ബിന്ദു ടിജി
സാൻ ഫ്രാൻസിസ്കോ തപസ്യ ആർട്ട്സ് നു വേണ്ടി മധു മുകുന്ദൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി അനിൽ നായർ സംവിധാനം ചെയ്ത “വർഷാന്തരം ” ഷോർട്ട് ഫിലിം പ്രദർശനത്തിന് ഒരുങ്ങി. മിൽപിറ്റസ് സെറ തിയ്യറ്ററിൽ ജനുവരി 15 നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്കാണ് പ്രദർശനം . ഇതോടൊപ്പം ഷെമി ക്രിയേഷൻസും എലിസ്ടാ മീഡിയയും ചേർന്ന് ഒരുക്കുന്ന “ദി സ്‌ട്രെഞ്ചർ വിത്തിൻ ” എന്ന ചിത്രവും പ്രദർശിപ്പിക്കും . സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ രണ്ടു ചിത്രങ്ങളുടെ ഒന്നിച്ചുള്ള പ്രദർശനം ഇതാദ്യമായാണ് .
ഋതു ഭേദങ്ങളുടെ പ്രകടമായ ചാരുത മനുഷ്യന് ദർശിക്കാനാവും എന്നാൽ അതിന്റെ ആന്തരിക ചാരുതയോ? ഒരു പക്ഷെ മനുഷ്യന്റെ സാമാന്യ ദൃഷ്ടിയ്ക്ക് അത് എളുപ്പത്തിൽ കണ്ടെത്താനായി എന്ന് വരില്ല . നീണ്ട കാത്തിരിപ്പിന്റെ മടുപ്പിക്കുന്ന മൗനവും കാലമേൽപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകളും ജീവിതക്കാഴ്ച്ചകൾ നൽകുന്ന ആഴമേറിയ പാഠങ്ങളും ഒത്തുചേർന്നൊരുക്കുന്ന ഒരു പിടി ദൃശ്യങ്ങൾ വേണ്ടിവന്നേക്കാം ആന്തരിക സൗന്ദര്യത്തെ തിരിച്ചറിയാൻ. സ്നേഹാർദ്രമായ സ്ത്രീ മനസ്സിന്റെ ആഴത്തിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട് “വർഷാന്തരം ” എന്ന ഷോർട്ട് ഫിലിം. സ്വാതന്ത്ര്യത്തിന്റെ തൂവലണിഞ്ഞ് അൽപ്പം വർണ്ണം തേച്ചു പിടിപ്പിച്ച സ്ത്രീ രൂപത്തെ അതിനപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് കണ്ടെത്താൻ സാധിക്കാതെ യാഥാസ്ഥിതിക പുരുഷ കഥാപാത്രം ഇവിടെ പശ്ചാത്താപ വിവശനാകുന്നു . ദേശ കാല ഭേദമില്ലാതെ സ്ത്രീയിലെ ആർദ്രത ഒഴുകികൊണ്ടേ യിരിക്കും സങ്കീർണ്ണമായ പ്രണയ പരിസരങ്ങളിലൂടെ ഉപാധികളില്ലാത്ത മനുഷ്യ ബന്ധങ്ങളുടെ ചാരുത വരച്ചു വെയ്ക്കുന്നു കഥാകൃത്ത്. മികച്ച സംവിധാനവും മികവുറ്റ ഛായാഗ്രഹണവും ഈ സിനിമയുടെ എടുത്ത് പറയേണ്ട സവിശേഷതകൾ ആണ്
ടോം ചാർലി , ദീപ്തി വെങ്കട്ട് , സജീവ് പിള്ള, സന്ധ്യ സുരേഷ്, ഉമേഷ് നരേന്ദ്രൻ, ബിന്ദു ടിജി , അനിൽ നായർ,ബിജി പോൾ,സജൻ മൂലപ്ലാക്കൽ , അനീഷ് പുതുപറമ്പിൽ, രാജീവ് വല്ലയിൽ, മഞ്ജുള ഗണേഷ്, ശ്രേയ കിരൺ, വൈഗ സുരേഷ് എന്നിവർ ഈ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . അണിയറയിൽ സജേഷ് രാമചന്ദ്രൻ, രാജേഷ് കൊണങ്ങാം പറമ്പത്ത് , അജയ് കൃഷ്ണനുണ്ണി , ശ്രീജിത്ത് ശ്രീധരൻ, സുകു കൂനന്റവിട , കാർത്തിക് നാഥ് എന്നിവർ .
ലാഫിയ സെബാസ്റ്റ്യൻ അസിസ്റ്റന്റ് ഡയറക്ടർ , കലാസംവിധാനവും ചമയവും അരുൺ പിള്ള , പശ്ചാത്തല സംഗീതം നൽകിയത് ബിനു ബാലകൃഷ്ണ നും , ജോ ഹെൻറി യും ചേർന്നാണ്. ശബ്ദ സന്നിവേശം കിരൺ കരുണാകരൻ, ബിനു ബാലകൃഷ്ണൻ. ഛായാഗ്രഹണം നിർവ്വഹിച്ചത് കിരൺ കരുണാകരൻ , സ്റ്റെഡിക്യാമറ ഷോട്സ് ജോജൻ ടി ആന്റണി .
ബേ ഏരിയയുടെ അഭിമാന മുഹൂർത്തമായ ഈ പ്രദർശന വിരുന്നിലേയ്ക്ക് കലാസ്നേഹികളേവരേയും സസ്നേഹം ക്ഷണിയ്ക്കുന്നു . ഒപ്പം തപസ്യ ആർട്സ് ന്റെ നാളിതുവരെ ഉള്ള പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന അഭ്യുദയാകാംക്ഷികളോടുള്ള നിസ്സീമമായ കടപ്പാടും സ്നേഹവും അറിയിക്കുന്നു.