വാക്കുകൾ:വാചാലമാകുന്ന വായനാനുഭവം (പുസ്തക പരിചയം )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 August 2022

വാക്കുകൾ:വാചാലമാകുന്ന വായനാനുഭവം (പുസ്തക പരിചയം )

സജിത വിവേക്

വായന പലപ്പോഴും പുതിയൊരു തലത്തിലേയ്ക്ക് മനസ്സിനെ ഉയർത്താറുണ്ട്. വായന ഒരു ലഹരി തന്നെയാണെന്ന് തോന്നിയിട്ടുമുണ്ട്.. വായനയിൽ മുഴുകിയിരിക്കുന്ന മണിക്കൂറുകൾ ഏറെ സന്തോഷവതിയാവുന്ന നിമിഷങ്ങളുമാണെന്നു തിരിച്ചറിയാറുമുണ്ട്. മറ്റൊരാളുടെ ഭാവനയ്‌ക്കൊപ്പം സഞ്ചരിക്കുന്ന അനുഭൂതി നമ്മളിലേക്ക് പകർന്നു കിട്ടുന്ന നമ്മുടെ ചിന്തയിൽ പുതിയ ഭാവനകൾ പിറവിയെടുക്കുന്ന നിമിഷങ്ങൾ. ഒരു പുതിയൊരുന്മേഷം മനസ്സിൽ പടർന്നുപിടിയ്ക്കുന്ന മാസ്മരികാനുഭവം ഇതൊക്കെയാണ് എനിക്ക് വായനതരുന്ന വലിയ സന്തോഷം.

ഇടമുറിയാതെ പെയ്യുന്ന മഴയ്‌ക്കൊപ്പം മനസ്സിൽ നിറയുന്ന വായനയുടെ കുളിര്. ഭാവനയുടെ ചരടിൽ കോർത്തെടുത്ത ലളിതപദങ്ങൾ കോർത്തിണക്കിയ വാക്കുകളിൽ നിന്നും തുടങ്ങി പ്രതിമകളിൽ അവസാനിക്കുമ്പോൾ മനുഷ്യന്റെ വികാരതലങ്ങളെ പലരീതിയിൽ അടയാളപ്പെടുത്തുന്ന വായനാനുഭവം.

മുഖം ബുക്സ് പ്രസിദ്ധീകരിച്ച ഡോക്ടർ എസ് രമയുടെ ‘വാക്കുകൾ’ എന്ന കവിത സമാഹാരം വായിച്ചപ്പോൾ ഞാൻ നടന്നു പിന്നിട്ട ഇടവഴികളിലേക്കും നടവഴികളിലേക്കും തിരിഞ്ഞു നടന്നു. ഇനിയും നടക്കാനുള്ള പാതകളെക്കുറിച്ചു ചിന്തിച്ചു. കഠിനപദങ്ങൾ ഇല്ലാതെ വായനക്കാരുടെ മനസ്സിൽ ചേർന്നിരിക്കുന്ന ലളിതപദങ്ങൾ തന്നെയാണ് ഏറെ ശ്രദ്ധേയം..

ഒരുകൂട്ടം ഗദ്യ-പദ്യ കവിതകളാൽ ചേർത്ത് വെച്ചൊരു ‘വാക്കുകൾ’ ഓരോന്നും മനസ്സിനെ സ്പർശിക്കുന്നത് തന്നെയാണ്.. ഒരു ശില്പി തന്റെ കരവിരുത് തന്റെ ശില്പത്തിലൂടെ കാണിക്കുന്നതുപോലെ കവയത്രി തന്റെ രചനാവൈഭവത്തെ തന്റെ ഓരോ രചനകളിലൂടെയും വായനക്കാരുടെ ഹൃദയം കവരുന്നു.. എൺപത്തിമൂന്നു കവിതകളും മനസ്സിനെ സ്പർശിക്കുന്നു എന്നതാണ് ഓരോ കവിതകളുടെയും പ്രത്യേകത. മനുഷ്യ ജീവിതത്തിന്റെ ഓരോ തലങ്ങളും കവിതകളിൽ ഉൾക്കൊണ്ടിരിക്കുന്നു.

“പുസ്തകത്താളിലക്ഷരം
ദ്രവിക്കും
പുതുനാമ്പുകൾ തളിർക്കും
കരിയിലകൾ മണ്ണോടു ചേരും” പഴയതാവുമ്പോൾ എന്ന കവിതയിലെ ഈ വരികൾ ഭൂത ഭാവി വർത്തമാനകാലങ്ങളെ ചിന്തിപ്പിക്കുന്നു.

എപ്പോഴെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ?

എന്ന് തുടങ്ങുന്ന വരികളിലൂടെ സഞ്ചരിക്കുമ്പോൾ ഒഴിവാക്കപ്പെട്ടുപോയ ഒരാളുടെ ഹൃദയവ്യഥകൾ വാക്കുകളുടെ ശക്തികൂട്ടി സമൂഹത്തോട് സംവദിക്കുന്നു. ലോകത്തിന്റെ ഇന്നത്തെ അവസ്ഥകൾ ഓർത്തുപോവുന്നു.

ഉച്ചസൂര്യനുകീഴെ വിയർത്തൊഴുകുന്ന കർണൻമാരും പെറുവിരലറ്റ ഏകലവ്യന്മാരുംനിശബ്ദതയുടെ പര്ണശാലയിൽ തപസ്സിരിക്കുന്ന കാഴ്ച നാം ഓരോരുത്തരും ഒരിയ്ക്കലെങ്കിലും അനുഭവിക്കുന്ന നേര്കാഴ്ചയാവുന്നു.

‘പെൺമരങ്ങൾ’ എന്ന കവിത ഓരോ പെൺകുട്ടികൾക്കുമുള്ള പെൺകുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്കുള്ള ഉപദേശം പോലെയാണ്. കുറഞ്ഞ വരികളിൽ ഒരുപാട് കാര്യങ്ങൾ പറയുന്ന കവയത്രി .

ഓരോ വരികളും വായിക്കപ്പെടേണ്ടത് തന്നെയാണ്. ഈ അടുത്തിടെ വായിച്ച നല്ലൊരു കവിതാസമാഹാരം. വരികളിൽ ഒളിഞ്ഞിരിക്കുന്ന ഓരോ വാക്കും വാചാലമാണ്.

“കദനത്തിന്റെ കൊടുംവേനലിൽ കാരുണ്യത്തിന്റെ മഴത്തുള്ളികൾ പെയ്യണം. നനുത്തകാറ്റവിടെ തൂവൽ സ്പര്ശമാകും”

ഈ സമാഹാരത്തിലെ ഓരോ കവിതകളും ഒരു
സന്ദേശം തരുന്നു. അനുഭവങ്ങളുടെ ഉലയിൽ നിന്നും രൂപം കൊണ്ട വാക്കുകളുടെ ശക്തി വായനയിലൂടെ അനുഭവിച്ചറിയുമ്പോൾ നാം ഓരോരുത്തരും ജീവിതവഴികളിൽ നേരിട്ട ചില നിമിഷങ്ങളെ പുനർവിചിന്തനം ചെയ്യും. നമ്മൾ മൗനം പാലിച്ച നിമിഷങ്ങളോട് കലഹിക്കും. നഷ്ടപ്രണയത്തിൽ വിതുമ്പും. അടിച്ചമർത്തപ്പെട്ട നിമിഷങ്ങളോട് പ്രതികരിക്കും. നിസ്സഹായരുടെ കണ്ണുനീർ തുടയ്ക്കും.

ഒരാളെ തളർത്താനും വളർത്താനും വാക്കുകൾക്കുള്ള ശക്തി തിരിച്ചറിയും.. വാക്കുകൾ വായിക്കപ്പെടേണ്ടത് തന്നെയാണ്.. വാക്കുകൾ ഇല്ലാത്തവരുടെ മൗനത്തെ വാചാലമാക്കുവാൻ ഇതിലെ ഓരോ കവിതകളും പ്രേരണയാവുന്നു..

“പുകമറക്കുള്ളിൽ ജനിച്ചു മരിച്ചുപോകുന്നു
വായിക്കപ്പെടാതെ ചിലർ..”

ജീവിതത്തിൽ കവിതകൾ നിറച്ചതിനു കവിതകളിൽ ജീവിതത്തെ ചേർത്ത് വെച്ചതിനു ഇനിയും ഈ തൂലികയിൽ നിന്നും കവിതകളുടെ നിലയ്ക്കാത്ത ഉറവകൾ പ്രതീക്ഷിച്ചുകൊണ്ട് ആശംസകൾ…