ആത്മസാക്ഷി എക്‌സിറ്റ് പോള്‍: യുപി ബിജെപിക്ക് നഷ്ടപ്പെടും, സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറും

sponsored advertisements

sponsored advertisements

sponsored advertisements

9 March 2022

ആത്മസാക്ഷി എക്‌സിറ്റ് പോള്‍: യുപി ബിജെപിക്ക് നഷ്ടപ്പെടും, സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറും

ഹൈദരാബാദ്: ആത്മസാക്ഷി ഗ്രൂപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. യുപി ബിജെപിക്ക് നഷ്ടപ്പെടുമെന്നാണ് ആത്മസാക്ഷി സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ആകെയുള്ള 403 സീറ്റുകളില്‍ 235 മുതല്‍ 240 വരെ സീറ്റുകള്‍ നേടി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറും. 138 മുതല്‍ 140 വരെ സീറ്റുകള്‍ ലഭിച്ച് ബിജെപി രണ്ടാം സ്ഥാനക്കാരാകും. മായാവതിയുടെ ബിഎസ്പി 19 മുതല്‍ 23 വരെ സീറ്റുകളില്‍ ജയിക്കും. കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുള്ളത് 12 മുതല്‍ 16 വരെ സീറ്റുകളാണ്. മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ സീറ്റുകളും ആത്മസാക്ഷി സര്‍വ്വേ പ്രവചിക്കുന്നു.

യുപിയില്‍ നിന്ന് 31,6000 സാമ്പിളുകള്‍ പരിശോധിച്ചെന്നാണ് സര്‍വ്വേ നടത്തിയവരുടെ അവകാശ വാദം. വോട്ട് വിഹിതത്തേക്കുറിച്ചുള്ള സൂചനകള്‍ ഇങ്ങനെ. എസ്പി: 39.5 ശതമാനം, ബിജെപി 32.5 ശതമാനം, ബിഎസ്പി: 14 ശതമാനം, കോണ്‍ഗ്രസ് 10 ശതമാനം, മറ്റുള്ളവര്‍: 4 ശതമാനം.

ഉത്തരാഖണ്ഡില്‍ പകുതിയോളം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ആത്മസാക്ഷി ഗ്രൂപ്പ് പറയുന്നു. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 43 മുതല്‍ 47 സീറ്റ് വരെ നേടും. ബിജെപിക്ക് ലഭിക്കുക 20 മുതല്‍ 21 വരെ സീറ്റുകള്‍. ആം ആദ്മി പാര്‍ട്ടിക്ക് രണ്ടോ മൂന്നോ സീറ്റുകളിലാണ് വിജയ സാധ്യത. മറ്റ് പാര്‍ട്ടികള്‍ക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിച്ചേക്കും.

ഉത്തരാഖണ്ഡില്‍ നിന്ന് 49,800 സാമ്പിളുകള്‍ അവലോകനം ചെയ്‌തെന്നാണ് ആത്മസാക്ഷി ഗ്രൂപ്പിന്റെ അവകാശവാദം. വോട്ടുവിഹിതം ഇങ്ങനെ. കോണ്‍ഗ്രസ്: 46 ശതമാനം, ബിജെപി: 40.5 ശതമാനം, എഎപി: 9.5 ശതമാനം, മറ്റുള്ളവര്‍: നാല് ശതമാനം.

പഞ്ചാബിലും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പിക്കുന്നത്. 117 അംഗ നിയമസഭയില്‍ 58 മുതല്‍ 61 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം നേടിയേക്കും. ആം ആദ്മിക്ക് സാധ്യത 34 മുതല്‍ 38 വരെ സീറ്റുകളിലാണ്. ശിരോമണി അകാലിദള്‍ സഖ്യം 18 മുതല്‍ 21 വരെ മണ്ഡലങ്ങളില്‍ ജയിച്ചേക്കും. ബിജെപിയും കൂട്ടരും നാലോ അഞ്ചോ സീറ്റുകള്‍ നേടാം. മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണ്ഡലങ്ങളിലാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.