റവ. എബി എം. തോമസ് തരകന്‍ പ്രസിഡന്റ് ; എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


3 March 2023

റവ. എബി എം. തോമസ് തരകന്‍ പ്രസിഡന്റ് ; എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു

ബെഞ്ചമിന്‍ തോമസ്
ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ 2023-ലെ പ്രവര്‍ത്തനോദ്ഘാടനം ചിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷനും എക്യു. കൗണ്‍സില്‍ രക്ഷാധികാരിയുമായ അഭി. മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ഫെബ്രുവരി 21-ന് സെ. തോമസ് സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട യോഗത്തില്‍ എക്യു. കൗണ്‍സില്‍ പ്രസിഡണ്ട് റവ. എബി എം. തോമസ് തരകന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനാഗാനം, വേദപുസ്തക വായന, പ്രാരംഭപ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം റവ.ഫാ. തോമസ് കടുകപ്പള്ളില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് റവ. എബി തോമസ് തരകന്‍ തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ നാം ഏവരും ദൈവസ്നേഹത്തിലും പരസ്പര സ്നേഹത്തിലും പ്രവര്‍ത്തിച്ച് സൗഖ്യദായക ശുശ്രൂഷയുടെ വക്താക്കളാകുവാന്‍ കഴിയണമെന്ന് ഉദ്ബോധിപ്പിച്ചു.
സഹജീവികളോട് ക്ഷമാശീലത്തോടെയുള്ള കരുതല്‍ വഴിയായി നാം ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആയി മാറുവാന്‍ കഴിയണമെന്നും സഹോദരങ്ങളെ ചേര്‍ത്തുപിടിച്ച് സായൂജ്യം കണ്ടെത്തി ഉത്തമ ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷികളാകണമെന്നും അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.
2023-ലെ തെരഞ്ഞെടുക്കപ്പെട്ട ചിന്താവിഷയമായ ‘സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിര്‍ത്തുവാന്‍ ജാഗരൂകരായിരിക്കുവിന്‍’ എഫെ. 4:3 എന്നതിനെ ആസ്പദമാക്കി റവ.ഫാ. തോമസ് മാത്യു സംസാരിച്ചു. സുവിശേഷവത്കരണത്തിലൂടെ നാം ക്രിസ്തുവിലുള്ള ഐക്യം ലോകത്തിന് വെളിവാക്കുകയും സ്വയം സമൂഹത്തില്‍ അലിഞ്ഞ് ചേര്‍ന്ന് നന്മയെന്ന മാധുര്യം പകര്‍ന്നു നല്കുകയും ചെയ്യണമെന്ന് അച്ചന്‍ ആഹ്വാനം ചെയ്തു.
എക്യു. സെക്രട്ടറി പ്രേംജിത് വില്യം മീറ്റിങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ.ഫാ. തോമസ് മേപ്പുറത്ത് സമാപന പ്രാര്‍ത്ഥനയും മാര്‍ ജോയി ആലപ്പാട്ട് ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. ചിക്കാഗോ മാര്‍ത്തോമ്മാ ശ്ലീഹാ സീറോമലബാര്‍ കാത്തലിക് ഇടവക ഒരുക്കിയ സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.
വിജയകരമായി 40-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ചിക്കാഗോ എക്യുമെനിക്കല്‍ പ്രസ്ഥാനം ആദ്ധ്യാത്മിക, ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, കലാ-കായിക മേഖലകളില്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2023-ലെ എക്സിക്യൂട്ടീവ് അംഗങ്ങളായി റവ. എബി എം. തോമസ് തരകന്‍ (പ്രസിഡണ്ട്), റവ.ഫാ. തോമസ് മാത്യു (വൈസ് പ്രസിഡണ്ട്), പ്രേംജിത് വില്യം (സെക്രട്ടറി), ഡെല്‍സി മാത്യു (ജോ. സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ജോര്‍ജ് മൊളയില്‍ (ജോ. ട്രഷറര്‍), റവ. ജോ വര്‍ഗീസ് മലയില്‍ (യൂത്ത് ഫോറം ചെയര്‍മാന്‍), കെവിന്‍ ഏബ്രഹാം (യൂത്ത് കണ്‍വീനര്‍), സുമ ജോര്‍ജ് (വിമന്‍സ് ഫോറം കണ്‍വീനര്‍), സാം തോമസ്, ബെഞ്ചമിന്‍ തോമസ് (മീഡിയ ആന്‍ഡ് പബ്ലിസിറ്റി), ജേക്കബ് ജോര്‍ജ് (ഓഡിറ്റര്‍) എന്നിവര്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു.
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാര്‍ രക്ഷാധികാരികളായുള്ള ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ മാര്‍ത്തോമ്മാ, സിഎസ്ഐ, യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട 15 ഇടവകകളുടെ കൂട്ടായ്മയാണ്.