ജീമോന്‍ ജോര്‍ജ്
ഫിലാഡല്‍ഫിയ: സാമൂഹിക പ്രതിബദ്ധതയോടും സാമൂഹിക നന്മകള്‍ക്കുമായി എക്കാലത്തും സമൂഹത്തിന്‍റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചുവരുന്ന ഇതര സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം മാര്‍ച്ച് 4-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ സെ. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1009, Unruh Ave, Philadelphia, PA 19111) വെച്ച് നടത്തുന്നതാണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്‍റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ വഴിത്താരയിലെ നാഴികക്കല്ലുകളിലൊന്നായ ലോക പ്രാര്‍ത്ഥനാദിനത്തിന്‍റെ ഈ വര്‍ഷത്തെ ചിന്താവിഷയം ‘ഞാന്‍ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു കേട്ടിരിക്കുന്നു’ (Ephesians 1: 15-19) ലോകത്തിലെ 170-ല്‍പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രവര്‍ത്തിക്കുവാന്‍ മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചുവരുന്നതാണ് ലോകപ്രാര്‍ത്ഥനാദിനം. തായ്വാനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.
വിശുദ്ധ വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കി വേദശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യവും അതിലുപരി ലളിതമായ ഭാഷയിലൂടെ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുവാന്‍ പ്രത്യേകം കഴിവുമുള്ള സുപ്രസിദ്ധ ക്രിസ്തീയ പ്രസംഗകയുമായ സീനാ മാത്യുവാണ് മുഖ്യപ്രസംഗക. വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായ സ്കിറ്റുകളിലൂടെയും നൃത്തങ്ങളിലൂടെയും മുഖ്യചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍ കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്. എക്യുമെനിക്കല്‍ ഗായകസംഘം തോമസ് ഏബ്രഹാമിന്‍റെ (ബിജു) നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനത്തില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കുന്നതായിരിക്കും.
ഫാ. എം.കെ. കുറിയാക്കോസ് (ചെയര്‍മാന്‍), ഫാ. എല്‍ദോസ് കെ.പി (കോ-ചെയര്‍മാന്‍), ഫാ. ജേക്കബ് ജോണ്‍ (റിലിജിയസ് കോ-ഓര്‍ഡിനേറ്റര്‍), കെവിന്‍ വര്‍ഗീസ് (സെക്രട്ടറി), റോജീഷ് സാമുവേല്‍ (ട്രഷറര്‍), അബിന്‍ സെബാസ്റ്റ്യന്‍ (ജോ. സെക്രട്ടറി), സെലിന്‍ ഓലിക്കല്‍ (കോ-ഓര്‍ഡിനേറ്റര്‍, വിമന്‍സ്ഫോറം), എബിന്‍ ബാബു (പ്രോഗ്രാം), തോമസുകുട്ടി വര്‍ഗീസ് (ചാരിറ്റി), ഷാജി മിറ്റത്താനി (സുവനീര്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ), നിര്‍മ്മലാ ഏബ്രഹാം, സുമാ ചാക്കോ, ലിസി തോമസ്, ഷൈലാ രാജന്‍, ഷീലാ ജോര്‍ജ്, സൂസന്‍ സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും നിരവധി വൈദികരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തിലും ലോകപ്രാര്‍ത്ഥനാദിനം വന്‍ വിജയമാക്കിത്തീര്‍ക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നതായും കൂടാതെ ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായും എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.