ഫാദര്‍ ജോണ്‍ ചൂരക്കുന്നേല്‍
നമ്മുടെ ഓര്‍മ്മകളില്‍ മായാതെ തങ്ങുന്ന കവിയായിരുന്നല്ലോ വയലാര്‍. അദ്ദേഹം ഒരിക്കല്‍ നമ്മുടെ നാടിനെ വര്‍ണ്ണിച്ച് കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ അടുക്കടുക്കായി വിവരിച്ചുകൊണ്ടൊരു ഗാനം രചിച്ചു. കവിതയുടെ സ്വഭാവമായ പ്രാസവും കവിയുടെ ഭാവനാമികവുള്ള ഉള്‍ക്കാഴ്ചകളും ഉള്‍പ്പെടെ നമ്മുടെ നാടിന്‍റെ മനോഹരമായ ഒരു ഭൂപടമാണതെന്നു പറയാന്‍ നമുക്കൊക്കെ തോന്നിപ്പോകും. കാട്ടാറുകള്‍ പാടും നാട് എന്നാരംഭിച്ചുകൊണ്ടദ്ദേഹം എഴുതി, കഥകളിതന്‍ തറവാടായ അവിടം കാതരനയനകളായ കാനനലതികകള്‍ അല്ലെങ്കില്‍ ചെറുനദികള്‍ നൃത്തംവെച്ചുകൊണ്ട് കൈമുദ്രകള്‍ കാട്ടുന്ന നാടാണത്. അനുഗൃഹീതമായ നമ്മുടെ നാടിന്‍റെ ആകര്‍ഷണീയതകള്‍ അതുകൊണ്ട് തീര്‍ന്നില്ല. സ്നേഹത്തിന്‍റെ തനിസ്വരൂപമായ ദൈവം, തന്‍റെ മക്കളും മനുഷ്യരുമായ നമ്മുടെ ജീവിതം നമുക്കൊരിക്കലും വിരസമാകാതിരിക്കാന്‍ വേണ്ടി, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ക്കാലം, ഹേമന്തം, ശിശിരം എന്നിങ്ങനെ ആറ് ഋതുക്കള്‍ വിഭാവനം ചെയ്തു നമുക്കുവേണ്ടി ക്രമീകരിച്ചു. സ്നേഹമുള്ള അമ്മ, തന്‍റെ കുഞ്ഞിനു സമയം അനാകര്‍ഷകമാകാതിരിക്കാന്‍ വേണ്ടി, കളിക്കോപ്പുകളില്‍ നാനാത്വം ഉണ്ടാകാന്‍ ശ്രദ്ധിക്കുന്നതുപോലെയാണ്, വിശ്വത്തിന്‍റെ വിധാതാവായ ദൈവം ഋതുഭേദങ്ങള്‍ ക്രമീകരിക്കുന്നത് എന്ന് പറയാറുണ്ട്. ഇന്നുവരെ, ചെലപ്പോഴെങ്കിലും കാലവ്യത്യാസം നമ്മളെ അലട്ടിയിരുന്നെങ്കില്‍, ഇന്നു മുതല്‍ ഋതുഭേദങ്ങളെ തെല്ല് വ്യത്യസ്തമായ കണ്ണുകളോടെ കാണാന്‍ നമുക്കു ശ്രമിക്കുകയും ചെയ്യാം. അല്പം കുണുങ്ങിയുള്ളതായിരിക്കും ഈശ്വരദത്തമായ സ്ത്രൈണമാധുര്യവും കലര്‍ത്തി നമ്മുടെയൊക്കെ കൊച്ചുസഹോദരിമാര്‍, നമ്മുടെ വീടിനെ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നതുപോലെ, മാറിമാറി വരുന്ന ഋതുക്കള്‍ ഐശ്വര്യമുള്ളതാക്കുന്ന നമ്മുടെ സ്വന്തം വീടാണ് നമ്മുടെ നാട്. ഇത്രയുമൊക്കെയാകുമ്പോള്‍, നമുക്ക് ഊഹിക്കാവുന്നതുപോലെ, കാമുകമനസ്സുകളും ഇവിടെയുണ്ട്. നമ്മുടെ നാടിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് കവി വര്‍ണ്ണിച്ചപ്പോള്‍, നമ്മുടെ യുവമനസ്സുകളുടെ ചിന്താസമ്പത്തിന്‍റെ സ്ഥിതിയും ഏതാണ്ടതുപോലെയാണെന്നു പറയാന്‍ തോന്നുമല്ലോ. ഇത്രമേല്‍ സുന്ദരമായ നമ്മുടെ നാടിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കപ്പെടാതെ പോകുന്നതുപോലെ, നമ്മുടെ ചിന്താലോകവും അതിലും പ്രത്യേകിച്ചു യുവമനസ്സുകളുടെ ചിന്താശേഷിയും അറിയപ്പെടാതെ, നമ്മുടെ നാടിനു പ്രയോജനപ്പെടാതെ പോകുന്നില്ലേ എന്ന ആശങ്കകള്‍ ഉയരാറുണ്ട്.
നമ്മുടെ നാടിനെക്കുറിച്ചും നമ്മുടെ യുവമനസ്സുകളുടെ പ്രാപ്തിയെക്കുറിച്ചും പറഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മവന്ന മുഖമായിരുന്നു ഒരിക്കല്‍ നമ്മുടെ പ്രസിഡണ്ടായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം. നമുക്കൊക്കെ, പ്രത്യേകിച്ച് നമ്മുടെ വിദ്യാര്‍ത്ഥിലോകത്തിന് ആവേശം പകര്‍ന്നിരുന്ന ഒരു പ്രതിഭയായിരുന്നു ഡോക്ടര്‍ അബ്ദുള്‍ കലാം. അദ്ദേഹത്തിന്‍റെ മുഖം അനുവാചകലോകത്തിന്‍റെ മുമ്പില്‍ തെളിയിക്കാനുള്ള വഴി തേടിയപ്പോള്‍, പഴയ ഒരു കടങ്കഥ ഓര്‍മ്മയില്‍ വന്നു. ഒരുപക്ഷേ, ഇക്കാലത്തു നമ്മള്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു ഗൂഗിളിനെ ആശ്രയിക്കുന്നതുപോലെയാണെന്നു തോന്നിപ്പോകും, പോയകാലങ്ങളില്‍ കടങ്കഥകള്‍. പണ്ടൊക്കെ സ്കൂളിലേക്കും അവിടെനിന്നു വീട്ടിലേക്കും മറ്റും നടക്കുന്ന വേളകളില്‍ കുട്ടികളായ ഞങ്ങള്‍ കടങ്കഥകള്‍ പറയുമായിരുന്നു. പഴമയുടെ സൂക്ഷ്മദൃഷ്ടികളുമായി പരിചയപ്പെടാനും ബുദ്ധിയുടെ വികാസത്തിനും സമയത്തിന്‍റെ ക്രിയാത്മകമായ വിനിയോഗത്തിനും അതുപകരിക്കുമായിരുന്നു.
പറഞ്ഞ കടങ്കഥയിലെ വാക്കുകള്‍ ദ്യോതിപ്പിക്കുന്നതുപോലെ, കാഴ്ചയ്ക്കു ഒരു ചെറിയ മനുഷ്യനും കാര്യപ്രാപ്തികൊണ്ട് നമുക്കൊക്കെ അഭിമാനവുമായിരുന്നല്ലോ അദ്ദേഹം. പ്രകാശിത മനസ്സുകള്‍ (കഴിശലേറ ങശിറെ) എന്ന കൊച്ചുഗ്രന്ഥം എഴുതിയപ്പോള്‍ അതിന്‍റെ മുഖവുരയിലദ്ദേഹം പറഞ്ഞു, ഇന്ത്യയെക്കുറിച്ചും എന്‍റെ സഹപൗരന്മാരെക്കുറിച്ചും എനിക്കുള്ള അഭിമാനവും ദൈവദത്തമായ അവരുടെ സിദ്ധികളെയും അവയുപയോഗിച്ച് നമ്മുടെ നാടിനെ ഐശ്വര്യത്തിന്‍റെ പടികള്‍ കയറത്തക്കവിധം നയിക്കാനുള്ള അവരുടെ പ്രാപ്തിയെയുംകുറിച്ച് എനിക്കുള്ള ഉറച്ച വിശ്വാസമാണ് ഈ കൊച്ചുഗ്രന്ഥത്തിന്‍റെ രചനയില്‍ എനിക്കു പ്രചോദനമായത്. അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ആവശ്യമായ പോംവഴികള്‍ വേണ്ടുവോളം, അതു വ്യക്തികളോ സിദ്ധികളോ പ്രകൃതിജന്യമായ സമ്പത്തോ ഏതുമാകട്ടെ, എല്ലാം നമ്മുടെ നാട്ടിലും നമ്മുടെ കൈ എത്തുന്ന ദൂരത്തിലുമുണ്ട്. നമ്മുടെ ജന്മഭൂമിയായ ഇന്ത്യ സമൃദ്ധിയുടെ തറവാടാണ്. ആ സമൃദ്ധിയെ നമ്മള്‍ അറിയാതെയും പ്രയോജനപ്പെടുത്താതെയും പോകുന്നു എന്നതും പരമാര്‍ത്ഥം തന്നെ.
അദ്ദേഹം എടുത്തുപറഞ്ഞവരില്‍പ്പെട്ട നമ്മുടെ രണ്ട് പൂര്‍വ്വികരായിരുന്നു രവീന്ദ്രനാഥ ടാഗോറും ഗാന്ധിജിയും. വഴിനടക്കുവാന്‍ നമുക്കു ദൈവം തന്ന രണ്ടു കാലുകള്‍ പോലെ, നമ്മുടെ ജീവിത ശ്രേയസിലേക്കു നമ്മെ നയിക്കുന്ന രണ്ട് പാതകളുണ്ട്. ഒന്ന് ആദ്ധ്യാത്മികം, രണ്ടാമത്തേതാകട്ടെ സാമൂഹികം. കവി പാടുന്നതുപോലെ വലിയ കൊലയാനയും ഘോരസര്‍പ്പങ്ങളും മാനുഷന്മാരുടെ വചനമതു കേള്‍ക്കയും തല്ലുകള്‍ കൊള്‍കയും ചെയ്യുന്നുണ്ട്. എന്താണതിന് മനുഷ്യരായ നമ്മളിലുള്ള പ്രത്യേകത?
ദൈവദത്തമായും ജന്മസിദ്ധമായും നമുക്കു കൈവന്നിട്ടുള്ള ആത്മീയശക്തിയാണത്. ആ സവിശേഷതയാണ് മൃഗങ്ങളെ അല്ലെങ്കില്‍ ജന്തുലോകത്തെ, മനുഷ്യരായ നമ്മുടെ ഭരണത്തിനും നിയന്ത്രണത്തിനും വിധേയരാക്കുന്നത്. ബൈബിള്‍ അക്കാര്യം വശ്യമായ ശൈലിയില്‍, ഏതു കൊച്ചു മനസ്സുകള്‍ക്കും ഗ്രാഹ്യമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ ആരംഭത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഉല്പത്തിഗ്രന്ഥം (1:28) പറയും, ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ.
അക്കാര്യം ഗീതാഞ്ജലിയില്‍ ടാഗോര്‍ സുന്ദരമായി അവതരിപ്പിക്കുന്നതും നമുക്കു കാണാം. അദ്ദേഹം പാടി: അവിടുന്നെന്നെ അതിരുകളറിയാത്തവനായി സൃഷ്ടിച്ചു; അതാണല്ലോ അവിടുത്തെ തിരുഹിതം. സ്നേഹം എന്തിനെയും സമാനതയിലേക്കു നയിക്കുന്നു. അതേസമയംതന്നെ ഓരോന്നിന്‍റെയും വിലയും വ്യക്തിത്വവും അംഗീകരിക്കുകയും ചെയ്യുന്നു.
അതായിരുന്നല്ലോ ഗാന്ധിജിയുടെ ആദര്‍ശം. അതുകൊണ്ടായിരുന്നല്ലോ ഭാരതത്തില്‍ വിവിധ മതസ്ഥര്‍ തമ്മില്‍ ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ അദ്ദേഹം നമ്മളെ ഓര്‍മ്മപ്പെടുത്തിയിരുന്നത്, പരിശ്രമിച്ചിരുന്നതും. ദൈവം രൂപപ്പെടുത്തിയ ജീവിതങ്ങളാണ് നമ്മള്‍. ദൈവത്തിന്‍റെ പ്രിയമക്കള്‍. നമ്മള്‍ അപൂര്‍ണ്ണരാണ്. ഇടയ്ക്കിടെ നമ്മുടെ വാക്കിലോ പെരുമാറ്റത്തിലോ അപാകതകള്‍ വന്നുപോകും. അതറിയാവുന്നതുകൊണ്ടാണ് നമ്മള്‍ പരസ്പരം ക്ഷമിച്ചും ക്ഷമചോദിച്ചും മുന്നോട്ടു പോകേണ്ടത്. അപ്പോഴാണ് ഒത്തുപിടിച്ചാല്‍ മലയും മാറും എന്നു പറയുംപോലെ നമുക്കു പുരോഗതി കൈവരുന്നത്. നമ്മളില്‍ നിക്ഷിപ്തമായിരിക്കുന്ന, ടാഗോറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അതിരുകളില്ലാത്ത’ പ്രാപ്തിയെയും സന്മനസ്സിനെയും നമ്മള്‍ പ്രയോജനപ്പെടുത്തുക. അതുവഴി നമ്മള്‍ ഒരുമയോടെ മുന്നേറുക, അഭിവൃദ്ധി പ്രാപിക്കുക എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന വലിയ മനസ്സായിരുന്നു നമ്മുടെ പ്രസിഡണ്ടായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം.
ലേഖനത്തിന്‍റെ ശീര്‍ഷകത്തില്‍ നമ്മള്‍ ഉപയോഗപ്പെടുത്തിയ കടങ്കഥയുടെ പൊരുളും അതുതന്നെ. കണ്ടാല്‍ കുരുടനും കാവല്‍ക്കു മിടുക്കനുമായ ആള്‍ അല്ലെങ്കില്‍ കാര്യം ആണ് താക്കോല്‍. നമ്മുടെ വീടും ഓഫീസുമൊക്കെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന കൊച്ചുകുരുടനാണല്ലോ താക്കോല്‍.
