എബ്രഹാം ലിങ്കൺ മകന്റെ ടീച്ചറിന് എഴുതിയ കത്ത്. (പരിഭാഷ : ചാക്കോ ഇട്ടിച്ചെറിയ )

sponsored advertisements

sponsored advertisements

sponsored advertisements

18 March 2023

എബ്രഹാം ലിങ്കൺ മകന്റെ ടീച്ചറിന് എഴുതിയ കത്ത്. (പരിഭാഷ : ചാക്കോ ഇട്ടിച്ചെറിയ )

പരിഭാഷ : ചാക്കോ ഇട്ടിച്ചെറിയ 

പ്രിയപ്പെട്ട ടീച്ചർ ,

എന്റെ മകൻ ഇന്ന് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുകയാണ് .കുറെ നാളത്തേക്കു് അവനു എല്ലാം പുതുമ നിറഞ്ഞതും അപരിചിതവുമായിരിക്കും .അവനെ

വാത്സല്യ പൂർവം കരുതുമല്ലൊ. ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള സാഹസിക യാത്രയായിരിക്കും അവൻ ചെയ്യുന്നത് .എല്ലാ സാഹസികയാത്രകളും അപകടം, യുദ്ധം, ദുഃഖം മുതലായവ നേരിടാൻ സാധ്യതയുള്ളവയാണ് .ഈ ജീവിതത്തിൽ വിശ്വാസം,സ്നേഹം ,ധൈര്യം ,എന്നിവ ആവശ്യമാണ് .അതുകൊണ്ട് പ്രിയപ്പെട്ട ടീച്ചർ അവന്റെ കൈകളിൽ പിടിച്ചു അവൻ അറിയേണ്ട കാര്യങ്ങൾ വാത്സല്യപൂർവ്വം അവനെ പഠിപ്പിക്കണം .

ഓരോ ശത്രുക്കൾക്കും പകരം ഓരോ സ്നേഹിതരുണ്ടാകുമെന്നു അവനെ പഠിപ്പിക്കുക .എല്ലാവരും നല്ലവരോ സത്യസന്ധരോ അല്ല എന്നവൻ അറിയേണ്ടതുണ്ട്.
ഓരോ ആഭാസന്മാർക്കും പകരം ഓരോ നല്ലവരുണ്ടാകും ഓരോ കപടരാഷ്ട്രീയക്കാർക്ക് പകരം ഓരോ അർപ്പണബോധമുള്ള നേതാക്കളുമുണ്ടാകും.
അധ്വാനിച്ചുണ്ടാക്കിയ പത്തു ഡോളർ വെറുതെകിട്ടിയ നൂറുഡോളറിനെക്കാൾ മൂല്യമുള്ളതാണെന്നു അവനെ പഠിപ്പിക്കുക .സ്കൂളിൽ കോപ്പിയടിച്ചു ജയിക്കുന്നതിനേക്കാൾ മഹത്തരമാണ് തോൽക്കുന്നതെന്നും അവനറിയണം. വിജയിക്കുമ്പോൾ ആഹ്ലാദിക്കുവാനും അഭിമാനത്തോടുകൂടി തോൽക്കുവാനും അവനെ പഠിപ്പിക്കണം.
അസൂയയിൽനിന്നു അകന്നു നിൽക്കുവാനും മറ്റുള്ളവരോട് നന്നായി പെരുമാറുവാനും അവനെ പഠിപ്പിക്കുക, കാർക്കശ്യക്കാരോട് തക്കവണ്ണവും !

പൊട്ടിച്ചിരിക്കുവാൻ അവനെ പഠിപ്പിക്കുക .കരയുന്നതിൽ നാണക്കേടില്ലെന്നും ,ദുഖിച്ചിരിക്കുമ്പോൾത്തന്നെ ചിരിക്കുവാനും അവനെ പഠിപ്പിക്കുക. തോൽ‌വിയിലും മഹത്വമുണ്ടാകാമെന്നും വിജയത്തിലും നിരാശയുണ്ടാകാമെന്നും അവനറിയണം .

പുസ്തകങ്ങളുടെ വിസ്മയലോകത്തേക്കു അവനെ കൂട്ടികൊണ്ടുപോകണം. അതോടൊപ്പം ആകാശത്തിൽ പാറിപ്പറക്കുന്ന പറവകളെയും വെയിലത്ത് മൂളിപ്പറക്കുന്ന വണ്ടുകളെയും,പച്ചവിരിച്ച കുന്നിൻമുകളിൽ വിരിഞ്ഞു വിലസുന്ന പുഷ്പങ്ങളെയും കണ്ടാസ്വദിക്കുവാൻ അവനു അവസരം കൊടുക്കണം.

എല്ലാവരും തെറ്റാണെന്നു പറയുമ്പോഴും സ്വന്തം മനഃസാക്ഷിയിൽ ഉറച്ചുനിൽക്കാൻ അവനെ പഠിപ്പിക്കണം .ആൾക്കൂട്ടത്തെ അനുധാവനം ചെയ്യാതിരിക്കുവാൻ എന്റെ മകനെ പഠിപ്പിക്കുക, മറ്റുള്ളവർ അങ്ങനെ ചെയ്യുമ്പോഴും!. എല്ലാവരെയും ശ്രദ്ധയോടെ കേൾക്കുവാനും എന്നാൽ കേൾക്കുന്നത് സത്യത്തിന്റെ അരിപ്പയിൽകൂടി കടത്തിവിട്ടു നല്ലതുമാത്രം തിരഞ്ഞെടുക്കുവാനും അവനെ പഠിപ്പിക്കണം.

അവന്റെ താലന്തുകളും കഴിവുകളും തക്ക പ്രതിഫലം നൽകുന്നവർക്കു മാത്രം വിൽക്കുവാനും,എന്നാൽ ഒരിക്കലും അവന്റെ ഹൃദയത്തിനും മനസ്സിനും വിലയിടാതിരിക്കുവാനും അവനെ പഠിപ്പിക്കുക .അക്ഷമനായിരിക്കാനുള്ള ധൈര്യവും ധൈര്യമായിരിക്കാനുള്ള ക്ഷമയും അവനുണ്ടാകട്ടെ!.
അവനിൽത്തന്നെ വിശ്വസിക്കുവാൻ അവനെ പഠിപ്പിക്കണം, എന്നാലേ അവൻ മനുഷ്യനിൽ വിശ്വസിക്കുകയുള്ളു ,ദൈവത്തിലും!.

ഇതാണ് എനിയ്‌ക്കു പറയാനുള്ളത് ,ടീച്ചർ , വേണ്ടതുപോലെ ചെയ്യുമല്ലോ!. അവൻ ഒരു നല്ല കുട്ടിയാണ്, അവൻ എന്റെ മകനാണ് !.

ഏബ്രഹാം ലിങ്കൺ

ചാക്കോ ഇട്ടിച്ചെറിയ