മീനു എലിസബത്ത് ,കൊപ്പേൽ – ടെക്സാസ്
ഡാളസ്സിലെ കൊപ്പേൽ ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥിനിയായ ഉമാ ഹരിദാസ് സ്‌കൂൾ ഓഫ് ഡ്രാമ ക്ലബ്ബിലെ കൂട്ടുകാരുമൊന്നിച്ചു ചേർന്നവതരിപ്പിച്ച “മാമ്മ മിയ ” എന്ന നൃത്തസംഗീത നാടകം കൊപ്പേൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിൽ രണ്ടാഴ്ചയിലധികമായി പ്രദർശിപ്പിക്കപ്പെട്ടു. സോൾഡ് ഔട്ട് ആയ ഷോ കാണുവാൻ കാണികളുടെ അതീവ തിരക്ക് തന്നെ. ന്യൂയോർക്കിൽ ബ്രോഡ് വേ വേദികളിൽ അനേകവർഷം അവതരിപ്പിച്ചു പ്രസിദ്ധമായ “മാമ്മ മിയ” ഡാലസ്സിൽ ലൈവ് സംഗീത സംഭാഷണങ്ങളോടെ പുനരവതരിപ്പിക്കപ്പെട്ടപ്പോൾ അതിലെ ഹാസ്യരസപ്രധാനവേഷമായ “റോസ്സി ” എന്ന കഥാപാത്രം കാണികളുടെ അകമഴിഞ്ഞ പ്രശംസയാണ് ഉമക്കു നേടിക്കൊടുത്തത്. ഗ്രഹാം ഗൊർമ്മൻ ആയിരുന്നു ബിൽ ഓസ്റ്റിൻ എന്ന സഹകഥാപാത്രമായി വേദി പങ്കിട്ടതു്.
ഉമാ ഹരിദാസിന് നാടകവും സ്റ്റേജും ഒന്നും അത്ര പുത്തരിയല്ല. ചെറുപ്പം മുതൽ തന്നെ സിനിമയോടും നാടകത്തോടുമെല്ലാം താൽപ്പര്യം കാണിച്ചിരുന്ന ഉമാ നല്ലൊരു പെയിന്ററും സാമാന്യം നല്ല ഗായികയും കൂടിയാണ്. നാലാം ക്ലാസ്സിൽ ആദ്യമായി സ്റെയ്ജിൽ കയറിയതു മുതൽ നാടകവും സ്റ്റെയ്ജ് ഷോകളും സിനിമയും ഹരം തന്നെ.
സ്റ്റോളൻ ബൈക്കും, ദി ഫ്രന്റ് ലൈനുമാണ് ഉമ ഇതിനോടകം അഭിനയിച്ച ഹ്രസ്വചിത്രങ്ങൾ. കാതറിൻ , എവലിൻ എന്നി കഥാപാത്രങ്ങളെ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ വളരെ മിഴിവുറ്റതാക്കാൻ ഈ കൗമാരക്കാരിക്ക് കഴിഞ്ഞു.
ഡാളസ് യങ് ആക്ടർസ് സ്റ്റുഡിയോയിൽ ട്രെയിനിങ് എടുത്തിട്ടുള്ള ഉമ കഴിഞ്ഞ നാല് വർഷമായി വാഴ്‌സിറ്റി ലെവൽ തീയറ്റർ ക്ലാസുകൾ മറ്റു വിഷയങ്ങൾക്കൊപ്പം പഠിച്ചു വരുന്നു. സ്പേസ് സൂട്ട് മീഡിയ, കൊപ്പേൽ ഹൈ സ്‌കൂൾ തീയറ്റർ എന്നിവയിൽ ഉമ തന്റെ അഭിനയ പരിശീലനം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഡാളസ് ഭരതകല തീയെറ്റർസിന്റെ നാടകങ്ങളിലും ഉമയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഡാളസ് മെലഡീസ് , ലെറ്റ് അസ് ഡ്രീം യു എസ് എ , ഇവയിലെല്ലാം ചെറുപ്പം മുതൽ ഉമ സജീവപ്രവർത്തകയാണ്.
2022 ൽ യൂണിവേഴ്സിറ്റി ഇന്റർസ്‌കോളാസ്റ്റിക് ലീഗിന്റെ സോൺ ലെവൽ മത്സരങ്ങളിൽ “ബൈ ദി ബോഗ് ഓഫ് ക്യാറ്റ്‌സ്” എന്ന നാടകത്തിൽ മോണിക്ക മുറെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമക്ക് ഓൾ സ്റ്റാർ കാസ്‌റ് അവാർഡിൽ ഹോണറബിൾ മെൻഷൻ ലഭിച്ചിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ 2022 ലെ പെയിന്റിങ് മത്സരത്തിൽ ഉമയുടെ ചിത്രത്തിനു രണ്ടാം സ്‌ഥാനം ലഭിച്ചിരുന്നു
ന്യൂ യോർക്കിൽ ജനിച്ച ഉമ ഒരു വയസുള്ളപ്പോളാണ് ഡാലസിലേക്ക് താമസം മാറ്റുന്നത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയും ഡാലസ് കേരള അസ്സൊസ്സിയെഷൻ പ്രസിഡന്റുമായ ഹരിദാസിന്റെയും സുനിതയുടെയും ഇളയ മകളാണ് ഉമ. മാതാപിതാക്കളോടും ചേച്ചി ഹർഷയോടുമൊപ്പം ഇർവിങ്ങിൽ താമസിക്കുന്ന ഉമാ ഹരിദാസ് തീർച്ചയായും അമേരിക്കൻ മലയാളികൾക്ക് അഭിമാനം തന്നെയാണ്.
ആരോഗ്യപരിപാലനപഠനത്തോടൊപ്പം തീയേറ്റർ ഫിലിം പഠനവും ഒരുമിച്ചു കോണ്ടുപോകാൻ ആഗ്രഹിക്കുന്ന ഈ കലാകാരിയെ അഭിനയത്തിന്റെ അനന്തസാധ്യതകൾ ഇനിയും തേടി വരുമെന്ന പ്രതീക്ഷയിലാണ് ഡാളസിലെ മലയാളി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഉമക്ക് എല്ലാ ഭാവുകങ്ങളും.

