മലയാളികൾക്ക് അഭിമാനമായി ഇവർ ;ഉജ്ജ്വല വിജയവുമായി റോബിൻ ഇലക്കാട്ട് , കെവിൻ തോമസ്,കെ.പി. ജോർജ്, ജൂലി മാത്യു,സുരേന്ദ്രൻ പട്ടേൽ, കെവിൻ ഓലിക്കൽ

sponsored advertisements

sponsored advertisements

sponsored advertisements

10 November 2022

മലയാളികൾക്ക് അഭിമാനമായി ഇവർ ;ഉജ്ജ്വല വിജയവുമായി റോബിൻ ഇലക്കാട്ട് , കെവിൻ തോമസ്,കെ.പി. ജോർജ്, ജൂലി മാത്യു,സുരേന്ദ്രൻ പട്ടേൽ, കെവിൻ ഓലിക്കൽ

ചിക്കാഗോ :വിവിധ സ്ഥാനങ്ങളിലേക്ക് മൽസരിച്ചു ജയിച്ചവരിൽ മലയാളികളും.മിസോറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട്, ന്യൂ യോർക്ക് സെനറ്റിലിലേക്ക് കെവിൻ തോമസ് ,ഫോർട്ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജിയായി ജൂലി മാത്യു,ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോർജ്, 240–ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി ആയി സുരേന്ദ്രൻ കെ പട്ടേൽ, ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-ാമത് ജനറൽ അസംബ്ലിയിലേക്ക് കെവിൻ ഓലിക്കൽ എന്നിവരാണ് വിജയിച്ചത് ഇതിൽ, റോബിൻ ഇലക്കാട്ട്, കെ.പി. ജോർജ്, ജൂലി മാത്യു എന്നിവർ രണ്ടാം തവണയും കെവിൻ തോമസ് മൂന്നാം തവണയും മത്സരിച്ചു വിജയിക്കുകയായിരുന്നു .

മേയർ റോബിൻ ഇലക്കാട്ട്
മിസ്സൂറി സിറ്റി മേയർ സ്ഥാനത്തേക്ക് രണ്ടാം വട്ടവും മൽസരത്തിനു ഇറങ്ങിയാണ് മലയാളിയായ റോബിൻ ഇലക്കാട്ട് വിജയം സ്വന്തമാക്കിയത്.കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ ആളാണു റോബിൻ ഇലക്കാട്ട് . കോട്ടയം ജില്ലയിലെ കുറുമുള്ളൂർ ഗ്രാമത്തിലാണ് റോബിൻ ജനിച്ചത്.2022 ആഗസ്റ്റ് ഒന്നിന് രണ്ടാം ടേമിലേക്കുളള നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ തന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു . കഴിഞ്ഞ വർഷം മരണപ്പെട്ട അമ്മ ഏലിയാമ്മയുടെ അനുഗ്രഹവും തന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭാര്യ ടീന, മക്കൾ ലിയയും, കെയ്റ്റിലിനും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഒപ്പമുണ്ട് .

സെനറ്റർ കെവിൻ തോമസ്

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും കെവിൻ തോമസ് തകർപ്പൻ വിജയം നേടി. ന്യുയോർക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ  ഇന്ത്യാക്കാരനാണ് കെവിൻ തോമസ്.
ഐലൻഡിലെ  അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടിൽ നിന്നാണ് കെവിൻ  ജയിച്ചത് .റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ മകനായ കെവിന്‍ ദൂബായിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണ് അമ്മ.ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും,സൂസമ്മയുടേയും മകളാണ്.

ജഡ്ജ് ജൂലി മാത്യു
ടെക്‌സാസിലെ ഏറ്റവും വലിയ കൗണ്ടികളിൽ ഒന്നായ ഫോർട്ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജി ജൂലി മാത്യുവും ഇതു രണ്ടാം തവണയാണ് മൽസരത്തിനിറങ്ങി വിജയം സ്വന്തമാക്കിയത്.. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഏറെയുള്ള ഫോട്ബെൻഡ് കൗണ്ടിയിൽ ഡെമോക്രാറ്റിക് ടിക്കറ്റിൽ ഇത്തവണവും ജയം നേടാൻ സാധിച്ചു. 15 വർഷത്തെ നിയമ പരിജ്ഞാനവും നാലുവർഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ഇത്തവണ ജൂലി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനം കൊണ്ട് അവർ അത് തെളിയിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ.

പത്താം വയസിൽ ഫിലഡൽഫിയയിൽ എത്തിയ ജൂലി സ്കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. പെൻസിൽവാനിയ സ്റ്റേറ്റിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. പ്രാക്ടീസ് ആരംഭിച്ചു. 2002ൽ ഹൂസ്റ്റനിൽ എത്തി ടെക്സസ് ലോ ലൈസൻസ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018ൽ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടു നേടി ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജായി. ഫോട്ബെൻഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോർട്ട് 3 ലെ ജഡ്‌ജിയാണ് ജൂലി മാത്യു .പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകളാണ്. വ്യവസായിയായ കാസർകോട് വാഴയിൽ ജിമ്മി മാത്യുവാണു ഭർത്താവ്. അലീന, അവാ, സോഫിയ എന്നിവർ മക്കളും.

ജഡ്ജ് കെ.പി ജോർജ്
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായാണു പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജിന്റെ വിജയം.ആദ്യ തിരഞ്ഞെടുപ്പിൽ അസാധ്യമെന്നു കരുതിയ വിജയം സ്വന്തമാക്കിയ ആത്മധൈര്യവുമായാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി രണ്ടാം വട്ടവും തിരഞ്ഞെടുപ്പിനിറങ്ങിയത്. പത്തനംതിട്ടയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അമേരിക്കയിൽ എത്തി മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഫോർട്ട് ബെൻഡ് കൗണ്ടിയുടെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങൾക്കു പ്രിയപ്പെട്ടവനായി.ഫോർട്ട്ബെൻഡ് സ്കൂൾ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഗിത്, ഹെലൻമേരി, സ്നേഹ എന്നിവരാണ് മക്കൾ.

ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ
240–ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രൻ കെ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിൽ ആയിരുന്നു മൽസരം. എല്ലാവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം.1996 മുതൽ കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ൽ ആണ് ഭാര്യയോടൊപ്പം അമേരിക്കയിൽ എത്തുന്നത്.റജിസ്റ്റേഡ് നഴ്സായ ഭാര്യയ്ക്ക് മെഡിക്കൽ സെന്ററിൽ ജോലി ലഭിച്ചു. പിന്നീട് , അമേരിക്കൻ‌ നീതിന്യായ വ്യവസ്ഥയിൽ ആകൃഷ്ടനായ സുരേന്ദ്രൻ 2009-ൽ ബാർ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററിൽ നിന്നും എൽഎൽഎം ബിരുദം കരസ്ഥമാക്കി.

കെവിൻ ഓലിക്കൽ
ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-ാമത് ജനറൽ അസംബ്ലിയിലേക്ക് കെവിൻ ഓലിക്കൽ വിജയിച്ചു. മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു വിജയമാണിത്. ഒരു മലയാളി ഇന്ത്യൻ വംശജൻ ആദ്യമായാണ്ഇ ല്ലിനോയ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ , മാതാവ് സൂസൻ.

എല്ലാവർക്കും കേരളാ എക്സ് പ്രസിന്റെ അഭിനന്ദനങ്ങൾ

റോബിൻ ഇലക്കാട്ട്
കെവിൻ തോമസ്
ജൂലി മാത്യു
കെ.പി ജോർജ്
സുരേന്ദ്രൻ കെ പട്ടേൽ
കെവിൻ ഓലിക്കൽ