NEWS DETAILS

10 October 2023

ആഗ്രഹിച്ച വഴികൾ കീഴടക്കിയ ഒരു സാധാരണക്കാരൻ: തോമസ് ഇലവുങ്കൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

"മനസ്സൊരുക്കമുള്ള ഹൃദയത്തിന് ഒന്നും അസാധ്യമല്ല "

ഏതൊരു വസ്തുവിനോടുമുള്ള ശക്തമായ അഭിനിവേശം വിജയം ഉറപ്പാക്കും. കാരണം അവസാനത്തെ ആഗ്രഹം പോലും മാര്‍ഗ്ഗങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും. തന്‍റെ ഓരോ ആഗ്രഹത്തിനു മുന്നിലും ഈശ്വരന്‍ തുറന്നിട്ട വഴികളിലൂടെ സഞ്ചരിച്ച് അവിടെയെല്ലാം വിജയം കണ്ട ഒരു സാധാരണ മനുഷ്യനുണ്ട് ഫ്ളോറിഡയില്‍.

തോമസ് ഇലവുങ്കല്‍. കടന്നുവന്ന ജീവിത വഴിയില്‍ ഒരു അവകാശ വാദങ്ങളും ഉന്നയിക്കാതെ ജീവിതത്തിലെ ചില നല്ല നിമിഷങ്ങളെ നമ്മുടെ മുന്നിലേക്ക് അദ്ദേഹം വരച്ചിടുമ്പോള്‍ നാം അത്ഭുതപ്പെട്ടു പോകും. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അമേരിക്കന്‍ മണ്ണില്‍ വന്ന് ജീവിതവിജയം നേടിയ കഥ. എത്ര വലിയ ഉന്നതിയിലെത്തിയാലും അതിനേക്കാള്‍ വിലമതിക്കുന്ന പൊക്കിള്‍ കൊടി ബന്ധത്തിന്‍റെ പവിത്രത, ആ പവിത്രതയില്‍ പടുത്തുയര്‍ത്തിയ തോമസ് ഇലവുങ്കലിന്‍റെ ജീവിതം പത്തരമാറ്റ് ചരിത്രമാണ്. ഓരോ പ്രവാസി മലയാളിയും വായിച്ചിരിക്കേണ്ട ജീവിതകഥയില്‍ നമുക്ക് നമ്മെ തന്നെ പലപ്പോഴും വായിച്ചെടുക്കാം.

വെളിയന്നൂരിലെ സാധാരണ മനുഷ്യൻ

കോട്ടയം വെളിയന്നൂര്‍ ഇലവുങ്കല്‍ ജോസഫ് - മറിയം  ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയ മകനാണ് തോമസ് ഇലവുങ്കല്‍. മൂന്ന്  സഹോദരങ്ങളും, നാല്  സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്‍റെ വരുമാനം പിതാവിന്‍റെ കൃഷിയായിരുന്നു. ജോസഫും മറിയവും മക്കളെ പഠിപ്പിച്ച് വലിയവരാക്കാന്‍ ആഗ്രഹിച്ചതായിരുന്നു ആ കുടുംബത്തിന്‍റെ വിജയ ഭേരിക്ക്  കാരണമായത്. ഓരോ കുടുംബവും പഠിക്കേണ്ട അടിസ്ഥാന ബാലപാഠം.

അരീക്കര യു. പി. സ്കൂളില്‍ ഒന്നു മുതല്‍ ഏഴ് വരെയും എട്ടു മുതല്‍ പത്ത് വരെ വെളിയന്നൂര്‍  വന്ദേമാതരം എന്‍. എസ്. എസില്‍ പഠനം. തുടര്‍ന്ന് കടുത്തുരുത്തി ഐ.റ്റി.സിയില്‍ സാങ്കേതിക പഠനത്തിന് ചേര്‍ന്നു.

അമേരിക്കയിലേക്ക്;വേഗം  മാറി മറിയുന്ന ജീവിതം

ഐ.ടി. ഐ. പഠനം കഴിഞ്ഞ സമയത്താണ് ചിക്കാഗോയില്‍ നേഴ്സ് ആയ സഹോദരി ചിന്നമ്മ മേക്കാട്ടില്‍ വഴി ചിക്കാഗോയിലേക്ക് പോകാന്‍ അവസരം ലഭിക്കുന്നത്. കേരളത്തില്‍ എന്തെങ്കിലും ജോലി നോക്കണം എന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ ഈശ്വരന്‍ ഒരു സാധാരണ കുടുംബത്തിനെ സംരക്ഷിക്കുവാന്‍ എടുത്ത തീരുമാനത്തിന്  തോമസ് ഹൃദയം കൊണ്ടാണ് നന്ദി പറഞ്ഞത്. അങ്ങനെ അവസരങ്ങളുടെ നാട്ടിലേക്ക് 1984ല്‍ വിമാനം കയറുന്നു. ചിക്കാഗോയില്‍ വന്നിറങ്ങിയപ്പോള്‍ ഒരു ജോലി ലഭിക്കാനുള്ള ഓട്ടത്തിനൊടുവില്‍ ഡ്രൈവര്‍ ജോലി ലഭിച്ചു. കഠിനാധ്വാനത്തിലൂടെ മാത്രമെ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു എന്ന മാതാപിതാക്കള്‍ നല്‍കിയ പാഠം കാറ്റിലും മഞ്ഞിലുമൊക്കെ ജീവിതത്തെ കരുപ്പിടിപ്പിക്കുവാന്‍ പ്രചോദനമായി.


ഗൃഹനാഥൻ , വീട്-ആഗ്രഹങ്ങൾക്ക് മീതെ പറന്ന യാഥാർത്ഥ്യങ്ങൾ

1986ല്‍ നാട്ടിലെത്തി കരിങ്കുന്നം വെളിമറ്റത്ത് ഓനപ്പന്‍ സാര്‍ - ലീലാമ്മ ദമ്പതികളുടെ മകളായ ലൗസി (നേഴ്സ്) യുമായി വിവാഹം. കൂടെ ഒരാള്‍ കൂടി വന്നപ്പോള്‍ ചിക്കാഗോയില്‍ ഒരു വീട് വാങ്ങണം എന്ന ആഗ്രഹം കലശലായി. പിന്നീടങ്ങോട്ട് കഠിനാധ്വാനം തന്നെ ആയിരുന്നു. വളയം പിടിച്ച കൈകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞു പോയത് ആത്മവിശ്വാത്തിന്‍റെ കരുത്തുമായി ആയിരുന്നു. നീണ്ട മൂന്ന് വര്‍ഷങ്ങളുടെ പ്രയത്നം. ഡ്രൈവര്‍ ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞുള്ള ഓട്ടത്തിനൊടുവില്‍ സ്വന്തമായി ഒരു വീട് വാങ്ങി.  ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം ഏതെന്ന് തോമസിനോട് ചോദിച്ചാല്‍ അദ്ദേഹം കണ്ണടച്ച് പറയുന്ന ഉത്തരം ഇതാണ് 'ഒരു സാധാരണക്കാരനായ തനിക്ക് മൂന്ന് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് അമേരിക്കയിലൊരു വീട് വാങ്ങുക എന്നത്  നിസ്സാരമായ കാര്യമല്ല. നിസ്സാരമല്ലാത്ത ഒന്നിനെ വളരെ വേഗം കൈപ്പിടിയിലാക്കാന്‍ ലഭിച്ച ആത്മവിശ്വാസവും ആരോഗ്യവും നല്‍കിയ ദൈവത്തിന് സ്തുതി'

മാതാപിതാക്കൾ കണ്ട അമേരിക്ക

തന്‍റെ പുതിയ വീട്ടിലേക്ക് മൂന്ന് മക്കള്‍ അതിഥികളായി കൂട് കൂട്ടിയപ്പോള്‍ ആ വലിയ സന്തോഷം പങ്കിടാന്‍ മാതാപിതാക്കളെക്കൂടി നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവന്നു. പുതിയ നാട്, പുതിയ ജീവിതം ഇവയോടൊക്കെ അവര്‍ പൊരുത്തപ്പെട്ട് വന്നപ്പോഴേക്കും കാലാവസ്ഥ വില്ലനായി. അവരെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്നു.

പക്ഷെ മാതാപിതാക്കളെ തനിച്ചാക്കിയ നിമിഷങ്ങള്‍ മനസ്സിന്‍റെ കോണില്‍ നീറ്റലായി. ഒരിക്കല്‍ ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ നിന്ന് വിതുമ്പിയ പിതാവിന്‍റെ സ്വരം തോമസിന്‍റെ മനസ്സ് പുതിയ തീരുമാനത്തിലേക്ക് വഴുതി വീണു.

വീണ്ടും നാട്ടിലേക്ക്;ഒരു ബാങ്കർ ജീവിതം

ഒരു സുപ്രഭാതത്തില്‍ അഞ്ച് വയസും, മൂന്ന് വയസും, ആറ് മാസവും പ്രായമുള്ള കുട്ടികളേയും കൊണ്ട് ഇലവുങ്കല്‍  വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ തന്‍റെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഇറുകെ പുണര്‍ന്ന് കണ്ണീരൊഴുക്കി. ചിക്കാഗോയിലെ വീടും വിറ്റ്, ഭാര്യയുടെ ജോലിയും ഉപേക്ഷിച്ചുള്ള വരവാണിതെന്ന് പറഞ്ഞപ്പോള്‍ പിതാവ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴുമോര്‍ക്കുന്നു. 'ഇനി ഞങ്ങള്‍ മരിച്ചിട്ട് നിങ്ങള്‍ അമേരിക്കയ്ക്ക് പോയാല്‍ മതിയെന്ന്' ജീവിതത്തില്‍ മിഴികളടച്ച് പ്രാര്‍ത്ഥിച്ച് എടുത്ത തീരുമാനമായിരുന്നു അത്. മാതാപിതാക്കളുടെ കണ്ണീര് വീണ ഒരു ജീവിതം വേണ്ടാ എന്ന്. അവരോടൊപ്പം സന്തോഷത്തോടെ ശിഷ്ടകാലം ജീവിക്കണം. അതിനിടയില്‍ നാട്ടില്‍ നല്ലൊരു വീടും വെച്ചിരുന്നു തോമസ്.

മക്കളെ ലേബര്‍ ഇന്ത്യ സ്കൂളില്‍ ചേര്‍ത്തു. നാട്ടില്‍ ഒരു ചെറിയ ധനകാര്യ സ്ഥാപനം തുടങ്ങി. മാതാപിതാക്കള്‍ ഏറ്റവും സന്തോഷിച്ച കാലം. ആ സന്തോഷമായിരുന്നു തന്‍റെ വിജയത്തിന്‍റെ മൂലക്കല്ല് എന്ന് ചിന്തിച്ച് മുന്നോട്ടുളള യാത്ര. 2004 നവംബര്‍ 8ന് ഒരു അശനിപാതം പോലെ അമ്മയുടെ മരണം. കുടുംബത്തിനാകെ ഉണ്ടായ ഷോക്ക്. മക്കളുടെ സ്കൂള്‍ കാലഘട്ടം തീരാറായ സമയത്ത് പിതാവിന്‍റേയും കൂടി നിര്‍ദ്ദേശം കണക്കിലെടുത്ത് ഭാര്യയേയും മക്കളേയും വീണ്ടും അമേരിക്കയിലേക്ക് അയച്ചു. തോമസ് പിതാവിന്‍റെ കൂടെ നിന്നു. 2006 നവംബര്‍ 10 ന് പിതാവും അമ്മയുടെ അടുത്തേക്ക് യാത്രയായതോടെ തോമസ് നാട്ടിലെ ബിസിനസ് സംരംഭങ്ങള്‍ ഒഴിവാക്കി അമേരിക്കയിലേക്ക്. എല്ലാ വര്‍ഷവും നവംബര്‍ ആദ്യവാരം തോമസ് നാട്ടിലെത്തും. നവംബര്‍ 8, 10 ദിവസങ്ങളില്‍ മാതാപിതാക്കളുടെ ഓര്‍മ്മ ദിവസമായി പള്ളിയില്‍ പ്രാര്‍ത്ഥനയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കുറച്ച് ദിവസം ആ ഓര്‍മ്മകളില്‍ ലയിച്ചങ്ങനെ ജീവിക്കും. അവര്‍ പകര്‍ന്നു നല്‍കിയ സ്നേഹത്തിന് എന്തു നല്‍കിയാലും മതിയാവില്ല.

ഹൃദയത്തോട് ചേർത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ

നാട്ടില്‍ കുടുംബമായി താമസിച്ച കാലം തോമസ് ഇലവുങ്കല്‍ തന്‍റെ അദ്ധ്വാനത്തിന്‍റെ ഒരു പങ്ക് തന്‍റെ സഹജീവികള്‍ക്കായി മാറ്റിവെച്ചു കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജീവിതത്തിലെ മറ്റൊരു നിയോഗമായി.

ഏതൊരാളും എന്ത് ആവശ്യവുമായി തന്‍റെ മുന്നിലേക്ക് വന്നാലും അവര്‍ക്ക് ആവശ്യമായ സഹായങ്ങളുടെ വാതില്‍ തോമസ് അവര്‍ക്കായി തുറന്നിടും. വിദ്യാഭ്യാസ സഹായം നല്‍കുമ്പോഴാണ്  മനസ്സിന് കൂടുതല്‍ സന്തോഷമുണ്ടാവുക. നട്ടെല്ലിന് അസുഖമുണ്ടായിരുന്ന ഒരു കുട്ടിയെ ചികിത്സിച്ച് ഭേദമാക്കി സ്കൂളിലേക്കയച്ച ദിവസങ്ങള്‍. ഫീസടയ്ക്കാന്‍ ബുദ്ധിമുട്ട് വന്ന് കോളേജില്‍ നിന്ന് പുറത്താക്കപ്പെടുന്ന നിമിഷത്തില്‍ സഹായമെത്തിച്ച് പഠിപ്പിച്ച് ആ കുട്ടി ജര്‍മ്മനിയിലേക്ക് വിമാനം കയറിയ നിമിഷം ഇപ്പോഴും മനസിലുണ്ട്. തന്‍റെ മുന്നിലേക്ക് സഹായം അന്വേഷിച്ചു വരുന്ന  ഒരു മനുഷ്യരേയും നിരാശരായി മടക്കാതെ അവരെ ജീവിതത്തിന്‍റെ പച്ചപ്പിലേക്ക് തിരികെ കൊണ്ടു വരുമ്പോള്‍ ലഭിക്കുന്ന ആനന്ദം ഒന്ന് വേറെ തന്നെ. തന്‍റെയും കുടുംബത്തിന്‍റേയും അദ്ധ്വാനത്തിന് ഫലം ഉണ്ടാകുന്ന നിമിഷങ്ങള്‍ കൂടിയാണത്. സ്വന്തം ഭര്‍ത്താവ് ഭാര്യയോട് തന്നില്‍ നിന്നും ഗര്‍ഭം ധരിച്ച കുഞ്ഞിനെ  അബോര്‍ഷന്‍ ചെയ്യുവാന്‍ നിര്‍ബന്ധിച്ച വിവരം കന്യാസ്ത്രീയായ തന്‍റെ സഹോദരി മുഖേന തോമസ് അറിയുകയും ആ കുഞ്ഞിനെ അബോര്‍ഷന്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മാതാവും മകളുമായി തോമസിന്‍റെ കന്യാസ്ത്രീയായ സഹോദരിയെ കാണുവാന്‍ വന്നപ്പോള്‍ അന്ന് നിക്ഷേപിച്ച തുക അവര്‍ക്കായി നല്‍കുകയും ചെയ്തു. ഈ സംഭവം അദ്ദേഹത്തിന്‍റെ ജീവകാരുണ്യ വഴിയിലെ വ്യത്യസ്തമായ ഒരു അനുഭവമാണ്. താന്‍ പഠിച്ച സ്കൂളിന്‍റെ നവീകരണ സമയത്ത് മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി ഒരു ക്ലാസ് മുറി നിര്‍മ്മിച്ചു നല്‍കിയത് മുതല്‍ നൂറുകണക്കിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തോമസ് ഇലവുങ്കല്‍ നേതൃത്വം നല്‍കുന്നത്. സാധാരണക്കാരായ ആളുകള്‍ പലരും വീട് നിര്‍മ്മാണ സമയത്താണ് കൂടുതല്‍ ബുദ്ധിമുട്ടുക. ലോണെടുത്ത് വീട് വെയ്ക്കുമ്പോള്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ പലരേയും ബുദ്ധിമുട്ടിക്കും. വീടുപണി മുടങ്ങി പോകുന്ന സമയത്ത് തോമസ് ഇലവുങ്കല്‍ അവര്‍ക്ക് സഹായവുമായി എത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ട്. 'ഫൗണ്ടേഷന്‍ കെട്ടിയെങ്കിലേ ആദ്യ ഗഡു ലോണ്‍ അനുവദിക്കൂ. അതിനുള്ള കാശില്ല' എന്ന് ചിലര്‍ വന്ന് പറയുമ്പോള്‍ അതിനാവശ്യമായ മെറ്റീരിയലുകള്‍ എത്തിച്ച് കൊടുത്ത് അദ്ദേഹം അവരുടെ വീടിന് ഒരു തുടക്കക്കാരനാകും. അപ്പോള്‍ തോമസ് ഇലവുങ്കല്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യം ഇതാണ്.

ആദ്യമായി ചിക്കാഗോയിലെത്തി മൂന്ന് വര്‍ഷം കൊണ്ട് ഒരു വീട് സ്വന്തമായി വാങ്ങിയപ്പോള്‍ ഒപ്പം ഡ്രൈവര്‍ ആയി ജോലി ചെയ്ത ഒരാള്‍ ചോദിച്ചു. മുപ്പത് വര്‍ഷമായി ഒരു വീട് എന്ന സ്വപ്നം എനിക്ക് സാധിച്ചില്ല. തോമസിന് ഇതെങ്ങനെ സാധിച്ചു എന്ന്. കഠിനാധ്വാനവും ഉത്ക്കടമായ ആഗ്രഹവുമാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞ് അഭിമാനത്തോടെ നിന്ന നിമിഷമാണ് ഓരോ വീടുകള്‍ക്ക് സഹായമെത്തിക്കുമ്പോഴും തന്‍റെ മനസ്സിലേക്ക് ഓടിയെത്തുകയെന്ന് തോമസ് പറയുന്നു.

ഈ ജീവിത യാത്രയ്ക്കിടയില്‍ സഹായിച്ചവരുടെ കണക്ക് എടുത്തിട്ടില്ലെങ്കിലും അവരുടെയെല്ലാം മുഖം ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും. അവരെ ഒന്ന് കാണണമെന്ന് തോന്നുമ്പോള്‍ കണ്ണാടിയിലേക്ക് നോക്കും. അത് നമ്മള്‍ തന്നെ. സഹജീവികളെ ഹൃദയത്തോട് ചേര്‍ക്കുക എന്നത് നന്മയുടെ അവസാന നിമിഷമാകുന്നു. അതൊരു നിറവാകുന്നു.

സർവ്വകലാ വല്ലഭൻ,ഗായകൻ, തബലിസ്റ്റ്, വയലിനിസ്റ്റ്

അരീക്കര പളളിയിലെ ക്വയറില്‍ ഒരു അഞ്ചാം ക്ലാസുകാരന്‍ നിന്ന് പാടുന്നത് ഇന്നും തോമസ് ഇലവുങ്കലിന്‍റെ ഉള്ളില്‍ മായാതെ നില്‍പ്പുണ്ട്.

പാട്ട് ചെറുപ്പത്തിലേ തോമസിന് ഹരമായിരുന്നു. ക്ലാസില്‍ മലയാള സമാജം സമയത്ത് പാടുമായിരുന്നു. പിന്നീട് തബല, വയലിന്‍ ഒക്കെ പഠിച്ചു. ചിക്കാഗോയില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞ് ഒരു ട്രൂപ്പ് ഉണ്ടാക്കി. 'നാദം ഓര്‍ക്കസ്ട്ര.' 8 വര്‍ഷം ഈ ട്രൂപ്പ് നടത്തി. കല്യാണം, ആദ്യകുര്‍ബാന സ്വീകരണം ഒക്കെയുള്ള സമയത്ത് നാദം ഓര്‍ക്കസ്ട്ര സജീവമാകും. ഭക്തിഗാനങ്ങള്‍ ആണ് കൂടുതലും പാടുകയെങ്കിലും മലയാളത്തിന്‍റെ മെലഡിയോട് അന്നും ഇന്നും അഭിനിവേശമെന്ന് തോമസ് അഭിപ്രായപ്പെടുന്നു.

സാമൂഹ്യ , സാമുദായിക പ്രവർത്തനം

കെ. സി. വൈ. എല്‍ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് നിന്ന് തുടങ്ങിയ സാമുദായിക പ്രവര്‍ത്തനങ്ങള്‍ തോമസിന്‍റെ ജീവിതത്തിലെ മറ്റൊരു ഏടാണ്. ബാബു ചാഴിക്കാടന്‍, ജോസ് കണിയാലി, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ജോര്‍ജ് തോട്ടപ്പുറം  എന്നിവരോടൊത്തുള്ള കെ. സി. വൈ. എല്‍. നാളുകള്‍ മറക്കാന്‍ കഴിയില്ല. ക്നാനായ കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കലാപരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യം, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വളര്‍ച്ചയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, എന്‍റര്‍ടെയിന്‍റ്മെന്‍റ് ചെയര്‍മാനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്‍റെ വ്യക്തിത്വ വളര്‍ച്ചയ്ക്ക് സഹായമായി.

ഇലവുങ്കൽ കുടുംബത്തിന്റെ കുഞ്ചായൻ

കുടുംബത്തിലേക്ക് പോയി നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനേക്കാള്‍ നല്ലത് മറ്റൊന്നില്ല എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അവിടെയൊക്കെ സന്തോഷിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരാള്‍ എല്ലാ കുടുംബത്തിലും ഉണ്ടാവും. തോമസ് ഇലവുങ്കല്‍, ഇലവുങ്കല്‍ കുടുംബത്തിന്‍റെ കുഞ്ചായനാണ്. നാട്ടിലുള്ളപ്പോഴും അമേരിക്കയിലെത്തിയപ്പോഴും കുഞ്ചായന്‍റെ കരുതലിന് വ്യത്യാസമില്ല. തങ്ങളുടെ കുടുംബത്തിന് അമേരിക്കയിലെത്താന്‍ സഹായിച്ച സഹോദരി ചിന്നമ്മ മേക്കാട്ടിലിനെ പ്രത്യേകം ഓര്‍മ്മിക്കും. കുടുംബത്തിലെ എല്ലാവരേയും അമേരിക്കന്‍ മണ്ണിലെത്തിച്ച് ജീവിതത്തിന് അടിത്തറയിടാന്‍ സാധിച്ചത് അഭിമാനം. പക്ഷെ രണ്ടാമത്തെ ജ്യേഷ്ഠന്‍റെയും  മൂത്ത സഹോദരിയുടേയും മരണം ഇലവുങ്കല്‍ കുടുംബത്തിന് എപ്പോഴും  തീരാനഷ്ടമാണ്.എങ്കിലും അവരുടെ ഓര്‍മ്മകളില്‍, മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ നന്മയില്‍ ഇലവുങ്കല്‍ കുടുംബം ഒന്നായി മുന്നോട്ട്.

ലൗസിയും മക്കളും

എവിടെയെങ്കിലും പോകാന്‍ ഒരു ഇടമുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അത് വീടാണ്. സ്നേഹിക്കാന്‍ ഒരാളുണ്ടായാല്‍ അത് കുടുംബമാണ്. രണ്ടും ഉള്ളത് ഒരു അനുഗ്രഹമാണ്. ഒരു കുടുംബം എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ വളരെ അത്ഭുതകരമായ ഒന്നിന്‍റെ ഭാഗമാണ് എന്നാണ്. ജീവിതകാലം മുഴുവന്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഇടം. തോമസിന്‍റെ ഭാര്യ ലൗസിയും മൂന്ന് പെണ്‍മക്കളും  ഒരു കുടുംബ മാതൃകയാണ്. തന്‍റെ മാതാപിതാക്കളെ നാട്ടില്‍ എത്തി കുടുംബമായി പരിചരിക്കാന്‍ എടുത്ത തീരുമാനമാണ് തന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷമെന്ന് തോമസ് വെളിപ്പെടുത്തുമ്പോള്‍ അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും  അദ്ദേഹം നല്‍കുന്നത് ലൗസിക്കും മക്കള്‍ക്കുമാണ്. ആ തീരുമാനമായിരുന്നു അവരുടെ നന്മ. മക്കള്‍ നാട്ടില്‍ പഠിച്ച കാലം. തന്‍റെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ജീവിത വിജയം നേടിയ കൊച്ചു മക്കള്‍. പത്ത് വര്‍ഷം തന്‍റെ മാതാപിതാക്കളെ മകളെ പോലെ പരിചരിച്ച ലൗസി - ഇതൊക്കെയാണ് തന്‍റെ സൗഭാഗ്യങ്ങള്‍ എന്ന് പറയുമ്പോള്‍ തോമസ് ഇലവുങ്കല്‍ സന്തോഷംകൊണ്ട് സങ്കടപ്പെടുന്നു.

മാതാപിതാക്കളുടെ മരണശേഷം ചിക്കാഗോയിലെത്തിയ തോമസ് പഴയ ഡ്രൈവര്‍ ജോലിയിലേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് ഒരു ഗ്യാസ് സ്റ്റേഷന്‍ വാങ്ങി. ലൗസി റെസ്പിറ്റോറി തെറാപ്പിസ്റ്റായി ജോലിക്ക് കയറി.

 മൂന്ന് പെണ്‍മക്കള്‍. സവിത (നേഴ്സ്) ഭര്‍ത്താവ് പുളിക്കല്‍ റ്റിമ്മി (നേഴ്സ്) മക്കള്‍: മോളൂട്ടി, തൊമ്മന്‍, തൊമ്മി (ഇരട്ടകള്‍) സിബിള്‍ (നേഴ്സ്). ഭര്‍ത്താവ്: ബാജിയോ കരിങ്കുന്നം (നേഴ്സ്) മക്കള്‍ - റോയി, തോമസ് കുട്ടി, സമാറ. സനിത (നേഴ്സ്) ഭര്‍ത്താവ് റ്റിബിള്‍ (നേഴ്സ്). ജീവിതത്തിന്‍റെ ഇപ്പോഴത്തെ പച്ചപ്പിലെ കണ്ണികള്‍ ഇവരാണിപ്പോള്‍ എന്ന് തോമസ് ഇലവുങ്കല്‍ അടിവരയിടുമ്പോള്‍ ഇലവുങ്കല്‍ കുടുംബത്തിന്‍റെ എല്ലാമായി മാറുകയാണ് ഈ മനുഷ്യ സ്നേഹി.

മക്കള്‍ മൂന്ന് പേരും നേഴ്സുമാരായി ഫ്ളോറിഡയിലേക്ക് പോയപ്പോള്‍ തോമസും ഭാര്യയും ഫ്ളോറിഡ ടാമ്പയിലേക്ക് താമസം മാറ്റി. മക്കളും കൊച്ചുമക്കളുമൊത്ത് ജീവിതം ആസ്വദിക്കുമ്പോഴും ഒരു ഫോണ്‍ ബെല്‍ അടിക്കുമ്പോള്‍ തോമസ് ഇലവുങ്കല്‍ ശ്രദ്ധാലുവാകും. ഒരുപക്ഷെ ഒരു സഹായ അഭ്യര്‍ത്ഥന, അല്ലെങ്കില്‍ കുഞ്ചായോ... എന്നൊരു വിളി....

അതെ തോമസ് ഇലവുങ്കല്‍ സ്നേഹം ചൊരിഞ്ഞു കൊണ്ട് ഒരു ഫോണ്‍ കോളിന്‍റെ ഇങ്ങേത്തലയ്ക്കല്‍ ഉണ്ട്. കുടുംബത്തിനും, ഒരു സമൂഹത്തിനും തണലായി.

വളയം പിടിച്ച് തഴമ്പിച്ച കൈകളിലേക്ക് ഓടിക്കയറുന്ന കൊച്ചു മക്കള്‍ക്കൊപ്പം സ്നേഹത്തണലായി ഒരു വലിയ മനുഷ്യന്‍ ഈ വഴിത്താരയില്‍ ഏറെനാള്‍ തുടരട്ടെ... പ്രാര്‍ത്ഥനകള്‍...