ഗോപുരപ്രാവുകൾ (കവിത -ഉഷാദേവി.പി )

sponsored advertisements

sponsored advertisements

sponsored advertisements


4 May 2022

ഗോപുരപ്രാവുകൾ (കവിത -ഉഷാദേവി.പി )

നിശബ്ദമായ
നിമിഷങ്ങൾ ചിന്തയാൽ മുഖരിതമാണ്…
നമ്മളന്യോന്യം നിറഞ്ഞ നിമിഷങ്ങൾ….
ഗോപുരത്തിലെ പ്രാവുകൾ കുറുകവേ
കടൽക്കാറ്റ് വീശുന്ന വൈകുന്നേരം
മണൽവിരിച്ചൊരമ്പല മുറ്റത്ത്‌
തൂണുകളുടെ നിഴൽത്തണുപ്പിൽ
ചാരിയിരുന്നു വിയർപ്പാറ്റുന്നവർ…..
അഴിച്ചിട്ട പാദരക്ഷകൾ നോക്കി
നടക്കാനുള്ള ദൂരത്തെ അളന്നുവോ…..
നീട്ടിവെച്ച നീരുള്ള പാദങ്ങൾ
കാൺകെ പിന്നിട്ട വഴികളോർത്ത്
ആശ്വാസം കൊണ്ടുവോ…
വിരിഞ്ഞ ചുമലിൽ ചാരി കണ്ണടക്കുമ്പോൾ
നെറ്റിയിലെ നിശ്വാസചൂടിന്
നിലാവിന്റെ കുളിർമ്മ…
മടിയിൽ തലചായ്ക്കുമ്പോൾ തലോടും
വിരലുകളിൽ കിനാവിലെ പൂക്കൾ…
അധരങ്ങളിൽ ഉപ്പിനും മധുരം
വിയർപ്പിനും സുഗന്ധം
പൊടിക്കാറ്റിനു തീഷ്ണയൗവ്വനം
ഇന്ദ്രിയങ്ങളിൽ സജീവസ്പർശനം
ഏതോ രണ്ട് ആത്മാവുകൾ
എങ്ങോട്ടോ യാത്ര ചെയ്യുന്നു..
ചിറകില്ലാതെ പറന്നും
ചിരിയോടെ നടന്നും അവർ പോകുമ്പോൾ
കാലം നോക്കി നിൽക്കുന്നു..
ഋതുക്കൾ കൂടെ നടക്കുന്നു..
അവരുടെ കാലുകളിൽ
നേരിന്റെ മുറിപ്പാടുകൾ
കണ്ണുകളിൽ കനവിന്റെ കനലാട്ടങ്ങൾ
കൈകളിൽ കനിവിന്റെ തൂവലുകൾ
നോവിന്റെ ഭാണ്ഡക്കെട്ടുകൾ
ചിരിയോടെ വലിച്ചെറിഞ്ഞു
പ്രകൃതിയുടെ കൂടാരത്തിലേക്ക്
മിഴിവോടെ പറക്കുന്ന
രണ്ട് ആത്മാവുകൾ…..

ഉഷാദേവി.പി