ഒരുവൻ കവിതകളിലൂടെന്നെ
വിഷം കൊടുത്തു കൊന്ന
കറുത്തവാവിന്റെ സന്ധ്യയിൽ
ഞാൻ സുഖമായുറങ്ങി.
പുഴ പിന്നെയും വിണ്ടുകീറാതൊഴുകി.
സൂര്യൻ ഉദയാസ്തമയങ്ങളാൽ
അലാറം മുഴക്കി.
കരിമ്പനതേടി പോയ കാറ്റ്
എന്റെ ചാമ്പമരത്തിന്റെ
നെറുകയിൽ നിർലജ്ജം ഇക്കിളിയിട്ടു.
എന്നെ കൊല്ലാൻ കലക്കിവച്ച
അർബുദച്ചോരയിൽ
ചൂടൻ കണ്ണീരുമുക്കി
സായന്തനത്തിലെ
സ്നേഹം ഞെരിച്ച
കടലഴകിനെ വരച്ചുവച്ചു.
തുറക്കാതിരുന്ന
പ്രണയപരവേശത്തിന്റെ
ആൺഗർഭം
പുതിയ ഗർഭപാത്രത്തെ തേടി
തെരുവിലലഞ്ഞു.
ഒരുവനെന്നെ വാക്കാൽ
കഴുവേറ്റിയതിൽ പിന്നെ
ഞാനെന്റെ വീടിന്റെ മച്ചിൽ
പുതിയൊരു ഊഞ്ഞാലുക്കെട്ടി.
മാറാല മാറ്റി,
മണ്ണ് കിളച്ചു
പുതിയ വേദനകളെ
വളംതൊടാതെ കിളിർപ്പിച്ചു.
ഇതുകണ്ടു വന്ന
പഴേ നീറ്റൽ എന്നെ നോക്കി
കൊഞ്ഞനം കുത്തി.
“ചതഞ്ഞാലുമിങ്ങനെ
ചാരം കാണും വരെ
നിവർന്നേ നിൽപ്പൂ ഞാൻ”
