ലണ്ടന്‍: യുക്രൈനില്‍ ആക്രമണം ശക്തമാക്കുന്ന റഷ്യക്കെതിരെ വിമര്‍ശനവുമായി ജോ ബൈഡന്. റഷ്യ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണ്. നുണകള്‍ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിര്‍ പുടിന് നടത്തുന്നതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് സെലെന്‍സ്കി. അദ്ദേഹം ഒരു ജൂതനും നാസികളുടെ കൂട്ടക്കൊലയില്‍ കുടുംബം നഷ്ടപ്പെട്ട വ്യക്തിയുമാണ്. പുടിന് സ്വേച്ഛാധിപതികളെ പോലെ പെരുമാറുകയും തന്റെ വിശ്വാസം ശരിയെന്ന്കരുതുകയും ചെയ്യുന്നു. എന്നാല്‍ എക്കാലവും അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് ഓര്‍ക്കണമെന്നും ബൈഡന് പറഞ്ഞു.
നാറ്റോ സഖ്യത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ ബൈഡന് പുടിനെ വിമര്‍ശിച്ചു. റഷ്യയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ പദ്ധതിയായി നാറ്റോ വിപുലീകരണത്തെ ചിത്രീകരിക്കാന്‍ പുടിന് ആഗ്രഹിക്കുന്നു. എന്നാല്‍ ഇതുവെറും നുണയാണ്. നാറ്റോ പ്രതിരോധ സഖ്യമാണെന്നും റഷ്യയുടെ നാശത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു