ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: 2022 ജൂലൈ നാലിന് ചിക്കാഗോയ്ക്ക് സമീപത്തുള്ള ഹൈലന്‍ഡ് പാര്‍ക്കില്‍ പരമ്പരാഗതമായി നടത്തിവരുന്ന സ്വാതന്ത്ര്യ ദിനപരേഡിനു നേരെ ഒരു സാമൂഹികവിരുദ്ധന്‍ നടത്തിയ വെടിവെപ്പില്‍ ഏഴുപേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമുണ്ടായി. പരുക്കേറ്റവരില്‍ ചിലര്‍ക്കെങ്കിലും ശിഷ്ടജീവിതം നയിക്കുവാന്‍ പരസഹായം ആശ്രയിക്കേണ്ടിവരും. ദേശത്തൊട്ടാകെ ഭീതി സൃഷ്ടിച്ച ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദിയായി കരുതുന്ന റോബര്‍ട്ട് ക്രീമോ കകക എന്ന യുവാവ് പരേഡില്‍ പങ്കെടുത്തവര്‍ക്കെതിരെ തുടര്‍ച്ചയായി 70 വെടിയുതിര്‍ത്തു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കുശേഷം ഇയാള്‍ പോലീസ് പിടിയിലാകുകയും ഇപ്പോള്‍ വിചാരണ നേരിടുകയുമാണ്. അപകടകരമായ തോക്കുകള്‍ വാങ്ങുവാന്‍ പ്രതിയെ സഹായിച്ച പിതാവിനെതിരെയും വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഹൈലന്‍ഡ് പാര്‍ക്ക് വെടിവെപ്പ് സൃഷ്ടിച്ച ഞെട്ടലും ഭീതിയും മൂലം ഇല്ലിനോയിലെ നിരവധിയിടങ്ങളില്‍ കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നിര്‍ത്തിവെക്കുകയും പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെടുകയുമുണ്ടായി. ഈ വര്‍ഷം സ്വാതന്ത്ര്യദിന പരേഡുകള്‍ ഉപേക്ഷിക്കണമോ, കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തി നടത്തണമോ എന്ന് ഒട്ടുമിക്ക ഇല്ലിനോയി നഗരങ്ങളും പരിഗണിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഹൈലന്‍ഡ് പാര്‍ക്ക് വെടിവെപ്പ് സൃഷ്ടിച്ച ഭീതി ഇപ്പോഴും നിലനില്‍ക്കുന്നു.
ഈ വര്‍ഷം ജൂലൈ 4-ന് പരേഡ് നടത്തണമോ, ഉപേക്ഷിക്കണമോയെന്ന് പരിഗണിച്ച ഹൈലന്‍ഡ് പാര്‍ക്ക് നഗരസഭ, വിശദമായ ചര്‍ച്ചകള്‍ക്കുശേഷം അക്രമകാരികള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും മുന്നില്‍ അമേരിക്കന്‍ ജനതയുടെ സ്വാഭിമാനവും സ്വാതന്ത്ര്യവും അടിയറവ് വെക്കില്ലെന്ന ശക്തമായ തീരുമാനം കൈക്കൊണ്ടു. ഫ്ളോട്ടുകളും കലാപരിപാടികളും ഒഴിവാക്കി പരമ്പരാഗത പരേഡ് റൂട്ടിലൂടെ സാധാരണ നടത്തമാണ് നഗരഭരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. അതുവഴി പോയവര്‍ഷത്തെ ദുരന്തത്തിന്‍റെ ഇരകളെ സ്മരിക്കുകയും നഗരവീഥികളില്‍ മേലുള്ള ജനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കുകയുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരവീഥിയിലൂടെയുള്ള നടത്തം കൂടാതെ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ മറ്റ് ആഘോഷപരിപാടികളും നടത്തപ്പെടും. ആഘോഷങ്ങളെല്ലാം പോലീസ് അധികൃതര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യുഎസ് ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് ജസ്റ്റിസ് അധികൃതര്‍ എന്നിവര്‍ നല്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കുമെന്ന് ഹൈലന്‍ഡ് പാര്‍ക്ക് മേയര്‍ നാന്‍സി റോട്ടറിംഗ് അറിയിച്ചു. രാവിലെ 11-ന് ആരംഭിച്ച് 11.30-ന് അവസാനിക്കുന്ന പരേഡില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സിറ്റി കമ്യൂണിക്കേഷന്‍ മാനേജര്‍ അമാന്‍ഡാ ബന്നറ്റ് അഭ്യര്‍ത്ഥിച്ചു.
