ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ഏറെ ആവേശത്തോടെ വരവേല്‍ക്കാന്‍ കാത്തിരുന്ന മലയാളം സിനിമ ‘ലോക്ഡ് ഇന്‍’ ന്യൂയോര്‍ക്ക് ലെഫയറ്റി തീയേറ്ററില്‍ (97 Lafayette Ave, Suffern NY) നവംബര്‍ 13-ാം തീയതി ഞായറാഴ്ച പ്രദര്‍ശിപ്പിക്കും. വൈകിട്ട് 7.45നാണ് ഷോ തുടങ്ങുന്നത്.
നേരത്തെ ന്യൂയോര്‍ക്കിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ വീണ്ടും കാണുവാനുള്ള അവസരമാണിത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമുള്ള കലാകാരന്മാര്‍ അഭിനയിച്ചിട്ടുള്ളതും ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതുമാണ്. ഒന്നര മണിക്കൂര്‍ മുഴുനീള ചിത്രം ന്യൂയോര്‍ക്കില്‍ തന്നെ ചിത്രീകരിച്ചിട്ടുള്ളതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ നടന്ന ഒരു സംഭവം ആസ്പദമാക്കി രൂപീകരിക്കപ്പെട്ട ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗത സംവിധായകനും ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഗായകനും കലാകാരനുമായ ശബരീനാഥ് നായരാണ്. ന്യൂയോര്‍ക്കിന്റെയും ന്യൂജേഴ്‌സിയുടെയും പശ്ചാത്തലത്തില്‍ ഛായാഗ്രഹണം നടത്തിയത് പ്രശസ്ത ക്യാമറാമാന്‍ ജോണ്‍ മാര്‍ട്ടിനാണ്.
റൊമാന്‍സും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉള്‍ക്കൊള്ളുന്ന ഈ സിനിമയില്‍ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷാജി എഡ്വേഡ്, സവിത റാവു, ഹാനാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടന്‍ ജോയല്‍ റാറ്റ്‌നറും, ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിലാല്‍ നായര്‍ നിര്‍മ്മാണവും ക്യാമറാമാന്‍ ജോണ്‍ മാര്‍ട്ടിന്‍ ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയുടെ പ്രൊജക്ട് ഡിസൈനര്‍ അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസാണ്.
മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്ര ആലപിച്ച ”മുകിലേ ചാരെ വന്നു…” എന്ന ഈ സിനിമയിലെ ഗാനം സംഗീതപ്രേമികളുടെയിടയില്‍ വലിയ തരംഗമായിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിര്‍വഹിച്ചത് ഗായകന്‍ കൂടിയായ ശബരീനാഥുമാണ്. എഴുപതുകളിലെ മലയാള സിനിമാ നിര്‍മ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരില്‍ മുകുന്ദന്റെ മകനായ ശബരീനാഥ് ന്യൂയോര്‍ക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്.
സിനിമാ കണ്ടാസ്വദിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരം എല്ലാ മലയാളികളും വിനിയോഗിക്കണമെന്ന് സിനിമാ നിര്‍മ്മാതാവ് ഹരിലാര്‍ നായര്‍ അഭ്യര്‍ഥിച്ചു.