പോൾ ഡി പനയ്ക്കൽ
വർണ്ണ ശബളമായ അന്തരീക്ഷത്തിൽ വൈവിധ്യമായ പരിപാടികളുടെ അകമ്പടിയിൽ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെയും സമൂഹപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ പുതിയ നിർവ്വാഹക സമിതി അടുത്ത പ്രവർത്തന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ന്യൂ യോർക്കിലെ ഇന്ത്യൻ അമേരിക്കക്കാരുടെ അഭിമാനമായ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും നഴ്സുമാരും അവരുടെ കുടുംബങ്ങളും സാമൂഹികപ്രവർത്തകരും ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ ഉന്മേഷകരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പരിപാടികളുടെ നിയന്ത്രണം ഏറ്റുകൊണ്ട് ലൈസി അലക്സും ഡോ സോളിമോൾ കുരുവിളയും സദസ്സിനു സ്വയം പരിചയപ്പെടുത്തി. റീന സാബുവിന്റെ പ്രാർത്ഥനാഗാനവും ആഷ്ലി ആന്റണി പാടിയ അമേരിക്കൻ ദേശീയ ഗാനവും റീന സാബുവും റോസി മാത്യുവും ചേർന്നാലപിച്ച ഇന്ത്യൻ നാഷണൽ ആന്തവും പരിപാടികൾക്ക് മുഖവുരയായി. മുഖ്യാതിഥികളും എക്സിക്യൂട്ടീവ് ബോർഡും അഡ്വൈസറി ബോർഡും ചേർന്ന് നിലവിളക്കു തെളിച്ചത്തോടെ ഇൻസ്റ്റാളേഷൻ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു.
ഡോ. അന്നാ ജോർജ് (പ്രസിഡന്റ്), ഡോ. ഷൈല റോഷിൻ (വൈസ് പ്രസിഡന്റ്), ആൽഫി സൺഡ്രൂപ് (സെക്രെട്ടറി), ഡോ. ജെസ്സി കുര്യൻ (ജോയിന്റ് സെക്രെട്ടറി), ജയാ തോമസ് (ട്രഷറർ), ഏലിയാമ്മ അപ്പുക്കുട്ടൻ (ജോയിന്റ് ട്രഷറർ) എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് ബോർഡും താര ഷാജൻ, മേരി ഫിലിപ്, ഉഷ ജോർജ്, ശോശാമ്മ ആൻഡ്രൂസ്, ഡോ. ആനി പോൾ എന്നീ അഡ്വൈസറി ബോർഡ് അംഗങ്ങളും ഡോ. സോളിമോൾ കുരുവിള (ബൈലാസ്), സലിൽ പനയ്ക്കൽ (അവാർഡ്സ് ആൻഡ് സ്കോളര്ഷിപ്സ്), ആന്റോ പോൾ (എജുക്കേഷൻ ആൻഡ് പ്രൊഫെഷണൽ ഡെവലപ്മെന്റ്), മേരി ഫിലിപ് (എലെക്ഷൻ), സിനി വര്ഗീസ് (അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സ് ഫോറം), പോൾ പനയ്ക്കൽ (കമ്മ്യൂണിക്കേഷൻസ്), ജെസ്സി ജെയിംസ് (കൾച്ചറൽ ആൻഡ് സോഷ്യൽ പ്രോഗ്രാംസ്), ഷബ്നം പ്രീത് കൗർ (മെമ്പർഷിപ്), ആനി സാബു (ഫണ്ട് റേയ്സിംഗ് ആൻഡ് ചാരിറ്റി), ഡോ. ആനി ജേക്കബ് (റിസേർച് ആൻഡ് ഗ്രാന്റ്സ്), എന്നീ കമ്മിറ്റി ചെയര്മാരും എസ്തർ ദേവദോസ്, ഗ്രേസ് അലക്സാണ്ടർ, ലൈസി അലക്സ്, ഏലിയാമ്മ മാത്യു എന്നീ ഏരിയ കോർഡിനേറ്റര്മാരും സത്യപ്രതിഗ്ഞ്ഞ ചെയ്തു. എലെക്ഷൻ കമ്മിറ്റിയുടെ മേരി ഫിലിപ്പും പോൾ ഡി പനയ്ക്കലും ഇൻസ്റ്റലേഷൻ പ്രക്രിയ സുകരമാക്കി.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. അന്നാ ജോർജിനെ ഷബ്നം പ്രീത് കൗർ പരിചയപ്പെടുത്തി സദസ്സിലേക്ക് ക്ഷണിച്ചു. ഐനാനി ഇക്കഴിഞ്ഞ പ്രവർത്തന വർഷങ്ങളിൽ ചെയ്ത സമഗ്രമായ സേവനങ്ങളെ പ്രദർശിപ്പിക്കുന്നതായിരുന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോ അന്നാ ജോർജിന്റെ അധ്യക്ഷ പ്രസംഗം. അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ നഴ്സുമാരെ അംഗത്വത്തിലേക്കു ആകര്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു അവർ ചാരിതാർഥ്യത്തോടെ അവകാശപ്പെട്ടു. പ്രദേശത്തെ ഇന്ത്യൻ നഴ്സുമാരുടെ എണ്ണം കണക്കിലെടുത്താൽ, ഐനാനിയുടെ വലുപ്പം വളരെ ചെറുതാണെന്നും കൂടുതൽ നഴ്സുമാരെ സംഘടനയുടെ കുടക്കീഴിൽ കൊണ്ടുവരുക നേതൃത്വത്തിന്റെ ദൗത്യവും ഇന്ത്യൻ നഴ്സുമാരുടെ പൊതുക്ഷേമത്തിന്റെ ആവശ്യവും ആണ്.
മുഖ്യാതിഥികളിൽ ഒരാളായി എത്തിയ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലെ ഏക ഏഷ്യൻ കമ്മ്യൂണിറ്റി അംഗം സെനറ്റർ കെവിൻ തോമസിനെ അഡ്വൈസറി ബോർഡ് ചെയർ താരാ ഷാജൻ പരിചയപ്പെടുത്തി. തന്റെ മണ്ഡലത്തിലെ പൊതു ക്ഷേമ പദ്ധതികൾ എത്താത്ത ആളുകൾക്കും കുടുംബങ്ങൾക്കും ഐനാനി കഴിഞ്ഞ വര്ഷം ചെയ്ത സേവനപ്രവർത്തനങ്ങൾക്കു സെനറ്റർ കെവിൻ തോമസ് നന്ദി പറഞ്ഞു. അതുപോലെ പാൻഡെമിക് സമയത്തു കുതിച്ചുയർന്ന ഏഷ്യൻ വിരുദ്ധ അക്രമങ്ങളെ നേരിടുന്നതിനും ലഘൂകരിക്കുന്നതിനും ഐനാനി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തുകയും നന്ദി പറയുകയും ചെയ്തു. നഴ്സുമാർ വളരെ കഠിനാദ്ധ്വാനം ചെയ്യുന്നവർ ആണ്. തന്റെ കുടുംബത്തിൽ പലരും നഴ്സുമാർ ആണ്. അവരുടെ ബുദ്ധിമുട്ടുകൾ അറിയാവുന്ന താൻ അവർക്കു ഗുണകരമായ ഏതു നടപടികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഐനാനിയുടെ എക്സിക്യൂട്ടീവ് ബോർഡും അഡ്വൈസറി ബോർഡും ചേർന്ന് സെനറ്ററിൽ നിന്ന് പ്രൊക്ലമേഷൻ സ്വീകരിച്ചു.
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് സുജാ തോമസിനെ ആന്റോ പോൾ പരിചയപ്പെടുത്തി. ന്യൂ യോർക്കിൽ നിന്നുള്ള തനിക്കു ഐനാനി നഴ്സിങ്ങിനും സമൂഹത്തിനും ചെയ്യുന്ന മഹത്തായ കാര്യങ്ങൾ വളരെ അഭിമാനമാണ് നൽകുന്നതെന്ന് പറഞ്ഞു. നഴ്സിങ്ങിന്റെ സംഘടിതമായ പ്രവർത്തനത്തിലേക്കുള്ള കാൽവയ്പ് ന്യൂ യോർക്കിൽ വച്ചായിരുന്നു. ഇപ്പോൾ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള കാൽവെയ്പ്പും ന്യൂ യോർക്കിൽ തന്നെ ആണെന്ന് അവർ സ്മരിച്ചു.
ഐനാനിക്ക് സ്ഥാപനമിട്ടവരിൽ ഒരാളും അതിന്റെ സ്ഥാപക പ്രെസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ ഡോ. ആനി പോൾ ആയിരുന്നു അടുത്ത മുഖ്യ പ്രാസംഗിക. രാഷ്ട്രീയത്തിൽ ആദ്യമായി തെരുഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഴ്സ് ആണ് ഡോ ആനി പോൾ. നിസ്വാർത്ഥമായ സേവനത്തിലൂടെയും നേതൃത്വം കൊണ്ടും സംഘടനാമികവ് കൊണ്ടും പല പ്രാവശ്യം റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആയി തെരുഞ്ഞെടുക്കപ്പെട്ട ഡോ ആനി പോൾ ഇപ്പോൾ കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയർ ആണ്. സിഗരറ്റ്, ഇ-സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള പ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തിഒന്നായി വർധിപ്പിച്ചതിനുള്ള നിയമത്തിനു പിന്നിൽ ഡോ ആനി പോളിന്റെ കൈകൾ ആയിരുന്നു. ഐനാനി കുടുംബത്തിന്റെ അംഗമായ താൻ ഐനാനിയുടെ വളർച്ചയെ വളരെ ചാരിതാർഥ്യത്തോടെയാണ് അനുഭവിക്കുന്നത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നും കഠിനാദ്ധ്വാനം ചെയ്യുന്ന നഴ്സുമാർ വിശ്രമത്തിനും മാനസികാശ്വാസത്തിനും മനസികായവിനും ശ്രദ്ധ നൽകണമെന്ന് ഡോ പോൾ ആഹ്വാനം ചെയ്തു.
ടൗൺ ഓഫ് നോർത്ത് ഹെമ്പ്സ്റ്റെഡ് ക്ലർക്കായി തെരുഞ്ഞെടുക്കപ്പെട്ട രാഗിണി ശ്രീവാസ്തവയെ ഐനാനിയുടെ ഔട്ട്ഗോയിംഗ് വൈസ് പ്രസിഡന്റ് ഡോ. സോളിമോൾ കുരുവിള പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. ഇന്ത്യയിൽ നിന്ന് ഭർത്താവിനോടൊപ്പം അമേരിക്കയിൽ കുടിയേറി കുറഞ്ഞ കാലം കൊണ്ട് വിജയകരമായ ബിസിനസ്സുകാരിയായി ഉയർന്നു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച രാഗിണി നാട്ടിൽ നിന്നെത്തിയ നഴ്സുമാർ ഈ രാജ്യത്തെ ആരോഗ്യ രംഗത്ത് വഹിക്കുന്ന പങ്കിനെകുറിച്ചായിരുന്നു സംസാരിച്ചത്. മുഖ്യധാരയിലെ അറിയപ്പെടുന്ന ഒരു പ്രൊഫെഷണൽ സംഘടനയായി മാറി സമൂഹത്തിൽ മുദ്ര വെച്ചതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. അനുകമ്പയും സഹാനുഭൂതിയും ജോലിയിൽ സംയോജിപ്പിച്ചു മറ്റുള്ളവരുടെ വേദന കുറയ്ക്കുന്ന നേഴ്സ് എത്രയോ കൃപയുള്ളതാണ് – അവർ പറഞ്ഞു.
ജോർജ്, തെരേസ, കാതറിൻ, ജെയ്ക്കബ്, ഹന്നാ, ക്രിസ്റ്റൽ, സന്റാന, ആറിൻ എന്നീ ബാലികാബാലന്മാരുടെ ആക്ഷൻ സോങ്, ഷേർലി സെബാസ്റ്റിൻറെയും ബെൻസി ജയ്മിയുടെയും ഗാനാലാപനങ്ങൾ, ആഷ്ലി പുളിന്താനത്, ആഷ്ലിൻ ബെന്നി, ടെസ്സ ലാല്സൺ, ഇസബെൽ ജെയ്ക്കബ്, നിക്കോൾ മണലിൽ എന്നിവരുടെയും വീണ, ആഷ്ലി, ടിന എന്നിവരുടെയും ഗ്രൂപ്പ് നൃത്തങ്ങൾ, ആഷ്വിൻ ആന്റണിയുടെ ഉപകരണ സംഗീതം എന്നിവ സംഭവത്തിന് നിറവും മാറ്റും പകർന്ന് ആസ്വാദ്യകരമാക്കി.
ലൈസി അലെക്സും ഡോ. സോളിമോൾ കുരുവിളയും തുടക്കം മുതൽ അന്ത്യം വരെ കാര്യക്ഷമതയോടെ പരിപാടികൾ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഡോളമ്മ പണിക്കർ കൃതജ്ഞത പറഞ്ഞു. ഭക്ഷണ സമയം പങ്കെടുത്ത നഴ്സുമാർക്കും കുടുംബങ്ങൾക്കും മറ്റു സാമൂഹ്യ രാഷ്ട്രീയ പ്രമുഖർക്കും നെറ്റ്വർക്കിങ്ങിനുമുള്ള അവസരമായി മാറി.