പി.ടിയുടെ പ്രിയപ്പെട്ട ഉമ (വിനോദ് സെൻ)

sponsored advertisements

sponsored advertisements

sponsored advertisements

6 May 2022

പി.ടിയുടെ പ്രിയപ്പെട്ട ഉമ (വിനോദ് സെൻ)

ഞാൻ കണ്ടിട്ടുള്ള പി.ടിയും ഞാനിതേവരെ കണ്ടിട്ടില്ലാത്ത പി.ടിയുടെ പത്നി ഉമയും. കാലം പിന്നോട്ടൊഴുകുന്നു. യുവജന നേതാവായ പി.ടി. കലഹിക്കാനും സമരം ചെയ്യാനും സംഘടിപ്പിക്കാനും പഠിക്കാനും മാത്രമല്ല പ്രണിയിക്കാനും പിടിക്ക് കഴിഞ്ഞു.പറഞ്ഞറിഞ്ഞത് ശരിയാണെങ്കിൽ, നേതാവായ പി.ടി പങ്കെടുത്ത യോഗത്തിൽ “മഞ്ഞണിക്കൊമ്പിൽ .. ഒരു കിങ്ങിണിക്കൊമ്പിൽ” എന്ന പാട്ടു പാടുന്ന വിദ്യാർത്ഥിനിയറിഞ്ഞില്ല താൻ പി.ടിയുടെ ഹൃദയത്തിൻ്റെ അഗാധതകളിലേക്ക് പ്രണയത്തിൻ്റെ പരിമളമായി പടർന്നു നിറയുകയാണെന്നു്.
പി. ടി ആദ്യമാ പാട്ടിൽ അലിഞ്ഞിരിക്കാം.പിന്നെ പി.ടിക്ക് മുന്നിൽ ഗാനമില്ലാതാകുന്നു. വേദിയില്ലാതാകുന്നു. സദസ്സില്ലാതാകുന്നു.ഉമ മാത്രമാകുന്നു. അന്നത്തെ കേവലാകർഷണം സുദീർഘമായൊരു ദാമ്പത്യ ബന്ധത്തിന് വഴിതുറക്കുകയാണെന്ന് പാട്ടുകാരി അറിഞ്ഞില്ല, ആസ്വാദകനും.അനുരാഗത്തിൻ്റെ മാന്ത്രിക സ്പർശത്താൽ തരളിതമായ ഹൃദയവുമായിട്ടായിരിക്കണം പി.ടി അന്ന് ആ വേദി വിട്ടിറങ്ങിയത്. ഇടുക്കിയിലെ ഉപ്പുതോടിൽ ക്രിസ്തുമതവിശ്വാസിയായി ജീവിതം ആരംഭിച്ച തോമസിൻ്റെ ജീവിതത്തിലേക്ക് ഹിന്ദു മതവിശ്വാസിയായ ഉമ പാട്ടുംപാടി കയറി വന്നത് എത് ഇശ്വരൻ്റെ നിയോഗമാണ്? അതോ രണ്ട് ദൈവങ്ങളുടെയും സംയുക്ത തീരുമാനമാണോ?
എങ്ങനെയായാലും വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വന്ന ഉമയും തോമസും ഒരുമിച്ച് ജീവിക്കാനുള്ളവരാണെന്ന് അവർക്കിരുവർ ക്കും അപ്പോൾ അറിയില്ലായിരുന്നു. നല്ല രീതിയിൽ പാടിയതിൻ്റെ ആഹ്ളാദവുമായാണ് ഉമ വേദി വിട്ടതെങ്കിൽ പ്രണയം അങ്കുരിച്ച മനസ്സുമായിട്ടാകണം പി.ടി കോളേജ് വിട്ടിറങ്ങിയത്.
ഉമയെന്ന വികാരം വിവരാണതീതമായ ആഗ്നേയ സാന്നിദ്ധ്യമായി ഉയിരാകെ നിറഞ്ഞ കാലം. പ്രണയമെന്ന കാട്ടുതീ ഉള്ളാകെ പടർന്നു കത്തിക്കൊണ്ടിരുന്നപ്പോൾ, പ്രണയിനിയോട് പറയാതെ ഉള്ളിലെ പ്രണയം കാത്ത് സൂക്ഷിച്ച ഹ്രസ്വമായ ദിനരാത്രങ്ങൾ.കൈയെത്തുന്ന, വിളിയെത്തുന്ന അകലത്ത് നിന്നവളോട് പ്രണയമൊഴികെ മറ്റെല്ലാം പിടി സംസാരിച്ചു. അപ്പോഴെല്ലാം കാമുകനായ പി.ടി പ്രണയത്തിൻ്റെ ഉമിത്തീയിൽ നീറിനീറി കത്തുകയായിരുന്നിരിക്കും. ഒടുവിൽ ഇഷ്ടം തുറന്നു പറയുവാൻ ഇഷ്ടപ്പെട്ടവളെ വിളിച്ചപ്പോൾ അവളെത്തിയത് രണ്ടു കൂട്ടുകാരികൾക്കൊപ്പമാണു്. ഉമയെത്തിയത് നേതാവായ പി.ടിയെ കാണാനാണ്. അയാൾ കാത്ത് നിന്നത് ഉരുകിത്തിളച്ച് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പ്രണയവുമായാണ്.
താമസംവിനാ പി.ടി ഉമയോട് തൻ്റെ പ്രണയം പറഞ്ഞു. കഠിനമായ എതിർപ്പുകളില്ലാതെ വിദ്യാർത്ഥി നേതാവ് കൂടിയായ ഉമ ആ പ്രണയത്തെ സ്വീകരിച്ചു.കണ്ടു സംസാരിക്കുകയും കത്തെഴുതുകയും മാത്രമാണ് അക്കാലത്തെ പ്രണയവിനിമയ മാർഗ്ഗങ്ങൾ. പിന്നെ അപൂർവ്വമായ ലാൻഡ് ഫോൺ വിളിയും. ഇന്നത്തെപ്പോലെ മെയിലും വാട്സാപ്പും മെസഞ്ചറും ടെലഗ്രാമും ഷെയർ ചാറ്റും മൊബൈൽ ഫോണുമൊന്നും അന്നില്ല. തപിക്കുന്ന ഹൃദയവികാരങ്ങൾ അനുനിമിഷം അടുപ്പമുള്ളവരോട് പറയുവാൻ ഉപാധികളൊന്നുമില്ലാതിരുന്ന കാലത്താണ് അയാൾ ഉമയോട് പ്രണയം പറയുന്നത്. ലാൻഡ് ഫോണിൻ്റെ അങ്ങേത്തലയ്ക്കൽ ഉമയും ഇങ്ങേത്തലക്കൽ പി.ടിയും.പാർട്ടി കമ്മിറ്റിയിൽ കർക്കശ നിർദേശങ്ങൾ പുറപ്പെടുവിക്കുന്ന പോലെ തന്നെയായിരിക്കുമോ പി.ടി പ്രണയം അവതരിപ്പിച്ചതും ?
അവരിരുവരും ചേർന്നു രചിച്ച കാൽപ്പനിക വിലോലമായ പ്രണയകാവ്യത്തിൻ്റെ ആരംഭമായിരുന്നു ആ ടെലിഫോൺ സംഭാഷണം.അവിടെ നിന്നും ആരംഭിച്ച അനുരാഗ നദി വിഘ്നങ്ങളും വിഘാതങ്ങളുമില്ലാതെ ഒഴുകിപ്പടരുകയല്ലായിരുന്നു. യാഥാസ്ഥികത്വ മുയർത്തിയ വെല്ലുവിളികളെ സധൈര്യം അതിജീവിച്ച അതിസാഹസിക യാത്രയായിരുന്നു അവരുടെ വിവാഹപൂർവ്വ പ്രണയകാലം.പരസ്പരം പ്രണയിച്ച രണ്ടാളും ഒളിച്ചോടാൻ തയ്യാറല്ലായിരുന്നു.അക്കാലത്തെ സാമൂഹികാവസ്ഥയിൽ ഇത്തരത്തിലൊരു കല്യാണം ക്ഷിപ്രസാദ്ധ്യമല്ലെന്ന് രണ്ടാൾക്കും അറിയാമായിരുന്നു.
…. അരമനയും അഗ്രഹാരവും തമ്മിലുള്ള ബന്ധം ഒരു തരത്തിലും സമൂഹം അംഗീകരിക്കാത്ത കാലത്താണ് ഇഷ്ടപ്പെട്ടവളെ മതപരിഗണനയില്ലാതെ സ്വന്തമാക്കാൻ പി.ടി തീരുമാനിക്കുന്നത്. വിവാഹ ശേഷം തങ്ങൾ ബന്ധുമിത്രാദികൾക്കിടയിൽ ഒറ്റപ്പെടുമെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് ഇരുവരും അവർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയത്തെ മുറുകെ പുണർന്നത്. കൈയിൽ കാൽക്കാശില്ലാത്തവരാണ് കുടുംബമാകാൻ തീരുമാനിച്ചത്.കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയോ ഉപജീവനത്തിനൊരു ജോലിയോ ഇല്ലാതെ മുകളിൽ ആകാശവും താഴെ ഭൂമിയുമായി അവർ ഒരുമിക്കാൻ തീരുമാനിച്ചു, പ്രണയം മാത്രം കൈമുതലാക്കി, ഇനിയുള്ള കാലവും പ്രണയിച്ചു കൊണ്ടേയിരിക്കാൻ.
ഉപ്പുതോട്ടിലെ വീട്ടിലെത്തി അമ്മയോട് തൻ്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ മകനോട് അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, പെണ്ണ് ആരാണെങ്കിലും കെട്ട് പള്ളിയിൽ വച്ച് തന്നെയാകണമെന്ന്.അന്യമതസ്ഥയായ പെണ്ണിനെ പള്ളിയിൽ വച്ച് മതം മാറ്റാതെ കെട്ടുക എന്നത് കഠിനമായ വെല്ലുവിളി തന്നെയായിരുന്നു. അത്തരമൊരു കല്യാണത്തിന് തിരുസഭ സാധാരണ സമ്മതിക്കാറില്ല. പ്രണയത്തിൽ പി.ടി പുലർത്തിയ സത്യസന്ധത തന്നെയാകണം അമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ തക്ക രീതിയിൽ പള്ളിയിൽ നിന്നും അനുമതി ലഭിച്ചത്. അപ്പോഴേക്കും പ്രണയിനി അവളുടെ ആഗ്രഹം അവതരിപ്പിച്ചു.ഒളിച്ച് ഇറങ്ങി വരാൻ അവൾ തയ്യാറല്ല. വീട്ടിൽവന്ന് വിളിച്ചിറക്കിക്കൊണ്ട് വരണം. അക്ഷോഭ്യനായി ആ ആഗ്രഹവും പി.ടി നിവർത്തിച്ചു നൽകി.
വിദ്യാഭ്യാസം നേടിയെടുക്കാൻ പടപൊരുതിയ പോലെ തൻ്റെ പ്രണയത്തെ സ്വന്തമാക്കാനും പി.ടി അനവരതം പ്രയത്നിച്ചു. മതം സമുദായം സാമ്പത്തികം…. ഇതൊന്നും പ്രണയാതുരനായ പി.ടിക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമായില്ല. പോരാടി നേടിയ പ്രണയത്തെ അദ്ദേഹം തൻ്റെ കരളോട് ചേർത്തുവച്ചു.നിശ്വാസം പോലെ ഉമയും മരണം വരെ ഒപ്പമുണ്ടായിരുന്നു. മരണത്തിൽ മാത്രമല്ല പ്രണയത്തിലും ചരിത്രം രചിച്ചാണ് പി.ടി കടന്നു പോയത്.മഴവില്ലഴക് പോലെ മാഞ്ഞ് പോയത് പ്രണയത്തിൻ്റെ രാജകുമാരനാണ്. മതം നോക്കാതെ പ്രണയിക്കാമെന്നും വിവാഹാനന്തരം ഒരു കൂരക്ക് കീഴിൽ മതവിദ്വേഷമില്ലാതെ മനുഷ്യരായി ജീവിക്കാമെന്നും മലയാളിയെ പഠിപ്പിച്ച പി.ടി. ജീവിതത്തിലുടനീളം മാനവികതയുടെ വക്താവായ പി.ടി, ഔസ്യത്തെഴുതിയപ്പോൾ പ്രണയിനിക്കായി മാറ്റി വച്ചത് പ്രണയം മാത്രമാണ്.
മധുരതരമായൊരു പ്രണയകാലത്തിൻ്റെ പവിത്ര സ്മരണകൾ നമുക്ക് കൈമാറി അയാൾ മടങ്ങി. രവിപുരത്തെ ശ്മശാനത്തിൽ ആളിപ്പടർന്നു കത്തിയമരുമ്പോഴും പ്രണയാരംഭത്തിലേതുപോലൊരു ഗാനം അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.” മഞ്ഞണിക്കൊമ്പിൽ…” തുടങ്ങിയ പ്രണയം ” ചന്ദ്രകളഭം ചാർത്തി “ഒടുങ്ങി. പ്രണയവും മരണവും ഒരു പോലെ സംഗീത സാന്ദ്രം. മലയാളിക്ക് പി.ടി നേതാവ് മാത്രമല്ല.തീവ്ര പ്രണയത്തിൻ്റെ പ്രണയ സാക്ഷാത്കാരത്തിൻ്റെയും പര്യായം കൂടിയാണ്. മതം നോക്കാതെ പ്രണയിക്കുകയും മതബോധമില്ലാതെ ജീവിക്കുകയും മതാനുഷ്ഠാനങ്ങളില്ലാതെ മരിക്കുകയും ചെയ്ത പി.ടി.മലയാളത്തിൻ്റെ ചാരുതയാർന്നൊരു പ്രണയകാവ്യമാണ് പി.ടി……