ഉരുള്‍പൊട്ടൽ: ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 August 2022

ഉരുള്‍പൊട്ടൽ: ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

കൊച്ചി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂർ സ്വദേശി സോമന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് തൂത്തെടുത്തത്. ഉരുള്‍പൊട്ടലില്‍ വീടിന്റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുളിനോടൊപ്പം ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിലാണ് വീട് തകർന്നത്. വീട് പൂർണമായും ഒലിച്ചുപോയി. വീടിന്റെ തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ശക്തമായ ഉരുള്‍പൊട്ടലില്‍ വീടോടു കൂടെയാണ് ഇവര്‍ ഒലിച്ച് പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. 2018 ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഈ മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടുകയായിരുന്നു. രാത്രിയില്‍ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്.

പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്. പുളിയന്മല സംസ്ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്ര നിരോധിക്കണോയെ കാര്യത്തിൽ വൈകീട്ട് തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നു.

ഇന്ന് കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വയനാട് അമ്പുകുത്തി മലയ്ക്ക് സമീപം മലവയലില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി.

തെക്ക് പടിഞ്ഞാറൻ ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.