നസീർ ഹുസൈൻ കിഴക്കേടത്ത്
ന്യൂ ജേഴ്സി
മേരി ക്യൂറി കേരളത്തിൽ ഒരു സർവകലാശാലയിൽ പ്രൊഫെസ്സർ പദവിക്ക് അപേക്ഷിച്ചിരുന്നുവെങ്കിൽ , ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുമായിരുന്ന ഒരു സങ്കല്പ ഇന്റർവ്യൂ
റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട നടത്തിയ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ നോബൽ സമ്മാനം ലഭിച്ച മേരി ക്യൂറി കേരളത്തിൽ ഒരു സർവകലാശാലയിൽ പ്രൊഫെസ്സർ പദവിക്ക് അപേക്ഷിച്ചിരുന്നുവെങ്കിൽ , ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുമായിരുന്ന ഒരു സങ്കല്പ ഇന്റർവ്യൂ താഴെ
ഇന്റർവ്യൂവർ : നിങ്ങൾക്ക് ഈ കോളേജിൽ പ്രൊഫെസ്സർ ആകാനുള്ള യോഗ്യത എന്താണ് എന്ന് ഒന്ന് ചുരുക്കി പറയാമോ ?
മേരി ക്യൂറി : ഞാൻ കെമിസ്ട്രിയിൽ റേഡിയോ ആക്റ്റീവ് എന്ന പ്രതിഭാസത്തെ കുറിച്ചാണ് ഗവേഷണം നടത്തിയത്. 1903 ൽ ആദ്യമായി ഒരു വനിതയ്ക്ക് നോബൽ സമ്മാനം ലഭിക്കുന്നത് എനിക്ക് ഫിസിക്സിൽ ആയിരുന്നു. പിന്നീട് 1911 ൽ റേഡിയം, പൊളോണിയം തുടങ്ങിയ റേഡിയോ ആക്റ്റീവ് മൂലകങ്ങൾ കണ്ടുപിടിച്ചതിനു എനിക്ക് കെമിസ്ട്രിയിലും നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ നോബൽ സമ്മാനം എനിക്കും എന്റെ ഭർത്താവിനും കൂടിയാണ് ലഭിച്ചത്.
ഇന്റർവ്യൂവർ : ഓഹ് അങ്ങിനെയാണോ? അപ്പോൾ ഭർത്താവാണ് നിങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കാൻ സഹായിച്ചത് അല്ലെ?
മേരി ക്യൂറി : അല്ല ഞങ്ങൾ രണ്ടുപേരും പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും തന്നെ സയൻസിനോടുള്ള ഇഷ്ടം കൊണ്ടാണ്. 1894 അദ്ദേഹത്തിന്റെ ലാബിലെ സഹായി ആയിട്ടാണ് ഞാൻ ചേർന്നത്, അടുത്ത വർഷം തന്നെ ഞങ്ങൾ വിവാഹിതരാവുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹത്തിന്റെ മരണം വരെ ഞങ്ങൾ ഒരുമിച്ചാണ് ഈ ഗവേഷങ്ങങ്ങൾ എല്ലാം ചെയ്‍തത്. 1903 ലെ നോബൽ സമ്മാനം ആദ്യം റേഡിയോ ആക്റ്റീവ് പ്രതിഭാസത്തെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു ഹെൻറി ബെക്ക്‌റെലിനും എന്റെ ഭർത്താവ് പിയറി ക്യൂറിക്കും കൂടിയാണ് തീരുമാനിച്ചിരുന്നത്, കാരണം അന്നൊക്കെ സ്ത്രീകൾക് നോബൽ സമ്മാനം നൽകുന്ന പതിവില്ലായിരുന്നു. എന്റെ ഭർത്താവ് നോബൽ കമ്മിറ്റിയുമായി ബന്ധപെട്ട് സ്ത്രീകൾക്കും നോബൽ സമ്മാനത്തിന് അർഹതയുണ്ടെന്ന് അവരെ ബോധ്യപെടുത്തിയതിനു ശേഷമാണു എന്റെ പേര് അവർ നോബൽ സമ്മാന ലിസ്റ്റിൽ ചേർത്തത്.
ഇന്റർവ്യൂവർ : അതുതന്നെയാണ് ഞാൻ ചോദിച്ചത്, ഭർത്താവ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുമായിരുന്നില്ല അല്ലെ? അതും ഭർത്താവിന്റെ ലാബിലെ സഹായി ആയിട്ടാണ് നിങ്ങൾ ചേർന്നത് എന്നും പറയുന്നു, നിങ്ങളുടെ ഭർത്താവ് കണ്ടുപിടിച്ച കാര്യങ്ങൾ നിങ്ങളുടെ പേരിൽ ചേർത്ത് എന്നതിൽ ഇതില്പരം തെളിവെന്തുവേണം?
മേരി ക്യൂറി : 1906 ൽ മരിച്ച അദ്ദേഹമാണ് , എനിക്ക് 1911 ലെ ഫിസിക്സ് നോബൽ സമ്മാനം ലഭിക്കാനും സഹായിച്ചത് എന്നാണോ നിങ്ങൾ പറയുന്നത്, നല്ല ലോജിക്. ഭാര്യയും ഭർത്താവും ഒരേ ലാബിൽ ജോലി ചെയ്‌താൽ രണ്ടുപേർക്കും ഒരുമിച്ച് ആ ഗവേഷത്തിൽ സംഭാവന നല്കാൻ കഴിയില്ല എന്നാണോ നിങ്ങൾ കരുതുന്നത്. മാത്രമല്ല എന്റെ കഴിവുകൊണ്ടാണ് എന്റെ ഭർത്താവിന് നോബൽ കിട്ടിയത് എന്ന് താങ്കൾക്ക് തോന്നാത്തത് എന്തുകൊണ്ടാണ്?
ഇന്റർവ്യൂവർ : അങ്ങിനെയൊന്നും പറഞ്ഞാണ് പറ്റില്ല, ഞങ്ങൾ 2022 ലെ കേരളത്തിലെ ആളുകളാണ്, ഞങ്ങൾക്ക് അങ്ങിനെ മാത്രമേ ചിന്തിക്കാൻ കഴിയൂ. misogyny എന്നൊന്നും ഞങ്ങൾ കേട്ടിട്ട് കൂടിയില്ല. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഭർത്താവിന്റെ ശുപാർശ പ്രകാരമാണ് നോബൽ സമ്മാനം കിട്ടിയത് എന്ന് ഞങ്ങൾക്ക് സംശയാതീതമായി തെളിഞ്ഞതിനാൽ നിങ്ങൾക്ക് ഞങ്ങൾ ഇരുപതിൽ അഞ്ച് മാർക്ക് നൽകുന്നു. ഏറ്റവും പെർഫെക്റ്റ് ആയ ഉദ്യോഗാര്ഥിക്ക് ഞങ്ങൾ ഇരുപതിൽ 14 മാർക്ക് നൽകും.
മേരി ക്യൂറി (മനസ്സിൽ : എടുത്തു കൊണ്ട് പോടോ ഈ കോപ്പിലെ ഇന്റർവ്യൂ): ശരി സർ, എന്നെ പരിഗണിച്ചതിനു നന്ദി. എനിക്കും ഭർത്താവിനും മാത്രമല്ല, നോബൽ കിട്ടിയിട്ടുള്ളത്, എന്റെ മകൾക്കും, അവളുടെ ഭർത്താവിനും കൂടി നോബൽ കിട്ടിയിട്ടുണ്ട്. അവളോട് എന്തായാലും ഞാൻ കേരളത്തിൽ ഇന്റർവ്യൂവിനു വരണ്ട എന്ന് പറയാം. പിന്നെ പോകുന്നതിനു മുൻപൊരു ചോദ്യം, 14 ആണ് ഇന്റർവ്യൂവിന് കൊടുക്കുന്ന പരമാവധി മാർക്ക് എങ്കിൽ ഇന്റർവ്യൂവിന്റെ മാർക്ക് 14 ൽ ആക്കിയാൽ പോരെ? സോറി കുറച്ച് ലോജിക് ഉപയോഗിക്കുന്നത് കൊണ്ട് ചോദിച്ചതാണ്, 2022 ലെ കേരളത്തെ കുറിച്ച് എനിക്ക് വലിയ അറിവില്ല.
നോട്ട് : ഇത് രാഷ്ട്രീയ, മത, സാമുദായിക പരിഗണനകൾ കൊണ്ട് അനർഹരായ ആളുകൾക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി സ്ഥാനം നൽകുന്നതിനെ അനുകൂലിക്കുന്ന പോസ്റ്റ് അല്ല, അത് വേറൊരു വിഷയമാണ്. ഇപ്പോൾ കൊച്ചി യൂണിവേഴ്സിറ്റിയിൽ ഉയർന്നു വന്നിരിക്കുന്ന വാദം ഭാര്യയും ഭർത്താവും ഒരേ ഫീൽഡിൽ ഒരേ ലാബിൽ ജോലി ചെയ്താൽ ഭാര്യയ്ക്ക് കിട്ടുന്ന സ്ഥാനം ഭർത്താവിന്റെ ഔദാര്യമാണ് എന്നതാണ്. ഒരേ ഫീൽഡിൽ ഒരേ ലാബിൽ ജോലി ചെയ്ത് നോബൽ വരെ ലഭിച്ച അനേകം ദമ്പതികളുണ്ട്. ക്യൂറി കുടുംബത്തിൽ തന്നെ രണ്ടു ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്ക് നോബൽ കിട്ടിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഇങ്ങിനെ നോബൽ കിട്ടിയത് പുവർ എക്കണോമിക്സ് എന്ന അടിപൊളി പുസ്തകം എഴുതിയ അഭിജിത് ബാനെർജിക്കും പങ്കാളി എസ്ഥേർ ഡഫ്‌ളോ യ്കും കൂടിയാണ്.
നോട്ട് 2 : റേഡിയോ ആക്റ്റീവ് മൂലകങ്ങളുമായി ബന്ധപ്പെട്ടുള്ള ലാബിലെ പ്രവർത്തനങ്ങളുടെ ഫലമായി അറുപത്തിയാറാം വയസിൽ ലുക്കീമിയ ബാധിച്ച് മരണപ്പെട്ട മേരി ക്യൂറിയുടെ ഓർമകൾക്ക് മുന്നിൽ നമോവാകം. ഇന്നത്തെ കാൻസർ ചികിത്സ മുതൽ ആസ്ട്രോ ഫിസിക്സ് വരെ അവരുടെ ഗവേഷണ ഫലങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ന്യൂ ജേഴ്സി
