മുപ്പത്തിയൊൻപത് വർഷങ്ങൾക്കു ശേഷം ഒരു ഒത്തുച്ചേരൽ! (ഉഷ.എസ്)

sponsored advertisements

sponsored advertisements

sponsored advertisements

18 September 2022

മുപ്പത്തിയൊൻപത് വർഷങ്ങൾക്കു ശേഷം ഒരു ഒത്തുച്ചേരൽ! (ഉഷ.എസ്)

ഉഷ.എസ്
മുപ്പത്തിയൊൻപത് വർഷങ്ങൾക്കു ശേഷം ഒരു ഒത്തുച്ചേരൽ! ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ 80-83 ബി. എ. ഇക്കണോമിക്സ് ബാച്ചിന്റെ സംഗമം. പലരുടേയും വാക്കുകളില്‍ യൗവ്വനാരംഭത്തിൽ പിരിഞ്ഞവർ വാർദ്ധക്യാരംഭത്തിൽ കണ്ടുമുട്ടുന്നു. കാലം ഒരു ചിമിഴിലേയ്ക്കൊതുങ്ങിയ പോലെ.
രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ് ജോസഫിന്റെ ഫേസ്ബുക്കിലാണ് രാധാകൃഷ്ണനും ജോസഫും റോയ്മോനും ഉദയകുമാറുമൊത്തുളള ഫോട്ടോ കാണുന്നത്. അങ്ങനെ അവരെല്ലാം എഫ്ബി കൂട്ടുകാരായി. അതിനിടയിൽ ശ്രീദേവിയുമായുളള സംസാരത്തിനിടെ ഞങ്ങളുടെ സീനിയറായിരുന്ന അംബിയുടെ കളിയാക്കൽ. അവരുടെ ബാച്ച് പതിവായി കൂടുന്നുണ്ടത്രേ! ആ വാശിക്കാണ് ഞങ്ങള്‍ മൈക്കിൾസ്കാർ വാട്ട്സ്അപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ആദ്യം നമ്പറുകൾ കളക്റ്റ് ചെയ്ത് നൽകിയത് ആൽബർട്ടും. പിന്നീട് റോയ് എല്ലാവരേയും അന്വേഷിച്ചു കണ്ടുപിടിക്കുന്ന ദൗത്യം ഏറ്റെടുത്തു. ഗ്രൂപ്പ് ആക്റ്റീവായി വന്നപ്പോഴേക്കും വാശി കൂട്ടിയ അംബി കോമയിലായി എന്നതാണൊരു സങ്കടം.
സെപ്റ്റംബര്‍ 17ന് കണ്ടുമുട്ടിയ പറ്റൂ എന്ന ഉദയകുമാറിന്റെ ആഗ്രഹം റോയ് ഏറ്റെടുത്തു. അങ്ങനെ നിർത്തിപ്പിരിഞ്ഞെടുത്തു നിന്നും വീണ്ടും കൈ കോർക്കുന്നു., വർത്തമാനം പറയുന്നു. ഒന്നിച്ചുനടന്ന വഴികളിലൂടെ വീണ്ടും മനസ്സുകൊണ്ട് നടന്നു. പിരിഞ്ഞ് ഒറ്റയ്ക്ക് നടന്ന കാലം ഓർത്തു പറഞ്ഞു. “കിനാവും കണ്ണീരും” എന്ന് റോയ്മോൻ പേരിട്ടത് അക്ഷരാർത്ഥത്തിൽ ശരിയായി. ഞങ്ങളുടെ ഡിഗ്രി ബാച്ചിലെ കൂട്ടുകാർ കൂടുതലും പ്രീഡിഗ്രിക്കും ഒന്നിച്ചുപഠിച്ചവരായിരുന്നു. 80ലേറെ പ്രീഡിഗ്രിക്കാരിൽ നിന്ന് 44പേരിൽ ചുരുങ്ങിയ ഡിഗ്രിക്കാലം.
ഞങ്ങളുടെ പ്രീഡിഗ്രി ബാച്ച് ഏറ്റവും തല്ലുകൊളളികളുടേയും അഹങ്കാരികളുടേയും ക്ലാസ്സ് യിരുന്നു. അവിടെ അച്ചൻപട്ടത്തിന് പഠിക്കുന്ന മൂന്ന് ആൺകുട്ടികൾക്കൊപ്പം ബഹളമെടുക്കാതെ ഞങ്ങള്‍ അഞ്ചോ ആറോ പെൺകുട്ടികൾ. സെന്റ് മേരീസിൽ നിന്നു വന്ന സദാചാരക്കാരും നിഷ്കളങ്കമായ ഞങ്ങള്‍ വില്ലൻമാരെ അദ്ധ്യാപകർക്കൊറ്റിക്കൊടുത്തൊരു കാലം.
മൈക്കിൾസിലെ ആദ്യ സമരദിനത്തിൽ ക്ലാസ്സിൽ നിന്നിറങ്ങാതിരുന്നതും സമരക്കാര്‍ വഴക്കു പറഞ്ഞപ്പോള്‍ പരാതിയുമായി പ്രിൻസിപ്പാളിന്റെ അടുക്കലേക്ക്. സെന്റ് മേരീസിൽ സമരവുമായി വന്ന ബോയ്സ് സ്ക്കൂളിലെ കുട്ടികളെ ചൂരലുമായി നേരിട്ട മറിയാമ്മ ടീച്ചറെ കണ്ട ഞങ്ങൾക്കുണ്ടോ അറിയുന്നു സമരം കോളേജുകുട്ടികളുടെ ജന്മാവകാശമെന്ന്. പരാതി കേട്ട ഗൗരവക്കാരനായ പ്രിൻസിപ്പാളിന്റെ ചിരി ഇന്നും ഓർമ്മയിൽ. പിന്നീട് സമരം വരാന്‍ കാരണം നോക്കിയിരുന്നു ചില സമരങ്ങളില്‍ ക്ലാസ്സുകളില്‍ കേറിയിറങ്ങിയതും ചരിത്രം. ഡിഗ്രിക്ലാസ്സിലെത്തിയപ്പോഴേക്കും വില്ലൻമാർ നല്ലവരായതോ നമ്മളും അവർക്കൊപ്പമായതോ എന്തോ അവർ പ്രിയപ്പെട്ടവരായി മാറിയിരുന്നു.
വിവിധ പാർട്ടികളിലെ സ്ഥാനാർത്ഥികളെല്ലാം ഒരേ ക്ലാസ്സില്‍. അതാണ് ബിഎ ക്ലാസ്സിലെ രസം. ക്ലാസ്സിൽ കയറാതെയുളള ഇലക്ഷൻ പ്രചരണം, ഉപന്ന്യാസവും കഥയും എഴുതാനെന്ന പേരിലുള്ള ക്ലാസ്സ് കട്ടുചെയ്യലുകൾ, വാശിയേറിയ ഡിബേറ്റുകൾ, ആഘോഷമായ എൻ എസ്സ് എസ്സ് ക്യാമ്പുകൾ…..
ആഘോഷത്തിന്റെ, സൗഹൃദത്തിന്റെ പൂക്കാലം. ജോർജ്ജ് തോമസ് സാർ, സെൻപിളള സാർ, തലവൻ ഏസി ജോസഫ് സാർ, പ്രിയപ്പെട്ട പോൾപ്രസാദ് സാർ……., മറക്കാനാവാത്ത അദ്ധ്യാപകർ.
ഭൂമി കറങ്ങുന്നതും പ്രപഞ്ചം മുഴുവനുംതങ്ങൾക്കായാണ് ചലിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന., കേൾക്കുന്ന ഓരോ പാട്ടും തനിക്കാണെന്ന് കരുതിയിരുന്ന ഒരു പെൺകൗമാരക്കാലം! ദാ ഒക്കെ ഒരു നിമിഷം കൊണ്ടു മറഞ്ഞ് തടിച്ചും മെലിഞ്ഞും നരച്ചും ഡൈയിൽ കുളിച്ചും തളർന്നും ചരിഞ്ഞുമൊക്കെ…..
പക്ഷേ നിമിഷങ്ങൾക്കകം ഊർജ്ജസ്വലരായി….
കുട്ടനാടൻ കായലിലൂടെ ഒരു ബോട്ടുസവാരി. ഒരു പരിധിവരെ ആദ്യസംഗമം കോളേജിലാകാതിരുന്നത് നന്നായി. ഒന്നിച്ചു നടന്ന, കിനാവു പൂത്ത, മോഹങ്ങൾ കുഴിച്ചിട്ടിടം തേടി നടക്കുമ്പോള്‍ പരസ്പരം ഇത്രയേറെ കേൾക്കാനാവുമോ? ഈ യാത്രയിൽ കായലിന്റെ ഭംഗിയോ കാറ്റിന്റെ താളമോ ഒന്നുമറിയാതെ ഞങ്ങള്‍ പഴയ പതിനെട്ടുകാരായി. പാട്ടോ പരിപാടികളോടെ ഒന്നുമില്ലായിരുന്നു. മാറിയിരിക്കലോ ചെറുഗ്രൂപ്പുകളോ ഒന്നുമില്ലാതെ ഒന്നിച്ചിരുന്ന് നിറയെ നിറയെ വർത്തമാനം പറഞ്ഞു. സമയം പറക്കുകയായിരുന്നു.
ബോട്ടിലേക്ക് കയറുന്ന ഓരോ ആളിനും ചുവന്ന പനിനീര്‍ പൂവും ചോക്ലേറ്റ് മധുരവുമായി ഉദയനും റോയിയും.
“ഈ പൂവിപ്പോഴാണോ തരുന്നത്? അന്നല്ലേ തരേണ്ടിയിരുന്നത്?” എന്ന ഒരു കൂട്ടുകാരിയുടെ കുസൃതി ചോദ്യം എല്ലാവരേയും ചിരിപ്പിച്ചു. ഇങ്ങനെ നിഷ്ക്കപടതയോടെ പെരുമാറാന്‍ നമ്മുടെ കൗമാരസൗഹൃദങ്ങൾക്കല്ലേ പറ്റൂ!
അദ്ധ്യാപകർ, കോഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ്, കെഎസ്എഫ്ഇ, ട്രാൻസ്പോർട്ട്, സെയില്‍ ടാക്സ്, ഏജീസ് ഓഫീസ് തുടങ്ങിയവയില്‍ ഉന്നതരായ റിട്ടയർ ചെയ്തവർ മുതൽ സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറി (ലോ) യും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായിരുന്നവർ വരെ. മുഖ്യമന്ത്രിമാരുടെ പിഏആയിരുന്നയാളും,ഇപ്പോള്‍ മന്ത്രിയുടെ പിഏആയ ആളും വരെ എല്ലാവരും മിടുക്കർ. പിന്നെ ഏതു കുലയിലും ഒന്നോ രണ്ടോ വെടല കാണും എന്നപോലെ എന്നെ പോലെ ഒന്നോ രണ്ടോപേർ മാത്രം!
ഒരിക്കലും കാണാനാകാതെ പിരിഞ്ഞുപോയ നാലു കൂട്ടുകാർ. കാണാതായ ഒരാളും. കാണാതായ പ്രകാശൻ ഞങ്ങള്‍ പെൺകുട്ടികളുടെ പ്രിയങ്കരനായിരുന്നു. പ്രീഡിഗ്രി വില്ലന്മാർക്കിടയിലെ ശാന്തൻ. വൃത്തിയായി വസ്ത്രം ധരിച്ച് മുടിയൊക്കെ ചീകി വരുന്നവൻ. നന്നായി പഠിക്കുന്ന, സുമുഖനായ കുട്ടി. പ്രീഡിഗ്രിയ്ക്ക് ഉയർന്ന മാർക്കു നേടിയവൻ. പക്ഷേ ഡിഗ്രിക്കു ശേഷം ഒന്നുമെത്താതെ പോയവൻ. വർഷങ്ങളായി കാണാനില്ലെന്ന അമ്മ മരിച്ചിട്ടുപോലും അറിയിക്കാനായില്ലെന്നും സഹോദരങ്ങളില്‍ നിന്നു കിട്ടിയ വിവരം. വിധിയും തലേലെഴുത്തുമൊക്കെ വിശ്വസിച്ചുപോയ ഒരു നിമിഷം. വിചാരിക്കാത്ത ചിലരെങ്കിലും എത്രയോ ഉന്നതിയിലെത്തിയപ്പോൾ…………?
ശാരീരികാവശതകൾ കാരണം യാത്ര കുറച്ചിരുന്ന ഞാന്‍ ഇതിൽ പങ്കെടുക്കാതിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടമായേനെ. ഉപാധികളില്ലാതെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കൈകോർത്തുപിടിക്കാനും ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാർ. മനം നിറയുന്ന സന്തോഷനിമിഷങ്ങൾ!

ഉഷ.എസ്