികസനത്തിന് വേണ്ടി പാർലമെന്റിൽ തുടർച്ചായി നടത്തിയ ഇടപെടൽ ലക്‌ഷ്യം കണ്ടെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു.