പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ

sponsored advertisements

sponsored advertisements

sponsored advertisements

30 September 2022

പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ

ന്യൂയോര്‍ക്ക്: പരിശുദ്ധന്മാരോടും ശുദ്ധിമതികളോടുമുള്ള മധ്യസ്ഥത സ്വന്ത കാര്യപ്രാപ്തിക്കുള്ള യാചന മാത്രമായി കാണരുത്‌. എന്നാല്‍, അവരുടെ ജീവിതം മനസിലാക്കി, നമ്മുടെ ജീവിതവും ക്രമപ്പെടുത്തുന്നതിനുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്തണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‍ ഉത്ബോധിപ്പിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്‍റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുര്‍ബാനമധ്യേ ചെയ്ത പ്രസംഗത്തിലാണ്‌ ഇക്കാര്യം ഉത്ബോധിപ്പിച്ചത്‌.

ശനിയാഴ്ച രാവിലെ 7 മണിക്ക്‌ അനേകം വൈദികര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഭക്തജനങ്ങള്‍ ഇവര്‍ ചേര്‍ന്ന്‌ പരിശുദ്ധ ബാവയെ സ്വീകരിച്ചു ഘോഷയാത്രയായി ദേവാലയത്തിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ ചെറി ലെയിന്‍ സെന്‍റ്‌ ഗ്രീഗോറിയോസ്‌ ഇടവക പുനര്‍ നിര്‍മിക്കാനിരിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശില പരിശുദ്ധ ബാവ ശുദ്ധീകരിച്ചു.

ശിശ്രുഷകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം നടന്ന സ്‌നേഹവിരുന്ന്‌ വേളയില്‍ സന്നിഹിതരായ എല്ലാവര്‍ക്കും ബാവയെ കാണുന്നതിനും, സംസാരിക്കുന്നതിനും അവസരം ഉണ്ടായി. പരിശുദ്ധ ബാവ, പരിശുദ്ധ സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനം ഏറ്റതിനുശേഷം ആദ്യമായാണ്‌ അമേരിക്ക സന്ദര്‍ശിക്കുന്നത്‌. തന്റെ ശ്ലൈഹീക സന്ദര്‍ശന പരിപാടിയില്‍ ആദ്യമായി ചെറി ലെയിന്‍ ഇടവക സന്ദര്‍ശിക്കുന്നതിനും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും അവസരമൊരുക്കിത്തന്ന ഭ്രദാസന മെത്രാപൊലീത്ത അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കോളോവോസ്‌ തിരുമേനിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി ഇടവക വികാരി റവ ഫാ. ഗ്രിഗറി വര്‍ഗീസ്‌ അറിയിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ് പോത്താനിക്കാട്