മൗണ്ട് ഒലീവ് (ന്യൂ ജേഴ്‌സി): രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിക്കെതിരെയുള്ള സർക്കാരിന്റെ കരട് ബിൽ പ്രഖ്യാപനത്തെ ശക്തമായി എതിർത്ത്കൊണ്ട് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ പ്രതിഷേധ പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചു. വികാരി ഫാ. ഷിബു ഡാനിയേൽ ആമുഖ പ്രസംഗം നടത്തി .
പ്രമേയം അവതരിപ്പിച്ച സഭാ മാനേജിങ് കമ്മിറ്റി അംഗം ഷാജി വറുഗീസ്, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിയെ മറികടക്കുവാൻ ഏതൊരു നിയമം ഉണ്ടാക്കിയാലും സഭ അതിനെ നേരിടുക തന്നെ ചെയ്യുമെന്ന് ശക്തമായ ഭാഷയിൽ സൂചിപ്പിച്ചു .
1934 ലെ ഭരണഘടന അനുസരിച്ച് സഭ ഒരു ട്രസ്റ്റ് ആണെന്നും, സഭയുടെ ട്രസ്റ്റിന്റെ സ്വത്തുക്കൾ വിഭജിക്കാൻ സാധിക്കുകയില്ലെന്നും, ഒരു സ്ഥാപനത്തിനും സമാന്തര ഭരണം നടത്തുവാനായിട്ട് അനുവദിക്കുകയില്ല എന്നുള്ളതും ബഹുമാനപ്പെട്ട സുപ്രീം കോടതി അസന്നിദ്ഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് .അതിന് എതിരായി 1934 ലെ ഭരണഘടന അനുസരിച്ച് ഇപ്പോൾ ഭരിക്കപ്പെടുന്ന പള്ളികളിൽ, അതിനെ ഇല്ലാതാക്കാനായിട്ട് എന്ത് നടപടി സ്വീകരിച്ചാലും നിയമപരമായി തന്നെ നേരിടുമെന്നും, എല്ലാ തരത്തിലുള്ളതുമായ പ്രതിഷേധവും സഭ കൈക്കൊള്ളുക തന്നെ ചെയ്യുമെന്നും ഷാജി വറുഗീസ് പ്രഖ്യാപിച്ചു .
സഭയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് സർക്കാർ നിയമ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഷാജി വറുഗീസ് ഇടവകയിൽ നടന്ന വിശദീകരണ യോഗത്തിൽ പറഞ്ഞു