ഒരുപാട് ടെൻഷനോടെയാണ് കാർഡിയോളജി ഐസിയുവിലേക്ക് കടന്ന് ചെന്നത്. ആരതിയുടെ ഹൃദമിടിപ്പ് അവൾക്ക്തന്നെ കേൾക്കാമായിരുന്നു. രവിയേട്ടനെ വീണ്ടും ഐസിയുവിലാക്കി എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടത്. ഹൃദയ വാൽവിലെ തകരാറ് നിയന്ത്രിതമല്ലാത്ത ഹാർട്ട് ബീറ്റിന് കാരണമാക്കി. തനിയെ ഡ്രൈവ് ചെയ്യരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. പെട്ടെന്ന് കാർ സൈഡിലേക്ക് ഒഴിച്ചു നിർത്താൻ പറ്റിയതും ആംബുലൻസ് വിളിക്കാൻ കഴിഞ്ഞതും ഈശ്വരാനുഗ്രഹം മാത്രം.
എന്താണ് അവസ്ഥയെന്നറിയില്ല. നഴ്സിംഗ് സ്റ്റേഷനിൽ ചോദിച്ച് ഏത് റൂമാണെന്ന് ഉറപ്പു വരുത്തി. ആദ്യം രവിയേട്ടനെ കാണാം. പിന്നെ ഡോക്ടറുടെ അടുത്ത് സംസാരിക്കാം. റൂമിലെത്തി നോക്കുമ്പോൾ കണ്ണു നിറഞ്ഞൊഴുകി. ആകെ അവശനായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ പാടുപെടുന്നു. കണ്ണടച്ച് കിടക്കുന്നു. ആ കൈത്തണ്ടയിൽ പതുക്കെ തലോടി. തന്റെ കരസ്പർശം ഏതവസ്ഥയിലും തിരിച്ചറിയേണ്ടതാണ്. എല്ലായിപ്പോഴും ആ ഹൃദയം ശോഷാവസ്ഥയിലെങ്കിലും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതങ്ങനെയാണ്.
എന്റെ വിരൽസ്പർശം ചെറിയ ഒരു അനക്കം ആ കൈകളിൽ വരുത്താറുണ്ട്. ഒരു ചലനവും ഉണ്ടാക്കിയില്ല തന്റെ വിരൽ സ്പർശം.
മോണിറ്ററിൽ ഹാർട്ട് റേറ്റ് നോർമൽ കാണിക്കുന്നുണ്ട്. വിവാഹത്തിന്റെ ഒന്നാം വാർഷികദിനത്തിലാണ് ആദ്യമായി രവിയേട്ടൻ തളർന്നു വീണത്. ഞങ്ങളുടെ സ്വർഗ്ഗത്തിൽ ആഘോഷിക്കാനാരും വേണ്ട ഞങ്ങളല്ലാതെ, ഒരു കേക്ക് വാങ്ങി, മെഴുകുതിരി വെളിച്ചത്തിൽ മുഖാമുഖം നോക്കിയിരുന്ന് വർഷങ്ങളിലെ പ്രണയം സഫലമായതിന്റെ സന്തോഷം പങ്കിടാൻ തീരുമാനിച്ചു.
ഒരുപാട് സന്തോഷങ്ങൾ ആ ഹൃദയത്തിന് താങ്ങാനായില്ലെന്ന് തോന്നി. കേക്ക് കട്ട് ചെയ്യുംമുൻപ് തളർന്നു വീണു. അന്ന് തുടങ്ങി സമാധാനം നഷ്ടപ്പെട്ടതാണ്. പിന്നീട് ചികിത്സകൾ, സർജറി, പ്രാർത്ഥന.. ജീവിതം വേറിട്ട അനുഭവമായി. പലതവണ എന്നോട് പറഞ്ഞു ആരതി നിനക്കൊരു ജീവിതമില്ല എന്നോടൊപ്പം. നമുക്ക് പിരിയാമെന്ന്. മരണം വരെ കൂടെ എന്ന് ഉറപ്പു പറഞ്ഞ് കൂടെകൂട്ടിയതല്ലെ എന്നെ. അതുവരെ കൂടെ ഉണ്ടാവണം. അതായിരുന്നു എന്നും എന്റെ മറുപടി. ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് ഹൃദയം പങ്കിട്ടവർ, ആത്മാവിൽ ചേർത്തു വച്ചവർ, ആ സ്നേഹത്തിന്റെ ആഴം അറിഞ്ഞ എനിക്ക് രവിയേട്ടനില്ലാത്ത ലോകം ചിന്തിക്കാനാവില്ല.
ഏത് പ്രതിസന്ധിയിലും തകരാത്ത ആത്മധൈര്യം, അതാണ് രവിയേട്ടന്റെ കൈമുതൽ. അതാണ് എന്റെ ധൈര്യവും. ഓരോ തവണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും പറയും. നീ പേടിക്കണ്ട മുത്തെ എന്നെ അവിടെ ഉൾക്കൊള്ളാൻ ഇടമില്ല. അത് കൊണ്ട് യമദേവൻ കൊണ്ടു പോയാലും തിരിച്ചയയ്ക്കും. നിന്നെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സില്ലാത്തോണ്ടായിരിക്കും മൂപ്പര് എന്നെ തനിച്ച് കൊണ്ട് പോകാൻ മടിക്കുന്നത്. എന്നിട്ടുറക്കെ ഒന്നു ചിരിക്കും.കണ്ണിറുക്കി ഒരു കള്ളച്ചിരി.
അതോടെ എന്റെ ഭയം അകലും.
ഇപ്പോഴും എന്നെ തനിച്ചാക്കി പോകാനാവില്ല. മടങ്ങിവരും. ആ നെറ്റിയിൽ പതിയെ ചുണ്ടമർത്തി. വേഗം വരൂ. ഞാനടുത്തുണ്ട്. ആ കാതിൽ മെല്ലെ പറഞ്ഞു. ഡോക്ടർ മുറിയിലേക്ക് കടന്നു വന്നു. ആരതി എപ്പോൾ വന്നു.
കുറച്ചു നേരമായി, ഞാൻ പറഞ്ഞു.
വരൂ, ഡോക്ടറോടൊപ്പം പുറത്തേക്ക് വരുമ്പോൾ മനസ്സ് പതറുന്നുണ്ടായിരുന്നു. എന്താവും പറയുക. മുത്തെ, ഞാൻ വരും. നീ ധൈര്യമായി ഇരിക്കൂ. ഇത്തവണയും എന്നെ അവിടെ കയറ്റില്ല. രവിയേട്ടൻ പറയുന്നു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിച്ചുകളിച്ചു.
ആരതി.. ഡോക്ടറുടെ ശബ്ദം അവളെ ഞെട്ടിച്ചു. പതിവിലും പതിഞ്ഞ ശബ്ദം.? അവൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
ആ മുഖം രക്തശൂന്യമായതുപോലെ, വാക്കുകൾ വിറയ്ക്കുന്നുണ്ടോ?
ഇത്തവണ ഒരു പ്രതീക്ഷക്കുറവ് പോലെ. ആരതി വിഷമിക്കരുത്. ഞങ്ങൾ പരമാവതി ശ്രമിക്കുന്നുണ്ട്. നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ഒരു മറുവശം ഉണ്ടായാൽ ധൈര്യം കൈവിടരുത്.
മ്ം.. നിറഞ്ഞൊഴുകിയ മിഴികളെ തടഞ്ഞു നിർത്താനുള്ള ശ്രമം പരാജയപ്പെട്ടു. വീട്ടിലേക്ക് പോകാൻ തോന്നിയില്ല. ഇവിടെ വിസിറ്റിംഗ് ടൈം കഴിഞ്ഞു. ഒന്നുകൂടി ആ മുഖത്ത് തലോടി ഭാരം തൂങ്ങിയ ഹൃദയവുമായി വീട്ടിലെത്തി. ഒന്ന് ഫ്രഷായി വരുമ്പോൾ കണ്ടു. ബെഡ്ഢിന്റെ സൈഡ് ടേബിളിൽ ഒരു പേപ്പർ.
രവിയേട്ടൻ എഴുതിയതാണ്. വിറയ്ക്കുന്ന ചുണ്ടുകളോടെ വായിച്ചു. സ്വതസിദ്ധമായ തമശയോടൊ ഉള്ള വാചകങ്ങൾ.
മുത്തെ, ഇനി ഈ വണ്ടി അധികം ഓടില്ല, മുകളിൽ നിന്ന് ഇനി തള്ളി താഴക്കഥവാ ഇട്ടില്ലെങ്കിലും ഞാൻ നിന്നോടൊപ്പം തന്നെ ഉണ്ടാവും. നീ വിഷമിക്കരുത്. കഴിഞ്ഞ തവണ ഡിഎൻആർ/ ഡിഎൻഐ സൈൻ ചെയ്യാൻ തീരുമാനിച്ചിട്ടും നീ സമ്മതിച്ചില്ല. ഇനി എനിക്കതിന് സാധിച്ചില്ലെങ്കിലും നീ സമ്മതിക്കണം. വീണ്ടും ജീവിതത്തിലേക്ക്, നിന്റടുത്ത്ക്ക് നമ്മുടെ ഈ സ്വർഗ്ഗത്തിലേക്ക് കളിചിരിയോടെ മടങ്ങിവരാൻ കഴിയില്ലെന്ന് ഉറപ്പായാൽ ഒരു ലൈഫ് സേവിംഗ് മെഷീന്റെയും സഹായത്താൽ ജീവനെ പിടിച്ചു നിർത്തി എന്റാത്മാവിനെ ബുദ്ധിമുട്ടിക്കരുത്. ഡിഎൻ ആർ/ ഡിഎൻഐ സൈൻ ചെയ്ത് വെന്റിലേറ്ററിൽ നിന്നും തുടർചികിത്സകളിൽ നിന്നും മോചിപ്പിക്കില്ലെ?
എടീ മണ്ടൂസെ നിന്നെ വിട്ടെവിടെയും ഞാൻ പോവില്ല. നീ കരയുകയാണെന്നറിയാം. പാടില്ല, നിയന്ത്രിക്കണം. നമ്മളെപ്പോഴും പ്രതീക്ഷിക്കുന്നതല്ലെ? സന്തോഷത്തോടെ അനുസരിക്കണം.
നിന്റെ ചുണ്ടിലെ ചിരി, ആത്മാവിലെ സുഗന്ധം അതെല്ലാം ഞാൻ എന്നും കാണാനാഗ്രഹിക്കുന്നു.
അപ്പോൾ …..കാണാം. നീ ഇപ്പോൾ ഉറങ്ങാൻ നോക്ക്.
ആ ചിരി കാതുകളിൽ മുഴങ്ങി… ഒരു ഉൾപ്രേരണയിൽ എഴുതിയപോലെ. എനിക്ക് കഴിയുമോ രവിയേട്ടാ തനിച്ചാവാൻ.
ഉറക്കം വരാതെ നേരം വെളുപ്പിച്ചു.
നേരെ ഹോസ്പിറ്റലേക്ക് പോവുമ്പോൾ മനസ്സിലുറപ്പിച്ചു രവിയേട്ടാ ഞാനൊന്നും സൈൻ ചെയ്യേണ്ടിവരില്ല. ആ തമാശപറച്ചിലും ആയി ഇനിയും നമ്മുടെ സ്വർഗ്ഗം ആനന്ദിക്കും. റൂമിലേക്ക് കയറാനൊരുങ്ങെ കണ്ടു ഡോക്ടേഴ്സും, നഴ്സുമാരും മറ്റ് മഡിക്കൽ ടീം അംഗങ്ങളും ആ ജീവനെ തിരികെ വിളിക്കാൻ ശ്രമപ്പെടുന്നത്.
ഒരു നഴ്സ് കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുവരുമ്പോൾ മനസ്സ് പറഞ്ഞു രവിയേട്ടാ ഞാനിവിടെ തനിച്ചാണ്. വേഗം മടങ്ങി വരൂ…
