ചിക്കാഗോ: 2023 ജനുവരി ഒന്നു മുതല്‍ ഇല്ലിനോയി സംസ്ഥാനത്തൊട്ടാകെ നിലവില്‍ മണിക്കൂറിന് 12 ഡോളറായിരുന്ന മിനിമം വേതനം 13 ഡോളറായി വര്‍ദ്ധിപ്പിച്ചു. 2025 ജനുവരി ഒന്നിന് ഇല്ലിനോയിസില്‍ ഇത് മണിക്കൂറിന് 15 ഡോളറായി വര്‍ദ്ധിപ്പിക്കും. ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി. പ്രിട്സ്കര്‍ 2019 ജനുവരിയില്‍ അധികാരമേറ്റ ഉടന്‍ ഒപ്പിട്ട് നിയമമാക്കിയതാണ് ഘട്ടം ഘട്ടമായുള്ള സംസ്ഥാനത്തെ മിനിമം വേതനവര്‍ദ്ധനവ്. ജോലിയുടെ ഭാഗമായി ടിപ്സ് ലഭിക്കുന്ന ജോലിക്കാര്‍ക്ക് മിനിമം വേതനം മണിക്കൂറിന് 7.80 ഡോളര്‍ മാത്രമായിരിക്കും. വര്‍ഷത്തില്‍ 650 മണിക്കൂറില്‍ താഴെ മാത്രം ജോലി ചെയ്യുന്ന 18 വയസ്സില്‍ താഴെയുള്ള കൗമാരപ്രായക്കാരുടെ മിനിമം വേതനം മണിക്കൂറിന് 10.50 ഡോളറാകും.
മിനിമം വേതനവര്‍ദ്ധനവിനൊപ്പം ജനുവരി ഒന്നു മുതല്‍ ഇല്ലിനോയിസില്‍ നിരവധി പുതിയ നിയമങ്ങള്‍ നിലവില്‍ വരും. അവയില്‍ ചിലത് ഇവയാണ്:
നിലവിലെ മോട്ടോര്‍ ഫ്യൂവല്‍ ടാക്സ്, ഗ്യാലന്‍ ഒന്നിന് 3.2 സെന്‍റ് വര്‍ദ്ധിച്ച് 42.4 സെന്‍റായി വര്‍ദ്ധിക്കും. 2022 ജൂലൈ ഒന്നിന് വര്‍ദ്ധിക്കേണ്ടിയിരുന്ന ഗ്യാസ് ടാക്സ് പൊതുവെയുണ്ടായ വിലവര്‍ദ്ധനവ് മൂലം 6 മാസക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.
ലൈംഗിക അതിക്രമങ്ങള്‍ക്ക് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളവര്‍ക്ക് നിലവില്‍ സ്കൂള്‍, ഡേ കെയര്‍ സെന്‍റര്‍, സ്കൂളുകളില്‍ ലഭിക്കുന്ന പാഠ്യേതര സേവനങ്ങള്‍ എന്നിവയില്‍ ജോലി നല്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനിമുതല്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ എത്തുന്ന കാര്‍ണിവല്‍സ്, അമ്യൂസ്മെന്‍റ് സെന്‍റേഴ്സ്, കൗണ്ടി ആന്‍ഡ് സ്റ്റേറ്റ് ഫെയേഴ്സ് എന്നിവിടങ്ങളിലും ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ചിക്കാഗോ സിറ്റിയിലും കുക്ക് കൗണ്ടിയിലെ മറ്റിടങ്ങളിലും ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ‘കാര്‍ ജാക്കിംഗ്’ തടയുവാന്‍ കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും കൈവശം വെച്ച് വാഹനങ്ങള്‍ തട്ടിക്കൊണ്ടു പോകുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്നത് ഗൗരവതരമായ കുറ്റകൃത്യമാകും. കാര്‍ ജാക്കിംഗിന് വിധേയമാകുന്ന വാഹനങ്ങള്‍ തിരിച്ചു പിടിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് ഇരകളില്‍നിന്നും ഇനിമുതല്‍ ഈടാക്കുന്നതല്ല.
ഇല്ലിനോയിസിലെ സ്കൂളുകളില്‍ സബ്സ്റ്റിറ്റ്യൂട്ട് ടീച്ചേഴ്സായി ജോലി ചെയ്യുന്നതിന് നിലവില്‍ ബാച്ചിലേഴ്സ് ഡിഗ്രിയോ അതിലുയര്‍ന്നതോ ആയ വിദ്യാഭ്യാസ യോഗ്യത വേണ്ടിയിരുന്നു. ഇനി മുതല്‍ അംഗീകൃത ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ വഴി മണിക്കൂറില്‍ 90 ക്രെഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് സബ്സ്റ്റിറ്റ്യൂട്ട് ടീച്ചേഴ്സിനുള്ള ലൈസന്‍സ് ലഭിക്കും.
ഇല്ലിനോയിസില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ വാങ്ങിയാല്‍ രജിസ്ട്രേഷന്‍ ഫീസില്‍ ഒരു പ്രാവശ്യം മാത്രം ലഭിക്കുന്ന 25 ഡോളര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

GOVERNOR-JB-PRITZKER
