തൃക്കാക്കര തോറ്റാലും ജയിച്ചാലും വി.ഡി.സതീശനാകും താരം

sponsored advertisements

sponsored advertisements

sponsored advertisements

1 June 2022

തൃക്കാക്കര തോറ്റാലും ജയിച്ചാലും വി.ഡി.സതീശനാകും താരം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം, കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു . തോറ്റാലും ജയിച്ചാലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ബാധിക്കുക കോൺഗ്രസിനെ ആയിരിക്കും .ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പിൽ, സിറ്റിംഗ് സീറ്റ് നിലനിർത്താനായാൽ, അത്. കോൺഗ്രസ്സിൽ, വി.ഡി സതീശൻ യുഗത്തിന് തുടക്കം കുറിക്കും.കേരളത്തിലെ കോൺഗ്രസ്സിലെ ഏറ്റവും ശക്തനായ നേതാവായി മാറാൻ , ഇത്തരമൊരു വിജയം, തീർച്ചയായും സതീശന് ഏറെ സഹായകരമാകും. ലോകസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും, യു.ഡി.എഫിനെ സംബന്ധിച്ച് തൃക്കാക്കര വിജയം അനിവാര്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, 20 ലോകസഭ സീറ്റുകളിൽ 19ലും യു.ഡി.എഫാണ് വിജയിച്ചിരിക്കുന്നത്.തൃക്കാക്കര പിടിച്ചാല്‍, ഈ കണക്കുകള്‍ തന്നെ ‘തിരിച്ചാവാനുള്ള’ സാധ്യതയാണ് തെളിയുക. ഇതു മനസ്സിലാക്കി തന്നെയാണ്, യു.ഡി.എഫിന്റെ എല്ലാ സിറ്റിംഗ് എം.പിമാരും തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചിരുന്നത്.തൃക്കാക്കര യു.ഡി.എഫ് നിലനിര്‍ത്തിയാല്‍, എം.പിമാരില്‍ നല്ലൊരു വിഭാഗവും, വി.ഡി സതീശനു പിന്നില്‍ അണിനിരക്കാനാണ് സാധ്യത.

മുഖ്യമന്ത്രിയും സകല മന്ത്രിമാരും തമ്പടിച്ച് പ്രചരണം നടത്തിയിട്ടും, യു.ഡി.എഫിന് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് മുന്നണിയില്‍ ഉണ്ടാക്കുന്ന ‘എഫക്ടും’ വളരെ വലുതായിരിക്കും. സതീശനു ഉറച്ച പിന്തുണ നല്‍കാന്‍, മുസ്ലീം ലീഗുള്‍പ്പെടെ അതോടെ തയ്യാറാകും. മണ്ഡലം കൈവിട്ട് പോകുകയാണെങ്കില്‍, സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറണമെന്ന് ലീഗ് ആവശ്യപ്പെട്ടാലും, അത്ഭുതപ്പെടേണ്ടതില്ല. ഉറച്ച കോട്ടയായ തൃക്കാക്കര കൈവിട്ടാല്‍, ഘടക കക്ഷികളെ മാത്രമല്ല, സ്വന്തം അനുനായികളെ പിടിച്ചു നിര്‍ത്താന്‍ പോലും കോണ്‍ഗ്രസ്സിനു കഴിയുകയില്ല. രാഷ്ട്രീയ കേരളത്തിന്റെ മുന്നണി സമവാക്യം തന്നെയാണ്, അതോടെ മാറി മറയുക.സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വഴിതിരിവായും, ഈ തിരഞ്ഞെടുപ്പ് ഫലം മാറും. ഉമ തോമസ് വിജയിച്ചാല്‍, അതിന്റെ പൂര്‍ണ്ണമായ ക്രഡിറ്റ് സതീശനു തന്നെ അവകാശപ്പെട്ടതായിരിക്കും. സകല കോണ്‍ഗ്രസ്സ് നേതാക്കളും മണ്ഡലത്തില്‍ തമ്പടിച്ചിരുന്നെങ്കിലും, പ്രചരണം നയിച്ചത് സതീശന്‍ തന്നെയാണ്.

ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ്, 2001-ൽ, കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തുടർന്ന് നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പിലും, സാമുദായിക ശക്തികളുടെ ‘അജണ്ട’കളെ തകർത്താണ്, വൻ ഭൂരിപക്ഷം നേടി അദ്ദേഹം വിജയക്കൊടി പാറിച്ചിരുന്നത്. ഒടുവിൽ, പ്രതിപക്ഷ നേതാവ് എന്ന പദവിയും സതീശനെ തേടിയെത്തുകയുണ്ടായി.കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ, ഏറ്റവും ശക്തമായ പ്രവർത്തനം കാഴ്ചവച്ചതും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്നെയാണ്. ട്വൻ്റി ട്വൻ്റി… സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്, യു.ഡി.എഫിന് നേട്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സ് നേതാക്കളുടെ ഏക ആശങ്ക, ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യമാണ്. ബി.ജെ.പി വോട്ട് കൂടുതൽ പിടിച്ചാൽ, അതാകും വലിയ വെല്ലുവിളി എന്നാണ്, നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രചരണ രംഗത്ത് മൂന്നു മുന്നണികളും ശക്തമായ പ്രവർത്തനം കാഴ്ചവച്ചെങ്കിലും, അവസാന ഘട്ടത്തിലെ അടിഒഴുക്കുകൾ, ആശങ്കപ്പെടുത്തുന്നതു തന്നെയാണ്.ഒരു ദിവസം കൂടി കഴിയുമ്പോൾ അറിയാം ഈ അടിയൊഴുക്കുകൾ കേരളം രാഷ്ട്രീയത്തിൽ ഉണ്ടാക്കുവാൻ പോകുന്ന മാറ്റങ്ങൾ.