പെൺകരുത്തിൽ തൃക്കാക്കര, ഉമ തോമസ് ചരിത്രം രചിക്കുമ്പോൾ (അനിൽ പെണ്ണുക്കര )

sponsored advertisements

sponsored advertisements

sponsored advertisements

3 June 2022

പെൺകരുത്തിൽ തൃക്കാക്കര, ഉമ തോമസ് ചരിത്രം രചിക്കുമ്പോൾ (അനിൽ പെണ്ണുക്കര )

അനിൽ പെണ്ണുക്കര

പിടി തോമസിന്റെ ഹൃദയഭൂമികയിൽ പ്രിയ സഖി ഉമ തോമസ് വിജയത്തിന്റെ ചരിത്രമെഴുതുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പെൺകരുത്തിന്റെ പുതിയ മുഖം കൈവരികയാണ്. രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാധിനിത്യത്തിന് വലിയ സ്വീകാര്യതയാണ് തൃക്കാക്കരയിൽ നിന്നും ലഭിച്ചത്. ജനങ്ങൾ ഹൃദയത്തിലേറ്റിയ പിടിയുടെ പ്രിയസഖിയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിക്കുന്നതിൽ തൃക്കാക്കരയിലെ യുവജനങ്ങളും കുടുംബങ്ങളും മുന്നിലായിരുന്നു. ഈ വിജയം യഥാർത്ഥത്തിൽ തൃക്കാക്കരയുടെ ഹൃദയം തന്നെയാണെന്ന് അതുകൊണ്ട് വ്യക്തമാക്കാം.

പലപ്പോഴും മാറ്റിനിർത്തപ്പെട്ട സ്ത്രീ പ്രതിനിധികൾക്ക് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയും, പിടി തോമസിനെ ഭാര്യ ഉമാ തോമസും ഒരു വലിയ മാതിരി തന്നെയാണ് സൃഷ്ടിക്കാൻ പോകുന്നത്. മുഖ്യധാരാ പാർട്ടികൾക്ക് അതീതമായി മനുഷ്യനിലേക്കും അവന്റെ വികാരവിചാരങ്ങളിലേക്ക് ജനഹൃദയം ചുരുങ്ങുന്നതിന്റെ കാഴ്ചയാണ് തൃക്കാക്കര കണ്ടത്. പ്രചാരണ സമയത്ത് പോലും ഹൃദയം എങ്ങോട്ടാണ് തിരിയുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു തോമസ്. പിടി തോമസ് എന്ന ജനകീയനായ നേതാവിന്റെ സാമൂഹികപരമായ ഇടപെടലുകളും, സംഭാവനകളും ഉമയുടെ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ മാത്രമായിരുന്നു.

സ്ത്രീകൾ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മാതൃകാ രാജ്യമായി ഇന്ത്യ രൂപപ്പെടേണ്ടത് ആവശ്യകതയാണ് ഉമ തോമസിന്റെ ജയത്തോടെ ചർച്ചചെയ്യപ്പെടുന്നത്. തനിക്ക് താങ്ങും തണലും ആയിരുന്ന മനുഷ്യൻ ഇല്ലാതിരുന്നിട്ടു പോലും അയാൾ രൂപപ്പെടുത്തിയ ഓർമ്മകളുടെയും, ഉജ്ജ്വലമായ വിപ്ലവ പോരാട്ടത്തിന്റെയും കരുത്തിൽ തനിച്ചു നിന്നവരാണ് ഉമ തോമസ്. എന്നാൽ അവരെ തനിച്ചാക്കി തൃക്കാക്കര തീരുമാനിച്ചിരുന്നില്ല. തൃക്കാക്കരയുടെ ഹൃദയത്തിൽ പിടിക്ക് പകരം ഉമ മാത്രമേയുള്ളൂ എന്നതായിരുന്നു സത്യം.

രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പുരുഷ മേധാവികളാൽ തഴയപ്പെട്ട ഗൗരിയമ്മയും കെകെ ശൈലജയുമെല്ലാം നമുക്ക് മുൻപിൽ നിലനിൽക്കുമ്പോൾ, ഉമാ തോമസിന്റെ ഈ ചരിത്ര വിജയം ജനാധിപത്യ വിശ്വാസികൾ ആഘോഷിക്കേണ്ട ഒന്നുതന്നെയാണ്. സഹതാപതരംഗം ആഞ്ഞടിച്ചിട്ടാണെങ്കിലും ഈ വിജയം തൃക്കാക്കര ആവശ്യപ്പെട്ടതാണ്. ഇതുതന്നെയാണ് തൃക്കാക്കരയുടെ മനസ്സ്.