ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: ഗര്‍ഭച്ഛിദ്രത്തിന് നിയമസംരക്ഷണവും അവസരങ്ങളും ഇല്ലിനോയില്‍ വ്യാപിപ്പിച്ചുകൊണ്ടുള്ള നിയമത്തിന് ഗവര്‍ണര്‍ ജെ.ബി. പ്രിട്സ്കര്‍ കൈയൊപ്പിട്ട് പ്രാബല്യമേകി. സംസ്ഥാന നിയമസഭ ജനുവരി 10-ന് പാസാക്കിയ ബില്ലിന് 13-ന് വെള്ളിയാഴ്ച ചിക്കാഗോയില്‍ നടന്നൊരു ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ അനുമതി നല്കി. ഇല്ലിനോയിലെ തന്‍റെ ജനതയുടെയും തങ്ങളുടെ സേവനം ആഗ്രഹിക്കുന്ന ഇതര സംസ്ഥാന സഹോദരികളുടെയും സന്താനോല്പാദന അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങില്‍ ഗവര്‍ണര്‍ ജെ.ബി. പ്രിട്സ്കര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂണില്‍ യുഎസ് സുപ്രീം കോടതി 50 വര്‍ഷക്കാലം അമേരിക്കന്‍ വനിതകള്‍ അനുഭവിച്ച ഗര്‍ഭച്ഛിദ്ര അവകാശം റദ്ദാക്കിയ നടപടിയാണ് അയല്‍ സംസ്ഥാനങ്ങളിലെ നിസ്സഹായരായ സഹോദരികളെ കൂട്ടത്തോടെ അത്തരം സേവനങ്ങള്‍ക്കായി ഇല്ലിനോയിലേക്ക് എത്തിക്കുന്നതെന്നും തദവസരത്തില്‍ അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ക്ക് ഉദാരമായ നിയമസംരക്ഷണം നിലവിലുള്ള ഇല്ലിനോയില്‍ സുപ്രീംകോടതി വിധിക്ക് മുമ്പും അത്തരം സേവനത്തിനായി പതിനായിരത്തില്‍പ്പരം അന്യസംസ്ഥാന സ്ത്രീകള്‍ എണ്‍ത്താറുണ്ടായിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിരവധി സംണ്‍സ്ഥാനങ്ങള്‍ ഗര്‍ഭച്ഛ്രിദ്രം പൂര്‍ണ്ണമായി നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുപ്പതിനായിരത്തിലധികം അന്യസംസ്ഥാനക്കാര്‍ ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ക്കായി പ്രതിവര്‍ഷം ഇല്ലിനോയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വര്‍ദ്ധിച്ച പ്രസ്തുണ്‍ത വെല്ലുവിളികള്‍ നേരിടുവാനായി ഗര്‍ഭച്ഛിദ്ര സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി പുതിയ ക്ലിനിക്കുകള്‍ക്ക് ഇല്ലിനോയില്‍ അനുമതി നല്കും. കൂടാതെ അനസ്തീസിയ ആവശ്യമില്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തുവാന്‍ നേഴ്സ് പ്രാക്ടീഷണേഴ്സിനും ഫിസിഷ്യന്‍ അസിസ്റ്റന്‍റുമാര്‍ക്കും അനുമതിയും പുതിയ നിയമത്തില്‍ നല്കിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്ര നടപടികളുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിയമനടപടികള്‍ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അത്തരം സേവനങ്ങള്‍ ഇല്ലിനോയില്‍ നല്കുവാനും നിയമത്തില്‍ അനുമതിയുണ്ട്. ഇതില്‍ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയ ആരോഗ്യസേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്.ഐ.വി. പ്രതിരോധ മരുന്നുകള്‍ക്കും ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ക്കും മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്കുവാനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇല്ലിനോയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വവും വനിതാ സംഘടനകളും ഉദാരമായ ഗര്‍ഭച്ഛിദ്ര നിയമവ്യവസ്ഥകളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. പ്രതീക്ഷിച്ചതുപോലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സാമാജികരും ഗര്‍ഭച്ഛിദ്ര വിരുദ്ധ സംഘടനകളും പുതിയ നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിക്കുകയും നിരാശ രേഖപ്പെടുത്തുകയും ചെയ്തു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് റെപ്രസെന്‍റേറ്റീവ് ബ്ലെയിന്‍ വില്‍ബര്‍, സ്റ്റാര്‍ബക്സ് കോഫി ഷോപ്പുകള്‍ പോലെ ഇല്ലിനോയില്‍ ഉടനീളം അബോഷന്‍ ക്ലിനിക്കുകള്‍ തുറക്കുവാന്‍ പുതിയ നിയമം ഇടയാക്കുമെന്ന് ആശങ്ക രേഖപ്പെടുത്തി.
