മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന്‍റെ ഇത്തവണത്തെ കേരളാ സന്ദര്‍ശനത്തിന്‍റെ ധന്യ മുഹൂര്‍ത്തമായിരുന്നു കോട്ടയം, ചങ്ങനാശേരി ബിഷപ്പുമാരെ സന്ദര്‍ശിച്ചതും സഭയിലെ വിരമിച്ച വൈദികരോടൊത്തുള്ള നിമിഷങ്ങളും. തന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പ്രാര്‍ത്ഥനകളുമായി ഒപ്പമുണ്ടായിരുന്നവരെ നേരില്‍ കാണുകയും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുവാനും ലഭിച്ച അവസരം ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിനെയും സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരി, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരോടൊപ്പം കോട്ടയം ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍ സന്ദര്‍ശിച്ച റോബിന്‍ ഇലക്കാട്ടിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ വിജയത്തിന് കാരണം റോബിന്‍റെ പ്രവര്‍ത്തങ്ങളിലെ ജനകീയതയും ആത്മാര്‍ത്ഥയതുമാണെന്നു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടും മറ്റു ബിഷപ്പുമാരും അഭിപ്രയപ്പെട്ടു. കെ.സി.വൈഎല്‍ പ്രസ്ഥാനത്തിലൂടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന റോബിന്‍ ഇലക്കാട്ടിന്‍റെ വിജയം ക്നാനായ സമൂഹത്തിനാകെ അഭിമാനമാണെന്ന് കോട്ടയം രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടവുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നത് ഹ്യൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി ആയിരുന്നു. രണ്ടാം തവണയും മിസോറി സിറ്റി, ടെക്സാസ് മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിന്‍ ഇലക്കാട്ടിനെ ബിഷപ്പ് അഭിനന്ദിച്ചു. അടുത്ത അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തന്‍റെ സിറ്റി സന്ദര്‍ശിക്കുവാന്‍ ബിഷപ്പിനെ റോബിന്‍ ഇലക്കാട്ട് ക്ഷണിക്കുകയും ചെയ്തു.
റോബിന്‍ ഇലക്കാട്ട് മിസൂറി സിറ്റിയില്‍ രണ്ട് ടേമുകളിലായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫാ.ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വിശദീകരിച്ചു. ഹ്യൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ പള്ളി ഇടവകാംഗങ്ങളുമായി അടുത്ത ബന്ധമുള്ള റോബിന്‍ ഇലക്കാട്ടിന്‍റെ രൂപതാ സന്ദര്‍ശനം എന്തുകൊണ്ടും സന്തോഷം നല്‍കുന്നുവെന്ന് പള്ളിവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി അറിയിച്ചു.
തന്‍റെ കേരളാ സന്ദര്‍ശനത്തിന്‍റെ ഏറ്റവും ധന്യമായ മറ്റൊരു മുഹൂര്‍ത്തമായിരുന്നു കോട്ടയം അതിരൂപതയിലെ വിരമിച്ച വൈദികരെ സന്ദര്‍ശിക്കാനായത്. പൂര്‍ണ്ണമായി വിശ്രമ ജീവിതം നയിക്കുന്ന ഈ വൈദികരില്‍ ചിലര്‍ അമേരിക്കയിലെ പല ക്നാനായ കത്തോലിക്കാ ഇടവകകളില്‍ വികാരിമാരായും സഭയുടെ വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നവരുമാണ്. റവ. ജേക്കബ് ചൊള്ളമ്പേല്‍, റവ. സിറിയക് മാന്തുരുത്തില്‍, റവ. ഫിലിപ്പ് തൊടുകയില്‍, റവ. തോമസ് കോട്ടൂര്‍ തുടങ്ങിയ വൈദികര്‍ക്കൊപ്പം ചിലവഴിക്കുവാന്‍ ലഭിച്ച നിമിഷങ്ങള്‍ ദൈവ നിയോഗമായിരുന്നു. ‘തിരക്കുകള്‍ക്കിടയില്‍ ഞങ്ങളെ വന്നു കാണാന്‍ തോന്നിയ സന്മനസിനു നന്ദി’ ഈ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു .’സത്യം, ഒരു സ്ഥാനത്തായിരിക്കുമ്പോള്‍, നമുക്ക് ചുറ്റും എപ്പോഴും ആളുകള്‍ ഉണ്ടാകും, പദവികള്‍ ഇല്ലാതാകുമ്പോള്‍ ആരും ഉണ്ടാവില്ല.’ വിരമിച്ച ചില വൈദികര്‍ നടത്തിയ ഒരു അഭിപ്രായം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ മഹാത്മാക്കളെ സന്ദര്‍ശിക്കാന്‍ സാധിച്ചതാണ് എന്‍റെ യാത്രയിലെ പുണ്യം. ഇവരില്‍ പലരും സംഘടനാ രംഗത്തും സാമൂഹ്യ രംഗത്തും നല്ല മാതൃകകളായി ഒപ്പം നിന്നതും അവരുടെ വാക്കുകളെ കേള്‍ക്കാനായതും ഇവിടെ വരെ എത്തിയ നിമിഷങ്ങളില്‍ കരുത്തുമായിരുന്നു. ജീവിതത്തിന്‍റെ സായാഹ്ന വേളയില്‍ വിശ്രമിക്കുന്ന വൈദികരോടൊപ്പം ചിലവഴിക്കുമ്പോഴും ശാരീരിക അസ്വസ്ഥതകള്‍ക്ക് അപ്പുറത്ത് അവര്‍ ഇപ്പോളും കരുത്തരും ദൈവാനുഗ്രഹമുള്ളവരുമായും എനിക്കു തോന്നി. പലരും എഴുത്തും വായനയും ഊര്‍ജ്ജിതമാക്കി ക്നാനായ സമൂഹത്തിനുവേണ്ടി ഇപ്പോഴും ഊര്‍ജ്ജസ്വലരായി നിലകൊളുന്നു എന്നതും സത്യം. അതുകൊണ്ടുതന്നെ ഇത്തവണത്തെ കേരളാ സന്ദര്‍ശനം പുണ്യം.
അനിൽ പെണ്ണുക്കര