ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം വിഭവസമൃദ്ധമായ ഓണസ്സദ്യ ഒരുക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

18 August 2022

ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം വിഭവസമൃദ്ധമായ ഓണസ്സദ്യ ഒരുക്കുന്നു

നീലീശ്വരം സദാശിവൻകുഞ്ഞി

‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസ്സദ്യ . ഈ മാസം ഓഗസ്റ്റ് 20 ന് ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കൻ മലയാളികൾക്കായി ഒരുക്കുന്നത് യഥാര്ത്ഥ ഓണസ്സദ്യയെ വെല്ലുന്ന തരത്തിലുള്ള അനവധി സദ്യകളാണ് .അവിടെ കായികപരമായ സദ്യകൾ ഒരുക്കിയിട്ടുണ്ട്, കലാപരമായ സദ്യകൾ ഒരുക്കിയിട്ടുണ്ട്, സാഹിത്യ സദ്യകളും സാംസ്കാരിക സദ്യകളും ഉണ്ട് .

ഓണത്തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് വടംവലി . ഇക്കൊല്ലം ചിക്കാഗോ, ബോസ്റ്റൺ , ന്യൂയോർക് എന്നിവിടങ്ങളിലെ ദേശീയ ടീം അംഗങ്ങൾ നയിക്കുന്ന വടം വലി കാണാൻ നിരവധി ആളുകൾ ക്യാൻസ്റ്റാറ്റർ വോക്‌ഫെസ്റ്റിന്റെ പുൽത്തകിടിയിൽ ഒത്തുകൂടും . വടം വലിയുന്നതോടെ കാഴ്ചക്കാരുടെ ശരീരവും വലിഞ്ഞുമുറുകും . ആയിരക്കണക്കിന് ആളുകളുടെ “ആർപ്പോ ഇർറോ” വിളികൾ ഉയരുമ്പോൾ ഓണസ്സദ്യക്ക് മുൻപുള്ള കായിക മാമാങ്ക സദ്യ പൊടിപൊടിക്കുമെന്നുറപ്പ് .

പിന്നീടുള്ള സദ്യ ഒരുക്കുന്നത് സുപ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ടീമിന്റെ വകയാണ്. പിന്നണി ഗായകനായി മുപ്പത് വര്ഷം പൂർത്തിയാക്കുകയാണ് ശ്രീ ബിജു നാരായണൻ . ഈയിടെ പഴയ ഗാനം റീമേക്ക് ചെയ്ത ‘ ദേവദൂതർ പാടി ദേവദൂതർ പാടി ” എന്ന ഗാനം മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കാൻ . ഇതു കൂടാതെ മലയാളസിനിമക്ക് മറക്കാൻ പറ്റാത്ത എത്രയോ ഗാനങ്ങൾ . വെങ്കലത്തിലെ ‘പത്തുവെളുപ്പിന് ‘ മാന്ത്രികത്തിലെ ‘കേളീവിപിനം’ സുജാതയുമായി ചേർന്നുപാടിയ കയ്യെത്തും ദൂരത്തിലെ ‘പൂവേ ഒരു മണിമുത്തം ‘ രസികൻ എന്ന സിനിമയിൽ വിധു പ്രതാപമൊത്തു പാടിയ ‘നീ വാടാ തെമ്മാടി’ എന്ന ഫാസ്റ്റ് നമ്പർ , വടക്കുംനാഥനിലെ ‘കളഭം തരാം ‘ മുതലായവ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ ആണ് .

യഥാർത്ഥ സദ്യക്ക് മുൻപുള്ള സദ്യകൾ ഇത് കൂടാതെ നിരവധി നിരവധിയാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സംഘാടക സമിതിക്കാർ നമുക്കായി ഒരുക്കിടയിട്ടുള്ളത് .വിവിധ തരം നൃത്തനൃത്യങ്ങൾ , ,മെഗാ തിരുവാതിര , ചെണ്ടമേളം , വടംവലി , പാരമ്പര്യ വേഷവിധാനത്തിൽ ഒരുങ്ങിയെത്തുന്ന ദമ്പതികൾക്കുള്ള മത്സരം, സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് , കർഷക അവാർഡ്, തെയ്യം കഥകളി , ഓട്ടൻതുള്ളൽ , കലാ -സാമൂഹ്യ- സാംസ്കാരിക രംഗത്തുള്ളവരെ ആദരിക്കൽ എന്നിങ്ങനെ പോകുന്നു വൈവിധ്യമാർന്ന പരിപാടികൾ .

പിന്നീടാണ് നാവേറുന്ന , കൊതിയൂറുന്ന യഥാർത്ഥ സദ്യ . ഓണക്കാലത്തെ ഓർമ്മപ്പെടുത്തുന്ന ഉപ്പേരി , പപ്പടം , പഴം , പായസം തുടങ്ങി തനി നാടൻ വിഭവങ്ങളുമായി സിത്താർ പാലസ് ന്യൂ ജേഴ്‌സി ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യ കഴിച്ച് നാം പിരിയുമ്പോൾ നമ്മൾ തീർച്ചയായും പരസ്പരം പറയും..

‘ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണം ‘, ഹായ് ബഹുകേമം ‘ എന്ന് .

പെരുമ്പാവൂർ എം .എൽ .എ .ശ്രീ എൽദോസ് കുന്നപ്പിള്ളിയാണ് ആഘോഷവേദിയിലെ മുഖ്യ അതിഥി . നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട എം എൽ എ ട്രൈസ്റ്റേറ് കേരള ഫോറത്തിന്റെ ആദരവ് ഏറ്റുവാങ്ങും. ഇതിന്റെ എല്ലാ തരത്തിലുമുള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ശ്രീ സാജൻ വര്ഗീസ് പറഞ്ഞു . അമേരിക്കൻ മലയാളികളുടെ മഹത്തായ ഈ ഓണാഘോഷത്തിലേക്ക് സമൂഹത്തിൽ പ്രവർത്തിക്കുന്ന ഇതര സംഘടനകളെയും അദ്ദേഹം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു . സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസൻ്റ് ഇമ്മാനുവേൽ ( ജനറൽ കോഓർഡിനേറ്റർ), രാജൻ സാമുവേൽ ( അവാർഡ് ക്മ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസൻ്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശിൽപ്പപ്പെടുത്തുന്നത്.