അനിൽ പെണ്ണുക്കര
“സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ സമൂഹത്തിന്റെ ഹൃദയം കൂടിയാണ്. ചോക്കിന്റേയും വെല്ലുവിളികളുടേയും മിശ്രിതം ഉപയോഗിച്ച് സമൂഹത്തെ മാറ്റുവാൻ അദ്ധ്യാപകർക്ക് കഴിയും”
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്കും, സാമൂഹ്യ പ്രവർത്തന രംഗത്തേക്കും ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകൻ കടന്നു വരുമ്പോൾ വാനോളം പ്രതീക്ഷകളാണ് ഫൊക്കാനയ്ക്കുള്ളത്. അമേരിക്കൻ മലയാളികൾക്കുള്ളത്. വഴിത്താരയിൽ ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകനെ ഹൃദയപൂർവം അവതരിപ്പിക്കുമ്പോൾ സാമൂഹ്യ പ്രവർത്തന രംഗത്ത് അതികായൻമാരായ അദ്ധ്യാപകൻമാരെ ഓർമ്മ വരുന്നതിൽ ഒട്ടും അതിശയമില്ല. ജോസഫ് മുണ്ടശ്ശേരി മുതൽ കെ.എൻ രവീന്ദ്രനാഥ് വരെ ആ പട്ടിക നീളുമ്പോൾ നമുക്ക് ഒരു കാര്യം വ്യക്തമാകും. ഇവരെല്ലാം സാമൂഹ്യ പ്രവർത്തന രംഗത്ത് കൃത്യമായ വീക്ഷണമുള്ള സൗമ്യ സാന്നിദ്ധ്യങ്ങളായിരുന്നു എന്ന്. ഇവിടെ അമേരിക്കയിലാണങ്കിലും അദ്ധ്യാപനത്തിന്റെ ഉൾക്കരുത്തുമായി പ്രവർത്തിച്ച ഇടങ്ങളെയെല്ലാം സ്നേഹത്തിന്റെ ചരടിൽ കോർത്തിണക്കിയ ടോമി അമ്പേനാട്ടിനെ കാണാം. ഇപ്പോൾ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡിലേക്ക് മത്സര രംഗത്തുള്ള അദ്ദേഹത്തിന്റെ ജീവിത വഴികൾ, വിജയവഴികൾ ഓരോ സാമൂഹ്യ പ്രവർത്തകനും മാതൃകയാണ്. ഒരു ചെറിയ ചിരിയിൽ പോലും സ്നേഹത്തിന്റേയും കരുതലിന്റെയും കണികകൾ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു പച്ച മനുഷ്യൻ.
ടോമി അമ്പേനാട്ട് .
ഈ വഴിത്താരയിലെ അദ്ധ്യാപക മുഖം; നാളെയുടെ സാമൂഹ്യ മുഖം.
കുടുംബം മുതൽ പ്ലേറ്റോസ് അക്കാദമി വരെ
കോട്ടയം ഉഴവൂർ അമ്പേനാട്ട് പരേതനായ മത്തായി (കുട്ടി) യുടേയും , കിടങ്ങൂർ കോയിത്തുരുത്തിൽ അന്നമ്മയുടെയും ഏഴ് മക്കളിൽ മൂന്നാമനാണ് ടോമി. ഉഴവൂർ ഓ .എൽ. എൽ.എച്ച് സ്കൂളിൽ പത്താം ക്ലാസ് വരെ പഠനം. 1982-1984 ൽ ഇന്റെർ മീഡിയറ്റിനായി ആന്ധ്രാ വിജയവാഡ ലയോള കോളജിലേക്ക്. 1984 – 1987 വരെ ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളജിൽ ബിരുദ പഠനം. ബി എ .ലിറ്ററേച്ചർ . തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ ബി.എഡിനും ചേർന്നു. പക്ഷെ അദ്ധ്യാപക പഠനം പൂർത്തിയാക്കുന്നതിന് മുമ്പേ ഉഴവൂരിൽ ” പ്ലേറ്റോസ് അക്കാദമി ” എന്ന പേരിൽ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. പ്രീഡിഗ്രി, ഡിഗ്രി, എൻട്രൻസ് കോച്ചിംഗ് പരിശീലനം തുടങ്ങി വളരെ ദീർഘവീക്ഷണത്തോടെ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു പ്ലേറ്റോസ് അക്കാദമി. ഏതാണ്ട് ആയിരത്തിലധികം കുട്ടികൾ ഓരോ വർഷവും പഠിച്ചിരുന്ന സ്ഥാപനം. കോളേജ് പ്രിൻസിപ്പലായി ടോമി അമ്പേനാട്ടും. അത് ജീവിതത്തിന്റെ വഴിത്തിരിവായ വഴികളായിരുന്നു എന്ന് കൃത്യമായി ഓർമ്മിച്ചെടുക്കുന്നു അദ്ദേഹം. ലോകത്ത് അദ്ധ്യാപനത്തോളം ശ്രേഷ്ഠമായ ഒരു ജോലിയും ലോകത്തില്ല എന്ന് വിശ്വസിക്കുന്ന ടോമി അമ്പേനാട്ട് അദ്ധ്യാപനത്തിൽ നേടിയ അറിവുകൾ പകരം വയ്ക്കാനില്ലാത്തതാണെന്ന് തിരിച്ചറിയുന്നു.
കടൽ കടന്ന അദ്ധ്യാപനവും
ജീവിതമെന്ന വഴിത്തിരിവും
1993 ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് എത്തിയെങ്കിലും അദ്ദേഹം പ്ലേറ്റോസ് അക്കാദമിയെ കൈവിട്ടില്ല. കോളജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തുന്നതു വരെ സുഹൃത്തുക്കളുടെ സഹായത്തോടെ കോളജ് ഭംഗിയായി നടത്തിക്കൊണ്ട് പോയി.അറിവാണ് ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ബന്ധു എന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ.ഈ സമയത്ത് അമേരിക്കൻ
ജീവിതത്തിന്റെ ഒരു പുതിയ വഴിത്താരയ്ക്ക് കൂടി തുടക്കമിട്ടു അദ്ദേഹം . 1993 ൽ ട്രൈറ്റൺ കോളജിൽ റേഡിയോളജി ടെക്നോളജിക്ക് ചേർന്നു.അവിടെയും മികച്ച വിജയത്തോടെ അസോസിയേറ്റ് ഡിഗ്രിയെടുത്തു. തുടർന്ന് ചിക്കാഗോയിൽ ELMHURST ഹോസ്പിറ്റലിൽ ജോലിക്ക് കയറി. റേഡിയോളജി ടെക്നോളജിസ്റ്റായി ഇരുപത്തിയാറ് വർഷം തുടരുന്ന ജോലി വളരെ കൃത്യതയോടെ മുന്നോട്ട് പോകുന്നു ഇപ്പോഴും .ഒരു തടസ്സവുമില്ലാതെ .
കെ.എസ്. യു യൂണിറ്റ് പ്രസിഡന്റിൽ
നിന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ
പ്രസിഡന്റിലേക്ക്
വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ വളർന്നു പന്തലിച്ച ചരിത്രമാണ് ടോമി അമ്പേനാട്ടിന്റേത്. ഡിഗ്രിക്ക് ഉഴവൂർ സെന്റ് സ്‌റ്റീഫൻസിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഉഴവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പാരമ്പര്യവുമായാണ് ടോമി അമേരിക്കയിലെത്തുന്നത്. കെ.സി. വൈ .എൽ ന്റെ , സെന്റ് സ്‌റ്റീഫൻസ് ഫൊറോന ചർച്ച് ഭാരവാഹി , കെ.സി എസ് ചിക്കാഗോ കമ്മറ്റി മെമ്പർ, ലെയ്സൺ ബോർഡ് ചെയർമാൻ, ഫൈനാൻസ് ചെയർമാൻ, കെ.സി. സി. എൻ. എയുടെ നാഷണൽ കമ്മറ്റി മെമ്പർ , ലോസ് ആഞ്ചലസ് ക്നാനായ കൺവൻഷൻ ഫണ്ട് റെയ്സിംഗ് ചെയർമാൻ, ചിക്കാഗോ ക്നാനായ കൺവൻഷൻ അക്കോമഡേഷൻ ചെയർമാൻ തുടങ്ങിയ പദവികളിലെല്ലാം കൃത്യതയോടെയുള്ള പ്രവർത്തനമായിരുന്നു ടോമി അമ്പേനാട്ടിന്റേത്.
ഈ കാലയളവിലാണ് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനത്തിൽ അദ്ദേഹം പങ്കാളിയാകുന്നത്. കമ്മറ്റി മെമ്പർ, 2008 – 2010 കാലയളവിൽ സെക്രട്ടറി, 2014 – 2016 സമയത്ത് പ്രസിഡന്റ് എന്നീ നിലകളിൽ അനുകരണീയമായ പ്രവർത്തനങ്ങൾ. ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ ടോമിയുടെ ജീവിതം തന്നെ മറ്റൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ചില വ്യക്തികൾ വരുമ്പോൾ എല്ലാം മാറും എന്നു പറയുന്നതുപോലെ സംഘടനയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലിന് തുടക്കമിടുകയായിരുന്നു ടോമി.
ചിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമായി ഒരു ബിൽഡിംഗ് മൗണ്ട് പ്രോസ്പക്ടിൽ വില കൊടുത്തു വാങ്ങുവാൻ സാധിച്ചു. ഷിക്കാഗോ മലയാളികളെ സംബന്ധിച്ച് അവരുടെ അസുലഭ നിമിഷം കൂടിയായിരുന്നു അത്. ഉയരങ്ങളിലേക്ക് അസോസിയേഷന് വളരാൻ തുടക്കമിട്ട ഈ സത്പ്രവർത്തിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും സ്നേഹത്തോടെ അദ്ദേഹം സ്മരിക്കുന്നു. “വൈസ് പ്രസിഡന്റ് ജെസി റിൻസി , സെക്രട്ടറി ബിജി .സി. മാണി, ട്രഷറാർ ജോസ് സൈമൺ മുണ്ടപ്ലാക്കൽ, ജോ. സെക്രട്ടറി മോഹൻ സെബാസ്റ്റ്യൻ, ജോ.ട്രഷറർ ഷാബു മാത്യു,ജിമ്മി കണിയാലി ,ജിതേഷ് ചുങ്കത്ത് മുതിർന്ന നേതാക്കളായ മാത്യു നെല്ലുവേലിൽ , കൂര്യൻ കാരാപ്പള്ളിൽ എന്നിവരുടെ പിന്തുണയെ ഹൃദയത്തിൽ കൊളുത്തി വെയ്ക്കുന്നതായി അദ്ദേഹം പറയുന്നു.
ചിക്കാഗോ ബ്രദേഴ്സ് ക്ലബിന് തുടക്കമിട്ടതും ടോമി അമ്പേനാട്ട് ആണ്. ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടേയും മാനസിക ഉല്ലാസം ലക്ഷ്യമിട്ടു കൊണ്ടാണ് ബ്രദേഴ്സ് ക്ലബ് പ്രവർത്തിക്കുന്നത് 2019 ലെ സ്ഥാപക സെക്രട്ടറിയും, ഇപ്പോൾ ക്ലബ്ബ് പ്രസിഡന്റുമാണ് അദ്ദേഹം.
ഫൊക്കാനാ നേതൃത്വ നിരയിലേക്ക്
ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവമായ പ്രവർത്തനത്തിൽ നിന്ന് ഫൊക്കാനയുടെ നേതൃനിരയിലേക്ക് ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകൻ കടന്നു വരുമ്പോൾ വാനോളം പ്രതീക്ഷകളാണ് ഫൊക്കാനയ്ക്കുള്ളത്. ഒരു സംഘടന നിലനിൽക്കുന്നത് അതിനെ നയിക്കാൻ ഏറ്റവും മികച്ച മനുഷ്യർ കടന്നു വരുമ്പോഴാണ് . 2010 ൽ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ്, ഫൊക്കാന നാഷണൽ ഓഡിറ്റർ, ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ടോമി 2022 – 2024 കാലയളവിൽ ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു.ഒരു പ്രദേശത്തെ പ്രവർത്തന മികവിനെല്ലാം നേതൃത്വം നൽകിയ ഒരു മനുഷ്യന്റെ പ്രവൃത്തി പരിചയം വലിയ പ്രതീക്ഷയായി അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നതു കൊണ്ട് ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് ടോമി അമ്പേനാട്ടിന്റെ സാന്നിദ്ധ്യം സുനിശ്ചിതമാണെന്ന് നമുക്ക് ഉറപ്പിക്കാം.അമേരിക്കൻ രാഷ്ട്രീയത്തിലും സജീവമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടോമി അമ്പേനാട്ട് ഇപ്പോൾ ഒരു സജീവ റിപ്പബ്ലിക്കൻ അനുഭാവി ആണ് .
കൃഷി, ഗാർഡനിംഗ്, വായന
മണ്ണിനേയും മനുഷ്യനെയും മനസിലാക്കുന്ന ടോമി ഒരു തികഞ്ഞ കർഷകൻ കൂടിയാണ്. സ്വന്തമായ ഒരു കൃഷിത്തോട്ടവും വിവിധയിനം റോസാ ചെടികളുടെ ശേഖരണവും പരിപാലനവുമാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം. അതിലുപരി തികഞ്ഞ പുസ്തകപ്രേമിയും. നാട്ടിൽ നിന്നും സാഹിത്യകൃതികളുടെ ഒരു ശേഖരം തന്നെ അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്. വായനക്ക് മരണമില്ല , മണ്ണിനും മരണമില്ല. മണ്ണും, അറിവും നമ്മെ ചതിക്കില്ല എന്ന് പറയുന്ന ടോമി മനുഷ്യനോട് ചേർന്ന് നിൽക്കുകയാണ്. വിനീത വിധേയനായി.കലയെയും സംഗീതത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടോമി ചെറുപ്പം മുതൽ നല്ല ഒരു ഡ്രം പ്ലെയർ കൂടിയാണ്
കുടുംബം ശക്തി
തന്റെ ജീവിത വിജയത്തിന് പിന്നിൽ പിതാവ് പരേതനായ മത്തായി , അമ്മ അന്നമ്മ , സഹോദരങ്ങളായ ജോയി, വത്സമ്മ , ബിജു, മിനി, സിൽവി, സിജു, എന്നിവരും ,
ഭാര്യ സാലി (കോട്ടയം കുമാരനെല്ലൂർ നിരപ്പിൽ ഉലഹന്നാന്റെയും , അന്നമ്മയുടേയും മകൾ) റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. മക്കൾ : ടോണിയ (നേഴ്സ്) , ടാഷ (സോഷ്യൽ വർക്കർ ) സിറിൾ (റേഡിയോളജി ടെക്നോളജിസ്റ്റ് )
എന്നിവരുടെ കരുതലും പിന്തുണയുമാണെന്ന് തുറന്നു പറയുന്നതിൽ അഭിമാനമേയുള്ളു.
അമേരിക്കൻ മലയാളികൾക്കിടയിലെ കരുത്താർന്ന ശബ്ദവും, അദ്ധ്യാപനത്തിന്റെ ശ്രേഷ്ഠത നിറഞ്ഞ മുഖവുമാണ് ടോമി അമ്പേനാട്ടിന്റേത്.തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായ അദ്ദേഹം അദ്ദേഹം കടന്നുവന്ന വഴികളിലെല്ലാം നന്മയുടെയും ,ഈശ്വരാനുഗ്രഹത്തിന്റെയും കാറ്റ് അദ്ദേഹത്തെ തലോടുന്നുണ്ടായിരുന്നു .അതുകൊണ്ടുകൂടിയാണ് ഇവിടെ വരെ വിജയക്കൊടിയുമായി നടന്നടുത്തത് .
അദ്ദേഹത്തിന്റെ അറിവും ജീവിത പരിചയവും ഫൊക്കാനയുടേയും, മറ്റ് മലയാളി സംഘടനകളുടെയും പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുകയും അവയെ ലോകത്തിന് നെറുകയിലേക്ക് പിടിച്ചുയർത്തുകയും ചെയ്യട്ടെ.