മിനി ഗോപിനാഥ്
നന്നായി വസ്ത്രധാരണം ചെയ്ത സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ കഥ പറയുകയാണ്
“ആരും കൊതിയ്ക്കും ബിരുദക്കാരൻ
പാരം കൊഴുത്ത ചെറുപ്പക്കാരൻ
ധീരൻ സുമുഖൻ പ്രഭുകുമാരൻ
ആരെയും കൂസാത്ത ഭാവക്കാരൻ ….”
മഹാനായ ആ കഥാപ്രസംഗകാരൻ പ്രൊഫ വി സാംബശിവന്റെ നവതി അതിവിപുലമായി മലയാളക്കര ആഘോഷിയ്ക്കുകയാണ്..കഥാപ്രസംഗ രംഗത്തു അദ്ദേഹം ഉപേക്ഷിച്ചു പോയ സിംഹാസനം അദ്ദേഹത്തിന് മാത്രമുള്ളതാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആ കലാകാരൻ. തിരുവനന്തപുരത്തും കൊല്ലത്തുമായി വി സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നു കഥാപ്രസംഗ മേളകളിലും ജനങ്ങൾ കാണിച്ച ആവേശവുംആഹ്ലാദവും…. അത് മാത്രം മതി ചിരഞ്ജീവിയാണദ്ദേഹം, എന്ന് രണ്ടാമതൊന്ന് iആലോചിയ്ക്കാതെ പറയാൻ ബഹുമുഖ പ്രതിഭയായിരുന്ന ആ മനുഷ്യ സ്‌നേഹി എഴുതിയ “ദിവ്യതീർത്ഥം”എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഈ വേളയെ ധന്യമാക്കുന്നു
“കലാശാല വിദ്യാഭാസം ചെയ്യാൻ എനിക്ക് കലശലായ മോഹം.ഞാനൊരു കഥാപ്രസംഗം ചെയ്യാം പകരം നിങ്ങൾ എനിക്ക് പഠി യ്ക്കാൻ പണം തരാൻ ദയവുണ്ടാകണം.” ഇങ്ങനെ ഒരാമുഖത്തോടെയാണ് സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗകലയെ ഉപാസിച്ചു തുടങ്ങിയത്.സാമ്പത്തിക ബാദ്ധ്യതയുള്ള കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാംബൻ കഥപറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങിയതോടെ കൊല്ലം എസ് എൻ കോളേജിൽ ചേർന്നു.കലാലയത്തിൽ ഈ കലാകാരൻരാഷ്ട്രീയത്തിലും സജീവമായി.അക്കാലത്തു രൂപീകൃത്യമായ സ്റ്റുഡന്റസ് ഫെഡറേഷന്റെ(എസ് .എഫ്) ആദ്യത്തെ പ്രസിഡന്റുമായി.
കഥാപ്രസംഗം ജീവവായുവായി അദ്ദേഹത്തിൽ അലിഞ്ഞുതുടങ്ങിയിരുന്നു.കഥ പറയാത്ത തന്റെ ജീവിതം കഥയില്ലാതായിപ്പോകുമെന്ന് തിരിച്ചറിഞ്ഞ്,കഠിനാദ്ധ്വാനം ചെയ്തു തുടങ്ങി. ശ്രീ കെ.കെ വാദ്ധ്യാരും ശ്രീ ജോസഫ് കൈമാപ്പറമ്പനും ആയിരുന്നു കലാമേഖലയിലെ മാർഗദർശികൾ.
1949 ലെ ഓണക്കാലത്ത് ചതയ ദിനത്തിൽ പെട്രോമാക്സ് വെളിച്ചത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ “ദേവത”അവതരിപ്പിച്ചു.
ഈ കഥയുടെ ഉത്ഘാടനം നിർവ്വഹിച്ച ,ഒ.നാണു ഉപാദ്ധ്യായൻ സംസ്കൃതപണ്ഡിതനും അദ്ധ്യാപകനും കമ്മ്യൂണിസ്റ് ചിന്താഗതിക്കാരനും സ്നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ
“ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ കഥ അവതരിപ്പിയ്ക്കണം” എന്ന ഉപദേശം സാംബൻ ശിരസ്സാവഹിച്ചൂ.
ആശാൻ ,ഉള്ളൂർ ,വള്ളത്തോൾ ,മലയാറ്റൂർ ,തിരുനെല്ലൂർ കരുണാകരൻ വയലാർ ചങ്ങമ്പുഴ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാപ്രസംഗ ശില്പങ്ങൾ മെനഞ്ഞെടുത്തു.ഇതിലെ ഗാനവും സംഗീതവും എല്ലാം സ്വയം ചിട്ടപ്പെടുത്തി .പുള്ളിമാൻ,ശ്രീനാരായണ ഗുരുദേവൻ ,പ്രേമശില്പി,,ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയ സദസ്സുകളെ കീഴ്‌പ്പെടുത്തി.ഇടയ്‌ക്ക് മനസ്സിനിണങ്ങുന്ന കഥ ലഭിയ്ക്കാതെ വന്നപ്പോൾ “പട്ടുനൂലും വാഴനാരും”
സ്വയം എഴുതി അവതരിപ്പിച്ചു.
1963 മുതൽ ടോൾസ്റ്റോയ്, ഷേക്സ്പിയർ,ഇബ്‌സൻ തുടങ്ങിയവരുടെ വിശ്വസാഹിത്യ കൃതികൾ കഥാ പ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു തുടങ്ങി.അന്നാക്കരീനിന,,കുറ്റവും ശിക്ഷയും ,ഒഥല്ലോ തുടങ്ങിയവയെല്ലാം ഗ്രാമ ഗ്രാമാന്തരങ്ങളിലെ നിരക്ഷകരും ആസ്വദിച്ചു .കഥകളും ഉപകഥകളുമായി സാംബശിവൻ ജൈത്രയാനം തുടർന്നു …
അധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ ശബ്ദിയ്ക്കുന്ന നാവായി ,സമകാലീന പ്രശ്നങ്ങൾ സമന്വയിപ്പിച്ച് കഥ പറയുന്ന മനുഷ്യ സ്നേഹിയുടെ ശൈലി ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു .കാലാനുസൃതമായ സംഗീതോപകരണങ്ങളും വേഷ വിധാനവും അർപ്പണ മനോഭാവവും എല്ലാം ചേർന്ന് കഥാപ്രസംഗ കല നവ ചൈതന്യം കൈവരിച്ചു തുടങ്ങി .
കഥാനായകനായ സാംബശിവൻ ജീവിത സഖിയായി തെരഞ്ഞെടുത്ത സുഭദ്ര ,തന്റെ അഭ്യുദയ കാംക്ഷിയായ ഓ .നാണുഉപാദ്ധ്യയുടെ മകൾ ആയിരുന്നു. ഇന്നും നാണം വിട്ടുമാറാത്ത കൗമാരക്കാരിയെ പ്പോലെ ഭാവതീവ്രതയ്ക്ക് അൽപ്പം പോലും മങ്ങലേൽക്കാതെ മധുരിയ്ക്കുന്ന ഓർമ്മകളും ജീവിതാനുഭങ്ങളും പങ്കുവച്ചുതുടങ്ങിയപ്പോൾ ചിരിച്ചുകൊണ്ട്
“സ്വന്തമായിത്തിരി മണ്ണ് വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ
കൊണ്ട് പോകില്ലയോ
താലിയും മാലയും കെട്ടി “ എന്ന വരികൾ വർഷങ്ങൾക്കപ്പുറം കഥാപ്രസംഗം കേൾക്കാനായി സദസ്സിലിരുന്ന തന്നെ മാത്രം ഉദ്വേശിച്ചു പാടിയതാണെന്ന വിശ്വാസം പിന്നീടുള്ള ജീവിത കഥയിലൂടെ സത്യമായി തീർന്നു .
“കറയറ്റൊരാലസൽ ഗ്രാമ ഭംഗിയ്‌ക്ക്.. “പര്യായമെന്നപോലെ വിളങ്ങുന്ന കൊല്ലം ചവറ തെക്കും ഭാഗത്തു അയല്പക്കക്കാരായിരുന്നു സാംബശിവനും സുഭദ്രയും. തനിയ്ക്ക് സഹോദരങ്ങളായി ഒരു ചേട്ടനും രണ്ടനുജന്മാരും ..ഒരു ദിവസം സ്കൂൾ വിട്ട് അനുജന്മാരുമായി ഒന്നിച്ചു വരുമ്പോൾ ഊട്ടു പുരയിൽ സാംബശിവ ശാസ്ത്രികൾ കഥ പറയുന്നു എന്ന് എഴുതിവച്ചിരിയ്ക്കുന്നത് കണ്ടു”.ദേവത” എന്ന ആ കഥാപ്രസംഗം കേൾക്കാൻ പോയെങ്കിലും അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി.
അച്ഛനെ കാണാനായി മിയ്ക്കവാറും അദ്ദേഹം വീട്ടിൽ വരാറുണ്ടായിരുന്നു.പത്താം ക്ലാസ് ജയിച്ചപ്പോൾ നല്ല കല്യാണാലോചനകൾ വന്നു തുടങ്ങി.ഇത് മനസ്സിലാക്കിയതും വീട്ടിൽ വന്നു അച്ഛനോട് പെണ്ണ് ചോദിച്ചു.സത്സ്വഭാവിയും കഠിനാദ്ധ്വാനിയും സുന്ദരനും സുമുഖനുമായ ആ യുവാവിന്റെ കൈകളിൽ മകളുടെ ഭാവി സുരക്ഷിതമായിരിയ്ക്കുമെന്ന ദീർഘ വീക്ഷണത്തോടെ വിവാഹം ഉറപ്പിച്ചു.
1957 ഫെബ്രുവരി 10 ന് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ വച്ച് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ ബ്രഹ്മശ്രീ ഷണ്മുഖ ദാസ് സ്വാമിയുടെ കാർമികത്വത്തിൽ വിവാഹം നടന്നു.
വളർന്നു വന്ന ചുറ്റുപാടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിലേക്കാണ്, അദ്ദേഹത്തിന്റെ അമ്മ നൽകിയ വിളക്കുമായി കുടുബജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്..ആ സമയത്ത് തന്നെ ഭാഗ്യ ദേവതയുടെ കടാക്ഷമെന്നപോലെ രണ്ട് പേർ എത്തുകയും കഥാപ്രസംഗം ബുക്ക് ചെയ്യുകയും ചെയ്തു .അക്കാലത്തെ ഏറ്റവും വലിയ തുകയായ 100 രൂപ ആദ്യമായി അഡ്വാൻസായി ലഭിയ്ക്കുകയും ചെയ്തു .
ആദ്യരാത്രിയിൽ,കേവലം പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള താൻ സഹോദരിമാർക്കൊപ്പം കിടന്നുറങ്ങി .രാവിലെ ശബ്ദം കേട്ടുണരുമ്പോൾ രണ്ട് വേദികളികളിൽ കഥപറഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ വാതിൽ പഴുതിലൂടെ കണ്ടു.നെറ്റിയിലേക്ക് ഉതിർന്നു വീണ ചുരുൾ മൂടിയാൽ പതിന്മടങ്ങു സൗന്ദര്യത്തോടെ ആ മുഖം കണ്ടതും ലജ്ജയോടെ കോരിത്തരിച്ചുപോയി .തന്നെ വളരെ വാത്സല്യത്തോടെ അരികിലേയ്ക്ക് വിളിച്ചു മർഫി റേഡിയോ സമ്മാനിച്ചു .സിങ്കപ്പൂരിൽ ,ഏതാനും മാസങ്ങൾ കഥാപ്രസംഗ പരിപാടികൾക്ക് പോയപ്പോൾ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ അതുമായി ഇഴുകിച്ചേരാൻ സാധിച്ചു. തിരിച്ചു വന്ന് ഗുഹാനന്ദപുരം സ്കൂളിൽ അദ്ധ്യാപകാനായി. അതോടൊപ്പം കഥാപ്രസംഗവും നടത്തി .ഇതിലൂടെ സഹോദരങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്‌ത് തുടങ്ങി .
വസന്തകുമാർ തന്റെ പതിനാറാമത്തെ വയസ്സിലാണ് ജനിച്ചത് .പ്രശാന്തനും ജീസസും ജിനരാജും മാതൃത്വത്തിന്റെ ഉത്തരവാദിത്തം കൂട്ടി.മക്കളുടെ നല്ല ഭാവിയ്ക്ക് വേണ്ടി തങ്കശ്ശേരിയിൽ വീട് വാടകയ്‌ക്കെടുത്തു.തുടര്ന്ന് കൊല്ലത്തു കളക്ടറേറ്റിന് സമീപം അമ്മച്ചി വീട് ക്ഷേത്രത്തിന് സമീപം വീട് പണിത് താമസമുറപ്പിച്ചു .ഇരുപതിനാലാമത്തെ വിവാഹ വാർഷിക ദിനത്തിൽ ഇളയ മകന് പതിനാറ് വയസ്സുള്ളപ്പോൾ ഏക മകൾ ഐശ്വര്യ പിറന്നു.
കുടുംബം സാറിന് ജീവനായിരുന്നു.എങ്കിലും കഥാ രചനയിൽ മുഴുകുന്ന നേരത്ത് തന്നെ അവഗണിയ്ക്കുന്നുവോ എന്ന തോന്നൽ വല്ലാതെ അലട്ടി.വീട്ടിലിരുന്ന് കഥകളാവിഷ്കരിച്ചു ഹൃദ്യസ്ഥമാക്കുന്നതിനിടയിൽ സ്വയം മറന്ന് കഥാനായികമാരുടെ പേര് ചൊല്ലി തന്നെ വിളിച്ചതോടെ തെറ്റിദ്ധാരണ മാറി “.പല്ലാങ്കുഴി “എന്ന സിനിമയിൽ നായകനായി.അതിഷ്ടമല്ലാത്തതിനാൽ ശക്തമായി എതിർത്തു “.കുമാരനാശാനായി “ഡോക്യൂമെന്ററിയിൽ വേഷമിട്ടത് സന്തോഷവതിയാക്കി . .അർത്ഥം ,ദിവ്യതീർത്ഥം എന്നീ നോവലുകളും കഥാപ്രസംഗ കലാവിദ്യ,കഥാവേദിയുടെ കാൽച്ചിലമ്പൊലി ഒരു പഠനം ,”കഥാ പ്രസംഗം അമേരിക്കയിൽ” എന്ന യാത്രാ വിവരണം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട് .കരുനാഗപ്പള്ളി മണ്ഡലത്തിൽ സി പി എം നിറുത്തിയ സ്വതന്ത്ര സ്ഥാനാര്ഥിയായിസംബശിവൻ,ശ്രീ ബേബി ജോണിന് ശക്തനായ എതിരാളിയെ സൃഷ്ടിച്ചു .
ബംഗാളി സാഹിത്യകാരനായ ബിമൽ മിത്രയുടെ “കരി ദിയെ കിൻ ലാം “എന്ന നോവൽ എം എൻ സത്യാർത്തി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു.കഥാപ്രസംഗത്തിന്റെ സിൽവർജൂബിലിയ്ക്ക് കഥ അന്വേഷിയ്ക്കുന്ന സമയത്തു ഈ കഥ സാറിന്റെ ശ്രദ്ധയിൽ പെടുത്തി .അതവതരിപ്പിച്ചതിലൂടെ രണ്ട് പേരുടെയും കാഴ്ചപ്പാടുകൾ ഒന്നാണെന്ന തിരിച്ചറിവ് പൂർവാധികം സന്തുഷ്ടയാക്കി.രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുൾപ്പെടെ ബൃഹത്തായ സൗഹൃദവലയത്തിന് ഉടമയായിരുന്നു .കെ പി എ സി യി ലും പ്രവർത്തിച്ചിരുന്നു.
ആദ്യ കമ്മ്യൂണിസ്റ് മന്ത്രി സഭയിൽ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി”ഞങ്ങൾ ഒളിവിൽ പ്രവർത്തിയ്ക്കുമ്പോൾസാംബൻ അരങ്ങിൽ ധീര ധീരം പോരാടണം “എന്നാഹ്വാനം ചെയ്തു .വിപ്ലവകാരികൾക്ക് ആവേശം പകരുകയും കൂവാൻ തയ്യാറായി നിന്നിരുന്ന എതിർപാർട്ടിക്കാരെ ആക്ഷേപഹാസ്യത്താൽ പോട്ടിച്ചിരിപ്പിയ്ക്കുകയും ചെയ്തു .
ജീവിതത്തെ പിടിച്ചുലച്ച സംഭവമായിരുന്നു അദ്ദേഹത്തിന്റെ ജയിൽ വാസം.. ചികിത്സാർത്ഥം തന്നെ, തിരുവനന്തപുരത്തു കൊണ്ടു പോയ അവസരത്തിൽ, .അടിയന്തരാവസ്ഥാ സർക്കാരിനെതിരെ “ഇരുപതാം നൂറ്റാണ്ട് “ പറഞ്ഞുവെന്ന കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ് നടന്നത്.വസന്തനും ഒപ്പമുണ്ടായിരുന്നു.പൂജപ്പുര സെൻട്രൽ ജയിലിൽ പത്തു മാസം കഴിയേണ്ടി വന്നെങ്കിലും അഴിക്കുള്ളിലും മനസ്സിന്റെ വാതായനങ്ങൾ തുറന്ന് ”റെയിൻ ബോ” സൃഷ്ടിച്ചു .ജയിൽ മോചിതനായപ്പോൾനിറഞ്ഞ സദസ്സുകളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു . പേൾ എസ് ബർക്കിന്റെ, ഗുഡ് എർത്ത് വായിച്ചു അതിന്റെ ആസ്വാദനം, അന്ന് പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന വസന്തൻ ജയിൽ സന്ദർശന വേളയിൽ അച്ഛന് നൽകി.ഇത് “നല്ല ഭൂമി “യായി ജന മനസ്സുകൾ ഏറ്റ് വാങ്ങി.
മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം സാംബൻ കഥ പറയുകയും ജനങ്ങൾ ആവേശ ഭരിതരാകുകയുംചെയ്തു.ഉത്സാഹത്തോടെ വേദികളിൽ നിന്നും വേദികളിലേക്ക് പരിപാടികൾ അവതരിപ്പിയ്ക്കുന്നതിനിടയിൽ ബോംബയിൽ ഒരു വേദിയിൽ വച്ച് കടുത്ത ചുമ തുടങ്ങി .നാട്ടിലെത്തി ന്യൂമോണിയയ്ക്ക് ചികിൽസിച്ചെങ്കിലും യാതോരു മാറ്റവും ഉണ്ടായില്ല ചുമയ്ക്കുമ്പോൾ ചോര വന്നു തുടങ്ങിയതോടെ ആകെ പരിഭ്രമമായി .ആർ സി സി യിൽ വച്ചു ശ്വാസകോശാര്ബുദമാണെന്നു സ്ഥിതീകരിച്ചു .സര്ജറിയ്ക്ക് സമ്മതിച്ചില്ല.കീമോ ചെയ്തു തുടങ്ങി .അധികം സംസാരിയ്ക്കരുതെന്ന ഡോക്ടറുടെ നിർദ്ദേശം പാലിയ്ക്കാൻ സാംബശിവനിലെ കലാകാരന് കഴിഞ്ഞില്ല .
ശ്വാസത്തെക്കാൾ സ്നേഹിക്കുന്ന കഥാപ്രസംഗവും വേദികളും ആസ്വാദകരായ ജനസഹസ്രങ്ങളും ഇല്ലാതെ മരിച്ചു ജീവിയ്ക്കാൻ തനിയ്ക്കാവില്ലെന്ന് തീർത്തു പറഞ്ഞപ്പോൾ മറുവാക്ക് പറയാൻ അശക്തയായി കണ്ണീരോടെ നിന്നുപോയി .രണ്ട് മാസം കടന്ന് പോയി .”സ്ത്രീ” എഴുതി പാതിവഴിയിൽ എത്തിയിരുന്നു രോഗത്തിന്റെ മൂര്ധന്യാവസ്ഥയിൽ .”ആറ്റിങ്ങൽ പാങ്കുളം മാടൻ നടയിൽ “ഏഴു നിമിഷങ്ങൾ” പറഞ്ഞുതീത്ത് “.ഇനി മുതൽ വസന്തൻ കഥ പറയും. ഞാൻ വേദിയിൽ നിന്നും വിടവാങ്ങുകയാണ്” എന്നുപറഞ്ഞതും പെരുമഴയത്തും കഥകേട്ടിരിന്നിട്ടുള്ളവർ കണ്ണീർ മഴയിൽ കുതിർന്ന് പിരിഞ്ഞു പോയി .തലച്ചോറിനെയും അർബുദം കാർന്ന് തിന്നു തുടങ്ങി.ഒരു ദിവസം രാത്രി എഴുന്നേൽക്കുന്നതിനിടിയിൽ ബോധം കെട്ട് വീണു.ആശുപത്രിയിൽ ഇരുപത്തിമൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞു .1996 ഏപ്രിൽ 23 ന് അറുപത്തിയെട്ടാമത്തെവയസ്സിൽ എല്ലാ സിദ്ധികളും ഒത്തുചേർന്ന പ്രൊഫ വി സാംബശിവൻ തന്റെ ശാരീരം മലയാളത്തിന് ഉപഹാരമായി സമർപ്പിച്ചു യാത്രയായി.
“ മാറ്റമില്ലാത്ത മധുരിമയെങ്കിലും
നീറ്റും മുറിവാണ് പ്രേമം ….പ്രേമം
ഭ്രാന്താണ് പ്രേമം
സ്വബോധം കെടാതുള്ള ഭ്രാന്താണ് സ്നേഹിതാ പ്രേമം “
റോമിയോ ആൻഡ് ജൂലിയറ്റിലെ ഈ വരികൾ എന്നുമെന്നും തനിയ്ക്കു വേണ്ടിയുള്ളതാണ് .എന്നെ വിട്ടുപോകാതെ അദ്ദേഹം ഇന്നും ഇവിടിരുന്ന് കഥകളെഴുതുന്നുണ്ട്.യാതൊരു മാറ്റവുമില്ലാതെ കാത്തുസൂക്ഷിച്ചിരിയ്ക്കുന്ന ഓഫീസ് മുറിയും ചുവരാകെ നിറഞ്ഞിരിയ്ക്കുന്ന ഫോട്ടോകളും വീട്ടു മുറ്റത്തെ അർദ്ധകായ പ്രതിമയും ആ വാക്കുകൾക്ക് അർത്ഥം പകർന്നു ..
കൊല്ലം എസ് എൻ കോളേജ് പ്രൊഫ്‌ഫസ്സറായിരുന്ന മൂത്തമകൻ വസന്ത കുമാറാണ് സാംബശിവന്റെ കഥാപ്രസംഗത്തിന് പിൻഗാമിയായത്. ഭാര്യ ലീന ,മക്കൾ സമ്പത്ത്,ജീവൻ. രണ്ടാമത്തെ മകൻ പ്രശാന്ത് കുമാർ . ഫിഷറീസ് ഡിപ്പാർട്മെന്റിലും ഭാര്യ രജനി റിട്ട :രജിസ്ട്രാറും ആണ് . മക്കൾ തേജസ്സ്, വൈദേഹി. മൂന്നാമത്തെ മകനായ
ജീസസ് കുമാർ ബിസിനസ് നടത്തുന്നു .ഭാര്യ ജാസ്മിൻ മകൻ നിസ്തുൽ.ഇളയ മകൻ ജിനരാജുംഭാര്യ രേണുകയും ഡോക്ടർമാരാണ് മകൻ ആരോമൽ ശ്രെയസ്സ് .സാംബശിവന്റെ നവതിയിൽ നടന്ന മംഗള കർമ്മമായിരുന്നു ആരോമലിന്റെ വിവാഹം
ഐശ്വര്യ പത്താം ക്ലാസ് ഫലം കാത്തിരിയ്ക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം.95%മാർക്കോടെ വിജയിച്ചു. ബി എസ് സി യ്‌ക്ക് ഒന്നാം റാങ്കും എം എസ്സി യ്‌ക്ക് രണ്ടാം റാങ്കും നേടി .അച്ഛനിട്ട പേരിനെ അന്വർതമാക്കിക്കൊണ്ട് യുവശാസ്ത്രജ്ഞയായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ജോലിചെയ്യുന്നു. ഭർത്താവ് ഡോ ഉണ്ണികൃഷ്ണൻ മകൻ അക്ഷയ് കൃഷ്ണൻ .
കുടുംബത്തെയും പ്രബുദ്ധ കേരളത്തെയും ഒരുപോലെ മനസ്സിൽ താലോലിച്ചു കൊണ്ട് പ്രൊഫ വി സാംബശിവൻ കഥ തുടരുകയാണ് ……
“നുകതൂ നുകരൂ……..ജീവിത മാധുരി നുകരൂ……*
ആ മധുരിമ നുകരാൻ കാലം കാതോർത്തിരിയ്ക്കുന്നു
