സജി കീക്കാടന്‍
ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക – കാനഡ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 11-ാമത് കണ്‍വന്‍ഷന്‍ ജൂലൈ മാസം 20 മുതല്‍ 23 വരെ ന്യൂജേഴ്സിയിലെ പാഴ്സിപ്പനിയിലുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍വെച്ച് നടത്തപ്പെടും. നാല് ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭാ വിശ്വാസികള്‍ പങ്കെടുക്കും.
മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ വിവിധ രൂപതാദ്ധ്യക്ഷന്‍മാര്‍, സുപ്രസിദ്ധ വചന പ്രഘോഷകന്‍ റവ. ഫാദര്‍ ദാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
പരിപാടികളുടെ വിജയത്തിനായി ഭദ്രാസനാദ്ധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയായും മുഖ്യ വികാരി ജനറാള്‍ മോണ്‍. അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്കോപ്പ ജനറല്‍ കണ്‍വീനര്‍ ആയും മോണ്‍. പീറ്റര്‍ കോച്ചേരി കോര്‍ എപ്പിസ്കോപ്പ കോ-ചെയര്‍മാന്‍ ആയും മോണ്‍. ജിജി ഫിലിപ് കോ-കണ്‍വീനര്‍ ആയും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ ചാക്കോ ജനറല്‍ സെക്രട്ടറി ആയും വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍റെ മുഖ്യ ചിന്താവിഷയമായ ‘ക്രിസ്തുവിലും വിശുദ്ധ പാരമ്പര്യങ്ങളിലും വേരൂന്നി’ എന്നതിനെ ആസ്പദമാക്കി പഠനശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും.
ആഘോഷമായ സമൂഹബലി, അല്‍മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സംഗമം, വിവിധ ചര്‍ച്ചാ ക്ലാസുകള്‍, നേതൃത്വ പരിശീലന സെമിനാര്‍, ക്വിസ് മത്സരം, കള്‍ച്ചറല്‍ പ്രോഗ്രാം, പൊതു സമ്മേളനം തുടങ്ങിയ പരിപാടികള്‍ ഈ പ്രാവശ്യത്തെ കണ്‍വന്‍ഷന്‍ പ്രോഗ്രാമിന് മാറ്റ് കൂട്ടുമെന്ന് ഭദ്രാസന ഓഫീസില്‍ നിന്നും പിആര്‍ഒ അറിയിച്ചു.
രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്: conventionregistration@mccna.org-ല്‍ ബന്ധപ്പെടുക.
സജി കീക്കാടന്‍-201-341-5334


