ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും കേരളത്തിലെയും ഇന്നലെകൾ വരെ ഏറ്റവും പ്രശസ്തരായ 10 നേതാക്കളിലൊരാൾ .
രണ്ടു തവണ മുഖ്യമന്ത്രി , 11 തവണ തുടർച്ചയായി എം ൽ എ . ഒരുപക്ഷെ ഇ.എം.എസ് , വി എസ് എന്നിവർക്കു തൊട്ടുപിന്നിലായി ഏറ്റവും ജനകിയനായ മുഖ്യമന്ത്രി . നേരിട്ടു പരിചയമില്ലാത്ത എന്റെ എളിയ അഭിപ്രായം മാത്രമിത് .
അകലങ്ങളിൽ നിന്നുമാത്രം അന്നും ഇന്നും എന്നിലെ ഇടതുപക്ഷരാഷ്ട്രിയം , നോക്കിക്കണ്ട ഉമ്മൻ ചാണ്ടിയെന്ന അതികായനും എനിക്കും തമ്മിലുള്ള ഒരേയൊരു സാമ്യം ഞങ്ങളുടെ രണ്ടുപേരുടെയും പേരിന്റെ അവസാനം ചാണ്ടി ആണെന്നത് മാത്രം .അല്പം അടുപ്പമുള്ളത് പ്രായത്തിൽ മാത്രം .
ഒരേ സമയം നഗരത്തിലെ പ്രമുഖമായ രണ്ടു കോളേജുകളിൽ ഞങ്ങൾ വിദ്യാർത്ഥികളും , ഗിൽബെർട് ഓസ്റ്റിൻ , പിൽക്കാലത്തു തൊഴിലാളി നേതാവായി ഉയർന്ന വേണുഗോപാലിന്റെയ്യും സുഹൃത്ത് ബന്ധം .
രാഷ്ട്രീയം അന്നെനിക്ക് പലപ്പോഴും വെളുത്തീയവും കറുത്തീയവും .എ സി ജോസിന്റെയും എംഎം ലോറെൻസിന്റെയും രാഷ്ട്രീയപ്രസംഗങ്ങൾ ആയിരുന്നു അന്നെനിക്ക് പഠനവിഷയങ്ങളേക്കാൾ പ്രിയം .
മുരളി സമരം
ബാലജനസഖ്യത്തിന്റെ ആദ്യകാലനേതാക്കലൊരാളായി വളർന്ന ശ്രീ ഉമ്മൻ ചാണ്ടിയെ ആദ്യമായും അവസാനമായും കണ്ടത് 1967 ൽ ആണെന്നുതോന്നുന്നു .
തേവര കോളേജിൽ രണ്ടാംവർഷ ബിരുദവിദ്യാർത്ഥിയായി ലേഖകൻ പഠിക്കുന്ന ഈ സമയത്തു ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ കൂടെ സീനിയർ നേതാക്കന്മാരായ ആന്റണിയും, രവിയും എ സി ജോസും , ജോണും മാധവനുമൊക്കെ . ഇവരിൽ ഏറ്റവും ജൂനിയർ ചാണ്ടിയും .
കൃത്യമായി ഓർക്കുന്നില്ല . അറുപത്തിഏഴിലോ എട്ടിലോ മുരളി സമരം നടക്കുന്നു . മുരളി എന്ന വിദ്യാർത്ഥി കൊച്ചിയിൽ വിദ്യാർത്ഥി സമരത്തിൽ ഓടയിൽ വീണു മരിക്കുന്നു . പോലീസിന്റെ മർദനത്തെത്തുടർന്ന് വീണതാണെന്നും അല്ലെന്നുമുള്ള വാർത്തകൾ .
സമരം പൊട്ടിപുറപ്പെടുന്നു , ആദ്യം തേവര കോളേജിൽ തുടർന്ന് സൈന്റ്റ് ആൽബർട്സിലും പിന്നെ മഹാരാജാസിലും . ലോ കോളേജും സൈന്റ്റ് തെരേസാസിലെ ചിലവിദ്യാര്ഥികളും സമരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു .
തേവരയിലെ കോളേജ് യൂണിയൻ ചെയർമാൻ സി കെ മറ്റം അടുത്ത സുഹൃത്തായതുകൊണ്ടും ലേഖകനും സമരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു .രാഷ്ട്രീയത്തിലുപരി വ്യക്തിബന്ധങ്ങളുടെ പേരിൽ ആണെല്ലോ ചിലരെങ്കിലും സമരങ്ങളിൽ പങ്കെടുക്കുന്നത് .
സമരങ്ങൾ അക്രമാസക്തങ്ങളാവുമ്പോൾ
സമരങ്ങൾ അക്രമാസക്തമാകുന്നത് പെട്ടന്നായിരിക്കും . ഇവിടെയും അത് തന്നെ സംഭവിച്ചു . ശരികളുടേയും തെറ്റുകളുടെയും മറവിൽ വിദ്യാർത്ഥികളും പോലീസും തമ്മിൽ കല്ലേറും ലാത്തിയടിയും .
എന്റെ ഓർമയിൽ , അന്ന് ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് . പ്രതിപക്ഷനേതാക്കെന്മാർ സമരത്തിൽ ഇടപെട്ടു . ഇടതുപക്ഷ സപ്തകക്ഷി മുന്നണിയെ തകർക്കാൻ കിട്ടിയ അവസരം പാഴാക്കരുതെന്ന ഉദ്ദേശത്തിൽ സിനിയർ നേതാക്കന്മാർ ജൂനിയർ നേതാക്കന്മാർക്ക് സമരത്തിലേക്ക് ആശിർവാദവും നൽകി .
ദിവസം കൃത്യമായി ഓർക്കുന്നില്ല . വലിയൊരു പ്രേതിഷേധ പ്രകടനം കോൺഗ്രസ് വിദ്യാർത്ഥി യൂണിയൻ ആഹ്വാനം ചെയ്തു . തേവര സെക്രെറ് ഹാർട്ട് കോളേജിൽ നിന്നും ഞങ്ങളും സൈന്റ്റ് ആല്ബെര്ട്സ് കോളേജ് വിദ്യാർത്ഥികളും തടിച്ചു കൂടിയ ആ ദിവസം ഇന്നും വ്യക്തമായി മനസ്സിൽ .
എറണാകുളം ഹൈ കോർട്ട് റോഡിലൂടെ ആയിരുന്നു ജാഥ പ്ലാൻ ചെയ്തിരുന്നുന്നത് . അക്രമങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ . അനുകൂലിക്കുന്ന കോൺഗ്രസ് വലതു പക്ഷവും എതിർക്കുന്ന ഭരണ ഇടതുപക്ഷവും . എന്തും ഏതുനിമിക്ഷവും സംഭവിക്കുന്ന ഭീകര നിമിഷങ്ങൾ .
ഹൈകോർട്ടിന് അടുത്തുതന്നെ ലോ കോളേജ് , സൈന്റ്റ് തെരേസാസ് കോളേജുകൾ .
ഉച്ചയോടു ഞങ്ങൾ എല്ലാവരും ഹൈ കോർട്ട് റോഡിൽ സംഖടിച്ചു .
ഏകദേശം 800 വിദ്യാർഥികൾ നഗരത്തിലെ നാലു കോളേജുകളിൽ നിന്നായി . സൈന്റ്റ് ആല്ബെര്ട്സ് കോളേജ് യൂണിയൻ ചെയർമാൻ രാമചന്ദ്ര പൈ ,ഗിൽബെർട് ഓസ്റ്റിൻ തുടങ്ങിയവർ നേതൃസ്ഥാനങ്ങളിൽ നിലഉയർപ്പിച്ചു .
രണ്ടു വണ്ടി നിറയെ പോലീസുകാർ ഞങ്ങൾ സമരക്കാരെ നേരിടാനെത്തി . പിൽക്കാലത്തു കുപ്രസിദ്ധനായ ജയറാം പടിക്കലിന്റെ നേതൃത്തിൽ പോലീസ് പരേഡ് നടന്നത് ഇന്നും ഓർക്കുന്നു . സൈന്റ്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾ മോറൽ സപ്പോർട്ടുമായി ഹോസ്റ്റൽ വിന്ടോവുകളിലൂടെ പ്രത്യക്ഷപ്പെട്ടത് സമരക്കാർക്കു പ്രചോദകമായി .
ആരോ പിറകിൽ നിന്നു കല്ലെടുത്തെറിഞ്ഞതും ” അടിയെടാ ” എന്ന പടിക്കലിന്റെ ആക്രോശവും കേട്ടതായി ഓർക്കുന്നു . ലാത്തിയടിയോടെ ചിന്നിച്ചിതറി ഓടിയവരിൽ ലേഖകനും .ജാഥയുടെ പിറകിൽ നിന്നിരുന്ന ഞങ്ങൾ ഭൂരിഭാഗവും ഓടിയത് തെക്കോട്ടാണെങ്കിൽ , മുന്നിരയിലുണ്ടായിരുന്ന ഉമ്മൻചാണ്ടിയും ഇത്രനേതാക്കളും ഓടിക്കയറിയത് ഹൈ കോർട്ട് വളപ്പിലേക്ക് . ശേഷം ഊഹിക്കാമെല്ലോ .
ഭാരത് ടൂറിസ്റ്റ് ഹോമിന്റെ തൊട്ടുമുന്പിൽ ഒരു പ്രൈവറ്റ് ബസ്സ് സ്ലോ ഡൌൺ ചെയ്തു , ഞങ്ങളിൽ ചിലർ ബസ്സിൽ ചാടിക്കയറി രക്ഷപെട്ടു . കാലിൽ കിടന്ന പുതിയ ലെതർ സ്ലിപ്പേഴ്‌സ് നഷ്ടപെട്ടത് മനസ്സിലാക്കിയ ഞാൻ പത്മ ജംഗ്ഷനിൽ ഇറങ്ങി തിരിച്ചുനടന്നു നഷ്ടപെട്ട ചെരുപ്പ് വീണ്ടെടുക്കാൻ .
തിരിച്ചു ചെന്നപ്പോൾ റോഡിൽ കിടക്കുന്നു അനവധി ചെരിപ്പുകൾ . തപ്പിനോക്കിയെടുക്കാൻ ശ്രെമിക്കകുക അത്ര ബുദ്ധിപരവുമായിരുന്നില്ല കാരണം തല്ലാൻ തയ്യാറെടുത്തുനിൽക്കുന്ന പടിക്കലിന്റെ പോലീസുകാർ അപ്പോഴുമവിടെ ഉണ്ടായിരുന്നു .
വിഷണ്ണനായി തിരിഞ്ഞുനടന്നു , ഭാരത് ടൂറിസ്റ്റ് ഹോമിൽ കയറി മസാല ദോശയും കഴിച്ചു മടങ്ങി . നഷ്ടബോധങ്ങൾ അന്നുമിന്നും എന്റെ കൂടപ്പിറപ്പു .
ഇതേ സമയം രാമചന്ദ്ര പൈയെ തൂക്കിയെടുത്തു പോലീസുകാർ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി, ഹൈ കോർട്ട് ഗ്രൗഡിലേക്കു കയറിയ ഉമ്മൻ ചാണ്ടിയെ പോലീസ് മര്ദിക്കുന്നുണ്ടായിരുന്നു .
ഏതോ കളഞ്ഞ അണ്ണാനെപ്പോലെ തിരിച്ചുപോയ ഈയുള്ളവൻ പിറ്റേ വര്ഷം ഹോസ്റ്റലിനു പുറത്ത് .
കുടുംബബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചു പ്രൊഫസർ കൊച്ചാപ്പിയുടെ ചാക്കോള കോളനിയിലുള്ള വാടക വീട്ടിൽ പേയിങ് ഗുസ്റ്റായി ജീവിതം തുടങ്ങി . അന്നത്തെ ഏറ്റവും വലിയ ഹോബ്ബികൾ ശ്രീധറിലും , മേനകയിലും പത്മയിലെയും സിനിമകൾ , സി എം സ്റ്റീഫന്റെയും ആർ ശങ്കറിന്റെയും കെ എം ജോർജിന്റെയും രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കുക . ഒന്നിലും ഉറച്ചുനിൽക്കാനാകാതെ ഒഴുക്കിനൊത്തു നീങ്ങിയ സമയം . നഷ്ടപെട്ടത് അക്കാഡമിക് അറിവുകളെങ്കിൽ നേടിയത് ജീവിതസ്ഥായിയായ പ്രായോഗിക അറിവുകൾ .
ഉമ്മൻ ചാണ്ടിയുടെ നേതൃത്വ നിരയിലേക്കുള്ള ഔദോഗിക പ്രവേശനം .
കേരളരാഷ്ട്രീയത്തിലേക്കുള്ള ചാണ്ടി സാറിന്റെ കരുത്തേറിയ പ്രേവേശനം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതു മുരളി സമരത്തിലെ രക്തപങ്കിലമായ ഈ ദിവസം ആയിരിക്കണം . ഹെന്ററി ഓസ്റ്റിന്റെ മകൻ ഗിൽബെർട് ഓസ്റ്റിനെയും , എ സി ജോസിനെയും എം എ ജോണിനെയും ഔട്ട് ഷൈൻ ചെയ്തു ശ്രീ ഉമ്മൻ ചാണ്ടി നേതൃത്വനിരയിലേക്കു കടന്നുവന്നു ഈ സമരത്തിൽ .
പോലീസിന്റെ കിരാതമായ മർദനത്തിന് ഇരയായ ചാണ്ടിയും രാമചന്ദ്ര പൈയും ആ ദിവസം . കൊച്ചിയിലെ ഏതോ ധനികനായ പൈയുടെ മകന് രാഷ്ട്രീയത്തിൽ താല്പര്യാമില്ലതെ ബിസിനെസ്സിലേക്കു തിരിഞ്ഞു . ചാണ്ടിയാകട്ടെ ഈ സമരത്തിലൂടെ ആന്റണിയുടെ സന്തത സഹചാരിയുമായി . ഏം എ ജോണും മാധവനും മുഹമ്മദാലിയുമൊക്കെ ആന്റണി ചാണ്ടി അച്ചുതണ്ടിനുചുറ്റും ഉപഗ്രഹങ്ങളായി . ക്രമേണ ശ്രീ ഉമ്മൻചാണ്ടിയും ആന്റണിയും വയലാർ രവിയുമൊക്കെ കോൺഗ്രസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരുമായി .
ഞാൻ വായിച്ചും കേട്ടറിഞ്ഞ ഉമ്മൻ ചാണ്ടി
1970 മുതൽ ഇന്ന് വരെ നടന്ന എല്ലാ രാഷ്ട്രീയ നാടകങ്ങളിലും ചർച്ചകളിലും ആർക്കും മാറ്റിനിർത്തുവാനോ ഒഴിവാക്കാനോ സാധിക്കാത്ത ഒരു വ്യക്തിയാണ് ശ്രീ ചാണ്ടി. ഈ മഹത്‌വ്യക്തിയെ ചിലപ്പോഴെങ്കിലും നിശിതമായി വിമര്ശിച്ചട്ടുണ്ടെങ്കിലും അവസാനം എതിരാളികൾ വാളും പരിചയും താഴെ വച്ച് മടങ്ങുന്നതാണ് നാം കണ്ടിട്ടുള്ളത് .
എന്റെ സഹധർമിണി കുഞ്ഞുമോളും അനിയത്തിമാരും പഠിച്ചത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റ സ്വന്തമായുള്ള മിഡിൽ സ്കൂളിൽ ആയിരുന്നുവെന്നത് വളരെ അഭിമാനത്തോട് പറയാൻ ആഗ്രഹിക്കുന്നു .
സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനിച്ച ഈ വലിയമനുഷ്യന്റെ മൊത്തം സാമ്പത്തിക ആസ്തി വെറും 95 ലക്ഷം .52 വർഷത്തെ പൊതുജീവിതം കഴിയുമ്പോൾ . വിശ്വസിക്കാൻ തോന്നുന്നില്ല , ഇന്നിപ്പോൾ ഒന്നുമില്ലായ്മയിൽ നിന്നും രാഷ്ട്രീയം ആരംഭിച്ച പലരുടെയും ആസ്തികൾ തമിഴ് നാട്ടിലും കർണാടകയിലും ഫാമുകളും പ്ലോട്ടുകളുമായി നൂറുകണക്കിന് കോടികൾ .
നഷ്ടമായ ദിശാബോധങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടിക്കും അദ്ദേഹം ദീർഖകാലം നേതൃത്വം നൽകിയ കോൺഗ്രസിന് ഇന്ന് വ്യക്തമായ ഒരു ദിശാബോധമില്ലായതിന്റെ കാരണത്തിലേക്കു കടക്കുന്നില്ല .
അദ്ദേഹമില്ലാത്ത ഒരു കോൺഗ്രെസ്സിനെയാണ് ഇന്ന് ചിലർ ആഗ്രഹിക്കുന്നതെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം മധ്യതിരുവിതാംകൂറിലെ സീറ്റുകളിൽ ഭൂരി ഭാഗവും പിടിച്ചെടുക്കാൻ സാധ്യധകൾ ഏറേ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ